''പലരും അംഗീകരിക്കാൻ മടിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ എനിക്ക് നല്ല ഉറപ്പുണ്ട്. ലോഹിതദാസ് വിലയിരുത്തപ്പെടാൻ പോകുന്നത് ലോഹിതദാസിന്റെ മരണശേഷമാണ്''
മരണത്തിന് ഏതാനും മാസങ്ങൾക്കു മുമ്പ് 'മാതൃഭൂമി'യുമായുള്ള ഒരു അഭിമുഖത്തിൽ ലോഹിതദാസ് പറഞ്ഞ വാക്കുകളാണിത്. 2009 ജൂൺ 29 നാണ് ലോഹിതദാസ് ഒട്ടേറെ കഥാപാത്രങ്ങളെ ബാക്കിയാക്കി കടന്നുപോയത്. ഇന്ന് മെയ് 10, ജീവിച്ചിരുന്നെങ്കിൽ പ്രേക്ഷകർക്ക് ഓർക്കാവുന്ന ചലച്ചിത്രങ്ങൾ പെയ്തിറക്കി ഈ വർഷം ലോഹിതദാസ് സപ്തതിയിലേക്ക് പ്രവേശിക്കുമായിരുന്നു.
Also Read
ലോഹിതദാസ് മലയാള സിനിമയിൽ ഉണ്ടായിരുന്നത് വെറും 20 വർഷമാണ്. അതിൽ തന്നെ തിരക്കഥാകൃത്തെന്ന നിലയിൽ സജീവമായിരുന്നത് 12 വർഷം മാത്രം. എന്നിട്ടും ആ എഴുത്തുകാരൻ മലയാള സിനിമയുടെ ഭാവി നിർണയിച്ചു. തിയേറ്ററുകളിൽ ആളു കൂടണമെങ്കിൽ ലോഹി എഴുതണം എന്ന അവസ്ഥയായിരുന്നു ആ കാലത്ത്. പുതുമുഖ നടൻമാർ ലോഹിയുടെ ചിത്രങ്ങൾ നല്ല രാശിയായി കരുതി. ലോഹിയുടെ അനുഗ്രഹം വാങ്ങി ചായമിട്ടവരെല്ലാം വലിയ ഹീറോകളായി. ടൈപ്പുകളിൽ കുടുങ്ങിക്കിടന്ന ഹീറോകളാവട്ടെ വലിയ നടന്മാരായി പേരെടുത്തു. പലരും മഹാനടൻമാരായി അറിയപ്പെട്ടു. എണ്ണമറ്റ പുരസ്‌കാരങ്ങൾ അവർ വാരിക്കൂട്ടി. പക്ഷെ ലോഹിയുടെ ജീവിതമാവട്ടെ ഒടുവിൽ ഒറ്റപ്പെട്ട് കടക്കെണിയുടെ ദുരിതത്തിലാണ് ചെന്നെത്തിയത്. തന്റെ കഥകളിലെ ഒരു നായകന്റെ അന്ത്യം പോലെ അവസാനിച്ചു ലോഹിതദാസ്.
എം.ടി.യും പത്മരാജനും ജോൺപോളും ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനിൽക്കുന്ന കാലത്താണ് നാടക അണിയറയിൽ നിന്ന് ലോഹിതദാസ് സിനിമയിലേക്ക് കടന്നുവന്നത്. ഏറെ കൊതിച്ചിരുന്നു ലോഹി ഒരു തിരക്കഥ എഴുതാൻ. പല തവണ അവസരം അടുത്തെത്തി. പക്ഷെ നിർഭാഗ്യങ്ങൾ അകറ്റി. 1987 ൽ 'തനിയാവർത്തന'ത്തിലൂടെ ലോഹിയുടെ ആദ്യ തിരക്കഥ സിനിമയായി. ''എല്ലാരും പറയ്യ്യാ മാഷേ.. മാഷ്‌ക്ക് ഭ്രാന്താന്ന്'' ക്ലാസ്സ് റൂമിൽ വെച്ച് ഒരു പെൺകുട്ടി ബാലൻമാഷോട് ഇങ്ങനെ ചോദിക്കുമ്പോൾ കാണികൾ നെഞ്ചുരുകി വീർപ്പടക്കിയാണ് ആ രംഗം കണ്ടത്. തറവാട്ടിലെ ഭ്രാന്തിന്റെ പാരമ്പര്യത്തിലേക്ക് ഒരു കണ്ണി കൂടി ചേരുകയായിരുന്നു അവിടെ. മലയാള സിനിമ പുതിയ ഊർജം നേടുകയായിരുന്നു ലോഹിയുടെ ആ ചിത്രത്തിലൂടെ. സിനിമക്കു വേണ്ടി ജനിച്ചവനെ സിനിമാലോകം തിരിച്ചറിഞ്ഞ പോലെ. പൈങ്കിളി സിനിമകളിൽ നിരന്തരമായി അഭിനയിച്ച് താരപദവി പോലും ചോദ്യം ചെയ്യപ്പെട്ട സമയത്ത് മമ്മൂട്ടി എന്ന നടൻ വീണ്ടും ഉയരങ്ങളിലേക്ക് കുതിച്ചത് 'തനിയവർത്തന'ത്തിലൂടെയാണ്.
ലോഹിയുടെ തിരക്കഥകൾക്ക് പ്രേക്ഷകർ കാത്തുനിൽക്കുന്നതാണ് പിന്നീട് കണ്ടത്. ഹീറോ എന്ന വാക്കിന് അതുവരെ നമ്മുടെ സിനിമ കണ്ട അർഥങ്ങൾ പൊളിച്ചെഴുതി ലോഹിതദാസ്. വിധിയുടെ ക്രൂരവിനോദത്തിനു മുന്നിൽ എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന നായകന്മാർ ലോഹിയുടെ തിരക്കഥകളിൽ പിറന്നു. മൃഗയയിലെ വാറുണ്ണി, മഹായാനത്തിലെ ചന്ദ്രു, അമരത്തിലെ അച്ചൂട്ടി, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ (മമ്മൂട്ടി), ദശരഥത്തിലെ രാജീവ്‌മേനോൻ, കിരീടത്തിലെ സേതുമാധവൻ, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള (മോഹൻലാൽ)-നായകകഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ താരസിംഹാസനങ്ങൾ ഉറപ്പിച്ചു. വെറും താരങ്ങൾ മാത്രമല്ല, നല്ല നടന്മാർ കൂടിയാണ് ഇവരെന്ന് വാഴ്ത്തപ്പെടാനും ഈ ചിത്രങ്ങൾ സഹായിച്ചു. മലയാള സിനിമയുടെ പുഷ്‌കലമായ ആ കാലത്ത് എഴുത്തുകാരന്റെ രാജസിംഹാസനത്തിലിരുന്നു ലോഹിതദാസ്.
എഴുതാപ്പുറങ്ങൾ, ആധാരം, മുക്തി, സസ്‌നേഹം, കുടുംബപുരാണം, മാലയോഗം, മുദ്ര, ജാതകം, ധനം, കമലദളം, കൗരവർ, ചെങ്കോൽ, തൂവൽക്കൊട്ടാരം, സല്ലാപം.... ലോഹിക്ക് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. എഴുതുന്നതെല്ലാം ഹിറ്റായി മാറി. നല്ല സിനിമ സൃഷ്ടിക്കാനുള്ള മാന്ത്രികദണ്ഡ് കയ്യിലുള്ളവനെ പോലെയായി നിർമാതാക്കൾക്ക് ലോഹിതദാസ്. ലോഹിയുടെ തിരക്കഥക്ക് അവർ കാത്തുനിന്നു എത്ര പണം കൊടുക്കാനും തയ്യാറായി. കഥയുടെ അക്ഷയഖനിയുമായി ലോഹി എഴുതിക്കൊണ്ടിരുന്നു. പക്ഷെ മസാലക്കൂട്ടുകൊണ്ട് സൂത്രത്തിലൂടെ വിജയം നേടിയതല്ല ലോഹിയുടെ സിനിമകൾ. കാമ്പുള്ള കഥകൾ, നീറിപ്പിടിച്ച് മുന്നേറുന്ന കഥാസന്ദർഭങ്ങൾ. വികാരതീവ്രമായ മുഹൂർത്തങ്ങൾ, നമ്മുടെ പരിസരങ്ങളിൽ കണ്ട കഥാപാത്രങ്ങൾ, പരിചിതമായ സംഭാഷണങ്ങൾ- ലോഹിയുടെ രചനയ്ക്ക് അവകാശപ്പെട്ടതാണ് ഇതെല്ലാം. വികാരതീവ്രമായ മുഹൂർത്തം എഴുതുന്ന അതേ മികവിൽ ഹാസ്യരംഗംപോലും ലോഹി എഴുതി ഫലിപ്പിച്ചു. വെറുതെ ചിരിച്ചുതള്ളാവുന്ന ഹാസ്യമല്ല ലോഹി എഴുതിയത്. സല്ലാപത്തിലെ ആശാരിപ്പണിക്കാരെ ലോഹി ചിത്രീകരിച്ചപ്പോൾ പ്രേക്ഷകർ ചിരിച്ചു. പക്ഷെ നമ്മൾ കണ്ടിട്ടുള്ള ആശാരിമാരെല്ലാം ഇങ്ങനെയാണെന്ന് പിടികിട്ടുമ്പോഴാണ് ചിരി വ്യത്യസ്തമാവുന്നത്. ലോഹിയുടെ കഥാപാത്രങ്ങൾ സംസാരിച്ചത് സാഹിത്യഭാഷയിലല്ല, നമ്മൾ കേട്ടു പരിചയമുള്ള ഭാഷയിലാണ്.
അന്നേവരെ പടിക്കു പുറത്തു നിർത്തിയ പല ജനവിഭാഗങ്ങളെയും (ബഹിഷ്‌കൃതർ) മലയാളസിനിമക്കകത്തേക്ക് കൊണ്ടുവന്നത് ലോഹിതദാസാണ്. ദുർഗുണപരിഹാരപാഠശാലയിലെ കുട്ടികൾ (മുദ്ര), അപരിഷ്‌കൃതനായ വേട്ടക്കാരൻ ( മൃഗയ), കടലിനോട് മല്ലിട്ട് ജീവിക്കുന്ന മുക്കുവർ (അമരം), മൂശാരിമാർ (വെങ്കലം), ആശാരിമാർ (സല്ലാപം), അലക്കുകാർ (വീണ്ടും ചില വീട്ടുകാര്യങ്ങൾ), സർക്കസ് കോമാളികൾ (ജോക്കർ), വേശ്യകൾ (സൂത്രധാരൻ)- അവർക്കെല്ലാം ലോഹി ഇടംകൊടുത്തു.
വള്ളുവനാടൻ ഗ്രാമങ്ങളോടും ആ ഗ്രാമത്തിലെ ജീവിതത്തോടും വല്ലാത്തൊരു അഭിനിവേശവുമുണ്ടായിരുന്നു ലോഹിതദാസിന്. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. സല്ലാപത്തിലും വാത്സല്യത്തിലും തൂവൽക്കൊട്ടാരത്തിലും അരയന്നങ്ങളുടെ വീടിലുമെല്ലാം വള്ളുവനാടിന്റെ ഗ്രാമീണജീവിതമാണ് ഉള്ളത്. എം.ടി.യുടെ പിന്തുടർച്ചക്കാരനായിരുന്നു ഇക്കാര്യത്തിൽ ലോഹിതദാസ്. പക്ഷെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ലോഹിതദാസ് എം.ടി.യിൽ നിന്ന് വ്യക്തമായ അകലം പാലിച്ചു. നീണ്ടുകിടക്കുന്ന തീവണ്ടിപ്പാളവും പരന്നുകിടക്കുന്ന നെൽപ്പാടവും ഫുൾപാവാടയിട്ട പെൺകുട്ടിയും പനയും ചെത്തുകാരും ഷാപ്പും അമ്പലവും അമ്പലക്കമ്മിറ്റിക്കാരും എല്ലാം നിറഞ്ഞ 'സല്ലാപം' ലോഹിയുടെ മനസ്സിലെ വള്ളുവനാടിന്റെ പൂർണതയാണ്.
ഓരോ മനുഷ്യനും ഓരോ സ്വഭാവമുണ്ട്. ഏതു സ്വഭാവക്കാരനും ഓരോ പെരുമാറ്റശൈലിയുമുണ്ട്. ദൗർബല്യങ്ങളാവട്ടെ അവന്റെ കൂടെപ്പിറപ്പാണ്. മനുഷ്യർക്കിടയിലെ ഈ അടിസ്ഥാനവ്യത്യസ്തതകൾ മലയാള സിനിമ ഏറ്റവുമധികം കണ്ടത് ലോഹിയുടെ സിനിമകളിൽ നിന്നാണ്. ആധാരത്തിൽ ചെറിയ കഥാപാത്രത്തെയാണ് അബൂബക്കർ എന്ന നടൻ അവതരിപ്പിച്ചത്. ''പരദൂഷണം പറയുക എന്ന ശീലം എനിക്കില്ല'' എന്നു പറഞ്ഞാണ് അയാൾ പരദൂഷണം തുടങ്ങുക. വലിയ തറവാട്ടുകാരോട് സംസാരിക്കുമ്പോൾ 'നമ്മൾ തറവാടികൾ' എന്ന് സംയുക്തമായി സംബോധന ചെയ്യും അയാൾ. ഈ കഥാപാത്രത്തെ നമ്മൾ ഓർക്കുന്നത് അവരുടെ സ്വഭാവസവിശേഷത കൊണ്ടാണ്. വീണ്ടും ചില വീട്ടുകാര്യങ്ങളിൽ പപ്പു അവതരിപ്പിക്കുന്ന വർക് ഷാപ്പുകാരൻ കുഞ്ഞിരാമനാശാൻ. ഒന്നോ രണ്ടോ സീനിലേ എത്തുന്നുള്ളൂ ഇയാൾ. ജയറാമിനെ ശകാരിക്കുന്ന രംഗത്ത് പപ്പു പറയുന്നു- ''തന്തേം തള്ളേം നയിച്ചുണ്ടാക്കീത് തിന്നിട്ട് എല്ലിന്റള്ളിൽ കുത്ത്യപ്പോ.... ഓന്റൊരവസ്ഥ. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കൂലടോ''. എന്നാണ്. ഇതിലൂടെ ആ കഥാപാത്രത്തിന്റെ ജീവിതവീക്ഷണം നമ്മൾ മനസ്സിലാക്കുന്നു. സല്ലാപത്തിലെ ഒടുവിലിന്റെ കഥാപാത്രം അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. 'പെണ്ണുങ്ങളെവിടെയുണ്ടോ അവിടെയുണ്ടാവും നമ്മുടെ പ്രസിഡന്റ് എന്ന് ഇയാളെ കുറിച്ച് മറ്റൊരു കഥാപാത്രം പറയുന്നതിൽ നിന്നു തന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവം പിടികിട്ടും.
ഒടുവിൽ അവതരിപ്പിച്ച മാലയോഗത്തിലെ കലികാലം പരമു നായർ ചായക്കടക്കാരനാണെങ്കിലും വേദാന്തിയാണ്. കിരീടത്തിലെ ജഗതിയുടെ കഥാപാത്രം ഏതു ജോലിക്കു പോയാലും അവിടെ നിൽപ്പുറക്കാത്തയാളാണ്. വിദ്യാഭ്യാസം തീരെ കുറവാണെങ്കിലും 'ആ ജോലിയൊന്നും നമുക്കു പറ്റിയതല്ലെ'ന്ന് കരുതുന്ന ഉഴപ്പനാണ് അയാൾ. ഏതു ചെറിയ കഥാപാത്രവും ലോഹി എഴുതുമ്പോൾ അതിന് എന്നെന്നും ഓർമിക്കപ്പെടുന്ന വ്യക്തിത്വമുണ്ടാവുന്നു എന്നതിന് നിരത്താൻ ഇനിയും ഉദാഹരണങ്ങൾ ഏറെയുണ്ട്.
സമൂഹത്തിലെ ചില ജനവിഭാഗങ്ങളെ ലോഹി സൂക്ഷ്മമായി കാണാൻ ശ്രമിച്ചിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങളിൽ അലക്കുകാരുടെ വീട്ടിലെ വഴക്കും ബഹളവും വെങ്കലത്തിൽ മൂശാരിമാരുടെ വീട്ടിൽ പെണ്ണുങ്ങൾ പുറം തിരിഞ്ഞിരുന്നത് സംസാരിക്കുന്നതുമെല്ലാം ആ ജനവിഭാഗത്തെ സൂക്ഷ്മമായി കണ്ട ഒരാൾക്കേ ഇത്ര മനോഹരമായി ഫലിപ്പിക്കാൻ കഴിയൂ.
സിനിമക്ക് വേണ്ടി ജീവിച്ചയാൾ ആയിരുന്നില്ല ലോഹിതദാസ്. സിനിമക്കു വേണ്ടി ജനിച്ചയാളായിരുന്നു.
സിനിമയുടെ എഴുത്തുകാരനായി തിളങ്ങി നിൽക്കുമ്പോഴാണ് ലോഹിതദാസ് സംവിധായകനായത് 1997 ൽ പുറത്തുവന്ന ഭൂതക്കണ്ണാടിയിലൂടെയാണ്. ആദ്യചിത്രം ഭേദപ്പെട്ട അഭിപ്രായവും പുരസ്‌കാരങ്ങളും വാങ്ങിക്കൂട്ടി. മകളെ കുറിച്ചോർത്ത് ആധിയോടെ കഴിയുന്ന ഒരു വാച്ചുമെക്കാനിക്കിനെയാണ് ഭൂതക്കണ്ണാടിയിലൂടെ ലോഹിതദാസ് കാണിച്ചുതന്നത്. പിന്നീട് കാരുണ്യം, കന്മദം, സൂത്രധാരൻ, അരയന്നങ്ങളുടെ വീട്, ജോക്കർ, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഈ ചിത്രങ്ങളിൽ പലതും ഭേദപ്പെട്ട കളക്ഷൻ നേടിയെങ്കിലും നല്ല തിരക്കഥാകൃത്തായിരുന്ന ലോഹിതദാസിന് അത്രയും പേരെടുക്കാൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ കഴിഞ്ഞില്ല. ലോഹിയുടെ പ്രതിഭ അതിന്റെ മാറ്റ് നേരത്തെ തിരക്കഥയിൽ തെളിയിച്ചതായിരിക്കാം കാരണം, അല്ലെങ്കിൽ ആ തിരക്കഥകൾ മറ്റൊരാൾ സിനിമയാക്കുന്നതാവണം പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ടിരിക്കുക.
ലോഹിയുടെ സംവിധാനത്തെ കുറിച്ച് വിമർശനങ്ങൾ വന്നു. സിനിമ മോശമായതുകൊണ്ടല്ല, തിരക്കഥാ രചനയാണ് ലോഹിക്ക് നല്ലത് എന്നതായിരുന്നു വിമർശനത്തിനു പിന്നിൽ. സ്വന്തമായി സംവിധാനം ആരംഭിച്ച ശേഷം സത്യൻ അന്തിക്കാടിനു വേണ്ടി 1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. പിന്നീട് പത്തുവർഷം മറ്റാർക്കും വേണ്ടി എഴുതിയിട്ടില്ല. 2007 ൽ പുറത്തിറങ്ങിയ നിവേദ്യമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഇതിനിടെ സാമ്പത്തിക ബാധ്യതകൾ വന്നുതുടങ്ങിയിരുന്നു. കസ്തൂരിമാൻ തമിഴിലെടുത്തതോടെ ബാധ്യത കുന്നുകൂടി. കടം പെരുകിപ്പെരുകിവന്നു. എന്നാൽ, വീണ്ടും തിരക്കഥാരംഗത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ലോഹിതദാസ്. തന്റെ രചനയിൽ നിന്ന് ഒട്ടേറെ ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സിബി മലയിലുമായി ചേർന്ന് ഒരു ചിത്രത്തിന്റെ ആലോചനകളിലാണെന്ന് അവസാനകാലത്ത് പറയുകയും ചെയ്തു. പക്ഷെ, തന്റെ നായകന്മാരെ പോലെ സ്വപ്നങ്ങളുടെ മൂർധന്യത്തിൽ തേടിയെത്തുന്ന ദുരന്തം ലോഹിയെയും പിടികൂടി. നിർദയം പെരുമാറിയ വിധിയിൽ നിന്ന് രക്ഷപ്പെടാനാവാതെ ആ കഥാകാരൻ വിടവാങ്ങി.
(പുന:പ്രസിദ്ധീകരണം)
Content Highlights: 70 th birthday of AK Lohithadas, Remembering, classic Malayalam films, Filmography, Interview
Published: 10 May 2024, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented