നടനും തിരക്കഥാകൃത്തുമായിരുന്ന ശ്രീനിവാസന്റെ ചിതാഭസ്മം കഴിഞ്ഞദിവസം തിരുവില്വാമലയ്ക്ക് സമീപം ഭാരതപ്പുഴയിൽ ഒഴുക്കി. ശ്രീനിവാസന്റെ കുടുംബത്തിനൊപ്പം സംവിധായകൻ സത്യൻ അന്തിക്കാടും ഭാര്യ നിമ്മിയും ആ കർമത്തിന് സാക്ഷിയാവാൻ എത്തിയിരുന്നു. സത്യന്റെയും ശ്രീനിയുടെയും ഒരുമിച്ചുള്ള ഒട്ടേറെ സിനിമായാത്രകൾക്ക് സാക്ഷിയായ ലേഖകൻ വേദനാകരമായ ഈ വേർപിരിയൽ കണ്ടുനിന്നതിന്റെ അനുഭവം എഴുതുന്നു...

To advertise here,

ഇവർ രണ്ടുപേരുടെയും എല്ലാ യാത്രകളും ഇങ്ങനെത്തന്നെയായിരുന്നു. ശ്രീനിവാസനെയും കാത്ത് കാറുമായി സത്യൻ അന്തിക്കാട് റോഡരികിൽ നിൽപ്പുണ്ടാകും. കാറിൽക്കയറി ശ്രീനിവാസൻ കുറച്ചുനേരം മിണ്ടാതിരിക്കും. പിന്നീട് ഒരു ചിരിയോടെ രണ്ടുവാക്കു ചോദിക്കും. അത് രണ്ടു പുഴകൾ ഒന്നായി ഒഴുകിത്തുടങ്ങുന്നതുപോലെയാണ്. സംസാരിച്ച്, സംസാരിച്ച് ഒഴുകിക്കൊണ്ടേയിരിക്കും.

പതിവുപോലെ ഇത്തവണയും സത്യൻ കാത്തുനിൽപ്പുണ്ടായിരുന്നു. തിരുവില്വാമലയ്ക്കടുത്ത് പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ഗെയ്റ്റിലാണു നിന്നിരുന്നത്. മഴ തകർത്തുപെയ്യുകയാണ്. മുന്നിലെ കാറിലാണ് ധ്യാൻ ശ്രീനിവാസനും കുടുംബവും വിമലയും. പുറകിലെ കാറിൽ വിനീതും കുടുംബവും. കാർ നിർത്തിയപ്പോൾ സത്യൻ പറഞ്ഞു: ‘‘ആ ബാഗ് ക്ഷേത്രപ്പറമ്പിലേക്കു കൊണ്ടുപോകേണ്ട. ഞങ്ങൾ അമ്പലത്തിനു പുറത്തുകൂടി കൊണ്ടുപോകാം. നിങ്ങൾ വണ്ടി പാർക്കുചെയ്ത് അകത്തെ വഴി വന്നോളൂ’’

തോരാമഴയിൽ കുടപിടിച്ചുനിൽക്കേ, ധ്യാൻ ശ്രീനിവാസൻ ചെറിയൊരു ബാഗെടുത്ത് സത്യന്റെ കൈയിൽക്കൊടുത്തു. സത്യനതു നെഞ്ചിലേക്കു ചേർത്തുപിടിച്ചു നടന്നുതുടങ്ങി. ആ കൊച്ചു ബാഗിൽ ശ്രീനിവാസന്റെ ചിതാഭസ്മമായിരുന്നു. അത് ഭാരതപ്പുഴയ്ക്ക് സമർപ്പിക്കാൻ നടക്കുകയാണ് എല്ലാവരും. പണ്ടും സത്യനും ശ്രീനിയും ഇങ്ങനെയായിരുന്നു. പരസ്പരം നെഞ്ചോടുചേർത്തു നടന്നവർ. ശ്രീനി മടിയനായതുകൊണ്ടു കുടപിടിക്കില്ല, സത്യൻ പിടിക്കുന്ന കുടയുടെ കീഴിൽ നടക്കാനായിരുന്നു അയാൾക്കിഷ്ടം. വാഹനങ്ങൾ ക്ഷേത്രവളപ്പിലേക്കു പോയി. മഴ ശമിച്ചുതുടങ്ങിയിരുന്നു.

ജനിച്ചതും പഠിച്ചതും കണ്ണൂരിലെ പാട്യത്താണെങ്കിലും ശ്രീനിയുടെ ജീവിതം അവിടെയായിരുന്നില്ല. ആദ്യം മദ്രാസിൽ, പിന്നെ കൊച്ചിയിൽ. പക്ഷേ, സിനിമാ എഴുത്തെല്ലാം ഭാരതപ്പുഴയുടെ തീരത്തുള്ള ഷൊർണൂരും ചെറുതുരുത്തിയിലും പരിസരത്തെ സങ്കേതങ്ങളിലുമായിരുന്നു. അവിടത്തെ എല്ലാ ഗസ്റ്റ് ഹൗസുകളിലും സിനിമാക്കാരുടെ സ്ഥിരം ഹോട്ടലുകളിലും ശ്രീനിയും സത്യനും മാറിമാറി താമസിച്ചു. ഭാരതപ്പുഴ അത്രയേറെ ഇരുവരുടെയും ജീവിതവുമായി ചേർന്നുനിന്നു. എറണാകുളത്തു താമസിച്ചുള്ള എഴുത്തിലും പുഴയുടെ പേരു വിട്ടുനിന്നില്ല -ഭാരത് ടൂറിസ്റ്റ് ഹോമായിരുന്നു അവിടത്തെ സങ്കേതം.

തൃശ്ശൂരിൽനിന്നു ഐവർമഠത്തിലേക്കു പുറപ്പെടുമ്പോൾ സത്യൻ അന്തിക്കാട് സംസാരിച്ചത് അവർ ഇരുവരും ചേർന്നുള്ള യാത്രകളെക്കുറിച്ചാണ്. ശ്രീനിയുമായി സിനിമ ആലോചിക്കാനും എഴുതാനുമിരുന്ന കാലമെല്ലാം യാത്രാക്കാലമാണ്. ഒരിക്കൽ ആഴ്ചകളോളം തൃശ്ശൂർ രാമനിലയത്തിലിരുന്ന് ആലോചിച്ചിട്ടും കഥാവഴികൾ തെളിഞ്ഞുവരാതിരുന്നപ്പോൾ സത്യൻ ചോദിച്ചു: ‘‘നമുക്കു മൂകാംബികയിലൊന്ന് പോയാലോ?’’

ശ്രീനി ദൈവവിശ്വാസിയല്ല. എന്നാൽ, വിശ്വാസത്തിന് എതിരുമല്ല. ചോദിച്ചാൽ എപ്പോഴും ശ്രീനി പറയുന്ന ഒരു ഉത്തരമുണ്ട്: ‘‘ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. ഉണ്ടാകാതിരിക്കുന്നതാണ് ദൈവത്തിനു നല്ലത്’’

എങ്കിലും മൂകാംബികയിൽ പോകാൻതന്നെ തീരുമാനിച്ചു. കിട്ടിയ ട്രെയിനിൽ റിസർവേഷൻപോലും നോക്കാതെ മംഗലാപുരത്തേക്ക്‌! മംഗലാപുരത്തുനിന്നും കർണാടക ട്രാൻസ്‌പോർട്ടിന്റെ സാദാബസ്സിൽ കൊല്ലൂരിലേക്ക്‌. സൗപർണികയിൽ കുളിച്ച് മൂകാംബിയെ തൊഴുത് പുറത്തിറങ്ങിയപ്പോൾ കുടജാദ്രിയിലേക്കു പോകാനായി ഒരു ഷെയർ ജീപ്പ് റെഡിയായിനിൽക്കുന്നു.

‘‘പോയാലോ?’’

അതിൽക്കയറി ആടിയുലഞ്ഞ് മലമുകളിലേക്ക്‌. ഭട്ടിന്റെ വീട്ടിൽ പടച്ചോറുണ്ട് താഴ്വരയിലേക്കു നോക്കിയിരുന്ന് ഒരു രാത്രി. പിറ്റേന്ന് മനസ്സിൽ പുതിയ വെളിച്ചവുമായി മലയിറങ്ങി.

പിന്നീടും തുടർച്ചയായ യാത്രകൾ...

അവ പോണ്ടിച്ചേരിയിലേക്കും ചെന്നൈയിലേക്കും നീണ്ടു. കേരളത്തിൽ അങ്ങോളമിങ്ങോളം മാരുതി 800 കാറിൽ യാത്രചെയ്തു. ഒരു കിലോമീറ്റർപോലും ശ്രീനി ഡ്രൈവുചെയ്തില്ല. സുഹൃത്തുക്കളുടെ അടുത്തും ചെറിയ ഇടങ്ങളിലും ഉറങ്ങി. കഥകൾ ജനിക്കുന്നതോടെ യാത്ര നിർത്തി എഴുത്തിനുപോയി.

യാത്രകൾ സിനിമകൾക്കുവേണ്ടി മാത്രമായിരുന്നില്ല. ശ്രീനിയെ രോഗങ്ങൾ അന്വേഷിച്ചെത്തിയപ്പോൾ തുടർച്ചയായി ശ്രീനിയുടെ വീട്ടിൽ സത്യൻ ചെന്നു; സംസാരിച്ചു. ആശുപത്രിയിൽ കൂട്ടിരുന്നു. അപ്പോഴും പരസ്പരം കളിയാക്കുന്നതും പരദൂഷണം പറയുന്നതും അവസാനിപ്പിച്ചില്ല. ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും ചിന്തിച്ചു, ഇവർക്ക് എന്താണിത്ര പറഞ്ഞു ചിരിക്കാനെന്ന്. ആ സംസാരങ്ങളെല്ലാം ശ്രീനിക്കു മരുന്നായിരുന്നു.

ഒന്നിച്ചുള്ള ആ യാത്ര ഈ പുഴയോരത്തുവെച്ച്‌ പൂർണമായും പിരിയുകയാണ്...

മഴ തോർന്നിരിക്കുന്നു. ചുവന്ന പട്ടുകൊണ്ടു പൊതിഞ്ഞ മൺകുടവുമായി ശ്രീനിവാസന്റെ ഭാര്യാസഹോദരനും സംവിധായകനുമായ മോഹൻ പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു. മോഹന്‌ ശ്രീനിവാസൻ ഗുരുകൂടിയാണ്. മോഹനാണ്‌ കലശവുമെടുത്തു പുറത്തെ വഴിയിലൂടെ കടവിനടുത്തെത്തിയത്. അമ്പലപ്പറമ്പിൽനിന്നു സത്യനും ഭാര്യ നിമ്മിയും ശ്രീനിയുടെ ഭാര്യ വിമലയും വിനീതും ധ്യാനും കുടുംബവും ശ്രീനിയുടെ ചിരകാല സുഹൃത്ത് ഖാലിദും ഭാര്യ സജിതയും പുറത്തേക്കുവന്നു.

പട്ടിൽപ്പൊതിഞ്ഞ കുടം എടുത്തുവെച്ചപ്പോൾ തൊട്ടടുത്ത് സത്യൻ നിന്നിരുന്നു. പൂവും അരിയും നൽകി വനീതും ധ്യാനും നമസ്‌കരിച്ച് എഴുന്നേറ്റു. അച്ഛനും എല്ലാ പൂർവസൂരികൾക്കുമുള്ള നമസ്‌കാരം. അവിടെമാത്രം വിനീത് ചെറുതായി പതറിപ്പോയി. കുടമെടുത്തു ഭാരതപ്പുഴയിലേക്കു നടന്നു. ഇറങ്ങുന്ന കടവിൽ ഒഴുക്കില്ല. ധ്യാനും വിനീതും പുഴയുടെ ഒഴുക്കുള്ള ഭാഗത്തേക്കു നടന്നു. ഭാരതപ്പുഴ എല്ലാ പ്രതാപവും കാണിച്ച് ഒഴുകുന്നിടത്തെത്തി. പതുക്കെ ചിതാഭസ്മം പുഴയിലേക്ക് ഒഴുക്കി. ശ്രീനിവാസന്റെ അവസാന ഭൗതികശേഷിപ്പ് പുഴ ഏറ്റുവാങ്ങി. ഇരുവരും മുങ്ങിനിവർന്നു. കടവിലോ പരിസരത്തോ ആരുമില്ല. പുഴയിലൂടെ തിരിച്ചുനടന്ന് അടുത്തെത്തിയപ്പോൾ മണൽത്തിട്ടയിലേക്കു കയറാൻ വിനീത് സത്യന്റെ കൈപിടിച്ചു. ശ്രീനിയും അങ്ങനെയായിരുന്നു. അയാൾക്ക് എന്നും പിടിക്കാനുള്ള കൈകളിലൊന്നായിരുന്നു സത്യന്റേത്.

എന്താണ് ഒഴുക്കിയതെന്ന് ധ്യാനിന്റെയും വിനീതിന്റെയും കുട്ടികൾക്ക്‌ അറിയില്ലായിരുന്നു. ആരുമൊന്നും സംസാരിച്ചില്ല. അവർ തിരിച്ചു ക്ഷേത്രം ഗസ്റ്റ്‌ ഹൗസിലേക്കു നടന്നു. വഴിനീളെ കുട്ടികളുടെ നനഞ്ഞവസ്ത്രത്തിൽനിന്നും വീഴുന്ന വെള്ളത്തിന്റെ മുദ്രകൾ. പിന്നെയും അവർ ഏറെനേരം സംസാരിച്ചിരുന്നു. വിങ്ങലിനിടയിലും ചിലപ്പോഴൊക്കെ ചിരികൾ വന്ന് മാഞ്ഞുപോയി. ചിതാഭസ്മം ഇപ്പോൾ പാലം കടന്നുപോയിക്കാണും. പൂർണമായും വേറിട്ടുപോകുന്ന ഈ നിമിഷത്തിൽപ്പോലും സ്വന്തം മക്കളെവരെ ശ്രീനി ചിരിപ്പിക്കുന്നു. ഭസ്മമായി മാറിയിട്ടുപോലും ശ്രീനിക്കത് കഴിയുന്നു.

തിരിച്ചുവരുമ്പോഴേക്കും വീണ്ടും മഴ കനത്തു. സത്യൻ പറഞ്ഞു: ‘‘ശ്രീനി വിട്ടുപോയി എന്നെനിക്ക്‌ പറയാൻ സാധിക്കുന്നില്ല. നമ്മൾ മാത്രമല്ല, ശ്രീനിയെ അടുത്തറിയാത്തവർപോലും മിക്കദിവസവും ശ്രീനിയെക്കുറിച്ചു സംസാരിക്കുന്നു. ചിരിക്കുന്നു, ചിന്തിക്കുന്നു. തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നില്ല എന്നേ ഉള്ളൂ’’

ഷൊർണൂരിൽനിന്ന്‌ എത്രയോതവണ അവർ തിരിച്ചുപോന്ന വഴിയിലൂടെ മടങ്ങുമ്പോൾ സ്നേഹത്താൽ നനഞ്ഞ ഓർമ്മകൾ സത്യനെ പൊതിഞ്ഞു: ‘‘ആറ്റൂർ വഴിയായിരുന്നെങ്കിൽ ഞങ്ങളവിടെ ഇറങ്ങി നാരായണേട്ടന്റെ ചായക്കടയിൽനിന്നൊരു മധുരം കമ്മി കാലി അടിച്ചേനെ’’

ധ്യാനും വിനീതും മുന്നിൽ കടന്നുപോയി. ഇരുവരും കുട്ടികളും കാറിൽനിന്നു ഞങ്ങളെ കൈവീശിക്കാണിച്ചു. ശ്രീനിവാസനപ്പോൾ കടലിനടുത്തെത്താറായിക്കാണും. അത്രയേറെ ശക്തമായിരുന്നു മഴയും ഒഴുക്കും. അതെ, അയാൾ പുഴ വിട്ടുപോകുകയാണ് -എല്ലാവരെയും പിരിഞ്ഞ്‌.