‘‘പെണ്ണുങ്ങളായാൽ മൂത്രം പിടിച്ചുവെക്കാനാകണം’’, ‘‘നാളെ തൊട്ട് വരുമ്പോ ഒരു കാലിക്കുപ്പി കൊണ്ടന്നോ..’’, ഏതാനും വർഷങ്ങൾക്കുമുമ്പ് മിഠായിത്തെരുവിലെ പല കടകളിലും ജോലിചെയ്തിരുന്ന പെണ്ണുങ്ങളുടെ ഉള്ളംപൊള്ളിച്ച വാക്കുകൾ. കടകളിൽ മൂത്രപ്പുര വേണമെന്ന് പറഞ്ഞപ്പോൾ ‘ഓര് വെറും പെണ്ണുങ്ങളല്ലേ, എന്തുചെയ്യാനാ’ എന്ന് പരിഹസിച്ചവർ. അവരുടെ പുച്ഛം നിറഞ്ഞ വാക്കുകളെ മാറ്റിപ്പറയിപ്പിച്ചത് തുന്നൽക്കാരിയായ വിജി പെൺകൂട്ടും അതേ പെണ്ണുങ്ങളുമാണ്. മൂത്രമൊഴിക്കാനുള്ള അവരുടെ സമരം ‘അസംഘടിതർ’ എന്ന പേരിൽ സിനിമയായപ്പോൾ അത് ചെറുത്തുനിൽപ്പിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.
ജിയോ ബേബിയും ടീമും ചേർന്ന കൂട്ടായ്മയിൽ ഒരുക്കിയ ‘സ്വാതന്ത്ര്യസമരം’ എന്ന അഞ്ചുസിനിമയിൽ ഒന്നാണ് ‘അസംഘടിതർ’. മിഠായിത്തെരുവിലെ തൊഴിലാളിസ്ത്രീകളുടെ ഒപ്പം നിന്നിട്ടുള്ള കുഞ്ഞില മസിലാമണി ചെയ്ത സിനിമയിൽ പെൺപോരാട്ടം അതുപോലെ ചേർത്തിട്ടുണ്ട്. വിജി പെൺകൂട്ട് തന്നെയാണ് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്.
പകലന്തിയോളം കടകളിൽ പണിയെടുത്ത് രാത്രി വീട്ടിലെത്തി മൂത്രമൊഴിക്കേണ്ടി വന്ന സ്ത്രീകൾ. മൂത്രം പിടിച്ചുവെക്കുമ്പോഴുള്ള അവരുടെ പ്രശ്നങ്ങൾ പുരുഷന്മാരുടെ കാതുകൾ തള്ളിക്കളഞ്ഞു. സഹായംതേടി സംഘടനകളെ സമീപിച്ചപ്പോഴും തിരസ്കരിക്കപ്പെട്ടവർ വിജി പെൺകൂട്ടിന്റെ നേതൃത്വത്തിൽ ഒന്നിച്ചതാണ് തെരുവിലെ ചരിത്രം; സിനിമയുടെ കാമ്പും.
‘‘ശബ്ദിച്ചപ്പോൾ നിയമങ്ങളൊന്നും പാലിക്കാതെ തൊഴിലാളികളെ പിരിച്ചുവിടാനാണ് നോക്കിയത്. ഞങ്ങൾ കടയുടെ പൂട്ടുപൊളിച്ച് മൂത്രപ്പുരയുണ്ടാക്കാൻ തുനിഞ്ഞിറങ്ങി. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അവർ കെട്ടിടത്തിൽ മൂത്രപ്പുരയൊരുക്കിയത്. അജിതേച്ചിയാണ് ഞങ്ങൾക്ക് ഊർജമായത്. അതൊക്കെത്തന്നെയാണ് സിനിമയിൽ ആവിഷ്കരിച്ചിട്ടുള്ളത്’’ -വിജി പറഞ്ഞു.
സ്ത്രീകളുടെ സമരം ഡോക്യുമെന്ററിയാക്കാനുള്ള പുറപ്പാടിലായിരുന്നു തൊണ്ടയാടുള്ള കുഞ്ഞില. അതിന്റെ പണികൾ തുടങ്ങുകയും ചെയ്തു. അതിനിടെയാണ് ജിയോ ബേബിയുടെ വിളി വന്നതും വിഷയം സിനിമയായതും. ‘‘സിനിമയെന്ന രീതിയിലേക്ക് സമരത്തെ കൊണ്ടുവന്നു. വിജി പെൺകൂട്ടിന് പകരം മറ്റൊരു മുഖത്തിന്റെ ആവശ്യമില്ലായിരുന്നു. മറ്റുള്ളവരെ ഓഡിഷൻ നടത്തി തിരഞ്ഞെടുത്തു.’’-കുഞ്ഞില പറഞ്ഞു. നേരത്തേ ഹ്രസ്വചിത്രങ്ങൾ ചെയ്തിട്ടുള്ള കുഞ്ഞിലയുടെ ആദ്യ സിനിമയാണിത്. വിജിക്കൊപ്പം ചേർന്നുനിന്ന കബനിയും മറ്റും സിനിമയിലുണ്ട്. ശ്രിൻഡയും കുറച്ചേറെ സ്ത്രീകളും തൊഴിലാളികളുടെ പ്രയാസം നിസ്സഹായതയ്ക്കിടയിലും കരുത്തോടെ പകർന്നു. ഒപ്പം ട്രാൻസ്‌ജെൻഡർ വ്യക്തികളും സമൂഹത്തിലേക്ക് ചോദ്യങ്ങളുതിർക്കുന്നുണ്ട്.
മിഠായിത്തരുവിൽ വിജി പെൺകൂട്ടിന്റെ നേതൃത്വത്തിൽ സ്ത്രീകൾ നടത്തിയ മൂത്രമൊഴിക്കാനുള്ള സമരം ആവിഷ്‌കരിച്ച് ‘അസംഘടിതർ’
മാറ്റങ്ങളുണ്ടായി, എല്ലായിടത്തും
അന്നത്തെ സമരത്തിനുശേഷം മിഠായിത്തെരുവിലും പരിസരത്തും മൂത്രപ്പുരകൾ പണിതു. ഉപയോഗശൂന്യമായിക്കിടന്നവ കടയുടമകൾ നന്നാക്കി. ഇപ്പോഴും ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും തൊഴിലാളിസ്ത്രീകൾ അവരുടെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത് അന്നത്തെ സമരത്തിനുശേഷമാണ്- വിജി പെൺകൂട്ട്.
Content Highlights: Freedom Fight Anthology, Asanghadithar, Kunjila Mascillamani, Jeo Baby, mittayitheruvu women workers toilet issue
Published: 19 Feb 2022, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented