
ആദ്യമായി ആർത്തവ ചക്രത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെൺകുട്ടിയുടെ മനസ്സു നിറയെ ആശങ്കകളായിക്കും. ഉറ്റവരുടെ കരുതലും പരിചരണവും ആവശ്യമുള്ള സമയം. ഈ സമയത്ത് അമ്മയുടെ സാന്നിധ്യമാണ് ഏറ്റവും അനിവാര്യമായതെന്ന പൊതുബോധവും സമൂഹം പേറുന്നുണ്ട്. എന്നാൽ അമ്മയ്ക്ക് പകരം കുട്ടിയുടെ അടുത്തുള്ളത് അച്ഛനാണെങ്കിലോ? അത്തരമൊരു സാഹചര്യത്തെ നമുക്ക് മുന്നിലൂടെ അവതരിപ്പിച്ച ഹ്രസ്വചത്രമാണ് ആഘോഷ് വെെഷ്ണവം സംവിധാനം ചെയ്ത അഡൽട്ട് അല്ലെങ്കിൽ ഹെർ ഫസ്റ്റ് പെയിൻ. ബേബി മീനാക്ഷി, ബോബൻ സാമുവൽ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ കുഞ്ഞു ചിത്രം പുറത്തിറങ്ങി ഒരു മാസം പിന്നിട്ടപ്പോഴേക്കും 30 ലക്ഷത്തോളം കാഴ്ചക്കാരിലേക്ക് എത്തിചേർന്നു കഴിഞ്ഞു. കേരളത്തിന് പുറത്തെ സ്വീകാര്യത കണക്കിലെടുത്ത് ചിത്രത്തിന്റെ തെലുങ്ക് പരിഭാഷയും പുറത്തിറക്കി. ഒരു സംവിധായകനെന്ന നിലയിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണിതെന്ന് ആഘോഷ് വെെഷ്ണവം പറയുന്നു. ''പുരുഷനാണെങ്കിൽ കൂടിയും എന്റെ അമ്മയിലൂടെ ആർത്തവ സമയത്തെ സ്ത്രീകളുടെ മാനസികാവസ്ഥയും പ്രയാസങ്ങളും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇതൊരു പ്രപഞ്ച സത്യമല്ലേ...''- സംവിധായകൻ മനസ്സു തുറക്കുന്നു.
അഡൽട്ടിലേക്ക്....
അമ്മ മരിച്ചുപോയ പെൺകുട്ടികൾ ആർത്തവകാലത്ത് എന്തു ചെയ്യും എന്നൊരു ചെറിയ ത്രെഡാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. പ്ലാന്റേഷൻ തൊഴിലാളിയായ അച്ഛനും അയാളുടെ മകളും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഒരു കഥ. അച്ഛൻ ജോലിക്കുപോയിരിക്കുന്ന സമയത്ത് മകൾക്ക് ആദ്യമായി ആർത്തവമുണ്ടാകുമ്പോൾ അവൾ അതിനെ എങ്ങിനെ മറികടക്കുന്നു എന്ന് അവതരിപ്പിക്കുന്ന ഒരു സബ്ജക്ട്.
അതുമായി മുന്നോട്ടുപോകവെയാണ് കോവിഡും ലോക് ഡൗണും വരുന്നത്. പ്രവാസികൾ നാട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അതിനിടെ എന്റെ സുഹൃത്തും കുടുംബവും നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. ഗർഭിണിയായ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ചെറിയ മകനുമാണ് ആദ്യം ടിക്കറ്റ് ശരിയായത്. അയാൾക്കും മകൾക്കും ടിക്കറ്റ് ശരിയായത് മറ്റൊരു ദിവസവുമായിരുന്നു. ആ സമയത്ത് അദ്ദേഹം എന്നെ ഫോണിൽ വിളിച്ച് ആശങ്കകൾ പങ്കുവച്ചു, ''മകൾ അമ്മയെ കാണാതെ അധികം നിന്നിട്ടില്ല. അവൾക്ക് അമ്മയുമായാണ് ഏറ്റവും അടുപ്പം. ഞാനുമായി നല്ല സൗഹൃദത്തിലാണെങ്കിലും ക്വാരന്റെെനിൽ ഇത്രയും ദിവസം ഇരിക്കേണ്ടി വരുമ്പോൾ അവൾക്ക് വിഷമമാകുമോ എന്നറിയില്ല''- അദ്ദേഹം അത് പറഞ്ഞവസാനിപ്പിച്ച് ഫോൺ വച്ചപ്പോഴും എന്റെ മനസ്സിൽ അതങ്ങനെ തന്നെ കിടന്നു. ഇതു കൂടാതെ മറ്റൊരു ഷൂട്ടിന്റെ ഭാഗമായ ഞാൻ മെഡിക്കൽ സ്റ്റോറിൽ നിന്ന് കുറച്ച് സർജിക്കൽ മാസ്ക് വാങ്ങാൻ പോയിരുന്നു. മാസ്ക് വാങ്ങി അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ എന്റെ ഒരു സുഹൃത്തിനെ കണ്ടു. എന്റെ കയ്യിലെ പൊതി കണ്ടപ്പോൾ അയാൾ സാനിറ്ററി നാപ്കിനാണെന്ന് തെറ്റിദ്ധരിച്ചു. അതെക്കുറിച്ച് എന്നോട് ചോദിക്കുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളും തമ്മിൽ കൂട്ടി യോജിച്ചപ്പോഴാണ് നേരത്തേ മനസ്സിൽ കരുതിയിരുന്ന അച്ഛന്റെയും മകളുടെയും കഥ കോവിഡ് പശ്ചാത്തലത്തിലേക്ക് മാറ്റിയത്.
സ്ത്രീകൾ മാത്രം അനുഭവിക്കുന്ന ഒരു ശാരീരിക മാനസികാവസ്ഥയാണ് ആർത്തവം. പുരുഷന് അത് നോക്കി നിൽക്കാനേ പലപ്പോഴും കഴിയൂ. ആർത്തവത്തിൽ സ്ത്രീകൾ കടന്നുപോകുന്ന വിഷമതകൾ തിരിച്ചറിഞ്ഞ് അവരെ പരിചരിക്കാൻ തയ്യാറാകുന്ന പുരുഷൻമാർ കുറവായിരിക്കും. ഇവിടെ മകളുടെ വിഷമം തിരിച്ചറിഞ്ഞ് താങ്ങായി നിൽക്കുന്ന അച്ഛനാണ് കഥാപാത്രം. സ്നേഹവും കരുതലുമുള്ള അച്ഛൻമാരോട് പൊതുവേ പെൺകുട്ടികൾ ഇതൊന്നും തുറന്ന് പറയാൻ മടിക്കുകയില്ല. അഥവാ മടിച്ചാൽ തന്നെ അച്ഛനത് മനസ്സിലാവുകയും അദ്ദേഹം മകളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യും.
ഒരിക്കലും അദ്ദേഹം മകളിൽ നിന്ന് അകന്ന് നിൽക്കില്ല, അവൾ എത്ര വലുതായാലും. ആർത്തവത്തിന് ശേഷം അച്ഛൻ-മകൾ ബന്ധത്തിൽ ചെറിയൊരു അകൽച്ചവരുമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അത്രയും കാലം അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങിയ കുട്ടിയെ അതിൽ നിന്നെല്ലാം വിലക്കുമെന്ന്. എല്ലാവരുടെയും കാര്യമല്ല, ചിലരെങ്കിലും സമൂഹത്തിൽ അങ്ങനെയാണ്. അതെല്ലാം മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ സ്ക്രീനിൽ പകർത്താനൊരു ശ്രമം നടത്തി. എന്റെ ആ ശ്രമം വിജയം കണ്ടതിൽ അതിയായ സന്തോഷമുണ്ട്. ചിത്രത്തെക്കുറിച്ച് എനിക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങളെയും ക്രിയാത്മകമായ വിമർശനങ്ങളെയും ഞാൻ പോസിറ്റീവായി കാണുന്നു.
സംവിധാനത്തോടൊപ്പം ക്യാമറയും ചലിപ്പിക്കുമ്പോൾ
ഒരു ഛായാഗ്രാഹകൻ എന്ന പേരിലാണ് ഞാൻ കൂടുതലും അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നത്. എന്നിരുന്നാലും ക്യാമറ ചെയ്യുന്നതിനോടൊപ്പം തന്നെ സുഖം, ഞരമ്പ് തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. എല്ലാ ഛായാഗ്രാഹകനിലും ഒരു സംവിധായകനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചത്. നിർമാതാവ് ശ്രീഹരിയുടെ പിന്തുണയും എടുത്തു പറയേണ്ടതാണ്. മനുവാണ് തിരക്കഥ. ദീപാങ്കുരനാണ് സംഗീത സംവിധാനം നിർവഹിച്ചത്. മീനാക്ഷിയ്ക്കും ബോബൻ സാമുവലിനും പുറമേ പ്രിയ വർമ, സണ്ണി കുരുവിള എന്നിവരും വേഷമിട്ടു. എഡിറ്റിങും കളർഗ്രേഡിങും ചെയ്തത് ഞാൻ തന്നെയാണ്. ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും അതിനെ ഏറ്റെടുത്ത പ്രേക്ഷകർക്കും ഞാൻ നന്ദി പറയുന്നു.
Content Highlights: Aghosh Vyshnavam interview on Adult Movie, Baby Meenakshi Anoop, Boban Samuel
Published: 05 Oct 2020, 05:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented