"നിനക്ക് പെരുമാടൻ ആരാന്ന് അറിയുവോടാ ഷാജീവാ..എല്ലാവരെയും വഴിതെറ്റിച്ച് വിടുന്ന ഭയങ്കരനാ....പെങ്ങള് തങ്ക പറഞ്ഞു തുടങ്ങുന്നതോടെ നിഗൂഡത നിറഞ്ഞ കാഴ്ച്ചകളും പ്രേക്ഷകന് മുന്നിൽ ചുരുളഴിയാൻ തുടങ്ങുകയായി...ജല്ലിക്കട്ടിന് ശേഷമെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമെന്ന നിലയിൽ 'ചുരുളി'യുടെ ട്രെയ്ലർ ശ്രദ്ധ നേടിയതിന് പിന്നാലെ ചിത്രത്തിന്റെ നിഗൂഢത വിളിച്ചോതുന്ന ട്രെയ്ലറിലെ പെൺ ശബ്ദവും ചർച്ചയായി. പ്രതിസന്ധിയുടെ സമയത്ത് തന്നെ തേടി വന്ന ഈ മഹാഭാഗ്യത്തെക്കുറിച്ച് പറയുകയാണ് ആ ശബ്ദത്തിനുടമയായ നടി ഗീതി സംഗീത. ഗീതിയുടെ വാക്കുകളിൽ ചുരുളി എന്നാൽ പുതുജന്മമെന്നാണ്. കോവിഡും ലോക്ക്ഡൗണും സമ്മാനിച്ച ഡിപ്രഷന്റെ നാളുകളിൽ പുതുവെളിച്ചമായെത്തിയ സിനിമയുടെ വിശേഷങ്ങളുമായി ഗീതി സംഗീത

To advertise here,

പെങ്ങൾ തങ്ക

പെങ്ങൾ തങ്ക എന്ന കഥാപാത്രത്തെയാണ് ചുരുളിയിൽ അവതരിപ്പിക്കുന്നത്. കുറച്ച് ലൗഡ് പെർഫോമൻസ് വേണ്ട കഥാപാത്രം.അതിന് വേണ്ടി അവർ പലരെയും നോക്കിയിരുന്നു. പ്രത്യേകതയുള്ള മുഖമായിരുന്നിരിക്കാം ലിജോ സാറിന് ആവശ്യമുണ്ടായിരുന്നത്. ഞാൻ ആദ്യം ചെയ്ത സിനിമയാണ് ക്യൂബൻ കോളനി അതിൽ ഒരു വില്ലത്തി കഥാപാത്രമായിരുന്നു എനിക്ക്. അതിന്റെ കാരക്ടർ പോസ്റ്റർ കണ്ടാണ് ചുരുളിയിലേക്ക് എന്നെ തിര‍ഞ്ഞെടുക്കുന്നത്. ചുരുളി എന്താണ് എന്ന് എനിക്കും സത്യത്തിൽ അറിയില്ല. എന്റെ ഭാഗം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഏറെ നിഗൂഢതകൾ ഉള്ള സിനിമയായിരിക്കും ചുരുളി. ഒരു എൽജെ മാജിക് ഇതിലും പ്രതീക്ഷിക്കാം.

ഹിറ്റായ ശബ്ദം

ചുരുളിയുടെ ട്രെയ്ലറിലെ എന്റെ ശബ്ദം ഭയങ്കരമായി ശ്രദ്ധിക്കപ്പെട്ടു. അത് കുറേ ഗ്രൂപ്പുകളിൽ ചർച്ചയായി. എന്റെ പല സുഹൃത്തുക്കളും എന്നെ വിളിച്ച് ചോദിച്ചു അത് ഗീതിയുടെ ശബ്ദം തന്നെയല്ലേ, മറ്റ് പല പേരുകളും പറഞ്ഞു കേൾക്കുന്നുണ്ടല്ലോ എന്ന്. അങ്ങനെയാണ് എന്റെ സുഹൃത്തുക്കളെങ്കിലും അറിഞ്ഞോട്ടെ എന്ന് കരുതി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. അങ്ങനെയാണ് ആ ശബ്ദം എന്റെ തന്നെയാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.  

ഞാൻ ചെയ്ത സിനിമകളിൽ എന്റെ കഥാപാത്രങ്ങൾക്ക് ഞാന് തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. അതിന് പുറമേ ചില പരസ്യങ്ങൾക്കും മറ്റും ശബ്ദം നൽകിയിട്ടുണ്ട്. ഡബ്ബിങ്ങ് ആർടിസ്റ്റ് ഒന്നുമല്ല, പക്ഷേ വ്യത്യസ്തതയുള്ള ശബ്ദമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ചുരുളിയുടെ ഡബ്ബിങ്ങ് കഴിഞ്ഞ ശേഷമാണ് ഒരു വോയ്സ് ഓവർ ഉണ്ട് ചെയ്യാമോ എന്ന് സാർ ചോദിക്കുന്നത്. എങ്കിലും ട്രെയ്ലറിനായി സാർ അത് ഉപയോഗിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അതിന് ആ ടീമിനോട് ഒരുപാട് നന്ദിയുണ്ട്.

വിഷാദ നാളുകളിലെ പുതുവെളിച്ചം

2020 ൽ പുറത്തിറങ്ങാനിരുന്ന എന്റെ ചില ചിത്രങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണം എന്ന് പറയുന്നത് ചുരുളിയും രാജീവ് രവി ഒരുക്കുന്ന തുറമുഖവുമാണ്. തുറമുഖത്തിൽ മൂന്ന് ഗെറ്റപ്പുകളാണുളളത്. അതിന് വേണ്ടി മെലിഞ്ഞും തടിച്ചുമെല്ലാം മാറ്റം വരുത്തിയിരുന്നു. സിനിമയുടെ ഷൂട്ട് എല്ലാം കഴിഞ്ഞതാണ്. ഡബ്ബിങ് നടന്നുകൊണ്ടിരിക്കുന്നു.

ഈ സിനിമകൾ ഇറങ്ങുമെന്നും കരിയറിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും വിചാരിക്കുന്ന സമയത്താണ് കൊറോണ വന്ന് എല്ലാം താറുമാറാക്കുന്നത്. ഇനി എന്നാണ് മറ്റൊരു സിനിമ എന്നെത്തേടി വരിക, ഈ ചിത്രങ്ങളൊക്കെ ഇനി എന്നിറങ്ങും എന്താണിനി സംഭവിക്കുക എന്ന ചിന്തകളൊക്കെ മാനസികമായി ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ആ സമയത്താണ് ചുരുളിയുടെ ട്രെയ്ലർ ഇറങ്ങുന്നത്. അത് എന്നെ സംബന്ധിച്ച് ഒരു പുതു പ്രതീക്ഷയെന്നോ പുതു ജന്മമെന്നോ എന്ത് വേണമെങ്കിലും പറയാം അതിനെ. ഏതാണ്ട് ഇരുപതോളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇത്ര സിനിമകൾ ചെയ്തിട്ടും എനിക്ക് ലഭിക്കാത്ത അംഗീകാരമാണ് ചുരുളിയുടെ ട്രെയ്ലർ പുറത്തിറങ്ങിയപ്പോൾ ലഭിച്ചത്. അത് വലിയ സന്തോഷമാണ്. പ്രത്യേകിച്ചും പ്രതിസന്ധിയുടെ ഈ കാലത്ത് എനിക്ക് കുറച്ച് നാൾ കൂടി ജീവിക്കാനുള്ള ഊർജമാണ് ചുരുളി നൽകുന്നത്.

എൽജെ ആരാധിക

ലിജോ സാറിനെ കുറിച്ച് പറയാനേ ഞാൻ ആളല്ല. എല്ലാവരെയും പോലെ സാറിന്റെ കടുത്ത ആരാധികയാണ്. എന്നെങ്കിലും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കണം എന്നാഗ്രഹിച്ച ആളാണ്. അത് വളരെ പെട്ടെന്ന് സംഭവിച്ചു. അതും വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം തന്നെ ലഭിച്ചു. അതെന്റെ വലിയ ഭാഗ്യം. നേരത്തെ പറഞ്ഞല്ലോ എന്റെ പോസ്റ്റർ കണ്ടാണ് സാർ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. നേരിട്ട് കാണുന്നത് ലൊക്കേഷനിലാണ്. അങ്ങനെ ഒരു പോസ്റ്റർ കണ്ട് തിരഞ്ഞെടുക്കണമെങ്കിൽ ഒരു ആർടിസ്റ്റിനെ കൊണ്ട് എങ്ങനെ തനിക്ക് വേണ്ടത് ചെയ്യിക്കാം എന്ന് പുള്ളിക്ക് അത്രയും വ്യക്തമായ ധാരണയുള്ളത് കൊണ്ടാണ്.

placeholder
ക്യൂബൻ കോളനി എന്ന ചിത്രത്തിൽ നിന്ന്

നാടകത്തിൽ ഉമ്മച്ചി, സിനിമയിൽ ഐശുമ്മ

നാടകത്തിലൂടെയാണ് സിനിമയിലെത്തുന്നത്. എന്റെ ആദ്യ ചിത്രം ക്യൂബൻ കോളനിയിലേക്ക് ഓഡിഷൻ വഴിയാണ് തിര‍ഞ്ഞെടുക്കപ്പെടുന്നത്. ലാൽ ജോസ് സാറിന്റെ നാൽപത്തിയൊന്നിലേക്ക് എന്നെ വിളിക്കുന്നത് ഞാൻ ചെയ്ത തുറമുഖം എന്ന നാടകം കണ്ടിട്ടാണ്. അതിലെ കേന്ദ്രകഥാപാത്രമായ ഉമ്മയെ നാടകത്തിൽ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ അത് സിനിമയാകുമ്പോൾ ആ കഥാപാത്രമായെത്തുന്നത് പൂർണിമയാണ്. ഐശുമ്മ എന്ന കഥാപാത്രത്തെയാണ് ഞാൻ സിനിമയിൽ അവതരിപ്പിക്കുന്നത്.

ആ അമ്മ വേഷത്തിന് നന്ദി ലാൽജോസ് സാറിനോട്

നാൽപത്തിയൊന്നിലെ നിമിഷയുടെ അമ്മ വേഷത്തിന് ലാൽജോസ് സാറിനോട് നന്ദി പറയണം. എന്റെ മെയ്ക്കോവറിന് ശേഷം പലരും പറഞ്ഞിരുന്നു നിമിഷയുടെ ഛായ ഉണ്ടെന്ന്. പലരും ചോദിച്ച ചോദ്യമാണ് എന്തുകൊണ്ട് ഈ പ്രായത്തിൽ അമ്മ വേഷം തിരഞ്ഞെടുത്തു എന്ന്. ഞാൻ നായികയാവാൻ വന്ന ആളല്ല. എന്നെ സംബന്ധിച്ച് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ആദ്യ സിനിമയിൽ വില്ലത്തിയാപ്പോൾ പലരും ചോദിച്ചിരുന്നു ടൈപ്പ്കാസ്റ്റ് ആയി പോകില്ലേ എന്ന്. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് ചെറിയ വേഷങ്ങൾ ഉൾപ്പടെ കുറച്ച്  വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് സാധിച്ചു.

placeholder
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

പ്രതീക്ഷകൾ, സ്വപ്നങ്ങൾ

ചുരുളിക്കും തുറമുഖത്തിനും പുറമേ ശരത് മേനോൻ ഒരുക്കുന്ന ഷെയ്ൻ നിഗം നായകനായെത്തുന്ന വെയിൽ, അമ്പിളി എസ് രംഗൻ സംവിധാനം ചെയ്യുന്ന ഇടി മഴ കാറ്റ് അതിൽ ചെമ്പൻ ചേട്ടന്റെ ഭാര്യയുടെ വേഷമാണ് എനിക്ക് ,പിന്നെ ഉല്ലാസം, സുമേഷ് ആൻഡ് രമേശ‌് എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. ഇതൊക്കെ ഇറങ്ങാനിരിക്കുന്നു .2020 അടിപൊളിയാകും എന്നൊക്കെ സന്തോഷിച്ചിരിക്കുന്ന സമയത്താണ് എല്ലാം തവിട് പൊടിയാവുന്നത്. വല്ലാത്തൊരു പ്രതിസന്ധി സമയമാണ് ഇത്. ഉള്ള ജോലിയെല്ലാം കളഞ്ഞാണ് സിനിമയോടും അഭിനയത്തോടുമുള്ള ഇഷ്ടം കാരണം നമ്മൾ ഇവിടെ നിൽക്കുന്നത്. അപ്പോഴാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. എല്ലാം എത്രയും വേഗം നേരയാവട്ടെ എന്ന പ്രാർഥന മാത്രമുള്ളൂ.

 

ഓ​ഗസ്റ്റ് ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്

 

Content Highlights : Actress Geethi Sangeetha interview Churuli Thuramukham Nalpathiyonnu