സിനിമാപ്രേമികളുടെ നെഞ്ചിൽ ഇടിമുഴക്കംതീർക്കുന്ന പേരാണ് പീറ്റർ ഹെയ്ൻ, ഇന്ത്യൻ സിനിമയിലെ വിലകൂടിയ ആക്‌ഷൻ കൊറിയോഗ്രാഫർ ഒരിടവേളയ്ക്കുശേഷം വീണ്ടും മലയാളത്തിലേക്കെത്തുന്നു. പ്രഭാസ് നായകനായ ‘കൽക്കി’, കമൽഹാസന്റെ ഇന്ത്യൻ 2, ധനുഷ് സിനിമ രായൻ, അല്ലു അർജുന്റെ ആഘോഷചിത്രം പുഷ്പ 2... വലിയ കാൻവാസിലൊരുങ്ങുന്ന ഒട്ടേറെ ബിഗ് ബജറ്റ് സിനിമകളുടെ തിരക്കിനിടയിലും മാസ്റ്റർ മലയാളത്തെ മറന്നില്ല. വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനവേഷത്തിലെത്തുന്ന ഇടിയൻ ചന്തുവിലൂടെയാണ് പീറ്റർ ഹെയ്‌ന്റെ തിരിച്ചുവരവ്. കുട്ടനാടൻ മാർപാപ്പ, മാർഗംകളി എന്നീ സിനിമകളൊരുക്കിയ ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധായകൻ.

To advertise here,

സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ  

സിനിമാസെറ്റുകളിൽ ക്യാമറയ്ക്കുപിന്നിൽനിന്ന് മൈക്കിൽ അലറിവിളിക്കുന്ന സ്റ്റണ്ട്മാസ്റ്റർമാരുടെ സ്ഥിരംരീതി പീറ്റർ ഹെയ്‌ന് വശമില്ല. നായകന്റെ സാഹസികനീക്കങ്ങളും ആക്‌ഷൻ പ്രകടനങ്ങളുമെല്ലാം അവനുമുൻപേ സ്വയം ചെയ്തുകാണിക്കുന്ന കൊറിയോഗ്രാഫറാണ് അദ്ദേഹം. അതുകൊണ്ടുതന്നെ എത്രതവണ അപകടങ്ങളിൽപ്പെട്ടെന്നും ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ മെറ്റൽപ്ലേറ്റുകൾ സ്ഥാപിച്ചെന്നും എണ്ണിപ്പറയുക പ്രയാസം. ജീവൻ പണയംവെച്ചുള്ള ഈ ജോലി എന്തിന് എന്ന ചോദ്യത്തിന് മാസ്റ്ററുടെ കൈയിൽ കൃത്യമായൊരുത്തരമുണ്ട്. ‘‘സാഹസിക ജോലികളോട് അത്രമേൽ ഇഷ്ടമാണെനിക്ക്. കൈയിൽ ഡ്രിപ്പിട്ടും വീൽച്ചെയറിലും പാതിവെന്ത ശരീരഭാഗങ്ങൾ പൊതിഞ്ഞുകെട്ടിയും അടുത്ത അങ്കത്തിനായി ഞാൻ സെറ്റുകളിലേക്ക് കയറിച്ചെന്നു. എന്റെ പരിക്കുകൾകണ്ട്, എല്ലാത്തിനുമൊരു പരിധിവേണമെന്ന് ഗൗരവംകലർന്ന ഭാഷയിൽ ചിരഞ്ജീവിസാർ ഉപദേശിച്ചിട്ടുണ്ട്. കണ്ണുനിറച്ച് കെട്ടിപ്പിടിച്ചുകൊണ്ടാണൊരിക്കൽ രജനിസാർ സ്നേഹം പ്രകടിപ്പിച്ചത്. ഇതെല്ലാം ജോലിനൽകുന്ന സന്തോഷങ്ങളാണ്. അതെല്ലാം വേണ്ടെന്നുവെക്കാൻ എനിക്കാകില്ല. ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ചും ആഹ്ലാദത്തോടെയും ചെയ്യുന്നു, അതെല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ...’’

വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ച്, പലതരം നിറങ്ങളാൽ മുടി അലങ്കരിച്ച് വേദികളിൽ പ്രത്യക്ഷപ്പെടുന്ന പീറ്റർ ഹെയ്ൻ സംസാരിക്കുമ്പോഴെല്ലാം ചുണ്ടിലൊരു ചിരി സൂക്ഷിക്കും. ഗജനി, അന്യൻ, മഗധീര, ശിവാജി, യന്തിരൻ, ബാഹുബലി... സംഘട്ടനത്തിൽ സ്വന്തം കൈയൊപ്പുപതിപ്പിച്ച സിനിമകൾ ഏറെയുണ്ടെങ്കിലും പുലിമുരുകനിലെ ഇടിയാണ് മാസ്റ്ററെ കേരളക്കരയ്ക്ക് പ്രിയപ്പെട്ടവനാക്കിമാറ്റിയത്. മമ്മൂട്ടി ചിത്രം മധുരരാജയിലൂടെ ആ ഇഷ്ടം ഉറപ്പിച്ചു. ‘‘മലയാളികളുടെ സ്നേഹം ഒരുപാടുതവണ ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് ഫ്‌ളൈറ്റ് ഇറങ്ങുന്നത് പുലർച്ചെ നാലരയ്ക്കാണ്, എയർപോർട്ടിൽനിന്നു പുറത്തേക്കു കടക്കുമ്പോൾ രണ്ടുപേർ ഓടിവന്ന്, പീറ്റർ ഹെയ്ൻ ആണെന്ന് ഉറപ്പിച്ചശേഷം കെട്ടിപ്പിടിച്ചു. ഒറ്റശ്വാസത്തിൽ അവർ പറഞ്ഞതത്രയും പുലിമുരുകൻ നൽകിയ ആവേശത്തെക്കുറിച്ചായിരുന്നു, പിന്നീടറിയേണ്ടത് പുഷ്പ 2-വിന്റെയും ഇന്ത്യൻ 2-വിന്റെയും വിശേഷങ്ങളും.’’

placeholder
ഇടിയൻ ചന്തു എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ

തമിഴ്‌നാട്ടിലെ കാരൈക്കലിലാണ് പീറ്റർ ഹെയ്‌നിന്റെ ജനനം. അച്ഛൻ തമിഴ് സിനിമയിലെ സംഘട്ടനസഹായിയായിരുന്നു, അമ്മ വിയറ്റ്‌നാം സ്വദേശി. അച്ഛന്റെ കൈപിടിച്ച് മകനും സിനിമയിലേക്കുകയറി. വിലകൂടിയതാരങ്ങളുടെ ഡ്യൂപ്പായും സ്റ്റണ്ട് മാസ്റ്റർമാരുടെ സഹായിയായും പണിപഠിച്ചു. 2001-ൽ ഗൗതം മേനോന്റെ ‘മിന്നലെ’യിലൂടെ സ്വതന്ത്രചുവടുവെപ്പ്, മിന്നലെയിലെ ദൃശ്യങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ പീറ്റർ ഹെയ്‌നെത്തേടി വിളികൾവന്നു. 2001-ൽ അഞ്ചുസിനിമകൾ, 2002-ൽ ഒൻപത് ചിത്രങ്ങൾ, 2003-ൽ പതിമൂന്ന് സിനിമകൾ... അതിശയിപ്പിക്കുന്നതായിരുന്നു ആ വളർച്ച.

രാംഗോപാൽ വർമയാണ് പീറ്റർ ഹെയ്‌നെ ബോളിവുഡിന് പരിചയപ്പെടുത്തുന്നത്. തുടർന്ന് മണിരത്നം സിനിമയിലേക്ക്. പുലിമുരുകൻ സിനിമയിലെ ആക്‌ഷൻ കൊറിയോഗ്രാഫിക്ക് ദേശീയപുരസ്‌കാരം പീറ്റർ ഹെയ്‌നെ തേടിയെത്തി. ചന്ദനക്കൊള്ളയുടെ കഥപറയുന്ന പുഷ്പ 2-വിന്റെ ചിത്രീകരണത്തിൽ ഇടവേളകൾ സൃഷ്ടിച്ചാണ് ഇടിയൻ ചന്തുവിനെ ഇടിപഠിപ്പിക്കാൻ പീറ്റർ ഹെയ്‌ൻ കേരളത്തിലേക്കെത്തിയത്.

‘‘സംഘട്ടനരംഗങ്ങളിൽ നിരന്തരം പുതുമകൾ പരീക്ഷിക്കുകയാണ്, കഥയ്ക്കും കഥാസന്ദർഭത്തിനും ചേരുന്നവിധത്തിൽ സംവിധായകർ ആവശ്യപ്പെടുന്നത് നൽകുന്നതാണ് എന്റെ രീതി. ഒരു സിനിമയിലെ സംഘട്ടനവും മറ്റൊരു സിനിമയിലെ സംഘട്ടനവും തമ്മിൽ സാമ്യവുമുണ്ടാകില്ല, എന്നെ വിശ്വസിച്ചുവരുന്നവരെ നിരാശപ്പെടുത്താറില്ല, രംഗങ്ങൾ കൂടുതൽ മികച്ചതാക്കാൻ എത്ര തവണവേണമെങ്കിലും പ്രവൃത്തികൾ ആവർത്തിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെപക്ഷം. പുഷ്പയിലെ സംഘട്ടനങ്ങൾ ഒരുക്കുമ്പോഴാണ് സംവിധായകൻ ശ്രീജിത്ത്, ഇടിയൻ ചന്തുവിന്റെ കഥ പറയുന്നത്. ആദ്യകേൾവിക്കുശേഷം, കഥയുമായി വൈകീട്ട് ഒരുവട്ടംകൂടി ഇരിക്കാമെന്ന് ഞാൻ സംവിധായകനോട് അങ്ങോട്ട് പറയുകയായിരുന്നു. ഇടിയൻ ചന്തുവിന്റെ കഥയിലെ പലസന്ദർഭങ്ങളും വ്യക്തിപരമായി ചേർന്നുനിൽക്കുന്നുണ്ട്, കഥനൽകിയ സന്തോഷമാണ് വീണ്ടും മലയാളത്തിലേക്ക് വരാനുള്ള കാരണം.’’