
നമ്മള്‍ പ്രതീക്ഷിക്കുന്നതു തന്നെ സമ്മാനിക്കാനുള്ള യാതൊരു ബാധ്യതയും ജീവിതത്തിനില്ലെന്നു പറഞ്ഞത് ഇര്‍ഫന്‍ ഖാനല്ല. മാര്‍ഗരറ്റ് മിച്ചലാണ്. ഗോണ്‍ വിത്ത് ദി വിന്‍ഡ് എന്ന ഒരേയൊരു നോവല്‍ കൊണ്ട് പ്രശസ്തയായ മിച്ചലിന്റെ വരികള്‍ പണ്ട് ഇര്‍ഫന്‍ ഖാന്‍ കടമെടുത്തത് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന കരുണയില്ലാത്ത വില്ലന്‍ ഉള്ളില്‍ പതിയിരുന്ന് ആക്രമണം തുടങ്ങിയപ്പോഴാണ്.
താന്‍ രോഗത്തിന്റെ പിടിയിലാണെന്ന വിവരും ജീവിതം എത്രമാത്രം നിസാരശൂന്യമാണെന്ന വാസ്തവവും ലോകത്തോട് പറയാനായി അന്ന് ഇന്‍ഫന്‍ ഇട്ട പോസ്റ്റ് തുടങ്ങാന്‍ മിച്ചലിന്റെ ഈ വരികളേക്കാള്‍ യോജിച്ച മറ്റൊന്നുണ്ടാവില്ല.
അപ്രതീക്ഷിതമായതാണ് നമ്മളെ വളര്‍ത്തുക. ഇതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളുടെ സത്ത. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറിനുള്ള ചികിത്സ തുടങ്ങി എന്ന തിരിച്ചറിവ് ഉള്ളക്കൊള്ളാന്‍ വിഷമമുള്ള ഒന്നാണ്. എന്നാല്‍, എനിക്ക് ചുറ്റുമുള്ളവരുടെ സ്‌നേഹവും കരുത്തും എന്റെ ഉള്ളില്‍ തന്നെ കണ്ടെത്തിയ കരുത്തും ശുഭപ്രതീക്ഷയുടെ തീരത്തെത്തിച്ചിരിക്കുകയാണ് എന്നെ. ചികിത്സയുടെ ഭാഗമായി എനിക്കിവിടെ നിന്ന് പോവേണ്ടിവന്നിരിക്കുകയാണ്. തുടര്‍ന്നും എനിക്കുള്ള ആശംസകള്‍ അയക്കണമെന്നൊരു അപേക്ഷയുണ്ട്. പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ പോലെ ന്യൂറോ എന്നാല്‍ എപ്പോഴും തലച്ചോറിനെ ബാധിക്കുന്ന ഒന്നാവില്ല. ഗൂഗിള്‍ ഇതിനുള്ള ഉത്തരം തരും. എന്റെ വാക്കുകള്‍ക്കായി കാത്തിരുന്നവരെ ഞാന്‍ വൈകാതെ തിരിച്ചെത്തും. കൂടുതല്‍ കഥകളുമായി-ലോകം വേദനയോടെ വായിച്ച ആ പോസ്റ്റില്‍ ഇര്‍ഫന്‍ കുറിച്ചു.
അന്ന് വാക്ക് തന്ന പോലെ ഇര്‍ഫന്‍ പിന്നീട് ലണ്ടനില്‍ നിന്ന് തിരിച്ചെത്തി. രോഗം ഉള്ളിലൊളിപ്പിച്ചു തന്നെ വീണ്ടും ക്യാമറയ്ക്ക് മുന്നിലുമെത്തി. അംഗ്രേസി മീഡിയവും ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കാര്‍വാനുമൊക്കെ ചെയ്തത് ഇക്കാലത്താണ്. വേദനയും പ്രതീക്ഷയും ഒരുപോലെ നമ്മുടെ സമയം പരീക്ഷിക്കുന്ന കാലം ഇതിനു മുമ്പു വന്നിട്ടില്ലെന്ന് അന്നെഴുതി ഇര്‍ഫാന്‍. തിരികെ ജോലികളിലേക്ക് പിച്ചവെയ്ക്കുമ്പോള്‍ ഈ പുതിയ തുടക്കത്തിന് കരുത്തേകിയ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥനകളര്‍പ്പിച്ച അപരിചിതരായ ഒട്ടനവധി പേരോടും നന്ദി പറയുന്നു. വിശ്വസിക്കാനാവുന്നില്ലെനിക്ക് ഇപ്പോഴും..അപ്രതീക്ഷിതമെന്ന വാക്കിന്റെ ശരിക്കുള്ള അര്‍ഥം മനസിലായിരുന്നില്ലെനിക്ക്. ഇപ്പോള്‍ അതും മനസിലാകുന്നു.. എന്റെ ഹൃദയമിടിപ്പിനും ശ്വാസത്തിനും വേണ്ടി പ്രാര്‍ഥിച്ചവരുണ്ട്. കാര്യങ്ങളില്‍ ശ്രദ്ധിച്ച് മുന്നോട്ടു പോകാന്‍ എനിക്ക് കരുത്തായ ഓരോരുത്തരേയും പേരെടുത്തു പറയാനാവാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. അതില്‍ എനിക്കറിയാത്ത പലരും എന്റെ മാലാഖമാരായെത്തിയവരാണ്. ജോലിയില്‍ തിരികെയെത്തി.. ജീവിതത്തിലെ പാട്ടും ആഘോഷവുുമെല്ലാം തുടരുകയാണ് വീണ്ടും.. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളെക്കൂടെ ചേര്‍ത്തതിന് നന്ദി.. അഭിനയത്തിനും രോഗത്തിനുമിടയിലെ ഇടവേളയില്‍ ഇര്‍ഫന്‍ ഒരിക്കല്‍ കുറിച്ചു.
പ്രേക്ഷകര്‍ പ്രാര്‍ഥനകളോടെ തന്നെ ഇര്‍ഫനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി. പക്ഷേ, പ്രാര്‍ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും ഏറെ ആയുസ്സുണ്ടായില്ല. ഉള്ളിലെ വില്ലന് മുന്നില്‍ ഏറെയൊന്നും അഭിനയിച്ചു പിടിച്ചുനില്‍ക്കാന്‍ ഇര്‍ഫനുമായില്ല. പോരാട്ടത്തിനൊടുവില്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറിന് കീഴടങ്ങുക തന്നെ ചെയ്തു ഇര്‍ഫന്‍. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്ത് പരിചയത്തിലാവുകയും പിന്നീട് ജീവിതത്തിലും ഒപ്പംകൂടിയ സുതപ സിക്ദറിന്റെ പിന്തുണയാണ് രോഗകാലത്ത് തന്നെ പിടിച്ചുനിര്‍ത്തിയതെന്നും അക്കാലത്ത് പറഞ്ഞിരുന്നു ഇര്‍ഫാന്‍ ഖാന്‍.
'സന്തോഷകരമായ അത്ഭുതം നിറഞ്ഞ ഒരു റോളര്‍ കോസ്റ്റര്‍ യാത്രയായിരുന്നു അത്. ഞങ്ങള്‍ ഒരുപാട് കരഞ്ഞു, ഒരുപാട് ചിരിച്ചു. എനിക്ക് പിന്തുണയുമായി അവള്‍ കൂടെയുണ്ടായിരുന്നു. അവള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന തോന്നലുണ്ടായി. അവളാണ് എനിക്ക് ധൈര്യം പകര്‍ന്നത്. വല്ലാത്ത ആശങ്കയിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. പക്ഷേ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. വരുന്നത് എന്തു തന്നെയാണെങ്കിലും അതിനെ സ്വീകരിക്കാന്‍ സജ്ജമായി.'-ഇര്‍ഫാന്‍ പിന്നീടൊരില്‍ ഒരിക്കല്‍ കുറിച്ചു. സുതപയുടെ കരുതലിനും ഇര്‍ഫന്റെ പ്രാണനെ പിടിച്ചുനിര്‍ത്താനായില്ല. ലൈഫ് ഓഫ് പൈയില്‍ ഇര്‍ഫന്റെ പിസി പട്ടേല്‍ ഒടുക്കം പറയുന്നൊരു ഡലോഗുണ്ട്. ഞാന്‍ കരുതുന്നു, അവസാനം എല്ലാം അങ്ങ് അയച്ചുവിടുന്നൊരു പ്രക്രിയയായി മാറുകയാണ് ജീവിതം എന്ന്. ഒടുക്കം അഭിനയിച്ച് അവിസ്മരണീയമാക്കിയ വേഷങ്ങള്‍ ബാക്കിയാക്കി, പറഞ്ഞ് അനശ്വരമാക്കിയ സംഭാഷണങ്ങള്‍ ബാക്കിയാക്കി ഇര്‍ഫനും പ്രാണനെ അങ്ങ് അഴിച്ചുവിട്ടു.
Content Highlights: Irfan Khan Actor Sutapa Sikdar
Published: 29 Apr 2020, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented