കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം പറയുന്ന ഒരുചിത്രം ഓടി.ടിയായി ഈയിടെ ഇറങ്ങി. ജിയോ ബേബിയുടെ നേതൃത്വത്തില്‍ വന്ന ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ പ്ര.തൂ.മു ന്നെ ചിത്രമാണത്. വ്യക്തമായ രാഷ്ട്രീയം പറയുന്ന ചിത്രം മനസില്‍ക്കണ്ടാണ് ഈ ചിത്രത്തിന് തിരക്കഥയെഴുതിയതെന്ന് പറയുകയാണ് സംവിധായകന്‍ ജിതിന്‍ ഐസക്. സിനിമയ്ക്ക് വ്യത്യസ്തമായ പേരിടാനുള്ള കാരണവും ചിത്രത്തിന്റെ ആശയം വന്ന വഴിയേക്കുറിച്ചും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

To advertise here,

പ്ര.തൂ.മു എന്ന പേരിനുപിന്നില്‍

ഇങ്ങനെയൊരു പേരിന് പിന്നിലെ ആശയം എന്നു പറയുന്നത് ഒ.വി. വിജയന്റെ ധര്‍മപുരാണമാണ്. അതിലെ ആദ്യ വരിയാണ്. പിന്നെ നോവലിലെ ആ വരി കഥയ്ക്കും സന്ദര്‍ഭത്തിനും യോജിച്ചതായി തോന്നി. കഥയെഴുതിക്കഴിഞ്ഞാണ് പേര് കണ്ടുപിടിച്ചത്. 

സ്വാതന്ത്ര്യസമരത്തിലേക്ക്

അറ്റന്‍ഷന്‍ പ്ലീസ് എന്നൊരു പടം ഞാന്‍ ചെയ്തിരുന്നു. കഴിഞ്ഞ ഐ.എഫ്.എഫ്.കെയ്ക്ക് പ്രദര്‍ശിപ്പിച്ച് അത്യാവശ്യം നല്ല അഭിപ്രായം നേടിയിരുന്നു. ജിയോ ചേട്ടനെ (ജിയോ ബേബി) പരിചയപ്പെടണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടെ രണ്ടുപേരുടേയും പൊതു സുഹൃത്ത് ഒരാളുണ്ട്. അദ്ദേഹം വഴി ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അന്നാണ് തനിക്ക് ആന്തോളജി ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് ജിയോ ചേട്ടന്‍ പറഞ്ഞത്. ഞാന്‍ ഒരു കഥ പറഞ്ഞു. അതെ ഓ.കെ ആവുകയും ചെയ്തു.

placeholder
പ്ര.തൂ.മു ചിത്രീകരണ വേളയിൽ | Photo: www.instagram.com/jithin_issac_thomas/

സമരമല്ല, സംഘട്ടനം

നമുക്ക് ലഭിച്ച ആദ്യ നിര്‍ദേശം ഇഷ്ടമുള്ള രീതിയില്‍ സിനിമ ചെയ്യാം, ഇഷ്ടമുള്ള ഏത് വിഷയവുമെടുക്കാം എന്നാണ്. ഞാന്‍ എന്റേതായ രീതിയില്‍ ഒരു സിനിമയാണ് ഉണ്ടാക്കിയത്. ജിയോ ചേട്ടന്‍ ചെയ്യുന്ന സിനിമയേക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. ബാക്കി കഥകളെന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. എല്ലാ സിനിമയും കണ്ടുകഴിഞ്ഞപ്പോഴാണ് എല്ലാത്തിനും ഒരു കണക്ഷന്‍ ഉണ്ടെന്ന് മനസിലായത്. 

ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ്

ബഡ്ജറ്റ് വെച്ച് നോക്കുകയാണെങ്കില്‍ ഭയങ്കര കംഫര്‍ട്ടാണ്. പിന്നെ റോ ടൈപ്പ് കാണിക്കുമ്പോള്‍ ആളുകള്‍ക്ക് അലോസരമുണ്ടാകാതിരിക്കാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ് നല്ലതെന്ന് തോന്നി. സിനിമയുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ വെള്ള എന്നത് രാഷ്ട്രീയക്കാരെ സൂചിപ്പിക്കുന്ന നിറമാണ്. കറുപ്പാകട്ടെ സെപ്റ്റിക് ടാങ്കിലെ മാലിന്യത്തിന്റെ നിറവും.

സിദ്ധാര്‍ത്ഥ് ശിവയും ഉണ്ണി ലാലുവും

ജിയോ ചേട്ടനോട് കഥ പറഞ്ഞ് ഓ.കെ ആയതിന് ശേഷം ഞാന്‍ അങ്ങോട്ട് പറയുകയായിരുന്നു സിദ്ധാര്‍ത്ഥേട്ടനെ കിട്ടിയാല്‍ നന്നായിരുന്നു എന്ന്. ഉണ്ണി ലാലുവിനെ നേരിട്ട് പരിചയമില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ആഷ്‌ലിയുടെ സുഹൃത്താണ് ഉണ്ണി. ആ റോളിലേക്ക് തീരുമാനിച്ചിരുന്നത് വേറെ ഒരാളെയായിരുന്നു. അദ്ദേഹത്തില്‍ നിന്ന് കാര്യമായ മറുപടിയൊന്നും ഇല്ലാതിരുന്നതിനാല്‍ മറ്റൊരാളെ ആലോചിച്ചു. അപ്പോഴാണ് ആഷ്‌ലി ഉണ്ണിയേക്കുറിച്ച് പറയുന്നത്. ഉണ്ണിയുടെ കരിയറില്‍  ഇതേവരെ ചെയ്യാത്ത തരം വേഷത്തില്‍ അദ്ദേഹത്തെ കൊണ്ടുവന്നാല്‍ നന്നാകുമെന്ന് തോന്നി. ഉണ്ണി ലാലു ഇതിനെ ഒരവസരമായാണ് കണ്ടതെന്ന് തോന്നി. സിദ്ധുവേട്ടന്‍ കഥയൊക്കെ വായിച്ച് ചെയ്യാമെന്ന് പറഞ്ഞു.

placeholder
ഫ്രീഡം ഫൈറ്റ് സംവിധായകർ | Photo: www.instagram.com/jithin_issac_thomas/

പൊടുന്നനെ വന്ന ആശയം 

തിരക്കഥയ്ക്ക് ഒരു മാസമേ എടുത്തിട്ടുള്ളൂ. കാരണം ജിയോ ചേട്ടന്റെയടുത്ത് കഥ പറയാന്‍ എന്റെയടുത്ത് ആശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്ന് ഞാന്‍ താമസിക്കുന്നയിടത്തെ സെപ്റ്റിക് ടാങ്ക് നിറഞ്ഞിട്ട് അത് ഉപയോഗിക്കരുതെന്ന് ഉടമസ്ഥര്‍ പറഞ്ഞു. അങ്ങനെ വന്ന ആശയമാണിത്. പിന്നെ ജിയോ ചേട്ടന്റെ നേതൃത്വത്തില്‍ വരുന്ന സിനിമയായതുകൊണ്ട് എങ്ങനെയുള്ള കഥ വേണമെങ്കിലും അവതരിപ്പിക്കാം എന്നൊരു ആത്മവിശ്വാസമുണ്ടായിരുന്നു. വ്യക്തമായ രാഷ്ട്രീയം പറയുന്ന ഒരെണ്ണം ചെയ്യാമെന്ന് കരുതിയാണ് തിരക്കഥയെഴുതിയത്.

ഉയര്‍ന്ന പശ്ചാത്തലസംഗീതം

കുറച്ച് കൊമേഴ്‌സ്യല്‍ ആയാണ് സീനുകളും ഷോട്ടുകളുമെല്ലാം ചെയ്തത്. എന്റെ സിനിമ അവസാനമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റെ പശ്ചാത്തലസംഗീതം കുറച്ച് കൂടിയാണ് കിടക്കുന്നത്. പരമാവധി ആളുകളിലേക്കെത്തണം എന്ന രീതിയിലാണ് ചെയ്തത്.

സോണി ലിവിലൂടെ

സോണി ലിവിന് ഇപ്പോള്‍ ഒരു ഇമേജുണ്ട്. നല്ല സിനിമകള്‍ വരുന്ന പ്ലാറ്റ്‌ഫോം എന്ന രീതിയില്‍. അതില്‍ ഈ സിനിമ സെലക്ടായി എന്നത് തന്നെ വലിയ സന്തോഷമാണ്.

പുതിയ സിനിമകള്‍

പുതിയ സിനിമ ഒരെണ്ണം ചെയ്യുന്നുണ്ട്. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങണമെന്നാണ് വിചാരിക്കുന്നത്. രേഖ എന്നാണ് പേര്. ബാക്കി കാര്യങ്ങളൊന്നും തീരുമാനമായിട്ടില്ല.