
‘കേരനിരകളാടും’ എന്ന എവർഗ്രീൻ ഹിറ്റ് ഉൾപ്പെടെ ഒരുപിടി ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ബീയാർ പ്രസാദിന്, ഗാനരചനയിലൂടെ ആകെ സമ്പാദിക്കാനായത് വെറും അറുപതിനായിരം രൂപ മാത്രമാണെന്ന് പറഞ്ഞാൽ ആരും അദ്‌ഭുതപ്പെടും. സൗഹൃദങ്ങളുടെ ലഹരിയിൽ പണമെന്നോ, പ്രൊഫഷനെന്നോ ചിന്തിക്കാതെ ജീവിച്ച ആ കലാകാരന് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ കൈകോർത്തത് സാധാരണക്കാരായ കുറേ നാട്ടുകാരും സുഹൃത്തുക്കളുമാണ്. ജീവിതത്തിലേക്ക് മടങ്ങിവന്ന ബീയാർ, മാതൃഭൂമി പ്രസിദ്ധീകരിച്ച ചന്ദ്രോത്സവം എന്ന നോവലിലൂടെ സാഹിത്യലോകത്തേക്ക് മടങ്ങിവന്നു. സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത്, പ്രദർശനത്തിനൊരുങ്ങുന്ന ഒഴുകി ഒഴുകി ഒഴുകി എന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമയുടെ കഥ ബീയാർ പ്രസാദ് കൂടി ചേർന്നാണ് എഴുതിയിരിക്കുന്നത്. റസൂൽ പൂക്കുട്ടി, ശ്രീകർ പ്രസാദ്, കാന്തലിനെൻ തുടങ്ങിയ വമ്പൻ ടീമിനൊപ്പമായിരുന്നു ബീയാറും കൈകോർത്തത്.
പ്രത്യേക ഷോ ഒരുക്കി കാത്തിരുന്നു
ആരോഗ്യം വീണ്ടെടുത്തശേഷം പ്രൊഫഷൻ തിരിച്ചുപിടിക്കണമെന്ന അതിയായ ആഗ്രഹത്തിൽ നടന്ന ബീയാർ, സഞ്ജീവിനോട് കഥ പറയുകയായിരുന്നു. മടങ്ങിവരവിലെ ആദ്യ പ്രതിഫലവും ആ ആഴ്ച തന്നെ ബീയാറിന് ലഭിച്ചു. പൂർണമായി കഥ എഴുതാനുള്ള ആരോഗ്യം ഇല്ലാത്തതിനാൽ ഇരുവരും ചേർന്നാണ് എഴുതിയത്. സഞ്ജീവിന്റെ മകൻ സിധാൻഷു ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സൗബിൻ, നരേൻ, ബൈജു തുടങ്ങിയ നടന്മാരും ഒപ്പമുണ്ട്. കുട്ടനാട്ടിലെ ലൊക്കേഷനുകൾ കാണാൻ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. ചിത്രീകരണം കാണാൻ ആരോഗ്യപ്രശ്‌നങ്ങൾ മൂലം അദ്ദേഹത്തിനായില്ല. ഷൂട്ട് ചെയ്ത രംഗങ്ങൾ വാട്‌സാപ്പിലൂടെയും മറ്റും നിരന്തരം സംവിധായകൻ ബീയാറിന് അയച്ചുകൊടുക്കുമായിരുന്നു. കൊച്ചുപ്രേമന്റെയും അവസാന ചിത്രമാണിത്. സിനിമയുടെ ട്രെയിലർ ഏതാനും ആഴ്ചകൾക്കുമുമ്പാണ് പുറത്തിറങ്ങിയത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു.
ആശുപത്രിയിൽനിന്നിറങ്ങിയാൽ ബീയാറിന് വേണ്ടി പ്രത്യേക ഷോ സജ്ജീകരിക്കാനിരിക്കേയാണ് ഈയൊരു വിയോഗമെന്ന് സഞ്ജീവ് മാതൃഭൂമിയോട് പറഞ്ഞു. ആഴമേറിയ ധാരാളം വിഷയങ്ങൾ ബീയാറിന്റെ മനസ്സിലുണ്ടായിരുന്നെന്നും അതെല്ലാം സിനിമയാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: lyricist beeyar prasad passed away, beeyar prasad last movie
Published: 05 Jan 2023, 07:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented