ഇന്നസെന്റ് | ഫോട്ടോ: ശ്രീജിത്ത് സോമൻ | മാതൃഭൂമി
നല്ല മഴക്കാറ് മൂടിക്കെട്ടിയ ഒരു ദിവസം. ഇരിങ്ങാലക്കുട സംഗമേശ വിലാസം സ്‌കൂളില്‍ മലയാളം പഠിപ്പിക്കുകയാണ് അംബുജം ടീച്ചര്‍. അപ്പോഴാണ് പ്യൂണ്‍ വന്നൊരു കാര്യം പറഞ്ഞത്. 'ടീച്ചര്‍ക്കൊരു വിസിറ്ററുണ്ട്.'
ടീച്ചര്‍ നോക്കുമ്പോള്‍ സ്ഥലത്തെ ഡെപ്യൂട്ടി കളക്ടറാണ് സന്ദര്‍ശകന്‍. അവര്‍ക്കാകെയൊരു കണ്‍ഫ്യൂഷനായി.
''ഞാന്‍ ടീച്ചറെ കാണാന്‍ വന്നതാ.'' ഡെപ്യൂട്ടി കളക്ടറുടെ വാക്കുകള്‍ കേട്ട് ടീച്ചര്‍ ഒന്ന് പരുങ്ങി.
ടീച്ചര്‍- എന്നെ കാണാനോ, സാര്‍ വിളിച്ചാ ഞാന്‍ അങ്ങോട്ട് വന്ന് കാണില്ലേ?
ഡെപ്യൂട്ടി കളക്ടര്‍- ഇതിപ്പോ എന്റെ കാര്യമായിപ്പോയില്ലേ. അതിന് ഞാന്‍ ടീച്ചറുടെ അടുത്തുതന്നെ വരണമല്ലോ.
ടീച്ചര്‍- എന്നെക്കൊണ്ട് എന്താ പറ്റ്വാ?
ഡെപ്യൂട്ടി കളക്ടര്‍- എന്റെ മോനൊരു സൂക്കേടുണ്ട്. അതൊന്ന് മാറ്റിത്തരണം.
ടീച്ചര്‍- അതിന് ഡോക്ടറെയല്ലേ കാണിക്കേണ്ടത്?
ഡെപ്യൂട്ടി കളക്ടര്‍- ഈ സൂക്കേട് മാറ്റാന്‍ ടീച്ചര്‍ക്കേ പറ്റൂ. അവന് രാവിലെ ഒമ്പതരവരെ ഒരു കുഴപ്പവുമില്ല. അതുകഴിഞ്ഞാ കലശലായ വയറുവേദന. സ്‌കൂളി പോണ്ടാന്ന് പറയും. പത്തുമണി കഴിഞ്ഞാ കുട്ടി ഓടി നടക്കും.
ടീച്ചര്‍ക്ക് കുട്ടിയുടെ രോഗം മനസ്സിലായി. അതുകൊണ്ട് മാത്രം അവര്‍ വാക്ക് കൊടുത്തു.
ടീച്ചര്‍- ഞാന്‍ ശ്രമിക്കാം. അല്ലാണ്ടെന്താ പറയാ.
ടീച്ചര്‍ ദൂതനെ വിട്ടു. പിറ്റേന്നുതന്നെ മടിയന്‍ കുട്ടി ഹാജര്‍.
കുട്ടി- ടീച്ചറെന്തിനാ എന്നോട് വരാന്‍ പറഞ്ഞേ ?
ടീച്ചര്‍- എനിക്ക് രാധാകൃഷ്ണനെ കണ്ട് ഒരൂട്ട് വര്‍ത്താനം പറയാനുണ്ട്.
അച്ഛന്‍ ടീച്ചറെ കണ്ട് എന്തോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര്‍ച്ച. പയ്യന്‍ നിന്നുപരുങ്ങി.
ടീച്ചര്‍- അതേ, കുട്ടിയുടെ അച്ഛന്‍ ഡെപ്യൂട്ടി കളക്ടറ്, അമ്മ ഡി.ഇ.ഒ. അപ്പോ മോന്‍ അലവലാതിയായ ഒരു ചെക്കനായിട്ട് നടന്നാ അവര്‍ക്ക് അപമാനം ഉണ്ടാവില്ലേ.
ടീച്ചറുടെ ഉപദേശം കേട്ടിട്ടും പയ്യന് മറുപടിയില്ല. അവന്‍ മുഖംകുനിച്ചു നിന്നു. ടീച്ചര്‍ അവന്റെ താടി പിടിച്ചുയര്‍ത്തി.
'അവരൊക്കെ നല്ല നിലയിലിരിക്കുമ്പോള്‍ താനും അതുപോലെ നല്ല നിലയിലെത്തണ്ടേ. അതിനേക്കാള്‍ ഉയരണമെന്നാ ഞാന്‍ പറയാ. നാളെത്തൊട്ട് വയറുവേദന ഉണ്ടാവില്ല്യ. സ്‌കൂളില്‍ വരുമെന്ന് പ്രോമിസ് ചെയ്യൂ.'
'ഞാന്‍ നോക്കട്ടെ' എന്നുംപറഞ്ഞ് തലയാട്ടി കുട്ടിപോയി. അത്ഭുതം. പിറ്റേന്ന് അവന്‍ ക്ലാസില്‍ ഹാജര്‍. ആ വിദ്യാലയമുറ്റത്തുനിന്ന് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ തലപ്പത്തേയ്ക്ക് നടന്നുകയറിയ കുട്ടിയെ നമ്മളറിയും. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്ണന്‍!
ഇങ്ങനെ എത്രയെത്ര കുട്ടികളെ കണ്ടിരിക്കുന്നു അംബുജം ടീച്ചര്‍. മടിയരെ മിടുക്കരും മിടുക്കരെ അതിമിടുക്കരുമാക്കുന്ന വിദ്യ ടീച്ചര്‍ക്ക് വശമാണ്. 'രാധാകൃഷ്ണന്‍, ശിവദാസന്‍, ഇന്നസെന്റ്...'ടീച്ചര്‍ ഓര്‍മയിലെ പേരുകള്‍ ഓരോന്നായി എണ്ണിത്തുടങ്ങി.അവസാനത്തെ പേര് എത്തിയപ്പോള്‍ ടീച്ചര്‍ക്കൊരു ചിരി. ''നന്നായി പഠിച്ചവരെ ഇടയ്‌ക്കൊക്കെ ഓര്‍മവരും. എന്നാലോ, കുസൃതി കാട്ടിയവരെ മറക്കാന്‍ പറ്റ്വോ. അവരല്ലേ നമുക്ക് കുറെ തലവേദന ഉണ്ടാക്കിത്തന്നവര്‍.'' ടീച്ചര്‍ വാത്സല്യത്തോടെ ചിരിച്ചു. നരവീണ അവരുടെ മുടിയിഴകള്‍ തിളങ്ങുന്നു. വയസ്സ് എണ്‍പത്തി രണ്ടായി. ഈ കാലത്ത് ചിലപ്പോള്‍ ടീച്ചര്‍ക്ക് ഏകാന്തത തോന്നും. ആ നേരത്ത് അവര്‍ പഴയ സ്‌കൂള്‍ മുറ്റത്തേക്ക് ഓര്‍മളളിലൂടെ തിരികെ നടന്നുനോക്കും. കൂട്ടിന് അവിടെ നിന്ന് ചില കുറുമ്പന്‍മാര്‍ കയറി വരും. ദാ വരുന്നു,അതിലെ ഒന്നാംനമ്പറുകാരന്‍. തികച്ചുമൊരു നിഷ്‌കളങ്കന്‍. പേരില്‍തന്നെയുണ്ട്, ഇന്നസെന്റ്.
''ഇന്നസെന്റിന് പഠിത്തത്തിലല്ല ശ്രദ്ധ. അയാളീ കുട്ട്യോളോട് വര്‍ത്താനം പറഞ്ഞ് അവരുടേം ശ്രദ്ധ തെറ്റിക്കും. ഇന്നസെന്റേ താന്‍ പഠിച്ചില്ലേ വേണ്ട, മറ്റുള്ളോര് പഠിച്ചോട്ടെയെന്ന് പറഞ്ഞാലോ, അയാളുടെ മറുപടി ഇങ്ങനെ. 'ഞാന്‍ ഇതൊന്നും പഠിച്ച് പാസാവാന്‍ പോണില്ല. എന്റെ ലൈന്‍ വേറെയാ ടീച്ചറേ.' അതുകേട്ട് ടീച്ചര്‍ ചോദിക്കും. 'അതെന്തൂട്ടാടോ തന്റെ ലൈന്‍. ഞാനും ഒന്നറിയട്ടെ.' പക്ഷേ കുട്ടി മിണ്ടില്ല. അത്രയ്ക്ക് അനുസരണയുള്ള ശിഷ്യനെ ഓര്‍ത്ത് ടീച്ചര്‍ കുലുങ്ങിച്ചിരിച്ചു.
തല്ലണ്ടമ്മാവാ, നന്നാവില്ല
അംബുജം ടീച്ചറെക്കുറിച്ച് പറയാന്‍ ശിഷ്യര്‍ക്കും നൂറുനാവാണ്. അന്നൊക്കെ ക്ലാസ് ടൈം കഴിഞ്ഞാലും ടീച്ചര്‍ സ്‌കൂളില്‍ത്തന്നെ കാണും. ഡ്യൂട്ടി തീര്‍ന്നിട്ടില്ല. സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് പ്രത്യേക ട്യൂഷനെടുക്കണം. അന്ന് പരീക്ഷയെഴുതിയവര്‍ക്കെല്ലാം സ്‌കോളര്‍ഷിപ്പ് കിട്ടി. ''എനിക്ക് കുറെ നല്ല കുട്ടികളെ പഠിപ്പിക്കാന്‍ കിട്ടി. അതൊരു ഭാഗ്യാ. പഠിക്കാത്തതിനൊന്നും ഞാന്‍ ആരെയും തല്ലിയിട്ടില്ല. എന്നാലും കുറുമ്പൊക്കെ കാണിച്ച് ബഹളം കൂട്ടുമ്പോ ചിലരെ തല്ലാണ്ട് നിക്കാന്‍ പറ്റില്ല. കുട്ട്യോളെ തല്ലേണ്ടി വരുമ്പോ ഇന്നസെന്റാണ് ഓടിപ്പോയി വടി ഒടിച്ചോണ്ട് വരിക. എന്നിട്ട് അയാള് എന്നെ ഉപദേശിക്കും. 'ടീച്ചറേ, വടീടെ തുമ്പുകൊണ്ട് തല്ലണം, നടുക്ക് പിടിച്ച് തല്ലിയാ തല്ലുകിട്ടുന്നവന് വേദന എടുക്കില്ല'. ടീച്ചര്‍ ചിരിച്ചുകൊണ്ട് തൊട്ടുപിന്നിലുള്ള ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണനിറമുള്ള പറ എടുത്തുകാണിച്ചു. ''എം.പി.യായി ഡല്‍ഹീല് പോയി വന്നപ്പോള്‍ ഇന്നസെന്റ് കാണാന്‍ വന്നു. ഒരു സമ്മാനമൊക്കെയായിട്ട്. ഞാന്‍ അപ്പോള്‍ തന്നെ ചോദിച്ചതാണ്, താന്‍ എം.പിയായതിന് എനിക്കെന്തിനാ സമ്മാനമെന്ന്. അപ്പോ അയാള് പറഞ്ഞു. ''ഇതിരിക്കട്ടേ. ടീച്ചര്‍ക്ക് എന്തുതന്നാലും മതിയാവൂല' എന്ന്.
ഇന്നസെന്റിനുമുണ്ട് പ്രിയപ്പെട്ട അംബുജം ടീച്ചറെ പറ്റി ചിലത് പറയാന്‍.''മറ്റ് ടീച്ചര്‍മാരോട് ഇല്ലാത്ത ഒരിഷ്ടം ഉണ്ടായിരുന്നു എനിക്ക് അംബുജം ടീച്ചറോട്. എന്നെ അംബുജം ടീച്ചര്‍ നന്നായി മനസ്സിലാക്കിയിരുന്നു. പഠിക്കാന്‍ മോശമാണെങ്കിലും ഞാന്‍ മണ്ടനല്ല എന്ന് എന്റെ അപ്പന്‍ തെക്കേത്തല വറീതിനെപ്പോലെത്തന്നെ മനസ്സിലാക്കിയ മറ്റൊരാളായിരുന്നു അംബുജം ടീച്ചര്‍. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് യോജിച്ചു പോകാവുന്ന തരത്തിലുള്ളതല്ല എന്റെ ബുദ്ധിയെന്ന് എങ്ങനെയോ ടീച്ചര്‍ തിരിച്ചറിഞ്ഞു.''
ശിഷ്യന്റെ ഗുരുദക്ഷിണയ്ക്ക് മറുപടിയുമായി പിന്നാലെ വരുന്നുണ്ട് അംബുജം ടീച്ചര്‍. ''അയാളുടെ ശ്രദ്ധ ക്ലാസിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഞാന്‍ കുറെ ശ്രമിച്ചു. കഴിവുള്ള കുട്ടിയാ. നല്ല ബുദ്ധിയുണ്ട്. അതു കൊണ്ടല്ലേ അതിനെ പഠിപ്പിക്കാന്‍ ഞാന്‍ കുറെ പെയിന്‍ എടുത്തേ. പക്ഷേ കാര്യംണ്ടായില്ല. അയാള്‍ ക്ലാസില്‍ കുട്ട്യോളോട് വര്‍ത്താനം പറഞ്ഞ് നേരം പോക്കുമ്പോള്‍ ഞാന്‍ അടുത്തേക്ക് വിളിക്കും. 'ഇന്നസെന്റേ ഇവിടെ വന്നുനിന്ന് കണക്ക് ചെയ്‌തേ.' എന്നിട്ട് എന്റെ മേശയുടെ അടുക്കലേക്ക് കൊണ്ടുവന്ന് നിര്‍ത്തും.'' ക്ലാസിലെ ഈ പരിഗണന ഇന്നസെന്റിനെയും രസിപ്പിച്ചു. കക്ഷി വീട്ടില്‍ ചെന്ന് അപ്പന്റെ മുന്നില്‍ ഗമയോടെ ഇരുന്നു. എന്നിട്ട് ക്ലാസിലെ കഥ വിളമ്പി.
ഇന്നസെന്റ്- അപ്പാ എന്നെ ടീച്ചറ് മേശയുടെ അടുത്ത് നിര്‍ത്തിയാ കണക്ക് പഠിപ്പിക്ക്യാ.
അപ്പന്‍- ആ നല്ല കാര്യം.
കുറെനാള്‍ കഴിഞ്ഞു. ഇന്നസെന്റ് വീണ്ടും അപ്പന്റെ മുന്നിലെത്തി. പക്ഷേ ഇത്തവണ പഴയ ഗമ കൂടെയില്ല. എന്താ എന്ന് ചോദിച്ച അപ്പനോട് പറഞ്ഞു.
ഇന്നസെന്റ്- ടീച്ചറ് എന്നോട് ബെഞ്ചില്‍ പോയി ഇരുന്നോളാന്‍ പറഞ്ഞു.
അപ്പനാരാ മോന്‍.അപ്പന് സംഗതിയുടെ ബള്‍ബ് കത്തി.
അപ്പന്‍- അപ്പോ ടീച്ചറും നിനക്കുമുന്നില്‍ മുട്ടുകുത്തിയല്ലേ.
അധ്യാപന ജീവിതത്തിലെ ആ വലിയ പരാജയ നിമിഷത്തിലേക്ക് അംബുജം ടീച്ചറും തിരിഞ്ഞുനോക്കി. ''എന്റെ മേശയുടെ അടുത്തു നിര്‍ത്തി കണക്ക് ചെയ്യാന്‍ കൊടുത്ത് ഞാന്‍ തിരിഞ്ഞുനോക്കുമ്പോഴേക്കും അയാള്‍ പിള്ളാരെ നോക്കി ആംഗ്യം കാണിക്കുന്നുണ്ടാവും. ഒരിക്കല്‍ ഇതുകണ്ടുപിടിച്ചതോടെ ഞാന്‍ പറഞ്ഞു, ഇന്നസെന്റേ താന്‍ ആ ബെഞ്ചില്‍ പോയി ഇരുന്നോളൂട്ടോ. താനോ പഠിക്കുന്നില്ല, ഇനി പഠിക്കുന്നവരും പഠിക്കാണ്ടാവണ്ട എന്ന്.'
മകനിങ്ങനെയാണ് പഠിക്കുന്നതെങ്കില്‍ ഭാവി എന്താവുമെന്ന് അപ്പന് വല്ലാത്ത ആധി. അദ്ദേഹം വീണ്ടും ടീച്ചര്‍ക്കു മുന്നിലെത്തി. 'അവനെ എങ്ങനെയെങ്കിലും ഒന്ന് ശരിയാക്ക് ടീച്ചറേ' അപ്പന്റെ റിക്വസ്റ്റ്. 'എന്നെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി നോക്കുന്നുണ്ട്. പക്ഷേ ശ്രദ്ധ ഇവിടെയൊന്നുമല്ല. എന്നാലും അയാള് വേറെ വലിയൊരാളായി മാറും.' ടീച്ചര്‍ അപ്പനെ സമാധാനിപ്പിച്ചു വിട്ടു. അന്ന് ടീച്ചറുടെ ക്ലാസില്‍ നന്നായി പഠിക്കുന്ന കുട്ടിയാണ് ശിവദാസന്‍. അദ്ദേഹം രാധാകൃഷ്ണന്റെ ചേട്ടനാണ്. റിസല്‍ട്ട് വന്നപ്പോള്‍ ശിവദാസന്‍ ജയിച്ചു. ക്ലാസ്‌മേറ്റായ ഇന്നസെന്റിന് പഴയപോലെ,തോല്‍വി തന്നെ. ക്ലാസ് കയറ്റം കിട്ടിപ്പോവുന്നവരുടെ യാത്രയയപ്പ് ദിനം. സാധാരണഗതിയില്‍ തോറ്റവരെ ആ പരിസരത്തൊന്നും മഷിയിട്ടുനോക്കിയാല്‍ പോലും കാണാത്ത ദിനം. പക്ഷേ പതിവുപോലെ ഇന്നസെന്റ് അന്നും ഹാജറുണ്ട്. അതോടെ ശിവദാസന് കരച്ചിലടക്കാനായില്ല. ക്ലാസില്‍ തോറ്റവന് പോലുമില്ലാത്ത കരച്ചില്‍. ഒടുവില്‍ അന്തംവിട്ട് ഇന്നസെന്റിന്റെ ചോദ്യം.'എന്തിനാ ശിവദാസാ താന്‍ ഇങ്ങനെ കരയുന്നത്, താന്‍ ജയിച്ചതല്ലേ.' ഉടന്‍ വന്നു ശിവദാസന്റെ ഉത്തരം.'അതല്ല ഇന്നസെന്റേ. എന്റെ അനിയന്‍ തന്റെ ക്ലാസിലോട്ടല്ലേ വരുന്നേ. താന്‍ അയാളെയും ഉപദ്രവിക്കില്ലേ. അതോര്‍ത്ത് കരഞ്ഞതാ ഞാന്‍.'ക്ലാസിലെ കരച്ചിലോര്‍ത്ത് ടീച്ചര്‍ വീണ്ടും പൊട്ടിച്ചിരിച്ചു.
വീണ്ടും തോറ്റുതൊപ്പിയിട്ട ടീച്ചര്‍
ദേ, ടീച്ചറെക്കുറിച്ച് എത്ര പറഞ്ഞിട്ടും ഇന്നസെന്റ് കുട്ടിക്ക് മതിയാവുന്നില്ല. 'പഠിത്തമൊക്കെ നിര്‍ത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അംബുജം ടീച്ചറുടെ രൂപം എന്റെ മനസ്സിലുണ്ട്. വലിയ ഉയരമില്ല. തൂവെള്ള നിറം. അഞ്ചാംക്ലാസില്‍ അംബുജം ടീച്ചര്‍ എന്നെ ഇംഗ്ലീഷും മലയാളവും പഠിപ്പിച്ചു. അങ്ങനെയല്ല,പഠിപ്പിക്കാന്‍ ശ്രമിച്ചു എന്നുപറയുന്നതാവും കൂടുതല്‍ ശരി.' അതേ, ടീച്ചര്‍ക്കും ഓര്‍മയുണ്ട്. താന്‍ വരുന്നതും നോക്കി 'പഠിക്കാനുള്ള 'ആകാംക്ഷയോടെ സ്‌കൂള്‍ മതിലില്‍ കയറി നില്‍ക്കുന്ന ഇന്നസെന്റിനെ. ''ഞാനെത്തുമ്പോ അയാള് പിറുപിറുക്കും. എടാ ഇന്നും വരുന്നുണ്ടെന്നും പറഞ്ഞ്...'' പതിവായി ഇതുകേട്ടപ്പോള്‍ ഒരിക്കല്‍ ടീച്ചര്‍ ഇന്നസെന്റിന്റെ ചെവിക്ക് പിടിച്ചു. ''അതെന്താടോ, ഞാന്‍ വരുന്നത് തനിക്കത്ര വിഷമം ആണോ.'' ഉടന്‍ വന്നു ഇന്നസെന്റിന്റെ ന്യായീകരണം.' അതല്ല ടീച്ചറേ. ഞങ്ങള്‍ എന്നും ഒരാളുടെ മുഖം തന്നെയല്ലേ കാണുന്നത്. ടീച്ചറു തന്നെ ഏഴ് പിരീഡും വന്നിരുന്നാ ഞങ്ങള്‍ക്ക് ബോറടിക്കില്ലേ.'ശിഷ്യന്റെ നാവിന് മുന്നില്‍ ടീച്ചര്‍ വീണ്ടും തോറ്റുതൊപ്പിയിട്ടു. എങ്കിലും ആ പഠിക്കാത്ത കുട്ടിക്ക് ടീച്ചറുടെ മനസ്സില്‍ എന്നും ഡിസ്റ്റിങ്ഷന്‍ തന്നെയാണ്. 'അയാള് ഇന്ത്യയാകെ അറിയുന്ന നടനും രാഷ്ട്രീയക്കാരനുമെല്ലാമായില്ലേ.'
സമയം കിട്ടുമ്പോഴൊക്കെ ഇന്നസെന്റ് പ്രിയ ഗുരുവിനെ കാണാന്‍ ഓടിയെത്തുമായിരുന്നു..''ഇടയ്ക്ക് പഠിക്കാതെ പോയതിന്റെ വിഷമം പറയും അയാള്‍. അപ്പോ ഞാന്‍ ഇത്തിരി കഥ പറഞ്ഞുകൊടുക്കും. 'അതിപ്പോ, ഇന്നസെന്റേ...പഠിപ്പോണ്ട് മാത്രമല്ല ആളുകള്‍ ഉയരത്തിലെത്തുന്നത്, താന്‍ ആ കേശവന്‍ വൈദ്യരെ നോക്ക്. അയാള്‍ നാലുവരെയേ പഠിച്ചുള്ളൂ. എന്നിട്ട് എന്തോരം ആയുര്‍വേദ മരുന്നുകളുണ്ടാക്കി. അയാള് ചന്ദ്രിക സോപ്പുണ്ടാക്കി. കോടീശ്വരനായി. പഠിപ്പുമാത്രമല്ല ഒരാളുടെ അഭിവൃദ്ധിക്ക് കാരണം.' ഇങ്ങനെയൊക്കെയല്ലേ എനിക്ക് അയാളുടെ വിഷമം മാറ്റാന്‍ പറഞ്ഞുകൊടുക്കാന്‍ പറ്റുള്ളൂ.'അപ്പോ നന്നായി പഠിച്ച രാധാകൃഷ്ണന്‍ ടീച്ചറെ കാണാന്‍ വന്നാലോ.?. 'അപ്പോ ഞാന്‍ തിരിച്ചുപറയും. പഠിപ്പാണ് ഏറ്റവും വലുതെന്ന്.'ജീവിതവിജയം നേടാന്‍ തന്നെ പോലെ പഠിക്കണമെന്ന്...'ടീച്ചറുടെ വീടിന്റെ ഗേറ്റിറങ്ങി റോഡിലെത്തിയിട്ടും കേട്ടു, പിന്നില്‍നിന്ന് ഒരു പൊട്ടിച്ചിരി. അല്ല പിന്നെ, ടീച്ചറാരാ...മോള്‍!!!
(2015 ജൂണ്‍ രണ്ടാംലക്കം ഗൃഹലക്ഷ്മി മാസികയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: innocent passed away, innocent conversation with his teacher ambujam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..