ഇന്നസെന്റ്, ബി.കെ. ഹരിനാരായണൻ | ഫോട്ടോ: ബി.മുരളികൃഷ്ണൻ, അഖിൽ. ഇ.എസ് | മാതൃഭൂമി
ഇന്നസെന്റേട്ടനുമായി ഒടുവിൽ സംസാരിക്കുന്നത് ഒരു പാട്ടിനുവേണ്ടിയാണ്. പാപ്പരാസികൾ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രം പാടി അഭിനയിക്കുന്ന പാട്ടുണ്ട്. അത് പിന്നണിയിൽ പാടുന്നതും ഇന്നസെന്റേട്ടനാണ്. ‘ഹരി ഇന്നസെന്റേട്ടനുമായി ഒന്ന് സംസാരിക്കൂ എന്നുപറഞ്ഞ് ഫോൺ തരുന്നത് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ജയശ്രീച്ചേച്ചിയാണ്. ചേച്ചി അതിൽ ഒരു കഥാപാത്രവും ചെയ്യുന്നുണ്ട്.
ഫോൺ വാങ്ങി, ഇന്നസെന്റേട്ടൻ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു." നിങ്ങൾ യേശുദാസിനും ജയചന്ദ്രനും വേണ്ടിയല്ല പാട്ട് എഴുതുന്നത്. അതിലും മേലെയുള്ള ഒരു ഗായകനാണ് പാടാൻ പോകുന്നത്. അതുകൊണ്ട് സംഗതി കുറച്ച് കൂടിക്കോട്ടെ പാട്ട് ഗംഭീരമായിക്കോട്ടെ. പിന്നെ ചിരിച്ച്, നമ്പർ 20 മദ്രാസ് മെയിലിലെ ‘അഴഗാന നീലി വരും’ എന്ന പാട്ട് ആ രംഗത്ത് പാടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പാടിയതിനെക്കുറിച്ചും പറഞ്ഞു. ആ വരികൾ പാടിത്തന്നിട്ടാണ് ഫോൺ വെച്ചത്.
പാട്ടെഴുതി, സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ അതിന് ഈണംനൽകി. ട്രാക്ക് പാടി. പിന്നെ ഇന്നസെന്റേട്ടൻ പാടിയഭിനയിക്കുന്ന രംഗം ഷൂട്ട് ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് ആരോഗ്യപ്രശ്നങ്ങൾ വരുകയും ആശുപത്രിയിലാകുകയും ചെയ്തത്. അദ്ദേഹം പാടിത്തീരാത്ത വരികൾപ്പോലെ ആ പാട്ട് ബാക്കിയാകുന്നു.
‘ഒരു മരക്കൊമ്പിലെ കിളികളായീ നമ്മൾ
ഒരുമിച്ചനാളുകൾക്കെന്തുഭംഗി
മറുചില്ലതേടിയിന്നൊരു കിളി പോകുന്നു.
ചിരിതൻ നിലാത്തൂവലൊന്നു തൂകി’
എന്നിങ്ങനെയാണ് അതിന്‍റെ തുടക്കം. ഇപ്പോഴത് ഇന്നസെന്റേട്ടനുള്ള പാട്ടുകൂടിയാകുന്നു. ഒരിക്കലും അവസാനിക്കാത്ത ചിരിയുടെ നിലാക്കാലം നൽകിയ ആ വലിയ മനുഷ്യന്, അഭിനേതാവിന്, പൊതുപ്രവർത്തകന് പ്രണാമം.
Content Highlights: innocent passed away, innocent last song, bk harinarayanan about innocent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..