സമൂഹമാധ്യമങ്ങളില്‍ കുഞ്ഞു വീഡിയോകളിലൂടെ കുറഞ്ഞ സമയം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച രണ്ടു യൂട്യൂബ് ചാനലുകളാണ് മല്ലുഡോണും സാഫ്ബോയും. ആമിന, കുശലകുമാരി, മറീത്താത്ത, കുനാഫ ഖാദര്‍, അട്ടം നോക്കി മൈമൂന എന്നിവരാണ് മല്ലു ഡോണിന്റെ കഥാപാത്രങ്ങള്‍. സൈനാത്തയും ഷെഫീക്കുമായി സാഫ്ബോയും തകര്‍ക്കുന്നു. മലബാര്‍ ശൈലിയില്‍ ആക്ഷപഹാസ്യത്തിലൂടെ സമൂഹത്തിലെ പരദൂഷണക്കാരെയും പിന്തിരിപ്പന്‍ ചിന്താഗതികളെയും കണക്കറ്റ് പരിഹസിക്കുന്നതാണ് ഈ രണ്ടു കൂട്ടരുടെയും വീഡിയോകളെ വ്യത്യസ്തമാക്കുന്നത്.

To advertise here,

ജുനൈസാണ് മല്ലുഡോണിന്റെ 'ഡോണ്‍'. മുഹമ്മദ് സഫ്‌വാനും സഹോദരന്‍ അന്‍ഷിദുമാണ് സാഫ്ബോയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. ഒട്ടേറെ വീഡിയോകളില്‍ മല്ലുഡോണും സാഫ്ബോയും ഒന്നിച്ചെത്തിയിട്ടുണ്ട്. ഈ വീഡിയോകള്‍ക്കെല്ലാം ആരാധകര്‍ ഇരട്ടിയാണ്. സഫ്‌വാന്റെ അടുത്ത സുഹൃത്തുകൂടിയാണ് ജുനൈസ്. അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കിയ പിന്‍ബലത്തിലാണ് സഫ്‌വാന്‍ യുട്യൂബില്‍ സജീവമാകുന്നത്. സഹോദരനും ഒപ്പം കൂടിയതോടെ സംഭവം കളറായെന്ന് സഫ്‌വാന്‍ പറയുന്നു. മാതൃഭൂമി ഡോട്ട്കോമിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇരുവരും. 

ജൂനൈസ്; കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ഞാന്‍. ബിരുദത്തിന് ശേഷം ബെംഗളൂരുവിലെ ഒരു ഫിനാന്‍സ് കമ്പനിയില്‍ കുറച്ച് കാലം ജോലി ചെയ്തു. അതിനിടെ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് ജോലിയില്‍നിന്ന് രാജിവച്ചത്. ഇപ്പോള്‍ പൂര്‍ണമായും കണ്ടന്റ് ക്രിയേറ്ററാണ്. ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും വീഡിയോ കണ്ടന്റ് ചെയ്യുന്നുണ്ട്.

മുഹമ്മദ് സഫ്‌വാന്‍: പെരിന്തല്‍മണ്ണക്കാരനാണ് ഞാന്‍. 2015-ലാണ് ഞാന്‍ പ്ലസ്ടു പാസാകുന്നത്. ബിരുദത്തിന് ആദ്യം  കോഴിക്കോട് ഫറൂഖ് കോളേജില്‍ ചേര്‍ന്നു. പിന്നീട് തേവര സേക്രട്ട് ഹാര്‍ട്ടിലേക്ക് മാറി. ഞാന്‍ ഒരു ക്രിക്കറ്റ് പ്ലേയറാണ്. എറണാകുളത്ത് ക്രിക്കറ്റിന് കുറച്ചുകൂടി സാധ്യതകളുണ്ടായിരുന്നു. ഒന്നര വര്‍ഷമായപ്പോള്‍ ഉപ്പയ്ക്ക് സുഖമില്ലാതായി നാട്ടിലേക്ക് വരേണ്ടതായി വന്നു. അതിന് ശേഷം ഒരു വര്‍ഷം ബ്രേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്നാണ് സോഷ്യോളജിയില്‍ ഡിഗ്രി ചെയ്യുന്നത്. അനിയന്‍ അന്‍ഷിദ് പ്ലസ്ടു കഴിഞ്ഞു. 

ജൂനൈസ്: യു.കെയില്‍ പഠിക്കാന്‍ പോകാനിരിക്കുകയായിരുന്നു മുഹമ്മദ് സഫ്‌വാന്‍. ഒരിക്കല്‍ അവന്‍ എന്നെ കാണാനായി വന്നപ്പോള്‍, ഒരു വര്‍ഷം കൂടി നാട്ടില്‍നിന്ന് യൂട്യൂബ് കണ്ടന്റുകള്‍ കുറച്ചുകൂടി കാര്യമായി ചെയ്യാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് വീഡിയോ ചെയ്യാന്‍ തുടങ്ങി. വളരെ പെട്ടന്ന് തന്നെ ഒരുലക്ഷത്തോളം ആളുകള്‍ അവന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തു. സഫ്‌വാന്റെ സഹോദരനും അന്‍ഷിദും വീഡിയോയിലെ പ്രധാന താരമാണ്.

മുഹമ്മദ് സഫ്‌വാന്‍: യു.കെ. പ്ലാന്‍ മുഴുവനായും മാറ്റിയത് ജുനൈസ് കാരണമാണ്. ഞാനും ജുനൈസും സുഹൃത്തുക്കളാണ്. ഞാന്‍ അവന്റയടുത്ത് കുറച്ച് ദിവസം താമസിക്കാന്‍ പോയപ്പോള്‍ യൂട്യൂബിലേക്ക് എന്നെ കൊണ്ടെത്തിക്കുകയായിരുന്നു. അങ്ങനെ ഞാനും എന്റെ സഹോദരന്‍ അന്‍ഷിദും ഇപ്പോള്‍ പൂര്‍ണമായും യൂട്യൂബര്‍മാരാണ്.

ജുനൈസ്: തുടക്കക്കാലത്ത് ചെറിയ തമാശ വീഡിയോകള്‍ മാത്രമാണ് ചെയ്തത്. യഥാര്‍ഥ ഞാന്‍ അത്ര വലിയ തമാശക്കാരനൊന്നുമല്ല. പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. എന്റെ വീഡിയോകള്‍ക്ക് പ്രേക്ഷകരില്‍നിന്ന് സ്വീകാര്യത ലഭിച്ചു തുടങ്ങിയ സമയത്താണ് ഞാന്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശനാത്മകമായ വീഡിയോകള്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. ആമിന എന്ന കഥാപാത്രവും അതില്‍ നിന്നാണുണ്ടായതാണ്. എന്റെ ശരികളും തെറ്റുകളുമാണ് ഞാന്‍ സംവദിക്കാന്‍ ശ്രമിക്കുന്നത്. പിന്തിരിപ്പന്‍ ആശയങ്ങളെ ചിന്താഗതികളെ പറയുന്നവരെ ഹാസ്യത്തിലൂടെ പരിഹസിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പുരുഷമേധാവിത്വ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവരെ കളിയാക്കുമ്പോള്‍ ചിലരെങ്കിലും നെഗറ്റീവ് കമന്റുകള്‍ പറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതും വളരെ വിരളമാണ്. എനിക്ക് ഒരു വയസ്സ് തികയുന്നതിന് മുന്‍പാണ് ഉമ്മ മരിച്ചത്. ഉപ്പയ്ക്ക് അപ്പോഴുണ്ടായ ദേഷ്യത്തില്‍ എന്തോ എടുത്തെറിഞ്ഞതാണ്. ഞാന്‍ ഒരു വീഡിയോയില്‍ അതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഉമ്മ എന്റെ ഓര്‍മയിലില്ല, ഫോട്ടോ ഒന്നും കണ്ടിട്ടില്ല. ഉമ്മയുടെ മരണശേഷം എന്നെ നോക്കിയത് ഉമ്മയുടെ സഹോദരനും എന്റെ മൂത്ത സഹോദരനുമാണ്. മാതാപിതാക്കളില്ലാത്തതിന്റെ കുറവ് ഞാനറിഞ്ഞിട്ടില്ല. എന്റെ അനുഭവങ്ങളില്‍ നിന്നാണ് എന്റെ ചിന്തകളും ആശയങ്ങളും വരുന്നത്. 

മുഹമ്മദ് സഫ്‌വാന്‍: എന്റെ നാട്ടിലുള്ള ചില സ്ത്രീകഥാപാത്രങ്ങളാണ് സൈനാത്തയ്ക്ക് പ്രചോദനം. സൈനാത്ത യാഥാസ്ഥിതിക ചിന്താഗതിക്കാരിയാണ്. അയല്‍വക്കത്തെ ഷഫീക്ക് പുരോഗമ ചിന്താഗതിക്കാരനും. ഇവര്‍ തമ്മിലുള്ള രസകരമായ സംഭാഷണങ്ങളാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്. സൈനാത്ത പരദൂഷണവും പിന്തിരിപ്പന്‍ ആശയങ്ങളും പറയുമ്പോള്‍ ഷഫീക്ക് അതിനെ കളിയാക്കുന്നതും ഒടുവില്‍ ഇവര്‍ തമ്മില്‍ വഴക്കിടുന്നതൊക്കെയാണ് പ്രമേയം. നമുക്ക് ശരിയായി തോന്നുന്ന ആശയങ്ങളെ ഹാസ്യത്തിലൂടെ സംവദിച്ചാല്‍ പ്രേക്ഷകര്‍ നല്ല രീതിയില്‍ സ്വീകരിക്കും. എന്റെ സബ്സ്‌ക്രൈബേഴ്സില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. നെഗറ്റീവ് കമന്റുകള്‍ അധികമൊന്നും വരാറില്ല. 

ജുനൈസ്: ആമിന എന്ന കഥാപാത്രത്തിന് പ്രചോദനമായത് എന്റെ ഉമ്മയുടെ അനിയത്തിയാണ്. നാട്ടിന്‍ പുറത്തുകാരിയാണ്, സംസാരിക്കുന്നത് കാണുന്നത് തന്നെ നല്ല രസമാണ്. അവരുടെ മാനറിസങ്ങള്‍ അതേപടി പകര്‍ത്തിയാണ് ഞാന്‍ ആമിനയാകുന്നത്. ലോകവസാനത്തിന്റെ നട്ടുച്ചയാണ് അതിലെ ഏറ്റവും വലിയ ഹൈലറ്റ്. കണ്ണൂര്‍, മലപ്പുറം, വടകര, കോഴിക്കോട് ഭാഷകളെല്ലാം വീഡിയോയില്‍ പരീക്ഷിക്കാറുണ്ട്.

മുഹമ്മദ് സഫ്‌വാന്‍: കേരളത്തിലെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ശൈലികളിലും വീഡിയോ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതിനെല്ലാം നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഞങ്ങളുടെ വീഡിയോ എന്നു പറഞ്ഞാല്‍ ചെറിയ പരിപാടിയാണ്. വീടും പരിസരവുമാണ് ഞങ്ങളുടെ സെറ്റ്. അനിയന്‍ സംസാരിക്കുമ്പോള്‍ ഞാനും ഞാന്‍ സംസാരിക്കുമ്പോള്‍ അനിയനും ഷൂട്ട് ചെയ്യും. അതിന് വേറെ ക്യാമറാമാനൊന്നും ഇല്ല. അനിയനെ കൂടാതെ വീട്ടില്‍ ഉപ്പയും ഉമ്മയുമുണ്ട്. പിന്നെ ഒരു കുഞ്ഞനുജത്തിയും. അവരെല്ലാം വലിയ പിന്തുണയാണ് നല്‍കുന്നത്.