
കോവിഡിന് ശേഷം ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ജനപ്രിയമായതോടെ ഇന്ത്യയിൽ ധാരാളം വെബ് സീരിസുകൾ ഇറങ്ങാൻ തുടങ്ങി. എന്നാൽ മലയാളത്തിൽ അത് യൂട്യൂബിൽ മാത്രമായി ഒതുങ്ങിയിരുന്നു. മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി സീരിസ് എന്ന വിശേഷണത്തോടെയെത്തിയ അഹമ്മദ് കബീറിന്റെ 'ദി കേരള ക്രെെം ഫയൽസ്' സിനിമാപ്രേമികൾ ഇരുകെെയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
'ദി കേരള ക്രെെം ഫയൽസ്' സ്വീകരിക്കപ്പെട്ടതിനൊപ്പം ഒരുപിടി യുവപ്രതിഭകളും ശ്രദ്ധിക്കപ്പെട്ടു. ‘സിവിൽ പോലീസ് ഓഫീസർ വിനുവായി എത്തി പ്രേക്ഷകനെ രസിപ്പിക്കുകയും ചെറുതായൊന്ന് നൊമ്പരപ്പെടുത്തുകയും ചെയ്ത സഞ്ജു സനിച്ചൻ അക്കൂട്ടത്തിൽ ഒരു താരമാണ്. അഹമ്മദ് കബീറിന്റെ തന്നെ 'ജൂണി'ലൂടെ സിനിമാലോകത്തെത്തിയ സഞ്ജു പരസ്യചിത്രങ്ങളിലും സജീവസാന്നിധ്യമാണ്. എട്ട് വർഷത്തോളം സിനിമയെന്ന മോഹവുമായി ചാൻസ് ചോദിച്ചുനടന്ന സഞ്ജു തന്റെ സിനിമാ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
സിനിമാ മോഹത്തെക്കുറിച്ച് വീട്ടുകാരോട് പറയാൻ പേടിയായിരുന്നു
2011 തൊട്ട് സിനിമയിൽ അവസരം ചോദിച്ച് തുടങ്ങിയ ആളാണ് ഞാൻ. അന്നൊക്കെ ഫെയ്സ്ബുക്ക് സജീവമായി വരുന്ന കാലമാണ്. സിനിമാക്കാരെ തിരഞ്ഞ് കണ്ടുപിടിച്ച് ഞാൻ മെസേജിലൂടെ അവസരം ചോദിക്കുമായിരുന്നു. ഛായാഗ്രാഹകനായിരുന്ന എന്റെ സുഹൃത്ത് എടുത്ത് തന്നിരുന്ന ചിത്രങ്ങൾ ഞാൻ ഇവർക്ക് അയക്കും. ആരും കാണില്ലെങ്കിലും ഒരു പ്രതീക്ഷയ്ക്ക് അയക്കുന്നതാണ്. ഇറങ്ങി നടന്ന് ചാൻസ് ചോദിക്കാനുള്ള സാഹചര്യം അന്നില്ലായിരുന്നു.
തമിഴ് നാട്ടിൽ നിന്ന് എൻജിനിയറിങ് പഠിച്ചിട്ട് ബെംഗളൂരുവിൽ ജോലിക്ക് കയറി. അപ്പോഴും സിനിമയിൽ ചാൻസ് ലഭിക്കാൻ പരിശ്രമിച്ചിരുന്നു. സിനിമാ മോഹത്തെക്കുറിച്ച് വീട്ടുകാരോട് പറയാൻ പേടിയായിരുന്നു. എറണാകുളത്ത് തിരിച്ചെത്തിയ ശേഷം ഓഡിഷനുകളിലെല്ലാം അയച്ചു. 2018-ലാണ് ജൂണിന്റെ ഓഡിഷനിലേയ്ക്ക് വിളിക്കുന്നത്. ഓഡിഷൻ കഴിഞ്ഞ് ക്യാമ്പിന് വിളിച്ചപ്പോഴാണ് ഞാൻ വീട്ടിൽ പറയുന്നത്. വീട്ടിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. നേരത്തേ പറയാമായിരുന്നു എന്ന് തോന്നി.

2016 തൊട്ട് സിനിമ മാത്രമായിരുന്നു ലക്ഷ്യം. ജൂണിന് ശേഷം തുടർച്ചയായി ചിത്രങ്ങൾ വന്നിരുന്നു. സിദ്ധാർഥ് സാറിന്റെ പ്രൊഡക്ഷനിൽ 'ഇറു' എന്നൊരു ചിത്രം ചെയ്തു. പിന്നെ 'വർത്തമാനം', 'കുഞ്ഞെൽദോ', 'അവിയൽ' തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. കോവിഡ് കാരണം ഈ ചിത്രങ്ങളുടെ റിലീസ് വെെകി. പിന്നീട് 'സുന്ദരി ഗാർഡൻസ്' ചെയ്തു, ഇപ്പോൾ കേരള ക്രെെം ഫയൽസും.
ഇപ്പോഴും ജൂണിന്റെ പേരിൽ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. ജൂണിന് കിട്ടിയ പ്രതികരണത്തിന്റെ പലമടങ്ങാണ് ക്രെെം ഫയൽസിന് ലഭിച്ചത്. ജൂൺ വിജയിച്ചില്ലായിരുന്നെങ്കിൽ എന്ത് ചെയ്യുമെന്ന് പലവട്ടം ആലോചിച്ചിരുന്നു. പലരോടും മറുപടി പറയണമായിരുന്നു. ജൂണ് വിജയിച്ചതിനാൽ പിന്നീട് പിടിച്ച് നിൽക്കാനൊരു സ്പേസ് കിട്ടി. ഭയങ്കര ടെൻഷനിലാണ് ജൂൺ കണ്ടത്. സിനിമ ഹിറ്റായെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായി. എന്റെ ആദ്യത്തെ ഷോട്ട് ജൂണിലെ ക്ലെെമാക്സ് രംഗത്തിലേതാണ്. ജൂൺ പിന്നിൽ നിന്നാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
അഹമ്മദ് കബീർ ഒരു മെന്ററിനെപ്പോലെ, ജീവിതത്തിലെ ഏറ്റവും നല്ല സൗഹൃദം
എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല സൗഹൃദമാണ് അഹമ്മദിക്കയുടേത്. അദ്ദേഹം എന്റെയൊരു മെന്ററാണ്. പ്രോജക്ടുകളെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച ചെയ്യാറുണ്ട്. എന്റെയും അദ്ദേഹത്തിന്റെയും ആദ്യ ചിത്രമായിരുന്നു ജൂൺ. പരസ്പരം വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ.

ജൂണിന് ശേഷം നെഗറ്റീവ് ഷേഡുള്ള വേഷങ്ങളാണ് കൂടുതലും എനിക്ക് ലഭിച്ചത്. ഒരു ലെെറ്റ് ഹാർട്ടഡ് ആയിട്ടുള്ള വേഷം ചെയ്യാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. ക്രെെം ഫയൽസിലേക്കുള്ള വിളി വന്നപ്പോൾ സന്തോഷമായി. ഇക്ക ഒരു പ്രോജക്ടിന് വിളിക്കുമ്പോൾ നമുക്ക് നല്ല വിശ്വാസമാണ്. ഈ പ്രോജക്ടട് നന്നായി പോകുമെന്ന വിശ്വാസം എപ്പോഴും ഉണ്ടാകും. അതെങ്ങനെയാണെന്ന് എനിക്ക് അറിയില്ല. ആ വിശ്വാസം ഉള്ളതിനാൽ ഒരു ടെൻഷനുമില്ലാതെ വർക്ക് ചെയ്യാം. ജൂൺ ചെയ്ത അതേ ടീമാണ് ക്രെെം ഫയൽസ് ചെയ്തത്. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. എന്നെക്കൊണ്ട് എന്ത് പറ്റും പറ്റില്ല എന്നൊക്കെ അദ്ദേഹത്തിന് കൃത്യമായി അറിയാം. അഭിനയരീതി വരെ അദ്ദേഹത്തിന് അറിയാം.
മധുരത്തിൽ ഞാൻ അഭിനയിച്ചില്ല എന്നേ ഉള്ളൂ, പക്ഷേ ക്രൂവിലുള്ള എല്ലാവരേയും അറിയാം. എനിക്ക് പറ്റിയ വേഷം ചിത്രത്തിൽ ഇല്ലായിരുന്നു. നമുക്ക് യോജിച്ച വേഷം ഉണ്ടെങ്കിലേ അദ്ദേഹം നമ്മളെ തിരഞ്ഞെടുക്കൂ. അല്ലാതെ ഇല്ലാത്ത റോളിൽ കുത്തികയറ്റില്ല. അദ്ദേഹത്തിന്റെ മൂന്ന് വർക്കിലും കാസ്റ്റിങ്ങിനെക്കുറിച്ച് ആരും കുറ്റം പറഞ്ഞിട്ടില്ല.
ചാൻസ് ചോദിക്കാൻ മടിയില്ല, വെെറലായ അവിൽ മിൽക്ക്
ചാൻസ് ചോദിക്കാൻ എനിക്ക് യാതൊരു മടിയും ചളുപ്പും തോന്നിയിട്ടില്ല. ഒട്ടുമിക്ക സംവിധായകരോടും അവസരം ചോദിച്ചിരുന്നു. പോലീസ് കഥാപാത്രമാകാൻ ശാരീരികമായി ഞാൻ തയാറെടുത്തിരുന്നു. അവരുടെ ശരീരഭാഷയും സംസാരവും ഒക്കെ പഠിക്കാനായിട്ട് സെന്റർ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കൊപ്പം ഒരാഴ്ച ചിലവിട്ടു.
അഹമ്മദിക്കയുടെ എല്ലാ പടത്തിനും ട്രെയിനിങ് ക്യാംപ് കാണും. എല്ലാ സീനും ചെയ്ത് നോക്കിയിട്ടായിരിക്കും സെറ്റിലോട്ട് പോവുക. സീനിയർ താരങ്ങൾ ക്യാംപിലെത്തി ഞങ്ങളോട് സംസാരിക്കാറുണ്ട്.

ഒരുപാട് വെെറലായ സീനാണ് അവിൽ മിൽക്ക്. ഒരുപാട് പേർ ആ രംഗത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ആ ഒരു സീൻ ഇത്രയും വർക്ക് ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരുപാട് ലെയർ ആളുകൾ ചിന്തിച്ചെടുക്കുന്നുണ്ട്. നമ്മുടെ കഥാപാത്രത്തെക്കുറിച്ച് ആൾക്കാർ മനസിലാക്കുന്നതും ചർച്ച ചെയ്യുന്നതും പുതുമയുള്ളതായിരുന്നു.
സിനിമയും സീരിസും നമുക്ക് വേണം
സിനിമയുടെ പ്രോസസ് തന്നെയാണ് സീരിസിനും. ഷൂട്ടും ഏറെക്കുറെ ഒരുപോലെ തന്നെയാണ്. കഷ്ടപ്പെടുന്ന താരങ്ങൾക്ക് അവരുടെ കഴിവ് കാണിക്കാൻ ഒരു പ്ലാറ്റ്ഫോം തുറന്ന് കിട്ടുന്നു എന്നതാണ് പ്രത്യേകത. മലയാളത്തിൽ അഞ്ചാളം സീരിസുകൾ റിലീസിന് തയാറെടുക്കുകയാണ്.
സിനിമയിൽ അവസരം ലഭിക്കാത്തവർക്ക് ഗുണമാകും. ഒരുപക്ഷേ ക്രെെം ഫയൽസ് സിനിമ ആയിരുന്നെങ്കിൽ എന്റെ വേഷം കുറച്ചുകൂടി മാർക്കറ്റുള്ള ഒരാൾ ചെയ്തേനെ. ഒ.ടി.ടിയിൽ ആ ഒരു പ്രശ്നമില്ല.

ഒരു സിനിമ കാണുന്ന ദെെർഘ്യമേ ക്രെെം ഫയൽസിന് ഉള്ളൂ. 56 ദിവസമായിരുന്നു ഷൂട്ട്. സീരിസ് കണ്ട് തുടങ്ങാത്തവർക്കും കുറെ നാളായി സീരിസ് കാണാതെ മടിച്ച് നിൽക്കുന്നവർക്കും ക്രെെം ഫയൽസ് നല്ലൊരു ഓപ്ഷനാണ്. ഇന്ത്യയിലെ മറ്റ് സീരിസുകളോട് കിടപിടിക്കുന്ന ക്വാളിറ്റി മേക്കിങ്ങുള്ള സീരിസ് തന്നെയാണ് കേരള ക്രെെം ഫയൽസ്. കാണാത്തവരുണ്ടെങ്കിൽ ഉറപ്പായും കാണണം എന്ന് അഭ്യർഥിക്കുന്നു.
വെബ്സീരിസിന് മലയാളത്തിന് ഒരുപാട് സാധ്യതയുണ്ട്. പലരാജ്യങ്ങളിലും മലയാളികൾ ഉണ്ട്. ഈ രാജ്യങ്ങളിലൊക്കെ തിയേറ്റർ റിലീസ് ബുദ്ധിമുട്ടാണ്. ഒ.ടി.ടിയിലൂടെയാകുമ്പോൾ എല്ലാവരിലേയ്ക്കും എത്തുന്നു. ഞങ്ങളെപ്പോലെയുള്ള പുതിയ താരങ്ങളെ ആളുകൾ തിരിച്ചറിയും. ഒ.ടി.ടിയും തിയേറ്ററും ഒരുപോലെ നിലനിൽക്കും, നമുക്ക് രണ്ടും വേണം.
അജു ചേട്ടന്റെ പിന്തുണ, ലാൽ സാർ എന്ന പ്രൊഫഷണൽ
അജു ചേട്ടനെപ്പോലെ ഇത്രയും പിന്തുണ നൽകുന്ന മറ്റൊരു സഹതാരത്തെ എനിക്കറിയില്ല. ഷൂട്ട് കഴിഞ്ഞ് അജു ചേട്ടൻ സ്പോട്ട് എഡിറ്റ് കാണും. നിന്റെ ആ ചെറിയ മുഖഭാവം നല്ലതായിരുന്നു, ആ നോട്ടം നന്നായിരുന്നു എന്നൊക്കെ പറയും. നമുക്ക് ഇത് തരുന്ന എനർജി ഭയങ്കര വലുതാണ്. ഇത്രയും വലിയ താരമൊക്കെ നമ്മുടെ അഭിനയം കാണുമ്പോൾ കുറച്ചുകൂടെ നന്നാക്കണം എന്നൊക്കെ തോന്നും. ആ ഒരു പിന്തുണ വലുതാണ്.

ഞങ്ങളെപ്പറ്റി അദ്ദേഹം പോസ്റ്റൊക്കെ ഇട്ടിരുന്നു. കാണുമ്പോൾ നിസാരമെന്ന് തോന്നും, പക്ഷേ ഞങ്ങളെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. ലാൽ സാറിന്റെ കൂടെ എനിക്ക് കോംബിനേഷൻ സീനുകൾ കുറവാണ്. അദ്ദേഹം ഭയങ്കര പ്രൊഫഷണലാണ്. ഞാനൊക്കെ ജനിക്കുന്നതിന് മുമ്പ് കരിയർ തുടങ്ങിയ ആളാണ്. വലുപ്പച്ചെറുപ്പം ഇല്ലാതെ എല്ലാ പ്രോജക്ടിനേയും ഒരുപോലെ കാണുന്ന ആളാണ് അദ്ദേഹം.
ആദ്യം കണ്ട തെലുങ്ക് ചിത്രത്തിലെ സൂപ്പർസ്റ്റാറിനൊപ്പമുള്ള പരസ്യം
ഫെയ്സ്ബുക്കിൽ അവസരം ചോദിച്ച് നടന്ന ഞാൻ ഒരു സമയത്ത് ഇൻസ്റ്റഗ്രാമിലേയ്ക്ക് കുടിയേറിയിരുന്നു. മുംബെെയിലൊക്കെ ഒരുപാട് കാസ്റ്റിങ് കമ്പനികളുണ്ട്. അവർക്ക് അയക്കുമായിരുന്നു. 2019 തൊട്ട് ഞാൻ ഫോളോ ചെയ്തിരുന്നു കാസ്റ്റിങ് കമ്പനിയുടെ ഒരു ഓഡിഷൻ എനിക്ക് വന്നു. അത് ഞാൻ ചെയ്തപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. രൺവീർ സിങ്, രാംചരൺ ഒക്കെ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും കോംബിനേഷൻ കാണുമെന്ന് കരുതിയില്ല. രൺവീർ സിങ്ങിനൊപ്പം പരസ്യം ചെയ്തു. രാംചരണിന് അപ്പോൾ ഡേറ്റ് ഇല്ലായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് രാംചരണിനൊപ്പം ചെയ്തത്. രണ്ട് സൂപ്പർസ്റ്റാറുകളും അവരുടേതായ രീതിയിൽ വ്യത്യസ്തമായാണ് ചെയ്തത്.

ഞാൻ ആദ്യമായി കാണുന്ന തെലുങ്ക് ചിത്രം മഗധീര ആണെന്ന് ഞാൻ രാംചരണിനോട് പറഞ്ഞു. നിങ്ങളുടെ ഒപ്പം അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ദീപിക പദുകോൺ, തൃഷ എന്നിവരും പരസ്യത്തിന്റെ ഭാഗമായിരുന്നു. സിനിമ ഇറക്കും പോലെയായിരുന്നു പരസ്യത്തിന്റെ ടീസർ. സംഭവം പെട്ടെന്ന് വെെറലായി. കുറെ അന്വേഷണങ്ങൾ വന്നിരുന്നു.
ക്രെെം ഫയൽസ് രണ്ടാം ഭാഗം, പുതിയ ചിത്രങ്ങൾ
വാലാട്ടിയാണ് പുതിയ ചിത്രം. കുറച്ച് പ്രോജക്ടുകളുടെ അവസാനഘട്ട ചർച്ചയിലാണ്. പരസ്യത്തിൽ നിന്നുമൊക്കെ വിളി വരുന്നുണ്ട്. മലയാളത്തിൽ സിനിമ ചെയ്യാനാണ് ഇഷ്ടം. ക്രെെം ഫയൽസിന്റെ രണ്ടാം സീസണിനെക്കുറിച്ച് അഹമ്മദ് ഇക്ക വെെകാതെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചർച്ചകൾ നടക്കുകയാണ്.
Content Highlights: kerala crime files actor sanju sanichan interview june movie
Published: 24 Jul 2023, 02:01 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented