
'ഇതുവരെ നിങ്ങൾ തന്ന എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി... ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക'- വെറും പതിനഞ്ച് വാക്കിലൊതുക്കിയ ഈ വിരമിക്കൽ പ്രഖ്യാപനം ഇന്ത്യൻ കായികലോകത്തിന്റെ ചരിത്രത്തിൽ സ്വർണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു. എം.എസ് ധോനിയെന്ന ഇരട്ട ലോകകിരീടംവച്ച രാജാവ് ആളും ആരവവുമില്ലാതെ... ഒട്ടും രാജകീയമല്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ലോകത്ത് നിന്നും എന്നന്നേക്കുമായി പടിയിറങ്ങിയിരിക്കുന്നു.
ധോനിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പലരുടെയും മനസ്സിലേക്ക് കടന്നു വന്നത് സുശാന്ത് സിംഗ് രജ്പുത് എന്ന നടന്റെ മുഖമായിരുന്നു. ധോനിയുടെ ജീവിതത്തെ ആസ്പദമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്ത എം.എസ് ധോനി ദി അൺടോൾഡ് സ്റ്റോറിയിലെ നായകൻ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നതിന് മുൻപെയാണ് ധോനിയുടെ പടിയിറക്കം. റീലിലെ നായകൻ ഈ ലോകത്തോട് തന്നെ വിടപറഞ്ഞപ്പോൾ, വൈകാതെ യഥാർഥ നായകൻ തന്റെ കരിയർ അവസാനിപ്പിച്ചത് ഒരു യാശൃച്ഛികതയായി.
ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ധോനിയെ അതേപോലെ സ്‌ക്രീനിലേക്ക് പകര്‍ത്തുകയെന്നത് സുശാന്ത് സിംഗ് രജ്പുതിനെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള സംഗതിയായിരുന്നില്ല. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പ് കൊണ്ടുവന്ന ക്യാപ്റ്റന്റെ വലിയ ആരാധക വൃന്ദത്തെ തൃപ്തിപ്പെടുത്തുക എന്നത് തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. തന്റെ മനസ്സും ശരീരവും പൂർണമായും കഥാപാത്രത്തിലേക്ക് സുശാന്ത് ധോനിയായി സമർപ്പിച്ചു. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയായിരുന്നു സുശാന്തിന്റെ പരിശീലകൻ. ദിവസവും ആറ് മണിക്കൂറോളം സുശാന്ത് ക്രിക്കറ്റിനായി മാറ്റിവച്ചു. ഒമ്പത് മാസം നീണ്ട കഠിനപ്രയത്നത്തിനൊടുവിൽ സുശാന്ത് ധോനിയായി പുനർജനിച്ചു. ധോനിയുടെ ഗ്രൗണ്ടിനകത്തെയും പുറത്തെയും മാനറിസങ്ങള്‍, ബാറ്റിങ് ശൈലി, മുഖത്തെ വിവിധ ഭാവങ്ങള്‍, ഓട്ടം, നടത്തം തുടങ്ങി അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ ഹെലിക്കോപ്റ്റര്‍ ഷോട്ട് പോലും സുശാന്ത് അതേപടി സ്‌ക്രീനിലേക്ക് പകര്‍ത്തിയപ്പോൾ അത് ആരാധകരെ മാത്രമല്ല ധോനിയെയും വിസ്മയിപ്പിച്ചു. രഞ്ജി ട്രോഫി കളിക്കാന്‍ സുശാന്തിനെ കൊണ്ട് സാധിക്കുമെന്നായിരുന്നു ചിത്രത്തിൽ താരത്തിന്റെ പ്രകടനം കണ്ട ധോനി പറഞ്ഞത്.
''കഠിനാധ്വാനിയായ സ്‌നേഹസമ്പന്നനായ ചെറുപ്പക്കാരനായിരുന്നു സുശാന്ത്. അദ്ദേഹത്തിന് ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. ഒരു ക്രിക്കറ്ററെ പോലെ തന്നെയായിരുന്നു ആ ചിത്രത്തിനായി സുശാന്ത് പരിശീലിച്ചിരുന്നത്. ധോനിയുടെ പ്രശസ്തമായ ഹെലിക്കോപ്റ്റര്‍ ഷോട്ട് പോലും അദ്ദേഹം നന്നായി ചെയ്തു. വിക്കറ്റ്കീപ്പിങും തികച്ചും വ്യത്യസ്തമാണ്. ദിനവും 300ലേറെ പന്തുകൾ നേരിട്ടാണ് സുശാന്ത് നെറ്റ്സിൽ പരിശീലിച്ചത്. നിരവധി തവണ സുശാന്തിന്റെ കൈയിലും തുടയിലുമെല്ലാം പന്ത് വന്നിടിക്കുമായിരുന്നു. എന്നാല്‍ അവസാനമായപ്പോഴേക്കും അദ്ദേഹം പൂര്‍ണമായും കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ഇടം നേടിയതിന് ശേഷം ധോനിയുടെ ശരീരഭാഷയിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരുന്നു. കഥാപാത്രത്തിനായി സുശാന്ത് ഒട്ടേറെ തവണ ഭാരം കുറയ്ക്കുകയും കൂട്ടുകയും ചെയ്തിരുന്നു. അദ്ദേഹം ധോനിയെ മനോഹരമാക്കി- സുശാന്തിന്റെ മരണശേഷം കിരണ്‍ മോറെ പറഞ്ഞ വാക്കുകളായിരുന്നു ഇവ.
പ്രശസ്തിയിൽ ഒരിക്കലും അഭിരമിക്കാത്ത, വിജയങ്ങളെയും തോൽവികളേയും ഒരേപോലെ സമീപിക്കുന്ന, മാറ്റങ്ങളെ ഉൾക്കൊള്ളാൻ മടിക്കാത്ത ഒരു സാധാരണ മനുഷ്യനായിരുന്നു ധോനി. ഒരു ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും വലിയ നേട്ടമായ ലോകകപ്പ് വിജയത്തിന് ശേഷവും ധോനിയുടെ മുഖത്ത് പ്രകടമായിരുന്ന ഭാവം ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. ധോനിയെപ്പോലെ തന്നെ പരാജയവും വിജയവും രുചിച്ചറഞ്ഞ്, പ്രവർത്തന മേഖലയിൽ തന്റേതായ ഇടം നേടിയ വ്യക്തിയായിരുന്നു സുശാന്ത്. എം.എസ് ധോനി ദ അൺടോൾഡ് സ്റ്റോറിയുടെ വിജയം അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായി. പിന്നീട് ഒരുപിടി ചിത്രങ്ങളിലും വേഷമിട്ട് നല്ല അഭിനേതാവെന്ന നിലയിൽ പേരെടുത്തു. എന്നാൽ ആ പ്രശസ്തിയ്ക്ക് 2020 ജൂൺ 14 വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. മുംബെെയിലെ ബാദ്രയിലെ വസതിയിൽ സുശാന്ത് തൂങ്ങി മരിച്ചുവെന്ന വാർത്ത സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചു. ജീവിതത്തിന്റെ ക്രീസിൽ നിന്ന് സുശാന്ത് വിടവാങ്ങി കൃത്യം രണ്ട് മാസവും ഒരു ദിവസവും തികയുന്ന ദിവസത്തിൽ ധോനി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന് വിശേഷത്തിന് ഉടമയായി. ഇനി ധോനിയുടെ ബയോപിക്കിന് ഒരു തുടർച്ച വരികയാണെങ്കിൽ അതിലെ നായകനാകാൻ സുശാന്തിവില്ലല്ലോ എന്നൊരു സങ്കടം അപ്പോഴും അവശേഷിക്കുന്നു.
(anusreemadhavan@mpp.co.in)
Content Highlights: Mahendra Singh Dhoni retirement MS dhoni the untold story Movie, Sushant Singh Rajput
Published: 16 Aug 2020, 01:22 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented