
മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് സിനിമകള്‍, ഒരേ നായകന്‍ ഒരേ സംവിധായകന്‍ ഒരേ തിരക്കഥാകൃത്ത്. മലയാള സിനിമയുടേതെന്നല്ല ലോക സിനിമയുടെ ചരിത്രമെടുത്താല്‍ ഇത്തരമൊരു പ്രതിഭാസം വളരെ അപൂര്‍വ്വമായിരിക്കും. അതുകൊണ്ടു തന്നെ സിബിഐ; ദ ബ്രെയ്ന്‍ റിലീസിനെത്തുമ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 1988 ലാണ് ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്. പോലീസ് കഥകള്‍ കണ്ടു ശീലിച്ച മലയാളി പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു സിബിഐ കുറ്റാമ്പേഷണം. തൊട്ടടുത്ത വര്‍ഷം ജാഗ്രത കൂടി ഇറങ്ങിയതോടെ സേതുരാമയ്യര്‍ മലയാളികളുടെ സിബിഐ മുഖമായി മാറി. അവിശ്വസനീയമായിരുന്നു ഈ യാത്രയെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറയുന്നു. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സിബിഐ5; ദ ബ്രെയ്ന്‍ പൂര്‍ത്തിയാക്കിയതെന്ന് എസ്.എന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു. സിനിമയുടെ റിലീസിന് മുന്നോടിയായി മാതൃഭൂമി ഡോട്‌കോമിന് അദ്ദേഹം നല്‍കിയ അഭിമുഖം.
ട്രൂത്തിലും ഇപ്പോള്‍ സിബിഐ 5 ലും രാജീവ് ഗാന്ധി വധക്കേസിന്റെ റഫറന്‍സ് പറയുന്നുണ്ട്. അതിന് പിന്നില്‍ എന്താണ്?
അതിപ്പോള്‍ ഞാന്‍ പറയില്ല, സിനിമ കാണുമ്പോള്‍ മനസ്സിലാകും. ട്രൂത്തില്‍ രാജീവ് ഗാന്ധി വധത്തിന്റെ റഫറന്‍സ് മോഡസ് ഓപ്പറാണ്ടിയായി എടുത്തതാണ്.
സിബിഐ സീരീസ് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്നു? ഇങ്ങനെയൊരു യാത്ര പ്രതീക്ഷിച്ചിരുന്നോ?
കുറ്റാന്വേഷണ കഥകളോട് എനിക്ക് താല്‍പര്യം എല്ലാകാലത്തുമുണ്ടായിരുന്നു. സി.ബി.ഐ.യുടെ ആദ്യഭാഗം ഒരുക്കിയ സമയത്ത് ഇതിന് ഇത്രയുമേറെ തുടര്‍ച്ചയുണ്ടാകുമെന്ന് കരുതിയിരുന്നില്ല. സി.ബി.ഐ. ആദ്യഭാഗം പോലീസ് കഥയായാണ് ഒരുക്കിയത്. എന്നാല്‍ മമ്മൂട്ടിയാണ് പോലീസ് വേണ്ട, സി.ബി.ഐ. മതി എന്ന് പറഞ്ഞത്. പോലീസ് കഥകള്‍ പ്രമേയമാക്കി ഒട്ടേറെ സിനിമകള്‍ വന്നിട്ടുണ്ട്. എന്നാല്‍ സി.ബി.ഐ. കഥാപാത്രം ഒരു വലിയ പുതുമയായിരുന്നു. സേതുരാമയ്യര്‍ എന്ന കഥാപാത്രം മലയാളികളുടെ സി.ബി.ഐ. സങ്കല്‍പ്പത്തിന്റെ മുഖമായി മാറിയിരിക്കുന്നു.
കെ.മധുവുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച്?
കെ.മധുവും ഞാനുമായുള്ള കൂട്ടുകെട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. എനിക്ക് ഏറ്റവും നന്നായി ജോലി ചെയ്യാന്‍ സാധിക്കുന്ന സംവിധായകനാണ് കെ. മധു. ഒരു തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള രസതന്ത്രം വര്‍ക്കൗട്ട് ആയില്ലെങ്കില്‍ സിനിമ നന്നാകില്ല. കെ.മധുവിന്റെ പരിചയസമ്പത്തും പരിജ്ഞാനവുമെല്ലാം കഥാപാത്ര നിര്‍മിതിയെ മറ്റൊരു തലത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
സിബിഐ 5 ല്‍ എന്തെല്ലാം പ്രതീക്ഷിക്കാം? കുറ്റാമ്പേഷണ കഥയാകുമ്പോള്‍ കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കാന്‍ തിരക്കഥാകൃത്ത് ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും അത്യാവശ്യമല്ലേ?
തീര്‍ച്ചയായും, കുറ്റാന്വേഷണം എന്നൊന്നും ഇല്ല. സിനിമ ചെയ്യുന്നവര്‍ ആരാണെങ്കിലും കാലഘട്ടത്തിന് അനുസരിച്ച് സ്വയം പരിഷ്‌കരിക്കാന്‍ തയ്യാറാകണം. സിബിഐ 5 നേക്കാള്‍ മോഡേണായ ഒരു സിനിമ വേറെ ആര്‍ക്കും എഴുതാന്‍ സാധിക്കുകയില്ല (ചിരിക്കുന്നു). സിബിഐ സീരീസില്‍ ജാഗ്രതയായിരുന്നു ഏറ്റവും കൂടുതല്‍ ട്വിസ്റ്റുകളുള്ള ചിത്രം. അതിനേക്കാള്‍ ട്വിസ്റ്റുകളുള്ള സിനിമയായിരിക്കും സിബിഐ ദ ബ്രെയിന്‍. അഞ്ചാറുവര്‍ഷം കൊണ്ടാണ് ഈ സിനിമ എഴുതി തീര്‍ത്തത്. ഇന്നത്തെ കാലത്ത് സിനിമയിലെ ലോജിക്കിനെ ഇഴകീറി പരിശോധിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. ലോജിക്കലായി മികച്ചു നിന്നില്ലെങ്കില്‍ കുറ്റാന്വേഷണ കഥ ഏല്‍ക്കില്ല. എന്റെ കഥയില്‍ എനിക്ക് പൂര്‍ണമായ വിശ്വാസമുണ്ട്. അതാണ് എനിക്ക് ഇപ്പോള്‍ വയ്ക്കാന്‍ സാധിക്കുന്ന ഏക സ്റ്റേറ്റ്മെന്റ്. സിബിഐ 5 ദ ബ്രെയിന്‍ മികച്ച അനുഭവമായിരിക്കും.
സിബിഐ അവസാന ചിത്രത്തില്‍ തിലകനും മമ്മൂട്ടിയും തമ്മിലുള്ള ഒരു രംഗം ഇന്ന് സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിക്കുന്നതായി കണ്ടിട്ടുണ്ട്. ബ്രാഹ്മണിസം കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതാണ് ആക്ഷേപം. അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
ജനങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാനും അഭിപ്രായം പറയാനും സാധിക്കും. അത് അവരുടെ സ്വാതന്ത്ര്യമാണ്. ഞാന്‍ അതില്‍ ബ്രാഹ്മണിസം കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടു പോലുമില്ല. ഞാന്‍ സയന്‍സാണ് പറഞ്ഞത്. മറ്റൊന്നുമല്ല. ദൈവത്തിനും മതത്തിനുമപ്പുറത്ത് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. ഈ പ്രപഞ്ചത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രപഞ്ചം എല്ലാവരുടെയുമാണ്. ആളുകള്‍ സംസാരിക്കട്ടെ, ചര്‍ച്ചകള്‍ നടക്കട്ടെ. അതിലെനിക്ക് സന്തോഷമേയുള്ളൂ.
Content Highlights: CBI5; The Brain Release, Investigation Thriller, SN Swamy Interview, Mammootty, K Madhu
Published: 30 Apr 2022, 09:36 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented