
ഐ.വി. ശശിയുടെ ശിഷ്യനായ ജോമോന്റെ ആദ്യ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ സാമ്രാജ്യം. സൂപ്പര്‍ഹിറ്റായ ചിത്രം അധോലോക രാജാക്കന്മാരുടെ കുടിപ്പകയുടെ കഥയാണ് പറഞ്ഞത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അണ്ടര്‍വേള്‍ഡ് കഥയ്‌ക്കൊപ്പം ഹൃദയസ്പര്‍ശിയായ ബന്ധങ്ങളുടെ അടിത്തറ ചിത്രത്തെ പ്രേക്ഷകരുമായി ചേര്‍ത്തുനിര്‍ത്തി. അതിനാല്‍ ഭാഷാഭേദമില്ലാതെ ഇന്ത്യന്‍ ഭാഷകളില്‍ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു. ആ സൂപ്പര്‍ ഹിറ്റ് ചിത്രം പിറന്ന കഥ സംവിധായകന്‍ ജോമോന്‍ ഓര്‍ത്തെടുക്കുന്നു.
മമ്മൂക്ക പകര്‍ന്ന ധൈര്യം
കുട്ടിക്കാലംമുതല്‍ അധോലോക രാജാക്കന്മാരുടെ കഥ പറയുന്ന സിനിമകളോടായിരുന്നു എനിക്ക് പ്രിയം. അന്ന് കാണുന്ന സിനിമകളും വായിക്കുന്ന പുസ്തകങ്ങളും എല്ലാം ആ ഗണത്തിലുള്ളവയായിരുന്നു. സംവിധായകന്‍ ഐ.വി. ശശിക്കൊപ്പം സംവിധാനസഹായിയായി ചേര്‍ന്നപ്പോഴും മനസ്സില്‍ സൂക്ഷിച്ച സിനിമ അത്തരത്തിലുള്ളതായിരുന്നു. ആ ഗണത്തില്‍പെട്ട കുറെ കഥകള്‍ എഴുതിവെച്ചു.
1921 എന്ന സിനിമയുടെ ഷൂട്ടിങ് കാലത്ത് ഞാന്‍ ആറാമത്തെ സംവിധാനസഹായിയായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വീണുകിട്ടിയ ഇടവേളയില്‍ എന്റെ മനസ്സില്‍ സൂക്ഷിച്ച അധോലോകനായകന്റെ കഥ മമ്മൂട്ടിയോട് പറഞ്ഞു. ഞാന്‍ അരമണിക്കൂര്‍കൊണ്ട് വണ്‍ ലൈന്‍ പറഞ്ഞു. കഥ കേട്ട് അദ്ദേഹം എന്നെ ഓടിച്ചില്ല. കഥയിലെ സാധ്യതകള്‍ അദ്ദേഹത്തിന് സ്പാര്‍ക്ക് ചെയ്തു.
''കഥ ഡീറ്റേലായി എഴുതി അടുത്ത സെറ്റില്‍ വാ...'' മമ്മൂട്ടി എനിക്ക് ധൈര്യം തന്നു. ഞാന്‍ അന്നുതന്നെ സംവിധാനപ്പണി ഉപേക്ഷിച്ചു. പിന്നീട് കഥ എഴുത്തായി പ്രധാന പരിപാടി.
ജോഷിയുടെ മഹായാനത്തിന്റെ സെറ്റിലേക്ക്,എഴുതിയ കഥയുമായി ഞാന്‍ ചെന്നു. ആ കഥ ജോഷിയോട് പറയാന്‍ മമ്മൂക്ക എന്നോട് പറഞ്ഞു. അദ്ദേഹം കഥ കേട്ടു, പിന്നീട് കഥ എങ്ങനെയെന്ന് മമ്മൂക്ക ജോഷിയോട് ചോദിച്ചു... ''കഥ രസമുണ്ട് പക്ഷേ, അത് ഏതുതരം സിനിമയാകുമെന്ന് പറയാന്‍ കഴിയില്ല.'' ജോഷി പറഞ്ഞു.
മമ്മൂട്ടി ആ സിനിമ വിട്ടില്ല. ചിത്രത്തിന്റ തിരക്കഥാ വര്‍ക്കുകള്‍ തുടങ്ങാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിനുശേഷം മദ്രാസിലെ ലോഡ്ജിലിരുന്ന് ഞാന്‍ തിരക്കഥാപണി തുടങ്ങി. ഒരു മാസം കഴിഞ്ഞ് മമ്മൂക്ക മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലെത്തിയപ്പോള്‍ എഴുതിയ തിരക്കഥയുമായി ഞാന്‍ ചെന്ന് കണ്ടു. അത് ഒറ്റയിരുപ്പിന് വായിച്ച് മമ്മൂട്ടി പറഞ്ഞു...''ഇതില്‍ പരിചയസമ്പന്നനായ തിരക്കഥാകൃത്തിന്റെ അഭാവം കാണുന്നുണ്ട്. ഞാന്‍ ഒരാളെ പരിചയപ്പെടുത്തിത്തരാം. അയാള്‍ തിരക്കഥ എഴുതട്ടെ.''അങ്ങനെ അന്നത്തെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് ഈ ചിത്രത്തിന്റെ തിരക്കഥ ഏറ്റെടുത്തു. എന്റെ മനസ്സിലെ കഥ പൂര്‍ണമായി അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, അദ്ദേഹം തിരക്കഥ എഴുതിവന്നപ്പോള്‍ ചിത്രത്തിലെ നായകന് 85 വയസ്സ്. ഞാന്‍ പറഞ്ഞ കഥ മനസ്സിലായില്ലേ എന്ന് ചോദിച്ചപ്പോള്‍...
പറഞ്ഞ കഥയ്ക്ക് തിരക്കഥ എഴുതണമെങ്കില്‍ വേറെ ആളെ നോക്കണമെന്നായിരുന്നു ആ തിരക്കഥാകൃത്തിന്റെ നിലപാട്. അന്ന് ആ തിരക്കഥാകൃത്തിനെ അനുസരിച്ചെങ്കില്‍ ഇന്ന് സാമ്രാജ്യം എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. ഈ തിരക്കഥ നമ്പര്‍ 20 മദ്രാസ് മെയിലിന്റെ പാലക്കാട്ടെ ഷൂട്ടിങ്‌സെറ്റില്‍വെച്ച് മമ്മൂട്ടിയെ കാണിച്ചപ്പോള്‍ അദ്ദേഹം അത് വലിച്ചെറിഞ്ഞു. അന്നവിടെ പാട്ടെഴുതാന്‍ ഷിബു ചക്രവര്‍ത്തി വന്നിട്ടുണ്ടായിരുന്നു. ഷിബുവിനെ ചൂണ്ടിക്കാണിച്ച് മമ്മൂട്ടി പറഞ്ഞു, ''തിരക്കഥ എഴുതാന്‍ ഷിബു നിന്നെ സഹായിക്കും. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് എഴുതിനോക്ക്. നന്നാവുമോന്ന് നോക്കാം.'' അന്നാണ് ആദ്യമായി ഷിബുവിനെ പരിചയപ്പെടുന്നത്. അതിന് മുമ്പ് ഷിബു മനു അങ്കിള്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരുന്നു. അങ്ങനെ ഞാനും ഷിബുവും ചേര്‍ന്ന് നിരന്തര ചര്‍ച്ചയില്‍ സാമ്രാജ്യത്തിന്റെ തിരക്കഥ എഴുതി. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ആര് നിര്‍മാതാവ് ആകുമെന്നതായി പ്രശ്‌നം.
മദ്രാസിലെ ജീവിതത്തിനിടയില്‍ പരിചയപ്പെട്ട സ്‌നേഹസമ്പന്നനായ നിര്‍മാതാവായിരുന്നു ആരിഫ ഹസ്സന്‍. അദ്ദേഹം നിര്‍മിച്ച കുറെ ചിത്രങ്ങള്‍ക്ക് ഞാന്‍ സംവിധാനസഹായിയായിട്ടുണ്ട്. അന്ന് അദ്ദേഹം കുറെ പടങ്ങള്‍ ചെയ്ത് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. മാത്രമല്ല ഏതോ ചിത്രവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുമായ് അദ്ദേഹം തെറ്റിയ സമയവുമാണ്. ആരിഫ ഹസ്സന് വേണ്ടിയാണ് ഞാന്‍ ചിത്രം നിര്‍മിക്കുന്നത് എന്നറിഞ്ഞ് മമ്മൂട്ടി എന്നോട് പിണക്കമായി. ഞാന്‍ തീരുമാനം മാറ്റിയില്ല, കാത്തിരുന്നു. അങ്ങനെ ഒന്നര വര്‍ഷത്തിനുശേഷം മമ്മൂട്ടി സമ്മതം മൂളി.
മൊത്തം സ്ലോമോഷന്‍
ചെന്നെയിലെ ജയഭാരതിയുടെ വീടും തിരുവനന്തപുരം എയര്‍പോര്‍ട്ടുമായിരുന്നു സാമ്രാജ്യത്തിന്റെ പ്രധാന ലൊക്കേഷന്‍. ക്യാമറാമാന്‍ ജയാനന്‍ വിന്‍സന്റായിരുന്നു. സംവിധാന സഹായിയായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം കുറെ സിനിമകള്‍ക്ക് വര്‍ക്ക് ചെയ്തിട്ടുണ്ട്.
തുടക്കത്തില്‍ മധുസാറും ശ്രീവിദ്യയും ചേര്‍ന്ന് സീനാണ് ഞാന്‍ ചിത്രീകരിച്ചത്. ഒരാഴ്ച കഴിഞ്ഞാണ് മമ്മൂക്ക എത്തിയത്. വരുന്നിന് തലേന്നാള്‍ മമ്മൂക്ക മധുസാറിനെ വിളിച്ച് ചോദിച്ചു... ''അവിടെ എന്താണ് നടക്കുന്നത്. അവന് പണിയറിയാമോ...?''
''പണിയറിയാം പക്ഷേ, നടക്കുന്നതും കരയുന്നതും ചിരിക്കുന്നതുമെല്ലാം സ്ലോമോഷനിലാണ്...'' എന്ന് മധുസാര്‍ തമാശപറഞ്ഞു.. അടുത്ത ദിവസം സെറ്റിലെത്തിയ മമ്മൂട്ടി ഷൂട്ട് ചെയ്ത സീനുകള്‍ മുഴുവന്‍ എഡിറ്റ് ചെയ്ത് കാണിക്കാന്‍ പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ടിങ് ബ്രേക്ക് ചെയ്ത് റഷസ് എടുത്ത് കാണിച്ചു. ചിത്രത്തിലെ അലക്‌സാണ്ടര്‍ എന്ന മമ്മൂക്കയുടെ കഥാപാത്രത്തിന്റെ മനസ്സാണ് സ്‌ളോമോഷനിലൂടെ കാണിക്കുന്നത്. അങ്ങനെ സ്ലോമോഷന്‍ ഒരു ഇമോഷനാണെന്ന് ബോധ്യപ്പെട്ടാണ് മമ്മൂക്ക അഭിനയിക്കാനിറങ്ങിയത്.
പാട്ടില്ല സംഗീതം ഇളയരാജ!
യേശുദാസിന്റെ മൂന്ന് പാട്ടുകള്‍ ഇല്ലാത്ത സിനിമയെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാത്ത കാലമായിരുന്നത്. പാട്ടും കോമഡിയും ഇല്ലാത്ത സിനിമയ്ക്ക് തലവെച്ച് കൊടുക്കുന്നത് എന്തിനാണെന്ന് പല തലമുതിര്‍ന്ന സംവിധായകരും അന്ന് മമ്മൂട്ടിയോട് ചോദിച്ചിരുന്നു. പക്ഷേ, അദ്ദേഹം ഉറച്ചുനിന്നു. ഷൂട്ടിങ് പൂര്‍ത്തിയായപ്പോല്‍ ആര് പശ്ചാത്തലസംഗീതം നിര്‍വഹിക്കും എന്നതായി പ്രശ്‌നം. അന്ന് സൗത്ത് ഇന്ത്യയിലെ തിരക്കേറിയ സംഗീത സംവിധായകന്‍ ഇളയരാജയാണ്. രജനീകാന്തിന്റെ സിനിമകള്‍പോലും രാജാസാറിന്റെ ഡേറ്റിനായി കാത്തിരിക്കുന്ന കാലം.
ചിത്രത്തിന്റെ റീ റെക്കോഡിങ്ങിന് രാജാസാറെ കിട്ടുമോ എന്ന് ഞാന്‍ നിര്‍മാതാവിനോട് ചോദിച്ചു. അദ്ദേഹം ശ്രമിക്കാമെന്ന് പറഞ്ഞതോടെ ഇളയരാജയെ പിടിക്കാനായി പിന്നീട് ശ്രമം. അങ്ങനെ മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍പോയി രാജാസാറെ കാത്തിരുന്ന് കണ്ടു.
എത്ര പാട്ടുകള്‍ ഉണ്ട്...? അദ്ദേഹം ചോദിച്ചു.
പാട്ടില്ല... റീ റെക്കോഡിങ് മാത്രം...
പാട്ടില്ലേ പിന്നെയെന്തിന് ഞാന്‍...?
അതിനാണ് രാജാസാര്‍... എന്റെ ഉത്തരം കേട്ട് അദ്ദേഹം എന്നെ ഉഴിഞ്ഞ് നോക്കി.
ആ മറുപടിയില്‍ അദ്ദേഹം വീണു. അങ്ങനെ പടം കാണാന്‍ അദ്ദേഹം തയ്യാറായി. അടുത്ത ദിവസം ഒറ്റയിരുപ്പിന് അദ്ദേഹം സിനിമ കണ്ടു. അവ്യക്തമായി എന്തോ പറഞ്ഞ് തിയേറ്ററില്‍നിന്ന് ഇറങ്ങിപ്പോയി കാറില്‍ കയറി. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ചോദിക്കാന്‍ ധൈര്യമില്ല. ഞാന്‍ പുറകെ ഓടിച്ചെന്ന് രാജാസാറിന്റെ മാനേജരായ സുബ്ബയ്യരോട് കാര്യം തിരക്കി.
'വര്‍ക്ക് നാളെക്ക് വച്ചുക്കോ എന്നാ സാര്‍ പറഞ്ഞത്.' അദ്ദേഹത്തിന്റെ മറുപടി കേട്ട് സന്തോഷംകൊണ്ട് ബോധം പോകുന്നതുപോലെ തോന്നി. ശിവാജി പ്രൊഡക്ഷന്‍സിന്റെ സിനിമ മാറ്റിവെച്ചാണ് രാജാസാര്‍ മമ്മൂട്ടിപ്പടം ചെയ്യാന്‍ തയ്യാറായത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് രസകരമായ അഞ്ച് തീം മ്യൂസിക്കാണ് അദ്ദേഹം നല്‍കിയത്. പിന്നീട് ചിത്രത്തിനൊപ്പം പ്രേക്ഷകരില്‍ ഹരം പടര്‍ത്തുന്ന തീം മ്യൂസിക്കും ഇന്റസ്ട്രിയില്‍ ചര്‍ച്ചയായി. അതിനുശേഷം എന്റെ എല്ലാ സിനിമകള്‍ക്കും എല്ലാ തിരക്കും മാറ്റിവെച്ച് രാജാസാര്‍ വരും. നല്ലൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
അങ്ങനെ 28 ദിവസംകൊണ്ട് 65 ലക്ഷം രൂപയ്ക്കാണ് സാമ്രാജ്യത്തിന്റെ ഫസ്റ്റ്‌കോപ്പി പൂര്‍ത്തിയായത്.
ചിത്രം റിലീസിനായി ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് അയച്ചെങ്കിലും ഞാന്‍ ചെന്നൈയില്‍ത്തന്നെ നിന്നു. ചിത്രം കേരളത്തില്‍ സൂപ്പര്‍ഹിറ്റായ കാര്യം മമ്മൂക്കയാണ് എന്നെ വിളിച്ചറിയിച്ചത്.
തിരുവനന്തപുരത്തെ തിയേറ്ററുകളിലെ ആള്‍ത്തിരക്ക് മമ്മൂക്ക ആരും കാണാതെ കാറിലിരുന്ന് കാണാറുണ്ടായിരുന്നു.
ബച്ചന്‍ ക്ഷണിച്ചു ബോളിവുഡിലേക്ക്
സാമ്രാജ്യം കേരളത്തില്‍ സൂപ്പര്‍ ഹിറ്റായി. ബോളിവുഡ് ഫിലിം ഇന്റസ്ട്രിയിലും അത് വലിയ വാര്‍ത്തയായി. അങ്ങനെയാണ് ഗുഡ്‌നൈറ്റ് മോഹന്‍ വഴി അമിതാഭ് ബച്ചന്‍ എന്നെ മുംബൈയിലേക്ക് വിളിപ്പിച്ചത്. മുംബൈയിലെ ഒരു സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബച്ചന്‍സാര്‍ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ഞങ്ങളോട് മേക്കപ്പ്‌റൂമില്‍ കാത്തിരിക്കാന്‍ അദ്ദേഹത്തിന്റെ മാനേജര്‍ പറഞ്ഞു. ഞാനും മോഹനും മേക്കപ്പ്‌റൂമില്‍ ചെന്നിരുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ സിഗരറ്റ് വലിക്കാന്‍വേണ്ടി മോഹന്‍ പുറത്തിറങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ കാറ്റുപോലെ മുറിയിലേക്ക് കടന്നുവന്നു.
എന്റെ അടുത്തെത്തി കെട്ടിപ്പിടിക്കാന്‍ കൈ നീട്ടി. അങ്ങനെ ഇന്ത്യന്‍ സിനിമയിലെ വിസ്മയതാരത്തെ ഞാന്‍ അന്ന് കെട്ടിപ്പിടിച്ചു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സാമ്രാജ്യത്തിന്റെ സംവിധാനത്തെക്കുറിച്ചും കോര്‍ത്തെടുത്ത തിരക്കഥയെക്കുറിച്ചുമായിരുന്നു അദ്ദേഹം സംസാരിച്ചത്. അങ്ങനെ സാമ്രാജ്യം, അഭിഷേക് ബച്ചനെയും അമിതാഭ് ബച്ചനെയും ചേര്‍ത്ത് ബോളിവുഡിലെടുക്കാന്‍ അഡ്വാന്‍സും തന്നു. പിന്നെ എന്തുകൊണ്ടോ ആ പ്രൊജക്ട് വര്‍ക്കൗട്ടായില്ല. ഞാന്‍ വേണ്ടരീതിയില്‍ ഫോളോ അപ്പ് ചെയ്തില്ല എന്ന് പറയുന്നതാകും ശരി. എന്റെ മടി കാരണം ചെന്നൈയിലും ജന്മനാടായ കോഴിക്കോട്ടും മാത്രമായി എന്റെ കലാജീവിതം ഒതുങ്ങിപ്പോയി.
ചിരഞ്ജീവിയെ തകര്‍ത്ത സാമ്രാജ്യം
സാമ്രാജ്യം കഴിഞ്ഞ് അടുത്ത ചിത്രത്തിന്റെ കഥാചര്‍ച്ചയുമായ് ചെന്നൈയില്‍ ഫല്‍റ്റെടുത്ത് കഴിയുന്ന കാലം. എന്റെ കൂടെ അന്ന് ഷാജൂണ്‍കാര്യാലും ഉണ്ട്. എന്നെ അമിതാഭ് ബച്ചന്‍ വിളിപ്പിച്ചകാര്യം കോടമ്പാക്കത്ത് പാട്ടാണ്. അതിന്റെ പേരില്‍ ചില ദിവസങ്ങളില്‍ കോഴിക്കോട്ടുകാരായ അഗസ്റ്റിനും ഗിരീഷ് പുത്തഞ്ചേരിയും ജാക്കി ഷ്‌റോഫാണെന്ന് പറഞ്ഞ് ശബ്ദംമാറ്റി വിളിച്ച് എന്നെ പറ്റിക്കാറുണ്ട്. അങ്ങനെയിരിക്കെയാണ് ചിരഞ്ജീവിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ഒരു ഫോണ്‍കോള്‍ വന്നത്... 'വെക്കെടാ ഫോണ്‍.. 'എന്നലറി ഞാന്‍ ഫോണ്‍ താഴെ വെച്ചു. കുറച്ച് കഴിഞ്ഞ് വീണ്ടും ഫോണ്‍... 'കോപപ്പെടാതെ തമ്പി ഞാന്‍ ചിരഞ്ജീവിയുടെ ഓഫീസില്‍നിന്നാണ് വിളിക്കുന്നത്. സാറിന് താങ്കളെ കാണണം. സാലിഗ്രാമത്തിലെ നിങ്ങളുടെ ഫല്‍റ്റിനുമുന്നില്‍ അരമണിക്കൂര്‍ കൊണ്ട് ഒരു വണ്ടി വരും. നിങ്ങളൊന്ന് വരണം....'
എനിക്കൊന്നും മറുപടി പറയാന്‍ കഴിഞ്ഞില്ല. അയാള്‍ ഫോണ്‍ താഴെ വെച്ചു. ഞാന്‍ ഡ്രസ്സ് മാറി പുറത്തിറങ്ങാതെ ഫല്‍റ്റിന്റെ ജനലിനരികില്‍ നിന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്നെത്തേടി ഒരു ബെന്‍സ് കാര്‍ ഫല്‍റ്റിന് താഴെ എത്തി. ഞാന്‍ അതില്‍ കയറി, വണ്ടി നേരേ ചിരഞ്ജീവിയുടെ ബംഗല്‍വിലെത്തി.
വീടിനകത്തെ സ്വീകരണമുറിക്കകത്തെ അണ്ടര്‍ഗ്രൗണ്ടിലേക്ക് അവരെന്നെ കൊണ്ടുപോയി. സ്ഫടികക്കല്ല് പതിച്ച സ്വീകരണമുറിയില്‍ തുവെള്ള ജുബ്ബധരിച്ച് ചിരഞ്ജീവി എത്തി. കുറെനേരം ഞങ്ങള്‍ സംസാരിച്ചു. തിരിച്ചിറങ്ങാന്‍നേരം അടുത്ത പടംചെയ്യാന്‍ വലിയൊരു അഡ്വാന്‍സും തന്നു. ഈയൊരു കൂടിക്കാഴ്ചയുടെ രഹസ്യം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എനിക്ക് പിടികിട്ടിയത്.
മൂന്ന് തെലുഗ് പടങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ജഗപതി ബാബു നായകനായ സാജലു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ നടക്കുമ്പോള്‍ രാജ എന്ന നിര്‍മാതാവ് എന്നെ കാണാന്‍ വന്നു. വൈകുന്നേരം അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചു. വലിയൊരു ബംഗ്ലാവിന്റെ സ്വീകരണമുറിയിലിരുത്തി അയാള്‍ പറഞ്ഞു... ''ഇത് നിങ്ങളുടേതാണ്... നിങ്ങളുടെ സാമ്രാജ്യം സിനിമ സമ്മാനിച്ചതാണിതെല്ലാം...''തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവിത കഥ പറഞ്ഞു. അന്യഭാഷകളില്‍ സൂപ്പര്‍ ഹിറ്റാകുന്ന സിനിമകള്‍ തെലുഗില്‍ ഡബ്ബ് ചെയ്തിറക്കുകയായിരുന്നു രാജയുടെ പ്രധാന പരിപാടി. അങ്ങനെ അമ്പതിനായിരം രൂപയ്ക്ക് സാമ്രാജ്യത്തിന്റെ തെലുഗ് ഡബ്ബിങ് റൈറ്റ് രാജ വാങ്ങി.
ഒരു ഫെസ്റ്റിവല്‍ സീസണില്‍ ചിരഞ്ജീവിയുടെ പടം റിലീസ് ചെയ്യുന്ന സമയത്ത് അടുത്തുള്ള ചെറിയ തിയേറ്ററുകളില്‍ സാമ്രാജ്യത്തിന്റെ ഡബ്ബിങ് പതിപ്പ് അദ്ദേഹം റിലീസ് ചെയ്തു. ചിരഞ്ജീവി ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തവര്‍ ഈ ചിത്രത്തിന് കയറും, അങ്ങനെ കുറച്ച് കാശ് ഉണ്ടാക്കാം, അതായിരുന്നു പരിപാടി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ 'സാമ്രാജ്യം' ചിരഞ്ജീവി ചിത്രത്തെക്കാള്‍ കലക്ഷന്‍ നേടി. പത്ത് കോപ്പി മാത്രം എടുത്ത ചിത്രം തിയേറ്ററുകളുടെ ആവശ്യപ്രകാരം കൂട്ടേണ്ടി വന്നു. പക്ഷേ, അദ്ദേഹത്തിന് കൂടുതല്‍ കോപ്പി എടുക്കാന്‍ ഫണ്ടുണ്ടായിരുന്നില്ല. സിനിമയുടെ ഡിമാന്റ് മനസ്സിലാക്കി ചെന്നൈയിലെ പ്രസാദ് ലാബ് ആ സിനിമയുടെ 400 പ്രിന്റ് കടം കൊടുത്തു. അങ്ങനെ ആ മൊഴി മാറ്റ ചിത്രം തെലുഗില്‍ സൂപ്പര്‍ഹിറ്റായി.
അതിനുശേഷമാണ് ചിരഞ്ജീവി ഒരു സിനിമ ചെയ്യാന്‍ എന്നെ വിളിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ ചിരഞ്ജീവി ചിത്രം സംവിധാനം ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ആ സൂപ്പര്‍ സ്റ്റാറിന്റെ സഹോദരന്‍ നാഗ്ബാബുവിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തു.
സാമ്രാജ്യത്തിന് രണ്ടാം ഭാഗമില്ല
സാമ്രാജ്യത്തിന് രണ്ടാം ഭാഗം ഒരുക്കിയാലോ എന്ന് മമ്മൂട്ടി ഒരിക്കല്‍ എന്നോട് ചോദിച്ചിരുന്നു. അന്ന് ഞാനതില്‍നിന്ന് പതുക്കെ വലിഞ്ഞു. കുറച്ചുകാലം മുന്‍പ് ഈ സിനിമ ചെയ്യാന്‍ അഡ്വാന്‍സുമായി പൃഥ്വിരാജും എന്നെ സമീപിച്ചിരുന്നു. ഞാന്‍ അത് വാങ്ങിയില്ല. കാരണം അലക്‌സാണ്ടറുടെ മകന്‍ ഒരിക്കലും അച്ഛന് മുകളില്‍ നില്‍ക്കില്ല. കാരണം ആ കഥാപാത്രം തീയില്‍ മുളച്ചവനായിരുന്നു...
Content Highlights: jomon samrajyam malayalam movie mathrubhumi star and style
Published: 11 Jan 2020, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented