'ഇരിക്കൂ, എം.ഡി. അകത്തുണ്ട്' എന്ന സിനിമയിലൂടെ നടനായ ബൈജു 36 വര്‍ഷംകൊണ്ട് 300 സിനിമകള്‍ പൂര്‍ത്തിയാക്കി

എഴുപുന്നയിൽ രേഖാ തിയേറ്റർ തുടങ്ങുമ്പോൾ മകൻ സിനിമാഭ്രാന്തനാകാതിരിക്കാൻ അച്ഛൻ ബൈജുവിനെ കോട്ടയത്തേക്ക് സ്‌കൂൾ മാറ്റി. എന്നാൽ, നാട്ടിൽ തിരിച്ചെത്താനായി ബൈജു അച്ഛനറിയാതെ ഒരു 'കൂടോത്രം' ചെയ്തു. സ്‌കൂൾ പരീക്ഷയിൽ ഉത്തരക്കടലാസിൽ നിറയെ സിനിമയെപ്പറ്റി എഴുതി മനഃപൂർവം തോറ്റു. അതോടെ അച്ഛൻ മകനെ വീണ്ടും എഴുപുന്നയിലേക്ക് കൊണ്ടുവന്നു. അവിടെ തിയേറ്ററിൽ സിനിമകളുടെ ലോകത്ത് സഞ്ചരിച്ച ബൈജു ഒടുവിൽ ആഗ്രഹംപോലെ സിനിമാക്കാരനുമായി.
'ഇരിക്കൂ, എം.ഡി. അകത്തുണ്ട്' എന്ന സിനിമയിലൂടെ നടനായ ബൈജു 36 വർഷംകൊണ്ട് 300 സിനിമകൾ പൂർത്തിയാക്കി. ഇപ്പോഴും ബൈജു എന്ന നടൻ പൂർണമായി ഉപയോഗപ്പെടുത്താനാകാതെ ഉള്ളിലുണ്ട് എന്ന വിശ്വാസത്തിലാണ് അയാൾ. ബൈജു സംവിധാനംചെയ്ത രണ്ടാമത്തെ ചിത്രമായ 'കൂടോത്രം' തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടുന്നു. 'കൂടോത്ര'ത്തിന്റെ വിശേഷങ്ങളും തന്റെ സിനിമാസ്വപ്നങ്ങളും പങ്കിട്ട് ബൈജു എഴുപുന്ന മാതൃഭൂമിക്കൊപ്പം.
'കൂടോത്രം' ചെയ്തപ്പോൾ
നടനായിരിക്കേത്തന്നെ ഒരു സിനിമയുടെ നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ രണ്ടുവേഷംകൂടി ചെയ്യുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യസിനിമ സംവിധാനംചെയ്ത് 13 വർഷത്തിനുശേഷമാണ് കൂടോത്രം ചെയ്യുന്നത്. സന്തോഷ് ഇടുക്കി സിനിമയുടെ കഥപറഞ്ഞപ്പോൾ നല്ല പ്രതീക്ഷതോന്നി. കാരണം ഒന്നുമാത്രമാണ്. ഈ സിനിമയിലെ നായകൻ സൂപ്പർ താരമോ വലിയപേരുള്ള അഭിനേതാവോ ഒന്നുമല്ല. കഥയ്ക്ക് പ്രാധാന്യമുള്ള മലയാള സിനിമയുടെ ഇക്കാലത്ത് കൂടോത്രത്തിന്റെ കഥയിൽ എനിക്ക് നല്ലവിശ്വാസമുണ്ടായിരുന്നു. അച്ഛനും പെൺമക്കൾക്കുമുള്ള സന്ദേശമാണ് ഈ സിനിമ. അത് ഭംഗിയായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. തിയേറ്ററിൽ സിനിമയ്ക്ക് നല്ല സ്വീകരണവും പ്രതികരണവും ലഭിക്കുമ്പോൾ സംവിധായകൻ എന്നനിലയിലും അഭിനേതാവ് എന്നനിലയിലും നിറഞ്ഞസന്തോഷമുണ്ട്.
വാവച്ചനും പെൺമക്കളും
ഇടുക്കി പുന്നയാർ വട്ടോൻപാറയിൽ വെള്ളിമല എന്നൊരു നാട് സൃഷ്ടിച്ചാണ് 'കൂടോത്രം' കഥ ചെയ്തത്. വാവച്ചനും വെള്ളിമലയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ സിനിമ. വാവച്ചൻ എന്ന കഥാപാത്രത്തെ ഞാൻതന്നെ ചെയ്യാൻ തീരുമാനിച്ചത് നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹംകൊണ്ടുതന്നെയാണ്. വാവച്ചന് ഇരട്ടകളായ രണ്ടു പെൺമക്കളുണ്ട്. ഇതിലെ പെൺമക്കളെ അവതരിപ്പിക്കാനുള്ള കുട്ടികളെ കണ്ടെത്താൻ ഓഡിഷൻ നടത്തിയിരുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള പല കുട്ടികൾ പങ്കെടുത്തു. ഇടുക്കിക്കാരായ അക്‌സ ബിജുവിനെയും അബിയ ബിജുവിനെയും തിരഞ്ഞെടുത്തു. വാവച്ചൻ മക്കളെ വളർത്തുന്ന വിധവും അവർക്ക് ജീവിതത്തിൽ കൊടുക്കുന്ന ഉപദേശവുമൊക്കെ ഇന്നത്തെ സമൂഹത്തിൽ വലിയ സന്ദേശമാണ്.
മികച്ച കഥാപാത്രം
36 വർഷംകൊണ്ട് 300 സിനിമകൾ ചെയ്തപ്പോൾ എന്നെസംബന്ധിച്ച് സംതൃപ്തിതന്നത് അൻപതിൽ താഴെ സിനിമകൾ മാത്രമാണ്. ആദ്യസിനിമയിൽ ഗുണ്ടയുടെ വേഷമായതിനാൽ പിന്നീട് വന്നതെല്ലാം അത്തരം വേഷങ്ങൾ. ഗുണ്ടയല്ലേ, ഡയലോഗുപോലും വേണ്ടെന്ന് ചിന്തിച്ച സിനിമാക്കാരുള്ള ഒരുകാലത്ത് എന്നെപ്പോലെ പലരും ടൈപ്പ് ചെയ്തുപോകുന്നത് സ്വാഭാവികം. വർഷങ്ങളായി ഞാൻ അനുഭവിച്ച അടിമത്തം പൊട്ടിച്ചെറിഞ്ഞ് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. എനിക്ക് 'കൂടോത്ര'ത്തിലൂടെ അത്തരത്തിലുള്ള വലിയ ഭാഗ്യമാണ് കൈവന്നത്. ഞാൻതന്നെ ആ സിനിമയുടെ നിർമാതാവും സംവിധായകനുമായതിനാൽ എന്നിലെ നടനെ കെട്ടഴിച്ചുവിടാൻ എനിക്കുമുന്നിൽ തടസ്സങ്ങളുണ്ടായില്ല.
മമ്മൂട്ടിക്ക് അടിയേറ്റപ്പോൾ
എന്റെ സിനിമാജീവിതത്തിൽ മമ്മൂട്ടി എന്ന മഹാനടന്റെ സാന്നിധ്യം ഭാഗ്യവും അനുഗ്രഹവുമാണ്. അച്ഛൻ ജോണപ്പൻ എഴുപുന്നയിൽ രേഖാ തിയേറ്റർ തുടങ്ങുമ്പോൾ മമ്മുക്കയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നായിരുന്നു ഞങ്ങളുടെയെല്ലാം ആഗ്രഹം. എന്നാൽ, അന്ന് അത് നടന്നില്ലെങ്കിലും കുട്ടിക്കാലംമുതൽ മമ്മൂട്ടി എന്ന നടൻ മനസ്സിലെ ആരാധനാപാത്രമായിരുന്നു. എഴുപുന്ന തരകൻ എന്ന സിനിമയിൽ മമ്മുക്കയ്ക്ക് ഒപ്പം അഭിനയിക്കാൻ ഒരവസരം കിട്ടിയപ്പോൾ വലിയസന്തോഷമായിരുന്നു. വില്ലൻ വേഷമായിരുന്നെങ്കിലും മുഴുനീള കഥാപാത്രമായിരുന്നു. അന്ന് സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ആദ്യം എടുത്തത് ഒരു ഫൈറ്റ് സീനാണ്. മമ്മുക്കയും ജഗദീഷും കോഴിയെയൊക്കെ വാങ്ങിച്ച് ബൈക്കിൽവരുമ്പോൾ അദ്ദേഹത്തെ അടിക്കുന്നതായിരുന്നു സീൻ. എന്റെ ആദ്യത്തെ അടിതന്നെ മമ്മുക്കയുടെ പെടലിക്കായിരുന്നു. ടൈമിങ് തെറ്റിയതിന് മമ്മുക്ക എന്നെ ഉപദേശിച്ചു. എന്നെ സിനിമയിൽനിന്ന് മാറ്റുമെന്നായിരുന്നു കരുതിയത്. അതുണ്ടായില്ല എന്നുമാത്രമല്ല, അവിടെ തുടങ്ങുകയായിരുന്നു മമ്മുക്കയുമായുള്ള സൗഹൃദം.
സ്വപ്നങ്ങൾ തുടരും
സിനിമയിലെ എന്റെ സ്വപ്നങ്ങൾ ഒരിക്കലും അവസാനിക്കില്ല. സംവിധായകനായി സിനിമയിൽ ഇനി വല്ലപ്പോഴുംമാത്രമേ എത്താൻ കഴിയൂ. കൂടോത്രത്തിന്റെ തിരക്കുകാരണം കഴിഞ്ഞ ഒരു വർഷം മറ്റൊരു സിനിമയിലും അഭിനയിക്കാനായില്ല. കൂടോത്രത്തിനുശേഷം സംവിധായകനാകാൻ പലരും സമീപിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ അഭിനയത്തിൽത്തന്നെ ശ്രദ്ധിക്കാനാണ് തീരുമാനം. ഞാൻ നേരത്തേ പറഞ്ഞല്ലോ, എന്നെ വരിഞ്ഞുമുറുക്കിയിരുന്ന അടിമത്തം തകർത്തെറിഞ്ഞ് എനിക്കിനി കുറെ നല്ല കഥാപാത്രങ്ങൾ ചെയ്യണം.
Content Highlights: "I thought I would be kicked out of the film!" Popular actor and director Baiju Ezhupunna reminisces about a terrifying yet career-defining moment on the sets of Ezhupunna Tharakan. During a fight sequence, a timing error led Baiju to accidentally strike superstar Mammootty on the neck. Instead of losing his job, Baiju gained a mentor and a friend. Having completed 36 years and 300 films, Baiju is currently receiving praise for his second directorial venture, Koodothram, where he also plays the lead role of 'Vavachan'.
Published: 22 Feb 2026, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented