
'സിനിമയില്‍ ഇറങ്ങിപ്പോയി, ഇനി പിറകിലേക്ക് നടക്കാന്‍ താല്പര്യമില്ല'- തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടന് അപ്പാനി ശരത്. സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തില്‍ നിന്നും നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ ഒരു സിനിമാമോഹിയാണ് ഈ നടന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ വില്ലന്‍ വേഷം ഒരു പുതുമുഖ നടന്റെ പരിമിതികളൊന്നു തന്നെയില്ലാതെ അപ്പാനി ശരത് അതിഗംഭീരമാക്കി. പിന്നീട് ഈ നടനിലെ അഭിനേതാവിനെ അതിന്റെ പൂര്‍ണതയില്‍ വിശ്വസിച്ചത് തമിഴ് ഇന്‍ഡസ്ട്രിയാണ്. തമിഴ്നാടിനെ വിറപ്പിച്ച കൊടും കുറ്റവാളിയായ ഓട്ടോ ശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസില്‍ ഓട്ടോ ശങ്കറായി അപ്പാനി ശരത് മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. ഒരിടവേളയ്ക്ക് ശേഷം തമിഴിലും മലയാളത്തിലുമായി അപ്പാനി ശരത് വേഷമിട്ട ഏതാനും ചിത്രങ്ങള്‍ റിലീസ് ചെയ്യുകയാണ്. അതില്‍ നായകനായി വേഷമിട്ട ചിത്രങ്ങളുമുണ്ട്. ഈ അവസരത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.
തമിഴ്നാട്ടില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച വെബ് സീരീസായിരുന്നു ഓട്ടോ ശങ്കര്‍. അപ്പാനി ശരത് എന്ന നടന്റെ പരമാവധി സാധ്യതകള്‍ ഉപയോഗിച്ച ഒന്നായിരുന്നു അത്. അതെക്കുറിച്ച് സംസാരിക്കാമോ?
ഓട്ടോ ശങ്കര്‍ വലിയ അനുഭവമായിരുന്നു. സീരീസിന്റെ പ്രീ പ്രൊഡക്ഷന്‍ മുതല്‍ ഞാന്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. നാല് മാസങ്ങളോളം പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഉണ്ടായിരുന്നു. ഞാനും അതില്‍ പങ്കാളിയായപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. ഓട്ടോ ശങ്കര്‍ എന്ന ഗൗരി ശങ്കറിനെക്കുറിച്ച് എനിക്ക് കേട്ടുകേള്‍വി മാത്രമേ ഉണ്ടായിരുന്നൂള്ളൂ. അദ്ദേഹം തമിഴ്നാടിനെ വിറപ്പിച്ച കൊടും ക്രിമിനലാണ്. അയാളുടെ ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ട്. അയാളെക്കുറിച്ച് അറിയാനും കഥാപാത്രത്തെക്കുറിച്ച് മനസ്സിലാക്കാനും ഒരുപാട് തയ്യാറെടുപ്പുകള്‍ വേണ്ടിയിരുന്നു. ഒരാളുടെ ജീവിചരിത്രം അവതരിപ്പിക്കുമ്പോള്‍ റിസ്ക് എലിമെന്റ് കൂടുതലാണല്ലോ. സത്യസന്ധമായി ചെയ്യണമെന്നതിനാല്‍ വളരെ ഗൗരവകരമായാണ് ഞാന്‍ സമീപിച്ചത്. ഓട്ടോ ശങ്കര്‍ ജീവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ഒരുപാട് ആളുകളോട് സംസാരിച്ചു. അവരുടെ ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ ഓട്ടോ ശങ്കര്‍ വ്യത്യസ്തനായിരുന്നു. ആ വിവരങ്ങളെല്ലാം എനിക്ക് സഹായകരമായിരുന്നു. വളരെ നന്നായി തന്നെ ഓട്ടോ ശങ്കറിനെ പ്രേക്ഷകര്‍ സ്വീകരിച്ചു എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ സന്തോഷം നല്കുന്ന വസ്തുത. തമിഴ് ഇന്‍ഡസ്ട്രി മുഴുവന്‍ ഓട്ടോ ശങ്കര്‍ കണ്ടു. ഞാന്‍ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സിനിമാപ്രവര്‍ത്തകരില്‍ പലരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അങ്കമാലി ഡയറിലീസ് കണ്ടതിന് ശേഷമാണ് ലിംഗുസ്വാമി സാര്‍ എന്നെ സണ്ടക്കോഴി 2 ലേക്ക് വിളിക്കുന്നത്. പിന്നീട് മണിരത്നം സാറിന്റെ ചെക്ക ചിവന്ത വാനത്തിലും അഭിനയിച്ചു. ഈ രണ്ടു ചിത്രങ്ങള്‍ക്ക് ശേഷം എനിക്ക് തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത് ഓട്ടോ ശങ്കറിലൂടെയാണ്. ഓട്ടോ ശങ്കറിന് ശേഷം തമിഴ് ഇന്ഡസ്ട്രിയിലെ എല്ലാവരും വളരെ പ്രൊഫഷണലായാണ് എന്നെ വിളിക്കുന്നതും പുതിയ സിനിമകളുടെ കഥ പറയുന്നതും. പലരും എന്നെ തമിഴ്നടനയാണ് കണക്കാക്കുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. ഓട്ടോ ശങ്കറിന്റെ നിര്‍മാതാവും ഛായാഗ്രാഹകനുമായ മനോജ് പരമഹംസയോട് എന്റെ ഹൃദയത്തില്‍ തൊട്ട് നന്ദി പറയുന്നു. അദ്ദേഹമാണ് എന്നെ അതിലേക്ക് കാസ്റ്റ് ചെയ്തത്.
നാടകവേദിയില്‍ നിന്നാണ് അപ്പാനി ശരത്ത് സിനിമയിലെത്തിയത്. നാടകത്തില്‍ നിന്നുള്ള നടന്മാര്ക്ക് അഭിനയത്തില്‍ കൃത്യമായ ഒരു ഫൗണ്ടേഷനുണ്ടായിരിക്കും. അപ്പാനി ശരത്തിലും അത് കാണാന്‍ സാധിച്ചു. താങ്കളുടെ സിനിമാ ജീവിതത്തിന് നാടകത്തില്‍ നിന്നുള്ള അനുഭവങ്ങള്‍ എത്രത്തോളം സഹായകരമായിട്ടുണ്ട്?
നാടക നടന് എന്ന മേല്‍വിലാസത്തില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. നാടകം കൊണ്ട് ജീവിച്ച്, അതിലെ വരുമാനം കൊണ്ട് കുടുംബം നോക്കിയ ഒരാളാണ് ഞാന്‍. എന്നിലെ ഒരു നടനെ വളര്‍ത്തിക്കൊണ്ടു വന്നത് സ്റ്റേജാണ്. വളരെ ചെറുപ്പത്തില്‍ തന്നെ നാടക രംഗത്തേക്ക് വന്നു. പ്രൊഫഷണല്‍ ട്രൂപ്പുകളിലും അമച്വര്‍ നാടകങ്ങളിലും തെരുവുനാടകങ്ങളിലും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടായി. ഒരു കഥാപാത്രത്തെ ലഭിക്കുമ്പോള്‍ അതിനെ എങ്ങനെ മനസ്സിലാക്കണമെന്ന് എന്നെ പഠിപ്പിച്ചത് നാടകങ്ങളാണ്. എന്റെ ഗുരുക്കന്മാരോട് ഞാന്‍ നന്ദി പറയുന്നു. ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് ജീവിതാനുഭവങ്ങളുണ്ടായത് നാടകങ്ങളില്‍ നിന്നാണ്. സിനിമയില്‍ വന്നതിന് ശേഷം എനിക്ക് സ്റ്റേജ് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പക്ഷേ ഇനിയും അങ്ങനെ മുന്നോട്ട് പോകാന്‍ എനിക്ക് സാധിക്കില്ല. സിനിമയ്ക്കിടയിലും നാടകങ്ങള്‍ ചെയ്യാന്‍ ഇനി ഞാന്‍ ശ്രമിക്കും. അതിനായി പരമാവധി സമയം കണ്ടെത്തുക തന്നെ ചെയ്യും. സിനിമ ജീവിതത്തില്‍ നിന്ന് പോയാലും അവസാന ശ്വാസം വരെ നാടകത്തില്‍ ഞാന്‍ ഉണ്ടാകും. അതെനിക്ക് ഉറപ്പാണ്.
ഒരുപാട് കഷ്ടപ്പാടുകളും യാതനകളും സഹിച്ചാണ് സിനിമയിലെത്തിയത് എന്ന് അപ്പാനി ശരത് പറഞ്ഞിട്ടുണ്ട്. ആ യാത്ര എങ്ങനെയായിരുന്നു?
ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യനേടണമെന്നാഗ്രഹമുള്ള എല്ലാവര്ക്കും സ്ട്രഗിള്‍ ഉണ്ടാകും. എല്ലാവര്ക്കും അവരുടെ സ്ട്രഗിള്‍ വലുതാണ്. അഭിനയിക്കുക, അഭിനയിച്ചുകൊണ്ടേയിരിക്കുക. അതായിരുന്നു എന്റെ ജീവിതാഭിലാഷം. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സിനിമയില്‍ എത്തുന്നത് വരെ ഒരുപാട് കഷ്ടപ്പാടുകള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ജീവിക്കാനുള്ള വരുമാനം കണ്ടത്തണം, കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം, അതോടൊപ്പം തന്നെ സ്വന്തം പാഷന് പുറകേ പോകണം. യാതൊരു സിനിമാ ബന്ധങ്ങളുമില്ലാതെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര എന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ നിന്ന് വന്ന എനിക്ക് ഒരുപാട് തിരസ്കാരങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നും എന്നെ തളര്‍ത്തിയിട്ടില്ല. വീണ്ടും ശ്രമിക്കുക എന്നല്ലാതെ മറ്റൊരു വഴിയും എനിക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ആ ശ്രമം ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെ അങ്കമാലി ഡയറീസിലെത്തിച്ചു. എനിക്ക് അതിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നിനെ തന്ന അദ്ദേഹത്തോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. സിനിമയിലെത്തുന്നത് വരെയുള്ള എന്റെ സ്ട്രഗിള്‍ എനിക്ക് ഒകെയായിരുന്നു.
ഒരോ തവണയും പിന്തള്ളപ്പെടുമ്പോഴും തളര്‍ന്ന് പോകാതിരുന്നത് ജീവിതാനുഭവങ്ങള്‍ നല്കിയ കരുത്തുകൊണ്ടാണ്. ഓരോ തവണ തോല്‍ക്കുമ്പോഴും ഞാന്‍ വിചാരിക്കും, ഇത്രയും അനുഭവിച്ച് എനിക്ക് ഇതും അതിജീവിക്കാന്‍ സാധിക്കും. ആ ബാക്കപ്പ് തന്നെയാണ് എന്റെ ശക്തിയും ഊര്‍ജ്ജവും. സിനിമയില്‍ എത്തിയതിന് ശേഷം സ്ട്രഗിള്‍ ഇല്ലെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ നിലനില്‍പ്പിനായി കടന്നുപോകുന്ന സ്ട്രഗിള്‍ അത് മറ്റൊരു തലത്തിലാണെന്ന് മാത്രം.
നിലനില്‍പ്പിനായി സ്ട്രഗിള്‍ ഉണ്ടെന്ന് താങ്കള്‍ പറഞ്ഞു. അതെന്താണെന്ന് വ്യക്തമാക്കമോ?
ഞാനും ഇന്നും സ്ട്രഗിള്‍ ചെയ്തുകൊണ്ടിരിക്കുന്ന നടനാണ്. ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് അനുഭവിച്ചതിനേക്കാള്‍ നാലിരട്ടി സ്ട്രഗിള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. ഇനിയും സിനിമകള്‍ ചെയ്യണം നല്ല സിനിമയുടെ ഭാഗമാകണം. അതിന് ഞാന്‍ നന്നായി പെര്‍ഫോം ചെയ്യണം. നല്ല സംവിധായകരുടെ അടുത്ത് പോയി ചാന്‍സ് ചോദിക്കണം. എന്റെ പെര്‍ഫോമന്‍സ് കാണാത്തവര്‍ക്ക് എന്റെ വര്‍ക്കുകള്‍ അയച്ചു കൊടുക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യണം. ഓട്ടോ ശങ്കര്‍ കാണാത്ത മലയാളത്തിലെ പല സംവിധായകര്‍ക്കും ഞാന്‍ അത് അയച്ചുകൊടുക്കുകയും അത് കാണാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. അതെല്ലാം ഈ നിലനില്‍പ്പിന്റെ ഭാഗമാണ്. കാരണം അഭിനയമോഹവുമായി സിനിമയില്‍ ദിനംപ്രതി പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചു നില്ക്കുക എന്നത്. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴി നമുക്ക് മുന്നിലില്ല. എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ എന്തുമാകട്ടെ നൂറ് ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുക എന്ന് മാത്രമാണ് എന്റെ വിചാരം. എനിക്ക് അഭിനയമല്ലാതെ മറ്റൊരു തൊഴില്‍ അറിയില്ല. എനിക്ക് പിടിച്ചു നിന്നേ പറ്റൂ. ഈ ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്നപ്പോള്‍ കടുത്ത വിഷാദത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്. എന്റെ പല പ്ലാനുകളും പൊളിഞ്ഞു. സിനിമയില്ല, വരുമാനമില്ല, ഇനി മുന്നോട്ട് എന്തു ചെയ്യണമെന്ന് അറിയുകയുമില്ല. ആകെ ആശങ്കയിലായിരുന്നു. ഓട്ടോ ശങ്കറിന് ശേഷമുള്ള കാര്യമാണ് ഞാന്‍ പറയുന്നത് എന്നോര്‍ക്കണം. പക്ഷേ എന്നെ ദൈവം കൈവിട്ടില്ല. ലോക്ഡൗണിന് ശേഷം ഏതാനും സിനിമകള്‍ വന്നു.
അങ്കമാലി ഡയറിലീസില് അതിഗംഭീരമായ പ്രകടനം കാഴ്ചവെച്ച താങ്കളെ പിന്നീട് ഏറ്റെടുക്കുന്നത് തമിഴ് ഇന്‍ഡസ്ട്രിയാണ്. മലയാളത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യം ഉണ്ടായിരുന്നുവോ?
മലയാളത്തില്‍ ധാരാളം സിനിമകള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. കാരണം മലയാളത്തില്‍ അങ്കമാലി ഡയറീസിന് ശേഷം എന്നെ എക്സൈറ്റ് ചെയ്ത മറ്റൊരു വേഷം എനിക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. എനിക്ക് വേഷങ്ങള്‍ തന്ന എല്ലാവരോടും എനിക്ക് നന്ദി പറയുന്നു. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളേ എനിക്ക് ചെയ്യാന്‍ സാധിക്കൂ. തികഞ്ഞ ആത്മാര്‍ഥതയോടെ ഞാന്‍ അതെല്ലാം ചെയ്യാനും ശ്രമിക്കാറുണ്ട്. എല്ലാ തരത്തിലുമുള്ള വേഷങ്ങള്‍ ചെയ്തുവെങ്കില്‍ മാത്രമേ നമ്മുടെ കഴിവ് നമുക്ക് തെളിയിക്കാനാകൂ. അതിനായുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.
ഒരു വാശിയുള്ള നടനാണ് താങ്കളെന്ന് തോന്നിയിട്ടുണ്ട്? അതിന് കാരണം തിരസ്കരിക്കപ്പെട്ട അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായത് കൊണ്ടാണോ?
എനിക്ക് വാശിയുണ്ട്. എന്നോട് തന്നെയുള്ള വാശി. ഞാന്‍ നായകനായി അഭിനയിക്കുന്ന സമയത്ത് ഒരുപാട് പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇവനാണോ നായകന്, ഇവനെ എന്തിന് കൊള്ളാം എന്നാ തരത്തില്‍. പരിഹസിക്കുന്നവരോട് പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. ശരത് എന്ന വ്യക്തിയെ ഇതൊന്നും ബാധിക്കില്ല. ഇതിനേക്കാള്‍ വലിയ അഗ്നിപരീക്ഷകളിലൂടെ കടന്നുപോയതാണ് എന്റെ ജീവിതം. ഇതൊന്നും എന്റെ മനസ്സില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കുകയില്ല. ഞാന്‍ ചെയ്ത വര്‍ക്കുകള്‍ കണ്ടതിന് ശേഷം എന്റെ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ വിമര്‍ശിച്ചോളൂ. ഞാന്‍ അത് നന്നാക്കാന്‍ ശ്രമിക്കും. പക്ഷേ നീ ഒന്നും ആകേണ്ട എന്ന മനോഭാവത്തോടെ കടന്നാക്രമിക്കുന്നവരുടെ വിമര്‍ശനങ്ങളെ ഞാന്‍ പരിഗണിക്കുകയില്ല. ഞാന്‍ ചെയ്തു കൊണ്ടേയിരിക്കും. ഞാന്‍ പറഞ്ഞില്ലേ ഇനിയും തിരിച്ചുനടക്കാനാവില്ല. മറ്റൊരു കാര്യം കൂടി ഞാന്‍ ഇതോടൊപ്പം പറയുകയാണ്. ഇതിനര്‍ഥം അപ്പാനി ശരത്ത്നായകവേഷം മാത്രമേ ചെയ്യൂ എന്നല്ല. വേഷങ്ങള്‍ എന്തു തന്നെയായാലും എനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ ഞാന്‍ വേണ്ടെന്ന് വയ്ക്കില്ല.
സിനിമ നല്കിയ പ്രശസ്തി താങ്കളിലെ വ്യക്തിയില്‍ എന്തെല്ലാം മാറ്റങ്ങളാണ് അല്ലെങ്കില്‍ താങ്കളോട് മറ്റുള്ളവര്‍ കാണിക്കുന്ന സമീപനത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്?
സിനിമ നല്കിയ സൗകര്യങ്ങള്‍ എന്റെ വ്യക്തിയില്‍ യാതൊരു മാറ്റവുമുണ്ടാക്കിയിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് ഒരു പേടിയുണ്ട്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഇന്ന് കൂടുതല്‍ ആളുകള്‍ കാണുന്നു, ശ്രദ്ധിക്കുന്നു. എന്തെങ്കിലും അബദ്ധം പറഞ്ഞാല്‍ അത് പ്രതികൂലമായി ബാധിക്കുമോ? എന്നെ മാത്രമല്ല, എനിക്ക് ചുറ്റുമുള്ളവര്‍ക്കും ദോഷമാകുമോ എന്ന് ചിന്തിക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല എനിക്കിനി പിറകിലേക്ക് പോകാന്‍ താല്പര്യമില്ല. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത വ്യക്തിയാണ് ഞാന്‍. ഞാന്‍ ഞാനായി തന്നെ നില്ക്കാന് ആഗ്രഹിക്കുന്ന ആളാണ്.
ഞാന്‍ മാറിയിട്ടില്ലെങ്കിലും പലരും എന്നെ നോക്കിക്കാണുന്ന രീതി മാറി. നമ്മള് പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ വരികയും സംസാരിക്കുകയും സെല്‍ഫി എടുക്കുന്നതുമെല്ലാം സിനിമ നല്കിയ എക്സ്ട്രാ ബോണസാണ്. അതിന് പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് അവരോട് ഒരു പ്രതിബദ്ധതയുണ്ട്. അവര്‍ വരുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം വിനയത്തോടെ പെരുമാറണമെന്നും മറ്റുള്ളവര്‍ ഞാന്‍ മൂലം വിഷമിക്കരുതെന്നും കരുതുന്നു. നടന് എന്ന പദവി പ്രേക്ഷകരുടെ ദാനമാണ്. അങ്കമാലി ഡയറീസ് ആരും കണ്ടില്ലായിരുന്നുവെങ്കില്‍ അപ്പാനി ശരതിനെ ഇന്നും ആരും അറിയില്ലായിരുന്നു. ഇത് പറയുമ്പോള്‍ തന്നെ മറ്റൊരു കാര്യം കൂടി ഞാന്‍ പറയുകയാണ്. ചിലരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ചില ആളുകള്‍ മദ്യപിച്ച് ഫോണ്‍ ചെയ്യാറുണ്ട്. നമ്മളും സാധാരണ മനുഷ്യരാണ്. സിനിമ ഞങ്ങളുടെ ജോലിയാണ്. അത് കഴിഞ്ഞാല്‍ നമുക്കും നമ്മുടേതായ ലോകമുണ്ട് കുടുംബമുണ്ട് കുട്ടികളുണ്ട്. അതൊന്നും ഈ ഫോണ്‍ ചെയ്തു ശല്യം ചെയ്യുന്നവര്‍ ആലോചിക്കുന്നില്ല. തിരിച്ച് എന്തെങ്കിലും പറയേണ്ടി വന്നാല്‍ അപ്പാനി ശരതിന് ജാഡയാണ് എന്ന് പറയും. അത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പോകുമ്പോള്‍ നമ്മള് മോശമായി ചിത്രീകരിക്കപ്പെടും.
തമിഴിലെയും മലയാളത്തിലെയും പുതിയ പ്രൊജ്കടുകളെക്കുറിച്ച്?
നാല് തമിഴ് സിനിമകളാണ് ഇനി ചെയ്യാന്‍ പോകുന്നത്. അതില്‍ മൂന്നെണ്ണം കരാറില്‍ ഒപ്പിട്ടു. ഒരെണ്ണം ചര്‍ച്ചയിലാണ്. എ.ആര് മുരുഗദോസ് സാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള അബിന്‍ ഹരിഹരന് സംവിധാനം ചെയ്യുന്ന ഒരു തമിഴ് സിനിമയില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പ്രധാനവില്ലന്റെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. തമിഴ്നാട് ബിഗ് ബോസ് വിജയിയായിരുന്ന ആരി അര്‍ജുനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ശശികുമാര്‍ എന്ന പുതിയ സംവിധായകന്റെ മറ്റൊരു തമിഴ് ചിത്രമാണ് മറ്റൊന്ന്. ആ ചിത്രത്തില്‍ വില്ലന്റെയും നായകന്റെയും ഷെയ്ഡുകളുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കൂടാതെ നടനും സംവിധായകനുമായ ശശികുമാര്‍ സാറിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ പ്രധാനവില്ലന് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയാണ് മറ്റൊന്ന്. തമിഴിലൊരുക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയാണ്. അതിന്റെ ഷൂട്ടിങ് മെയില്‍ പഴനിയില്‍ ആരംഭിച്ചു. ഏതാനും ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജെല്ലിക്കെട്ട് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരേ പോരാടുന്ന മാട എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. നായകവേഷമാണത്. എന്നെ ഒരുപാട് എക്സൈറ്റഡാക്കിയ കഥാപാത്രമാണത്. തമിഴരുടെ വികാരം ഉള്‍ക്കൊള്ളുന്ന ഒരു സിനിമയും കഥാപാത്രവുമാണത്. അതിലെ നായകവേഷം ചെയ്യാന്‍ മലയാളിയായ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു. ഓട്ടോ ശങ്കറിന് ശേഷം എന്നെ തേടിയെത്തിയ മറ്റൊരു മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ഏറെ പ്രതീക്ഷയിലാണ് ഞാന്‍.
മലയാളത്തില്‍ അടുത്തത് തീയേറ്റര്‍ റിലീസ് മിഷന് സി എന്ന സിനിമയാണ്. വിനോദ് ഗുരുവായൂരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമന്റിക് റോഡ് മൂവി ത്രില്ലര്‍ ജോണറാണ് മിഷന് സി. മിയ കുല്പ്പ എന്ന ഒരു ത്രില്ലറാണ് മറ്റൊന്ന്. അത് ഒ.ടി.ടി പ്ലാറ്റ് ഫോമുകളില്‍ റിലീസ് ചെയ്യും. ക്രിസ്റ്റി എന്ന ത്രില്ലറാണ്. ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതും ഒ.ടി.ടി റിലീസാണ് തുടക്കത്തില്‍ കരുതിയിരുന്നത്. ഇപ്പോള്‍ തിയേറ്റര്‍ സാധ്യതകള്‍ ഉള്ളതിനാല്‍ അതെക്കുറിച്ച് ചിന്തിക്കുകയാണ്. കാളിയാന്‍ കോട്ട എന്ന് പേരിലുള്ള അഞ്ച് എപ്പിസോഡുകളുള്ള ഒരു വെബ് സീരീസാണാണ് മറ്റൊന്ന്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് അത് റിലീസ് ചെയ്യുന്നത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഷാഹുല്‍ ഹമീദ് നിര്‍മിച്ച് വിനേഷ് ദേവസ്യ സംവിധാനം ചെയ്യുന്ന ഇന്നലെകള്‍ ആണ് മറ്റൊരു പുതിയ ചിത്രം. അതില്‍ ഒരു ഗ്രാമീണ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു റിയലിസ്റ്റിക് സിനിമയാണ്. ഞാന്‍ ആദ്യമായാണ് മലയാളത്തില്‍ അങ്ങനെ ഒരു വേഷം ചെയ്യുന്നത്. മഹേഷ് നാരായണന് സാറിന്റെ മാലികിലും ഞാന്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അന്തരിച്ച നടന് എന്‍.എഫ് വര്‍ഗീസിന്റെ പേരിലുള്ള പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന പ്യാലി എന്ന ചിത്രത്തിലും അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്.
കുടുംബം?
ലോക്ഡൗണ്‍ കാലത്താണ് കുടുംബത്തോടൊപ്പം അധിക സമയം ചെലവഴിക്കാന്‍ സാധിച്ചത്. സിനിമയില്ലെങ്കിലും അവരായിരുന്നു ആശ്വാസം. ഞാന്‍ ഡിപ്രഷനിലേക്ക് പോകാതിരുന്നത് ഭാര്യ രേഷ്മയുടെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ്. പിന്നെ മക്കളും അച്ഛനും അമ്മയുമെല്ലാവരും ചേര്‍ന്ന് സന്തോഷത്തോടെയാണ് പോകുന്നത്. മകളെ വിളിക്കുന്നത് തിയ്യാമ എന്നാണ്. സ്കൂളില്‍ അവന്തിക എന്നും. മകന് ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. മോനേ കുട്ടപ്പായി എന്നാണ് വിളിക്കുന്നത്. അദ്വിക് ശരത്ത് എന്നാണ് ഓഫീഷ്യല്‍ പേര്.
Content Highlights: Appani Sarath Interview
Published: 09 May 2021, 11:11 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented