ഇന്ന് ഫെബ്രുവരി 14, ലോകമൊട്ടാകെ പ്രണയദിനമാഘോഷിക്കുന്ന ഈ അവസരത്തില്‍ ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും അനശ്വര അഭിനേത്രിയായിരുന്ന മധുബാലയുടെ 89-ാം ജന്മവാര്‍ഷികം കടന്നുപോവുകയാണ്. വെള്ളിത്തിരയില്‍ പ്രണയിനിയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മധുബാലയുടെ യഥാര്‍ഥജീവിതം അത്ര മധുരം നിറഞ്ഞതായിരുന്നില്ല. മുപ്പത്തിയാറാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ നഷ്ടപ്രണയങ്ങളുടെ ബാക്കിപത്രമായിരുന്നു അവരുടെ ജീവിതം.
1933 ഫെബ്രുവരി 14-ന് ഡല്‍ഹിയിലാണ് മധുബാല ജനിച്ചത്. എട്ട് വയസ്സുള്ളപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയിലേക്ക് ചേക്കേറിയ മധുബാല പിന്നീടുള്ള തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ഈ മഹാനഗരത്തിലാണ്. സിനിമയിലെ താരപദവിയിലേക്കുള്ള മധുബാലയുടെ വളര്‍ച്ചയ്ക്ക് മുംബൈ സാക്ഷിയായി, അവരുടെ നഷ്ടപ്രണയങ്ങള്‍ക്കും.
1951-ന്റെ തുടക്കത്തില്‍ ബാദല്‍ എന്ന ചിത്രത്തിലെ സഹനടനായ പ്രേംനാഥുമായായിരുന്നു മധുബാലയുടെ ആദ്യ പ്രണയം. എന്നാല്‍ ഈ ബന്ധത്തിന് വെറും ആറ് മാസത്തെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മതപരമായ ഭിന്നതകള്‍ കാരണമാണ് വേര്‍പിരിയലില്‍ എത്തിയതെന്നും പറയപ്പെടുന്നു. പ്രേംനാഥ് പിന്നീട് നടി ബീന റായിയെ വിവാഹം കഴിച്ചു.
മധുബാലയുടെ ജീവിതത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ടതും സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമായിരുന്നു നടന്‍ ദിലീപ് കുമാറുമായുള്ള പ്രണയം. 1951-ല്‍ പുറത്തിറങ്ങിയ തരാന എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏഴ് വര്‍ഷം പിന്നിട്ട് വിവാഹത്തില്‍ എത്തേണ്ടിയിരുന്ന ബന്ധം ഐതിഹാസിക ചിത്രമായ 'മുഗളെ അസമി'ന്റെ ചിത്രീകരണത്തിടെ അവസാനിക്കുകയായിരുന്നു.
മധുബാലയുടെ പിതാവ് അത്തുള്ള ഖാന്റെ ഇടപെടലുകളാണ് ആ പ്രണയത്തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ദീലീപ് കുമാര്‍ തന്റെ ആത്മകഥയില്‍ പറയുന്നു. താനുമായുള്ള വിവാഹം ഒരു കച്ചവടമാക്കി മാറ്റാനുള്ള അത്തുള്ള ഖാന്റെ നീക്കം ദിലീപ് കുമാറിനെ അസ്വസ്ഥനാക്കി. മധുബാലയുടെ വരുമാനം കൊണ്ടാണ് അത്തുള്ള ഖാനും കുടുംബവും കഴിഞ്ഞിരുന്നത്. ദിലീപുമായുള്ള വിവാഹത്തോടെ സാമ്പത്തിക സഹായങ്ങള്‍ നിലച്ചുപോകുമോയെന്നും പിതാവിന് ആശങ്കയുണ്ടായിരുന്നു. അതിനിടെയാണ് ബി.ആര്‍ ചോപ്രയുടെ നയാ ദൗര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് മധുബാലയ്ക്ക് കോടതി കയറേണ്ടി വന്നത്.
ചിത്രത്തില്‍ ദിലീപിനെയും മധുബാലയെയുമാണ് പ്രധാന കഥാപാത്രങ്ങളായി തീരുമാനിച്ചിരുന്നത്. മധ്യപ്രദേശിലായിരുന്നു സിനിമയുടെ ലൊക്കേഷന്‍. ദൂരെയുള്ള സെറ്റിലേക്ക് മധുബാലയെ അയക്കാന്‍ അത്തുള്ള ഖാന്‍ തയ്യാറായില്ല. മകളെ ദൂരേയ്ക്ക് അയച്ചാല്‍ ദിലീപ് കുമാറുമായി കൂടുതല്‍ അടുക്കാനുള്ള സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ഭയപ്പെട്ടു.
മധുബാല ചിത്രീകരണത്തിന് എത്താത്തതിനെ തുടര്‍ന്ന് ബി.ആര്‍. ചോപ്ര വൈജയന്തിമാലയെ നായികയാക്കി. ഈ നടപടി അത്തുള്ള ഖാനില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കി, നിര്‍മാണ കമ്പനിയെ കോടതിയില്‍ കയറ്റുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. എന്നാല്‍, അത്തുള്ള ഖാന്‍ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ മധുബാലയ്ക്കെതിരേ നിര്‍മാതാക്കള്‍ നിയമനടപടി സ്വീകരിച്ചു. കരാര്‍ ചെയ്ത ചിത്രത്തില്‍ മധുബാല പിര്‍മാറിയതിനെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിപ്പോയെന്നും സാമ്പത്തിക ബാധ്യതയുണ്ടായെന്നും ചൂണ്ടിക്കാട്ടിയുമാണ് പരാതി നല്‍കിയത്.
കേസ് കോടതിയിലെത്തിയപ്പോള്‍ ദിലീപ് കുമാര്‍ എല്ലാവരെയും ഞെട്ടിച്ച് മധുബാലയ്ക്കെതിരേ മൊഴി നല്‍കി. കേസില്‍ മധുബാല തോല്‍ക്കുകയും ചെയ്തു. മധുബാല ജയിലില്‍ പോകേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോള്‍ ബി.ആര്‍. ചോപ്ര മുന്‍കൈയെടുത്ത് പരാതി പിന്‍വലിച്ചു. ഈ കോടതി വ്യവഹാരങ്ങള്‍ അത്തുള്ള ഖാനില്‍ കടുത്ത മാനസിക വിഷമങ്ങളുണ്ടാക്കി. താനുമായുള്ള വിവാഹം നടക്കണമെങ്കില്‍ തന്റെ പിതാവിനോട് മാപ്പ് പറയണമെന്ന് മധുബാല ദീലീപിനോട് ആവശ്യപ്പെട്ടു. അദ്ദേഹം കൂട്ടാക്കിയില്ല. അതോടു കൂടി വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധം അവസാനിപ്പിച്ച് മധുബാല ദിലീപില്‍നിന്ന് അകന്നു. 'മുഗളെ അസമി'ന്റെ ചിത്രീകരണത്തിനിടെയാണ് മധുബാലയും ദിലീപ് കുമാറും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത്. പ്രണയരംഗങ്ങളില്‍ തകര്‍ത്തഭിനയിക്കുമ്പോഴും സംവിധായകന്‍ കട്ട് പറഞ്ഞാല്‍ ഇവര്‍ പരസ്പരം മിണ്ടാത്ത സാഹചര്യത്തിലെത്തുകയും ചെയ്തു.
എന്നാല്‍, മധുബാലയുടെ സഹോദരി മധൂര്‍ ഭൂഷണ്‍ അഭിമുഖത്തില്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സഹോദരിയുടെ സുരക്ഷിതത്വത്തെ ഓര്‍ത്താണ് പിതാവ് അന്നങ്ങനെ ചെയ്തതെന്ന് അവര്‍ പറയുന്നു. വൈകാതെ തന്നെ മധുബാല ഗായകനും നടനുമായ കിഷോര്‍ കുമാറിനെ വിവാഹം ചെയ്തു. അല്‍പ്പദിവസങ്ങള്‍ക്കുള്ളില്‍ ഹൃദ്രോഗം മധുബാലയെ അലട്ടാന്‍ തുടങ്ങി. വിദഗ്ധ ചികിത്സയ്ക്കായി കിഷോര്‍ കുമാറിനൊപ്പം മധുബാല ലണ്ടനിലേക്ക് തിരിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ഹൃദയശസ്ത്രക്രിയയിലെ സങ്കീര്‍ണതകളെ കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തില്ല.
വൈകാതെ മധുബാല ഇന്ത്യയിലെത്തി. കുറച്ച് ദിവസത്തിനുള്ളില്‍ ആരോഗ്യസ്ഥിതി വഷളായി. ഈ സമയത്ത് കിഷോര്‍ കുമാറുമായുള്ള മധുബാലയുടെ ബന്ധവും അഭിപ്രായഭിന്നതകളാല്‍ നിറഞ്ഞു. സഹായത്തിനായി ഒരു നഴ്‌സിനെയും ഡ്രൈവറെയും ഏര്‍പ്പാടാക്കി നല്‍കി മധുബാലയുടെ ജീവിതത്തില്‍നിന്ന് കിഷോര്‍ പടിയിറങ്ങി. ദാമ്പത്യജീവിതം ശിഥിലമായെങ്കിലും രോഗവിവരങ്ങള്‍ തിരക്കാനും മറ്റും ഇടയ്ക്കിടെ മധുബാലയ്ക്കരികില്‍ കിഷോര്‍ എത്തുമായിരുന്നു. അത് മരണംവരെയും തുടര്‍ന്നു.

ഭാഗികമായി രോഗം ഭേദപ്പെട്ട അവസ്ഥയിലാണ് രാജ് കപൂറിനൊപ്പം ജെ.കെ. നന്ദയുടെ ചലാക് എന്ന ചിത്രത്തിലൂടെ മധുബാല സിനിമയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. മധുബാലയുടെ തിരിച്ചുവരവിനെ മാധ്യമങ്ങള്‍ സ്വാഗതം ചെയ്തു, പക്ഷേ ഷൂട്ടിംഗ് ആരംഭിച്ച ഉടന്‍ മധുബാല ബോധരഹിതയായി; അങ്ങനെ സിനിമ ഒരിക്കലും പൂര്‍ത്തിയായില്ല. തുടര്‍ന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു, അവിടെവച്ച് ദിലീപ് കുമാറിനെ ഒരിക്കല്‍ കൂടി കാണുകയും ചെയ്തു.
ആശുപത്രിവാസം അവസാനിപ്പിച്ച് വീട്ടിലെത്തിയ മധുബാലയുടെ പിന്നീടുള്ള ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ഉറക്കമില്ലായ്മയും ക്ഷീണവും വല്ലാതെ അലട്ടി. ഈ കാലയളവില്‍ താന്‍ അഭിനയിച്ച സിനിമകളും ഉറുദു കവിതകളുമായിരുന്നു മധുബാലയുടെ കൂട്ട്. ഹൈപ്പോക്‌സിയ ബാധിച്ച് ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ കുറച്ച് കാലം ജീവിതം തള്ളിനീക്കി. 1969-ന്റെ തുടക്കത്തില്‍ ആരോഗ്യം നന്നേ മോശമായി. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധുബാലയ്ക്ക് ഹെമറ്റിയൂറിയയും സ്ഥിരീകരിച്ചു. 1969 ഫെബ്രുവരി 22-ന് അര്‍ധരാത്രി ഹൃദയാഘാതം സംഭവിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ മധുബാല മരണത്തിന് കീഴടങ്ങി.
Content Highlights: Madhubala actor Birth Anniversary, Valentines day, Madhubala Tragic Life, Dilip kumar, kishore Kumar.
Published: 14 Feb 2022, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented