
സിനിമയിലെ നീണ്ട പതിനാറ് വർഷങ്ങൾ, കരിയറിലെ നൂറാമത്തെ ചിത്രത്തിൽ ടൈറ്റിൽ റോൾ. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ വെള്ളിത്തിരയിലെത്തി മലയാളത്തിന് ഏറെ പ്രിയപ്പെട്ട നടനായി മാറിയ സൈജു കുറുപ്പിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങി 2005 ൽ പുറത്തിറങ്ങിയ മയൂഖത്തിലെ ഉണ്ണികേശവൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലെത്തിയതാണ് സൈജു. പിന്നീട് നായകനായും സഹനടനായും വില്ലത്തരം കാണിച്ചും ചിരിപ്പിച്ചും സൈജു മലയാളികളെ കയ്യിലെടുത്തു കരിയറിലെ നൂറാമത്തെ ചിത്രമായ ഉപചാരപൂർവം ഗുണ്ടാ ജയനിൽ ആദ്യമായി ടൈറ്റിൽ റോളിലും എത്തുന്നതിന്റെ സന്തോഷത്തിലാണ് സൈജു ഇപ്പോൾ. താരത്തിന്റെ ജന്മദിനത്തിനാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.
സെഞ്ചുറിയടിച്ചത് ഗുണ്ടാ ജയന്
നൂറാമത്തെ സിനിമയിൽ ടൈറ്റിൽ റോൾ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. അതിനേക്കാളും സന്തോഷമെന്തെന്നാൽ ദുൽഖറാണ് ഉപചാരപൂർവം ഗുണ്ടാ ജയൻ നിർമിക്കുന്നത്. ദുൽഖറിന്റെ വാഫെയറർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നതും. ഇതൊരു കുടുംബചിത്രമാണ്. ഹാസ്യവും ട്വിസ്റ്റും ഒക്കെ നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ്. എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞാൽ മുമ്പ് ഒരു ഭീകരനായിരുന്നു ഈ ഗുണ്ടാ ജയൻ. ഇപ്പോൾ കുടുംബസ്ഥനാണ്. എങ്കിലും ആ പഴയ ദേഷ്യവും മറ്റും മാറ്റമില്ലാതെ നിൽക്കുന്നതിനാൽ വീട്ടുകാർക്കും കൂട്ടുകാർക്കുമൊക്കെ ജയനെ പേടിയാണ്. ബാക്കിയൊക്കെ സിനിമ ഇറങ്ങുമ്പോൾ കാണാം.

16 വർഷത്തെ സിനിമായാത്ര
ഈ യാത്ര വളരെ നല്ല അനുഭവമായിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. യാതൊരു സിനിമാ പാരമ്പര്യമോ പശ്ചാത്തലമോ ഇല്ലാതെ വന്നയാളാണ് ഞാൻ. സ്കൂളിലും കോളേജിലുമൊന്നും പഠിക്കുന്ന സമയത്ത് അങ്ങനെ സ്റ്റേജിൽ കയറിട്ടുള്ള ആളുമല്ല. ഇപ്പോൾ ഗുണ്ടാ ജയൻ വരെയുള്ള തൊണ്ണൂറ്റൊമ്പത് സിനിമകൾ തന്ന അനുഭവങ്ങളുടെ ഒരു പിൻബലം കൈമുതലായുണ്ട്. കുറേ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം ഓരോ അനുഭവങ്ങളാണല്ലോ. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോയാലാണ് നമുക്ക് പോളിഷ്ഡ് ആയി വരാൻ കഴിയുന്നത്. ഞാനിന്നും പോളിഷ്ഡായ നടനല്ല. എങ്കിലും കാലഘട്ടമാണ് എന്നെ അത്തരത്തിൽ ആകാൻ സഹായിക്കുന്നത്.
ഹാസ്യം ഏറെ ബുദ്ധിമുട്ട്
ഇത്ര സിനിമകൾ ചെയ്തതിൽ എനിക്ക് എന്നും പ്രിയപ്പെട്ട കഥാപാത്രം ഉണ്ണികേശവൻ തന്നെയാണ്. എന്റെ ആദ്യ സിനിമ മയൂഖത്തിലെ നായകൻ. എനിക്കെപ്പോഴും ഇഷ്ടം അൽപം സീരിയസായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ്. കാരണം അതെനിക്ക് പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. പലരും പറഞ്ഞ് കേട്ടിട്ടില്ലേ ഹാസ്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന്. എന്നെ സംബന്ധിച്ച അത് ബുദ്ധിമുട്ടുള്ള കാര്യമല്ല, ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. അതാണ് എന്റെ പ്രശ്നം. ദൈവാനുഗ്രഹം കൊണ്ട് എനിക്ക് രണ്ട് തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാൻ സാധിച്ചിട്ടുണ്ട്.
ബ്രേക്ക് നൽകിയ ട്രിവാൻഡ്രം ലോഡ്ജും അറക്കൽ അബുവും
ട്രിവാൻഡ്രം ലോഡ്ജിന് ശേഷമാണ് എനിക്ക് കൂടുതൽ സ്വീകാര്യത കിട്ടിത്തുടങ്ങിയത്. അതിലെ ഷിബു വെള്ളായണി എനിക്ക് ബ്രേക്ക് നൽകിയ കഥാപാത്രമാണ്. ഓരോ സിനിമ കഴിയുമ്പോഴും ഓരോ കഥാപാത്രങ്ങൾ ജനങ്ങൾ സ്വീകരിക്കുമ്പോഴും നമ്മുടെ കരിയറിൽ ഓരോ നാഴികക്കല്ലാവാറുണ്ടത്. സിനിമയിലേക്ക് എനിക്ക് ബ്രേക്ക് കിട്ടുന്നത് മയൂഖത്തിലൂടെയാണ്. ഒരു ബ്ലോക്ക്ബസ്റ്ററിന്റെ ഭാഗമാകുന്നത് ഹലോയിലൂടെയാണ്. അതെനിക്കൊരു നാഴികക്കല്ലായിരുന്നു. അത് കഴിഞ്ഞ് ചോക്ലേറ്റിൽ ചെറുതെങ്കിലും നല്ലൊരു വേഷം. ആ സിനിമ സൂപ്പർഹിറ്റായി അതെനിക്കൊരു നാഴികക്കല്ലാണ്.
അങ്ങനെ കരിയറിന്റെ ഓരോ ഘട്ടത്തിലും ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും എനിക്ക് ബ്രേക്ക് തന്നത് ട്രിവാൻഡ്രം ലോഡ്ജ് ആണ്. അതെന്റെ ഇരുപത്തിയൊമ്പതാമത്തെ ചിത്രമാണ്. ഇപ്പോൾ നൂറാമത്തെ ചിത്രമെത്തി നിൽക്കുന്നു. ഇരുപത്തിയൊമ്പതാമത്തെ ചിത്രം കഴിഞ്ഞു വന്ന ഓരോ ചിത്രവും എനിക്ക് നാഴികക്കല്ലുകൾ തന്നെയാണ്. അതിൽ വളരെ പോപ്പുലറായ കഥാപാത്രങ്ങളുണ്ട്, ശ്രദ്ധ നേടിയ കഥാപാത്രങ്ങളുണ്ട്. അതിലൊന്നാണ് ആടിലെ അറക്കൽ അബു. എന്റെ കരിയറിന്റെ വളർച്ചയിൽ അബു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

കണ്ണുകൾ കഥ പറയുമ്പോൾ
വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ ഞാൻ വില്ലൻ വേഷം അവതരിപ്പിച്ചിട്ടുള്ളൂ. വില്ലൻ വേഷം ചെയ്തിരുന്ന ആൾ പിന്നീട് ഹാസ്യവേഷം അവതരിപ്പിക്കുന്ന പോലെയല്ല എന്റെ കാര്യത്തിൽ സംഭവിച്ചത്. ചിലപ്പോൾ ഹ്യൂമർ എന്റെ കണ്ണുകളിലോ ഞാൻ സംഭാഷണം അവതരിപ്പിക്കുന്നതിലോ ഉണ്ടായിരുന്നിരിക്കും. ട്രിവാൻഡ്രം ലോഡ്ജിന് മുമ്പുള്ള ഇരുപത്തിയെട്ട് ചിത്രങ്ങളിലെ അനുഭവം വച്ച് എനിക്ക് ഹ്യൂമർ ചെയ്യാൻ പറ്റുന്നതുമായിരുന്നിരിക്കും. പിന്നെ പലരും പറഞ്ഞ് കേട്ടിട്ടുള്ളത് തന്നെയാണ് ഈ കണ്ണിന്റെ കാര്യം. അത് ദൈവാനുഗ്രഹമാണ്. കണ്ണുകൊണ്ട് നിങ്ങളെ ചിരിപ്പിക്കുന്നത് ബോധപൂർവമല്ല, സംഭവിച്ച് പോവുന്നതാണ്. അല്ലാതെ കണ്ണ് വച്ച് കോമഡി കാണിക്കണം എന്ന് ഞാൻ കരുതിയിട്ടില്ല. കണ്ണ് നല്ല വലുതായത് കാരണം കണ്ണിന്റെ ചലനങ്ങളും ചേഷ്ഠകളുമെല്ലാം ആളുകൾക്ക് നന്നായി കാണാനാകും. അതുകൊണ്ട് തന്നെ ക്ലോസപ്പ് ഷോട്ടൊക്കെ ചെയ്യുമ്പോൾ ആളുകൾക്ക് തോന്നുന്നതാണ് ഞാൻ കണ്ണുകൊണ്ട് അഭിനയിക്കുന്നതാണെന്ന്.
Content Highlights: Upacharapoorvam Gunda Jayan , Interview with actor saiju Kurup ,Trivandrum Lodge, Aadu, Arakkal Abu
Published: 25 Feb 2022, 12:29 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented