അരവിന്ദൻ നെല്ലുവായി കരൾ മാറ്റ ശസ്ത്രക്രിയക്ക് ശേഷം ഇന്നസെന്റിനെ നേരിൽ കണ്ടപ്പോൾ
2016 ല്‍ ആണ് പ്രശസ്ത സംവിധായകനായിരുന്ന ജോസ് തോമസ് തന്‍റെ പുതിയ ചിത്രമായ സ്വര്‍ണ്ണക്കടുവയുടെ ഷൂട്ടിംഗിനായി തൃശ്ശൂരിലേക്ക് വരുന്നത്. പ്രശസ്ത സംവിധായകനും, തിരക്കഥാകൃത്തുമായ ബാബു ജനാര്‍ദ്ദനന്‍ ആയിരുന്നു ഈ സിനിമയുടെ തിരക്കഥാകൃത്ത്. ജോസ് തോമസിന് ഏറെ സുഹൃത്തുക്കളും ഉള്ള ഇടമായിരുന്നു തൃശ്ശൂര്‍. മലയാള സിനിമയുടെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഷാജി പട്ടിക്കരയായിരുന്നു ഈ സിനിമയുടെ നിര്‍മ്മാണകാര്യദര്‍ശി. ബിജുമേനോന്‍, ഇന്നിയ, ഇന്നസെന്‍റ് എന്നിവര്‍ ആയിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഈ സമയത്താണ് എനിക്ക് ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സ നടന്നിരുന്നത്.
ഈ സിനിമയുമായി ബന്ധപ്പെട്ട് ഷാജി പട്ടിക്കരയ്ക്ക് മാത്രമേ എന്‍റെ രോഗാവസ്ഥയേ കുറിച്ച് അറിയുമായിരുന്നുള്ളു. ഗുരുതരമായ രോഗാവസ്ഥയെ നേരിടുന്ന എന്നെ സഹായിക്കുന്നതിന് എന്തെങ്കിലും ചെയ്യണമെന്ന് ഷാജി പട്ടിക്കരയാണ് സംവിധായകന്‍ ജോസ് തോമസിനോടും ഇന്നസെന്‍റ് ചേട്ടനോടും പറയുന്നത്. അതുപ്രകാരം ആ സെറ്റിലെ ടെക്നീഷ്യന്‍മാരെല്ലാം ചേർന്ന് അവരാൽ കഴിയുന്ന ഒരു സംഖ്യ സ്വരൂപിച്ചു. ഷാജി പട്ടിക്കരയാണ് ഇന്നസെന്‍റ് ചേട്ടനോട് എന്‍റെ കാര്യങ്ങള്‍ എല്ലാം പറയുന്നത്. ഉടന്‍ തന്നെ ലിവര്‍ മാറ്റിവെയ്ക്കണം. അതിനുള്ള തയ്യാറെടുപ്പ് ആണ്. എന്‍റെ ഭാര്യ തന്നെയാണ് അന്ന് ലിവര്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. എന്തുതന്നെയായാലും ഒരു വലിയ സാമ്പത്തികം ആ സെറ്റില്‍ നിന്ന് കളക്ട് ചെയ്തു.
ആയിടക്കാണ് എനിക്ക് പെട്ടെന്ന് സുഖമില്ലാതായി എറണാകുളം പി.വി.എസ്. ഹോസ്പിറ്റല്‍ പ്രവേശിക്കേണ്ടിവന്നത്. എന്‍റെ പ്രിയ പത്നി ശൈലജയാണ് ആ സാമ്പത്തികം വാങ്ങുന്നതിന് സ്വര്‍ണ്ണക്കടുവയുടെ സെറ്റില്‍ പോയത്. വികാരനിര്‍ഭരമായ ഒരു രംഗമായിരുന്നു അത് എന്ന് ഷാജി എന്നോട് പിന്നീട് പറഞ്ഞിട്ടുണ്ട്. ഇന്നസെന്‍റ് ചേട്ടനില്‍ നിന്ന് ഒരു സഹായനിധി കൈപ്പറ്റുമ്പോള്‍ എന്‍റെ ഭാര്യയുടെ കണ്ണില്‍ നിന്ന് വന്ന കണ്ണുനീര്‍ കണ്ട് അവിടെ നിന്നവരെയെല്ലാം വിഷമഘട്ടത്തില്‍ ആക്കിയ ഒരു നിമിഷം. ശൈലജയുടെ തോളില്‍ തട്ടി, 'ഞങ്ങള്‍ എല്ലാവരും ഉണ്ട് ഒരു വിഷമത്തിന്‍റെയും ആവശ്യമില്ല' എന്ന സാന്ത്വനവാക്ക് അദ്ദേഹം (ഇന്നസെന്‍റ്) വെറുതെ പറഞ്ഞതല്ലായിരുന്നു. ആ നിമിഷത്തില്‍ ഷാജിയെ വിളിച്ച്, 'അരവിന്ദന്‍ നെല്ലുവായുടെ ഓപ്പറേഷന്‍ ചെയ്യുന്ന സമയം താന്‍ എത്ര തിരക്കിലാണെങ്കിലും തന്നെ വിളിച്ച് ഓര്‍മ്മപ്പെടുത്തണം' എന്ന് അദ്ദേഹം പറഞ്ഞത് എന്‍റെ പ്രിയ പത്നി ശൈലജയുടെ കാതുകളില്‍ മുഴങ്ങിയിരുന്നു.
അന്ന് ഹോസ്പിറ്റലില്‍ കിടന്ന എനിക്ക് പിന്നീട് അവിടെ നിന്ന് തിരിച്ചുവരാന്‍ കഴിഞ്ഞത് ഓപ്പറേഷന്‍ കഴിഞ്ഞ് എത്രയോ മാസങ്ങള്‍ക്കുശേഷമാണ്. കരള്‍ രോഗം ഗുരുതരമാവും എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെയ്ക്കണമെന്നുള്ള നിര്‍ദ്ദേശം കിട്ടിയിരുന്നു. ശൈലജയുടെ കരള്‍ എടുക്കുവാന്‍ ടെസ്റ്റുകള്‍ക്ക് വിധേയമായപ്പോള്‍ ചില ശാരീരിക പ്രശ്നങ്ങള്‍ കാണിച്ചിരുന്നു. അന്ന് എനിക്ക് എന്‍റെ മകന്‍ അമല്‍ ജനിച്ചിട്ട് ഒന്നരവയസ്സേ പ്രായമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ശൈലജ എനിക്ക് കരള്‍ പകുത്ത് നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അപ്പോഴാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം KNOS (മൃതസഞ്ജീവനി) അവയവ രജിസ്ട്രേഷന്‍ ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നത്.
അപേക്ഷ നല്‍കി 15-ാം ദിവസം എനിക്ക് (2016 സെപ്റ്റംബർ 20-ാം തിയ്യതി രാത്രി ) KNOS സംഘടനയുടെ അറിയിപ്പ് വരുന്നത്. മസ്തിഷ്ക മരണത്തിന് വിധേയനായിക്കൊണ്ടിരിക്കുന്ന ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയിലെ ശ്രീകുമാര്‍, ഷീബ ദമ്പതികളുടെ മകന്‍ ശരത് ലേക്ഷോര്‍ ഹോസ്പിറ്റലില്‍ മരണത്തെ പുല്‍കുന്നത്. പി.വി.എസ്.ഹോസ്പിറ്റലില്‍ കിടക്കുന്ന ഞാന്‍ ഒരു ഓപ്പറേഷനുവേണ്ട സാമ്പത്തിക തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിരുന്നില്ല എന്നതാണ് സത്യം. അതിനുവേണ്ട കാര്യങ്ങള്‍ ശരിയാക്കുവാന്‍ എന്‍റെ സഹോദരന്‍ കെ.വി.എസ്. നെല്ലുവായ് ബോംബെയില്‍ നിന്ന് പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു. എത്രയും വേഗം കരള്‍ മാറ്റി വെയ്ക്കാന്‍ മറ്റു കാര്യങ്ങള്‍ ആശുപത്രി അധികൃതരുമായി സംസാരിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്‍റെ പ്രിയപത്നിയുടെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞുവന്നത് ഇന്നസെന്‍റ് ചേട്ടന്‍റെ രൂപമാണ്. അവള്‍ ഉടന്‍ തന്നെ ഷാജി പട്ടിക്കരയെ വിളിച്ചു വിഷമതകള്‍ പറഞ്ഞു. ഷാജി ഉടന്‍ തന്നെ ഇന്നസെന്‍റ് ചേട്ടനെ വിളിക്കാമെന്ന് ഉറപ്പ് നല്‍കി.
അന്ന് എറണാകുളം പി.വി.എസ്. ഹോസ്പിറ്റലിന്‍റെ സാരഥികളായിരുന്നു പി.വി.ചന്ദ്രന്‍, പി.വി.ഗംഗാധരന്‍, പി.വി.ചന്ദ്രന്‍റെ മകള്‍ മിനി മാഡം എന്നിവർ. ഇവരെല്ലാം ഇന്നസെന്‍റ് ചേട്ടന് പ്രിയപ്പെട്ടവര്‍ ആയിരുന്നു. എന്‍റെ ഓപ്പറേഷന് ഒരു തീരുമാനം കൈക്കൊള്ളേണ്ടവര്‍ ഇവരായിരുന്നു. ഷാജിയ്ക്ക് ഇന്നസെന്‍റ് ചേട്ടനെ വിളിച്ച് കിട്ടിയില്ല, എന്നാല്‍ ഷാജി, ഇന്നസെന്‍റ് ചേട്ടന്‍ ഇരിങ്ങാലക്കുടയിലുണ്ട് എന്ന് മനസ്സിലാക്കി അങ്ങോട്ട് തിരിക്കുകയും നേരില്‍ കണ്ട് എന്‍റെ കാര്യങ്ങള്‍ പറയുകയും ചെയ്തു. ഷാജിയുടെ മുന്നില്‍ വെച്ച് പി.വി.എസ്. ഹോസ്പിറ്റലിന്‍റെ എം.ഡി. മിനി മേഡത്തെ വിളിച്ച് അരവിന്ദന്‍റെ ഓപ്പറേഷന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണം എന്ന അദ്ദേഹത്തിന്‍റെ വാക്ക്... അത് ദൈവഹിതമായിരുന്നു. എല്ലാവര്‍ക്കും അത് പറയുവാന്‍ കഴിയില്ല. അദ്ദേഹം അതുപറഞ്ഞ് ദൈവദൂതനായിരുന്നതുകൊണ്ടാണ്. ഇനി വാക്കുകളില്ല. ആ മഹാപ്രതിഭയ്ക്ക് പ്രണാമം.
Content Highlights: innocent passed away, director aravindan nelluvay about innocent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..