സിനിമയായാലും ജീവിതമായാലും കാലത്തിന്റെ മാറ്റത്തിനൊപ്പം പുതുമകൾ തേടി, അതിനൊപ്പമാണ് മമ്മൂട്ടിയുടെ യാത്ര

കളങ്കാവൽ | Photos: Facebook, Teaser screen grab
‘‘കളിക്കുന്നത് പ്രതിനായകനായാലും നായകനായാലും ഒരുകാര്യം ഉറപ്പാണ്, കളത്തിൽ അയാൾ അല്പം പിശകാ...’’ -സൺഗ്ലാസ് ഉയർത്തി ചുണ്ടിൽ തീ കൊളുത്താത്ത സിഗരറ്റ് കടിച്ചുപിടിച്ച്, നിഗൂഢമായ ചിരിയുമായി കളങ്കാവലിന്റെ പരസ്യചിത്രത്തിൽ മമ്മൂട്ടി എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അടക്കംപറഞ്ഞു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം ആരാധകരിൽ ആവേശത്തിരയിളക്കാൻ മമ്മൂട്ടി എത്തുന്നു. കളത്തിൽ പ്രതിയോഗികളായി ആരൊക്കെ നിരന്നാലും കളങ്കാവലിൽ ഇനി മമ്മൂട്ടിയുടെ കളിയാട്ടം - പെരുങ്കളിയാട്ടം. നാടെങ്ങും ആ വരവേല്പിന്റെ ആഘോഷം തുടങ്ങി.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കളങ്കാവൽ. ക്രൈം ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന് സംവിധായകനും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഒട്ടേറെ പുതുമയാർന്ന ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.
പല കാലങ്ങളായി പല സ്ഥലങ്ങളിൽ നടന്ന, സമൂഹത്തെ വിറപ്പിച്ച ചില സംഭവങ്ങളിൽനിന്ന് പ്രേരണ ഉൾക്കൊണ്ട് ഒരുക്കിയ സാങ്കല്പിക കഥയാണ് ഈ ചിത്രം പറയുന്നത്. അതിനാൽ ഒരു വ്യക്തിയുടെയോ ദേശത്തിന്റെയോ കഥയായി ചിത്രത്തെ കണക്കാക്കാൻ കഴിയില്ലെന്ന് തിരക്കഥാകൃത്തുക്കൾ പറയുന്നു. കളങ്കാവൽ-എന്ന ടൈറ്റിലിൽത്തന്നെ മിത്തും യാഥാർഥ്യവുമുണ്ട്. രൗദ്രസ്വഭാവമുള്ള പ്രതിഷ്ഠകളെ ആവാഹിക്കുന്ന തെക്കൻ തിരുവിതാംകൂറിലെ ഉത്സവച്ചടങ്ങാണ് കളങ്കാവൽ. കളത്തിൽ ദേവി, അസുരരെ തിരഞ്ഞുപിടിച്ച് നിഗ്രഹിക്കുന്ന പ്രതീകാത്മകമായ ചടങ്ങാണിത്, തിന്മയുടെമേൽ നന്മയുടെ പോരാട്ടം. ഇതെല്ലാം ചിത്രത്തിലും ലയിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ദേവാസുരന്മാർ ആരൊക്കെ എന്നത് തിയേറ്ററിൽമാത്രം ചുരുളഴിയുന്ന സസ്പെൻസായിട്ടാണ് ചിത്രത്തിന്റെ ശില്പികൾ രൂപപ്പെടുത്തിയിരിക്കുന്നത്.
കേരള-തമിഴ്നാട് അതിർത്തിയിലെ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പ്രതിനായക ഛായയുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘‘കഥാപാത്രം നെഗറ്റീവോ പോസിറ്റീവോ എന്നത് സിനിമയ്ക്കുമാത്രമേ പറയാൻ കഴിയൂ. നെഗറ്റീവായ കാര്യങ്ങൾ ചെയ്യുന്നവർക്ക് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാകും. ഞങ്ങൾ എഴുതിവെച്ചതിനെക്കാൾ ഞെട്ടിക്കുന്ന പ്രകടനവുമായാണ് മമ്മൂക്കയും വിനായകനും സ്ക്രീനിൽ എത്തുക. ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഇതെല്ലാം അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു’’ -സംവിധായകൻ ജിതിൻ കെ. ജോസ് പറയുന്നു.
താരപ്രഭയ്ക്കുമപ്പുറം നടനെന്ന നിലയിൽ തന്റെ ഇമേജ് പുതുക്കാനുള്ള മമ്മൂട്ടിയുടെ തീവ്രമായ ശ്രമം ഈ ചിത്രത്തിലും കാണാം. രൂപത്തിലും ഭാവത്തിലും കഥാപാത്രങ്ങളെ ആവാഹിച്ച് പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള ആ നടന്റെ അടങ്ങാത്ത ആഗ്രഹമാണ് ഇത്തരം പുതുമകൾക്ക് മാറ്റുകൂട്ടുന്നത്. മാറ്റങ്ങൾ എന്തൊക്കെയായാലും അതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരും ഇവിടെയുണ്ട്. സംസ്ഥാന പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരം നേടിയ ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ വെല്ലുന്ന പ്രകടനമാണ് കളങ്കാവലിലൂടെ പ്രേക്ഷകർ മമ്മൂട്ടി എന്ന നടനിൽനിന്ന് കാത്തിരിക്കുന്നത്.
ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് കളങ്കാവൽ. ചിത്രത്തിന്റെ ട്രെയിലറിനും അതിനുമുൻപ് എത്തിയ ഈ ചിത്രത്തിലെ ‘നിലാ കായും’ എന്ന ഗാനത്തിനും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ജോർജ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം : ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, ഗാനങ്ങൾ: വിനായക് ശശികുമാർ, ഹരിത ഹരി ബാബു, സംഘട്ടനം: ആക്‌ഷൻ സന്തോഷ്.
എന്നും വളരുന്ന സംവിധായകർക്കൊപ്പമാണ് മമ്മൂട്ടിയെന്ന നടനും വളർന്നത്. പുതുമുഖ സംവിധായകർക്കൊപ്പം ഇത്രയും സിനിമകൾചെയ്ത മറ്റൊരു സൂപ്പർതാരം ഇന്ത്യൻ സിനിമയിലില്ല. എന്നും സിനിമയുടെ മാറ്റങ്ങൾക്കൊപ്പം സിനിമയുടെ അണിയറയിലെ കഴിവുറ്റ കലാകാരന്മാരെയും മമ്മൂട്ടി നിരീക്ഷിച്ചിരുന്നു. പിന്നീട്, കഴിവുറ്റ നവാഗത സംവിധായകരെ തിരഞ്ഞെടുക്കുന്നതിൽ അതെല്ലാം ഏറെ സഹായകമായിട്ടുണ്ട്. കഴിവുറ്റ 35-ൽപ്പരം സംവിധായകരെ മമ്മൂട്ടി മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. കളങ്കാവൽ ഒരുക്കുന്ന ജിതിൻ കെ. ജോസ് അതിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ്. 1985-ൽ കൊച്ചിൻ ഹനീഫയെ സംവിധായകനാക്കി ‘ഒരു സന്ദേശംകൂടി’ എന്ന ഹിറ്റ് ചിത്രമൊരുക്കിയാണ് മമ്മൂട്ടി- നവാഗത സംവിധായക കൂട്ടുകെട്ടിന് തുടക്കമിട്ടത്. തുടർന്ന് കെ. മധു, ഡെന്നീസ് ജോസഫ്, ലോഹിതദാസ്, ലാൽ ജോസ്, ബ്ലെസി, ജി.എസ്. വിജയൻ, ജോമോൻ, അമൽ നീരദ്, വൈശാഖ്, അൻവർ റഷീദ്, എം. മോഹൻ, ആഷിഖ് അബു, മാർട്ടിൻ പ്രക്കാട്ട്, മാർത്താണ്ഡൻ, അജയ് വാസുദേവ്, ഗിരീഷ് ദാമോദർ, റോബി വർഗീസ് രാജ്, രത്തിന, സുമതി റാം എന്നിവർ ആ ഗണത്തിൽ ഏറെ ശ്രദ്ധേയചിത്രങ്ങൾ ഒരുക്കിയ നവാഗത സംവിധായകരായിരുന്നു. പുതുമുഖ സംവിധായകർക്ക് അവർ ഒരുക്കുന്ന ചിത്രത്തിലൂടെ വ്യത്യസ്തമായതെന്തെങ്കിലും പറയാനുണ്ടാകുമെന്ന് മമ്മൂട്ടിക്ക് ഉറപ്പുണ്ടായിരുന്നു, അനുഭവം തീർത്ത വിശ്വാസമായിരുന്നത്. അതെല്ലാം ഈ നടനെ കാലത്തിനൊത്ത് പുതുക്കിപ്പണിതുകൊണ്ടിരുന്നു.
അഭിനയത്തിന്റെ 55 വർഷം നീണ്ട യാത്രയിൽ മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ. ഇത്രയും കാലം കരിയർ ഗ്രാഫിൽ വലിയ മാറ്റങ്ങളില്ലാതെ മമ്മൂട്ടി പിടിച്ചുനിന്നു. തലമുറകളുടെ ഹരമായ ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനെപ്പോലെയാണ് മലയാളത്തിന്റെ മമ്മൂട്ടിയും. ബച്ചൻ 50-നുശേഷം കരിയറിൽ ചെറിയ ഗ്യാപ്പ് തീർത്തെങ്കിലും മമ്മൂട്ടി അതുപോലും എടുക്കാതെ സിനിമയുടെ വളർച്ചയ്ക്കൊപ്പം ചേർന്ന് സഞ്ചരിക്കുകയായിരുന്നു.
എം.ടി. വാസുദേവൻ നായർ, മമ്മൂട്ടി എന്ന നടന്റെ വളർച്ചയെക്കുറിച്ച് പറഞ്ഞത് ‘‘മമ്മൂട്ടി ഇവിടത്തെ സാമൂഹികചരിത്രത്തിന്റെ ഒരു ഭാഗമാണ്. കുറെ അവാർഡുകൾ വാങ്ങിയ വെറുമൊരു നടൻ മാത്രമല്ല, മമ്മൂട്ടിയെ ആരാധിക്കുന്നവർ വെറുമൊരു താരാരാധനയുടെ അപ്പുറത്തുള്ളവരാണ്. സിനിമ സാംസ്കാരികചരിത്രത്തിന്റെ ഭാഗമാണ്. മമ്മൂട്ടി അതിന്റെ ഭാഗമായിട്ടുതന്നെ നിലനിൽക്കുന്നു. ഇന്നും പ്രൊഡ്യൂസർമാരും സംവിധായകരും പ്രേക്ഷകരുമൊക്കെ മമ്മൂട്ടിക്കുവേണ്ടി കാത്തിരിക്കുന്നു. അതൊരു നടനെ സംബന്ധിച്ചിടത്തോളം വലിയ സൗഭാഗ്യവും നേട്ടവുമാണ്. ഇതൊന്നും എളുപ്പമുണ്ടായതല്ല. അതിനുവേണ്ടിയുള്ള അധ്വാനവും ആത്മാർപ്പണവും എല്ലാം കൂടിച്ചേർന്നതുകൊണ്ടാണ് ഇത്രയും കാലം ഇങ്ങനെ തിളങ്ങിനിൽക്കുകയും ഭരിക്കുകയും ചെയ്യാൻ കഴിയുന്നത്...’’ എന്നാണ്.
രൂപവും ഭാഷയും അഭിരുചികളും അനുദിനം മാറുന്ന കാലത്ത് മമ്മൂട്ടി നമ്മളെ ഒരിക്കലും ബോറടിപ്പിച്ചിട്ടില്ല. സിനിമയായാലും ജീവിതമായാലും കാലത്തിന്റെ മാറ്റത്തിനൊപ്പം പുതുമകൾ തേടി, അതിനൊപ്പമാണ് മമ്മൂട്ടിയുടെ യാത്ര. സിനിമയ്ക്കുവേണ്ടി അദ്ദേഹം എല്ലാം മാറ്റിവെക്കും. അത്രയും പാഷനിലാണ് ആ കലാജീവിതം. ഇനിയും എത്ര വിസ്മയങ്ങൾ കാണാനിരിക്കുന്നു.
Content Highlights: Mammootty's 'A Game of Deities and Demons': Kalamkaval, the Crime Thriller from Mammootty Kampany and Debutant Jithin K Jose
Published: 30 Nov 2025, 01:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented