നിന്റെ വിളിക്ക് ആരും പ്രത്യുത്തരം തരുന്നില്ലെങ്കിൽ തനിയേ നടക്കുക എന്ന ടാഗോറിന്റെ വാക്കുകളെ അക്ഷരാർഥത്തിൽ ജീവിതസന്ദേശമാക്കി മാറ്റിയ പ്രതിഭയായിരുന്നു ഋത്വിക് ഘട്ടക്‌. അരനൂറ്റാണ്ടിന്റെ ജീവിതകാലയളവിൽ സിനിമയ്ക്കും കലയ്ക്കുമെല്ലാം തനതു ഭാഷ്യങ്ങൾ ചമയ്ക്കുകയും ഇന്നും പ്രസക്തമായ ആശയങ്ങൾക്ക് വിത്തിടുകയും ചെയ്ത ആ ഏകാകിയുടെ നൂറാം ജന്മവാർഷികമാണ് നവംബർ നാല്.

To advertise here,

അവിഭക്തബംഗാളിലെ ധാക്കയിൽ സാഹിത്യപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. അച്ഛൻ സുരേഷ് ചന്ദ്ര ഘട്ടക് കവിയും നാടകകൃത്തുമായിരുന്നു. അച്ഛനെ പിൻപറ്റി എഴുത്തിന്റെ ലോകത്തായിരുന്നു ഋത്വിക്കിന്റെ തുടക്കം.

സഹോദരൻ മനീഷും കവിയായിരുന്നു (അദ്ദേഹത്തിന്റെ മകളാണ് വിഖ്യാത എഴുത്തുകാരി മഹാശ്വേതാദേവി). ഒട്ടേറെ കഥകളും നാടകങ്ങളും എഴുതിയെങ്കിലും തന്റെ കലാപരമായ ദൗത്യം നിറവേറ്റാൻ ഈ മാധ്യമങ്ങൾക്ക് പരിമിതിയുണ്ടെന്നുകണ്ടാണ് സിനിമയിലേക്ക് ഘട്ടക് തിരിയുന്നത്.

ഇന്ത്യാവിഭജനം സൃഷ്ടിച്ച മുറിപ്പാട് ഘട്ടക്കിനെ ആജീവനാന്തം പിന്തുടർന്നു. ധാക്കയിലെ സാമ്പത്തികസുരക്ഷിതത്വമുള്ള മധ്യവർത്തികുടുംബാംഗം എന്ന നിലയിൽനിന്ന് ഒരു അഭയാർഥിയിലേക്ക് തന്റെ അസ്തിത്വം മാറിയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തന്നെപ്പോലെ പിറന്നമണ്ണും വീടും വിട്ടോടാൻ നിർബന്ധിതരായവരുടെ കഥകൾ പറയാൻ ക്യാമറയെ കൂട്ടുപിടിച്ചു. മറ്റ് പ്രമേയങ്ങൾ പലതും സിനിമയാക്കിയെങ്കിലും ഘട്ടക്കിന് ഒഴിയാബാധയായത് വിഭജനം എന്ന ദുരന്തമാണ്. അദ്ദേഹത്തിന്റെ സിനിമകളായ ‘മേഘേ ധാക്ക താര’യും 'കോമൾ ഗാന്ധാറും 'സുബർണരേഖയും' ചേർന്ന് വിഭജനത്രയമായി അറിയപ്പെട്ടു.

കാലംതെറ്റിപ്പിറന്ന പ്രതിഭ

വിഭജനംപോലെത്തന്നെ ഘട്ടക്‌ നേരിട്ട മറ്റൊരു ദുരന്തമായിരുന്നു സ്വന്തം സൃഷ്ടികളുടെ കാലംതെറ്റിയുള്ള പിറക്കൽ. ആദ്യ ചിത്രമായ ‘നാഗരിക്’ സംവിധാനം ചെയ്തത് 1952-ലാണ്. ഇന്ത്യൻ സിനിമയുടെ തലക്കുറി മാറ്റിയ പഥേർ പാഞ്ജലിക്കും മൂന്നുവർഷം മുൻപ്. പക്ഷേ, പുറത്തിറങ്ങിയത് കാൽനൂറ്റാണ്ട് കഴിഞ്ഞ് 1977-ൽ. സിനിമ തിയേറ്ററിൽ കാണാൻ സംവിധായകനുണ്ടായില്ല. ’76-ൽ അദ്ദേഹം മരിച്ചു.

സാംസ്കാരികവിഭാഗത്തോടുള്ള സമീപനം എങ്ങനെയാകണമെന്നും ആ മേഖലയിൽ മാറിച്ചിന്തിക്കണമെന്നും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയെ ഉദ്ബോധിപ്പിക്കാൻ തന്റെ മുപ്പതാം വയസ്സിൽ എഴുതിയ പ്രബന്ധത്തിന്റെസ്ഥിതിയും ഇതുതന്നെ. ഉപദേശത്തിന് പ്രതിഫലമായി ഘട്ടക്കിനെ പാർട്ടി അംഗത്വത്തിൽനിന്ന് ഒഴിവാക്കിയ അന്നത്തെ സംസ്ഥാനനേതൃത്വം ആ ‘ബദൽരേഖ’ അവഗണിച്ചുതള്ളി.

നീണ്ട 38 വർഷത്തിനുശേഷം പാർട്ടി ഓഫീസിലെ പല കടലാസുകെട്ടുകൾക്കിടയിൽനിന്ന് അത് കണ്ടെത്തിയത് പിന്നീട് മുഖ്യമന്ത്രിയായ ബുദ്ധദേബ് ഭട്ടാചാര്യയാണ്. ‘ഓൺ ദ കൾച്ചറൽ ഫ്രണ്ട്’ എന്ന ആ പ്രബന്ധം പിന്നീട് പാർട്ടി അനുഭാവികളും അല്ലാത്തവരുമായ കലാകാരന്മാർക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. പക്ഷേ, അപ്പോഴേക്കും ആ വിഷയത്തിൽ സംവാദത്തിനോ സംശയനിവൃത്തിക്കോ നിൽക്കാതെ രചയിതാവ് മറഞ്ഞിട്ട് 17 വർഷം കഴിഞ്ഞിരുന്നു.

അടക്കമില്ലാത്തവരുടെ തോഴൻ

തന്നെപ്പോലെത്തന്നെ തിരസ്കൃതരും പ്രതിഭ ധൂർത്തടിക്കുന്നവരും ഘട്ടക്കിനും പ്രിയപ്പെട്ടവരായിരുന്നു. ടാഗോറിന്റെ രബീന്ദ്രസംഗീതത്തിന്റെ പവിത്രത നശിപ്പിക്കുന്ന ഗായകനെന്ന് ശാന്തിനികേതനിലെ സംഗീതപണ്ഡിതർ കുറ്റപ്പെടുത്തിയ ദേബബ്രത ബിശ്വാസ് എന്ന ഗായകനെ തന്റെ മൂന്ന് ചിത്രങ്ങളിൽ അദ്ദേഹം പാടിപ്പിച്ചു. ആ സിനിമകളുടെ ആത്മാവിനെ ആവാഹിച്ചവയായിരുന്നു ആ ഗാനങ്ങൾ.

അച്ചടക്കമില്ലാത്ത ശില്പിയായ രാംകിങ്കർ ബെയ്ജിനെപ്പറ്റി അദ്ദേഹം ഡോക്യുമെൻററി തയ്യാറാക്കി. രണ്ട് ഉന്മാദികളുടെ ‘ജുഗൽബന്ദി’യിൽ അതിന്റെ ഷൂട്ടിങ്‌ പലപ്പോഴും മുടങ്ങി.

ഘട്ടക്കിന്റെ മരണത്തോടെ അപൂർണമായി അവസാനിച്ച ഡോക്യുമെൻററി പിന്നീട് അദ്ദേഹത്തിന്റെ മകൻ പൂർത്തിയാക്കി. മുതിർന്നവരുടെ അച്ചടക്കത്തിൽനിന്ന് രക്ഷപ്പെടാൻ ഒളിച്ചോടുന്ന കുട്ടിയുടെ കഥപറയുന്ന ‘ബാഡി ഥേക്കേ പാലിയേ’ എന്ന നോവൽ സിനിമയാക്കിയപ്പോഴും ചട്ടങ്ങളെ പുച്ഛിക്കുന്ന മനസ്സ് ഘട്ടക് പ്രകടമാക്കി.

റായ്‌യും ഘട്ടക്കും

സത്യജിത് റായ്‌യെപ്പോലെ ഘട്ടക് കൊണ്ടാടപ്പെട്ടില്ല. ഇതിൽ നീരസമുള്ള ഘട്ടകിന്റെ ആരാധകർ റായ്‌യെ കല്ലെറിയുകയും ചെയ്തു. പക്ഷേ, ഘട്ടക് എന്നും റായ്‌യെ ഏറെ ബഹുമാനിച്ചു. നമ്മുടെ ചുറ്റുമുള്ള വ്യക്തികളുടെ ആന്തരിക സത്യങ്ങളെപ്പറ്റി ബോധ്യപ്പെടുത്താൻ റായ്‌ക്കുമാത്രമേ കഴിയുകയുള്ളൂ എന്ന് അദ്ദേഹം എഴുതി. പഥേർ പാഞ്ജലിയിൽ ബംഗാളിലെ ദാരിദ്ര്യവും ജീവിത യാഥാർത്ഥ്യങ്ങളും പകർത്തിയ ഇന്ദിര താക്കുറുൻ സീക്വൻസുകൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്നതും ഉദാത്തവുമായ കലാവിഷ്കാരമാണെന്ന പ്രശംസയും നൽകി. മറുവശത്ത് റായ്‌ ആകട്ടെ, ഘട്ടക്കിനെപ്പോലൊരു മൗലികപ്രതിഭയുടെ ചിത്രങ്ങൾ മിക്കതും ബംഗാളി പ്രേക്ഷകസമൂഹം ഏറ്റെടുക്കാത്തതിൽ പരിതപിച്ചു. ഘട്ടക്കിന്റെ എഴുത്തുകളും സിനിമകളും സമാഹരിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകി.

ജീവിച്ചിരുന്നപ്പോൾ ആരും ആഘോഷിച്ചില്ലെങ്കിലും കൊൽക്കത്തയിലെത്തുന്ന പുതുതലമുറയിലെ ഘട്ടക് ആരാധകർ അദ്ദേഹത്തിന്റെ നൊസ്റ്റാൾജിയ ആവാഹിക്കാൻ ശ്രമങ്ങൾ നടത്താറുണ്ട്. ബംഗ്ളാ എന്ന നാടൻചാരായം കുടിക്കാൻ ഘട്ടക് പോയിരുന്ന വൃത്തിഹീനമായ ഷാപ്പുകളും സർബത്ത് കുടിച്ചിരുന്ന കോളേജ് സ്ട്രീറ്റിലെ കടയുമൊക്കെ ഇവർക്ക് തീർഥാടനകേന്ദ്രങ്ങളാണ്. മരിച്ചിട്ട് അരനൂറ്റാണ്ടായിട്ടും ഘട്ടക്കിന്റെ പേരിൽ സ്മാരകങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശതാബ്ദിവർഷത്തിൽ ആ കുറവ് പരിഹരിക്കുകയാണ് ‘ഋത്വിക് ഘട്ടക്’ എന്ന മെട്രോസ്റ്റേഷൻ.

പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഓറഞ്ച് ലൈൻ മെട്രോയിലാണ് ഈ സ്റ്റേഷൻ വരുന്നത്. ‘തിതാഷ് ഒരു നദിയുടെ പേര്’ എന്നതുപോലെ ഋത്വിക് ഘട്ടക് ഒരു സ്റ്റേഷന്റെ പേരായിരിക്കുന്നു. കൊൽക്കത്ത മഹാനഗരത്തിന്റെ വൈകിവന്ന ആദരത്തിന്റെ സൂചകം