നടൻ, ​ഗായകൻ, സൽസ നർത്തകൻ, ഇപ്പോൾ കുമാരിയുടെ നിർമാതാവും; ഉയരങ്ങൾ താണ്ടി ജിജു ജോൺ


അഞ്ജയ് ദാസ്. എൻ.ടി

കടന്നുവന്ന വഴികളേക്കുറിച്ച് ജിജു ജോൺ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

INTERVIEW

ജിജു ജോൺ | ഫോട്ടോ: മുഹമ്മദ് ഷഹീർ. സി.എച്ച് | മാതൃഭൂമി

ജിജു ജോൺ എന്നുപറഞ്ഞാൽ പെട്ടന്ന് മനസിലായിക്കൊള്ളണമെന്നില്ല. പക്ഷേ ലൂസിഫറിലെ മാധ്യമപ്രവർത്തകനായ സഞ്ജീവ് എന്നുപറഞ്ഞാൽ മലയാളികളാരും രണ്ടാമതൊന്നാലോചിക്കാൻ ഇടയില്ല. അഭിനയജീവിതത്തിലേക്ക് എങ്ങനെയെത്തി എന്ന ചോദ്യത്തിന് പലവഴികൾ പറയാനുണ്ട് ജിജുവിന്. പോപ് ​ഗായകനാവണമെന്ന ആ​ഗ്രഹം കൊണ്ടുനടന്നിരുന്ന ചെറുപ്പക്കാരനായിരുന്നു ജിജു. അടങ്ങാത്ത ആ​ഗ്രഹത്തോടെ ശാസ്ത്രീയസം​ഗീതവും ഭരതനാട്യവും അഭ്യസിച്ചു. ഈ ബാലപാഠങ്ങൾ എത്തിച്ചതാകട്ടെ സൽസ ഡാൻസിലേക്കും ഇന്തോ- ലാറ്റിൻ സം​ഗീതമേഖലയിലേക്കും. ഇപ്പോൾ കുമാരി എന്ന മലയാളചിത്രത്തിന്റെ നിർമാതാവുകൂടിയാണ് ജിജു ജോൺ. കടന്നുവന്ന വഴികളേക്കുറിച്ച് ജിജു ജോൺ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

നിർമാതാക്കളിലെ താരനിര‌

ഫ്രഷ് ലൈം സോഡാസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഞാൻ, സംവിധായകൻ നിർമൽ സഹദേവ്, സം​ഗീത സംവിധായകൻ ജേക്സ് ബിജോയി, എഡിറ്റർ ശ്രീജിത്ത് സാരം​ഗ് എന്നിവരാണ് നിർമിച്ചത്. രണം എന്ന സിനിമയിലൂടെയാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്. കാരണം രണത്തിലാണ് മലയാളത്തിൽ ഞാനാദ്യമായി അഭിനയിച്ചത്. ഞങ്ങളുടെയെല്ലാം സിനിമയേക്കുറിച്ചുള്ള കാഴ്ചപ്പാടുകളെല്ലാം ഒന്നായിരുന്നു. ഒരുമിച്ച് നല്ല സിനിമകൾ ചെയ്യാം എന്ന ചിന്തയിൽ നിന്നാണ് സ്വന്തമായി പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നത്. പിന്നെ ഐശ്വര്യ ലക്ഷ്മി ഈ സിനിമയുടെ കോ പ്രൊഡ്യൂസർമാരിൽ ഒരാളാണ്. വേറെ മൂന്നുപേർ കൂടി സഹനിർമാതാക്കളായുണ്ട്.

കഥാപാത്രങ്ങളിലൂടെ വന്ന സ്ത്രീശാക്തീകരണം

വൺലൈൻ എന്നതിലുപരി നരേഷൻ ആയിത്തന്നെയാണ് നിർമൽ കുമാരിയേക്കുറിച്ച് പറഞ്ഞത്. കേരളത്തിലെ സമ്പന്നമായ ഐതിഹ്യങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരു പീരിയഡ് ചിത്രം. സ്ത്രീപക്ഷ സിനിമയായി ആലോചിച്ച ചിത്രമൊന്നും ആയിരുന്നില്ല. എന്നാൽ ഒരുതരത്തിലുള്ള സ്ത്രീശാക്തീകരണം കഥാപാത്രങ്ങളിലൂടെ വരുന്നുണ്ട്. മനഃപൂർവം എഴുതിച്ചേർത്തതല്ല. എഴുതിവന്നപ്പോൾ സ്വാഭാവികമായി രൂപപ്പെട്ടുവന്നതാണ്.

കുമാരിയായി ഐശ്വര്യ മാത്രം, സുരഭി ആദ്യം സമ്മതിച്ചില്ല

കാസ്റ്റിങ്ങിനേക്കുറിച്ച് നിർമലിന് ആദ്യംമുതലേ നല്ല വ്യക്തതയുണ്ടായിരുന്നു. കുമാരി എന്ന ടൈറ്റിൽ റോളിൽ ഐശ്വര്യയല്ലാതെ വേറൊരാളെ ആലോചിച്ചുപോലും ഇല്ല. സുരഭി ചെയ്യുന്നത് കുറച്ച് പ്രായമുള്ള കഥാപാത്രമാണ്. അവരുടെ അടുത്ത് ഈ കഥ പറഞ്ഞപ്പോൾ ചെയ്യാൻ ആദ്യം താത്പര്യം തോന്നിയിരുന്നില്ല. സുരഭി ചെയ്താലേ ശരിയാവൂ എന്നാണ് നിർമൽ പറഞ്ഞത്. അങ്ങനെ ആ കഥാപാത്രത്തേക്കുറിച്ച് വളരെ വിശദമായി പറഞ്ഞുകൊടുത്തതിന് ശേഷമാണ് അവർ ഈ സിനിമയിലേക്ക് വന്നത്.

ഫാന്റസി ചിത്രങ്ങൾ കുറവാണ് മലാളത്തിൽ

മലയാളത്തിൽ ഫാന്റസി ചിത്രങ്ങൾ എണ്ണത്തിൽ കുറവാണ്. മണിച്ചിത്രത്താഴ് സൈക്കോളജിക്കൽ ത്രില്ലറാണ്. പിന്നെ ഉള്ളത് അനന്തഭദ്രം, ശ്രീകൃഷ്ണപ്പരുന്ത്, വയനാടൻ തമ്പാൻ പോലുള്ള ചിത്രങ്ങളാണ്. വയനാടൻ തമ്പാനെല്ലാം വളരെ കുറച്ച് ആളുകൾ ചർച്ച ചെയ്യുന്ന ചിത്രമാണ്. ഒന്നാലോചിച്ചാൽ നമ്മുടെ സിനിമ പഴയകാലത്തിലേക്ക് തിരിച്ചുപോവുകയാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസ് നൽകിയ ബലം

കുമാരി തിയേറ്ററുകളിൽ അവതരിപ്പിക്കാൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ് പോലൊരു ബാനർ കിട്ടുകയെന്നുപറഞ്ഞാൽ വലിയ ഭാ​ഗ്യമാണ്. അതിലുപരി അനു​ഗ്രഹമാണ്. രണത്തിലൂടെയാണ് എനിക്ക് പൃഥ്വിരാജുമായി ഒരു ബന്ധമുണ്ടാവുന്നത്. അതിന് മുമ്പ് ഇവി‌ടെ എന്ന ശ്യാമപ്രസാദ് സാർ ചെയ്ത സിനിമയുടെ അസി.ഡയറക്ടറായിരുന്നു നിർമൽ. അന്നുമുതലേ പൃഥ്വിയും നിർമലും നല്ലൊരു ബന്ധമുണ്ട്. പൃഥ്വിയെ ഒരു സഹോദരനേപ്പോലെയാണ് നിർമൽ കാണുന്നത്. കുമാരിയുടെ കഥ പറഞ്ഞപ്പോൾ പൃഥ്വിരാജും സുപ്രിയയുമാണ് ഇതായിരിക്കണം നിന്റെ രണ്ടാമത്തെ സിനിമ എന്നുപറഞ്ഞ് നിർമലിന് ധൈര്യം കൊടുത്തത്. ഇതാദ്യമായാണ് പൃഥ്വിരാജ് അഭിനയിക്കാത്ത ഒരു സിനിമയ്ക്ക് അവരുടെ ബാനർ കൊടുക്കുന്നതും. നിർമൽ സഹദേവ് എന്ന സംവിധായകനിൽ ഉള്ള വിശ്വാസം കൊണ്ടുകൂടിയാണവർ അങ്ങനെയൊരു പിന്തുണ നൽകിയത്. ഞങ്ങളുടെ ആദ്യത്തെ നിർമാണസംരംഭമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ബാനർ വന്നപ്പോൾത്തന്നെ ഈ പ്രോജക്റ്റിന് അതൊരു ബലമായി.

കുമാരിയിൽ ജിജു ജോൺ

പൃഥ്വിരാജ് ഇല്ലാത്ത പൃഥ്വിരാജ് സിനിമ

കുമാരിയിൽ പൃഥ്വിരാജ് അഭിനയിക്കുന്നില്ല. ടീസറിൽ അഭിനയിച്ചത് ഞങ്ങൾക്കൊരു സഹായം ചെയ്തതാണ്. ടീസർ ഐഡിയ നിർമൽ പറഞ്ഞപ്പോൾ പൃഥ്വി സമ്മതിക്കുകയായിരുന്നു. കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയായിരുന്നു. ഇടയ്ക്ക് കുറച്ച് സമയം ഞങ്ങൾക്കായി വിട്ടുതന്നു. പിന്നെ ലൂസിഫറിൽ അഭിനയിച്ച ബന്ധം കൂടിയുണ്ട് ഞങ്ങൾ തമ്മിൽ. രണത്തിലെ എന്റെ ഭാ​ഗങ്ങൾ ഇഷ്ടപ്പെട്ടാണ് പൃഥ്വി ലൂസിഫറിലേക്ക് വിളിക്കുന്നത്. അഭിനേതാവ് എന്ന നിലയിൽ വലിയൊരു ഭാ​ഗ്യമാണത്. ഫിലിംമേക്കർ എന്ന നിലയിൽ എനിക്ക് വളരെ ആരാധനയുള്ളയാളാണ് പൃഥ്വിരാജ്. ലാലേട്ടനുമൊത്ത് സീനുണ്ട് കേട്ടോ എന്ന് പൃഥ്വി പറഞ്ഞിരുന്നു. സീനിനേക്കുറിച്ച് പറഞ്ഞപ്പോൾത്തന്നെ എനിക്ക് ഒരു കാര്യം വ്യക്തമായിരുന്നു. എന്റെ ഏത് സീൻ കട്ട് ചെയ്ത് കളഞ്ഞാലും ആ മാസ് രം​ഗം കളയില്ലെന്ന്. ലാലേട്ടന് വേണ്ടി എഴുതിയ സീനല്ലേ. നല്ല മൈലേജ് കിട്ടി ആ പടംകൊണ്ട്.

ഫോറൻസിക്കിനുവേണ്ടി രണ്ട് ലുക്ക്

ലൂസിഫറിന് ശേഷം ചെയ്തത് ഫോറൻസിക് ആണ്. കുറച്ച് തടി വെച്ചിരുന്നു. പിന്നെ കുറച്ച് പ്രായം ചെന്ന കഥാപാത്രവുമായിരുന്നു. ഡോ. അൽഫോൺസ് എന്നയാളെ കാണിക്കുമ്പോൾ പ്രേക്ഷകർക്ക് ഇയാളായിരിക്കും വില്ലനെന്ന് ഒരുതരത്തിലും സംശയം തോന്നാൻ പാടില്ല. വളരെ നിഷ്കളങ്കനാണയാൾ. പിന്നെ അയാളുടെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളും കാണിക്കുന്നുണ്ട്. താടി വളർത്തി, നര വെപ്പിച്ചു, മുടിയുടെ സ്റ്റൈലൊക്കെ മാറ്റി. ശരീരഭാഷയും ചെറുതായി മാറ്റിയിരുന്നു.

പോപ് ​ഗായകനാവാനായിരുന്നു ഇഷ്ടം

ചെറുപ്പത്തിൽ പോപ് ​ഗായകനാവാനായിരുന്നു ആ​ഗ്രഹം. ചെറുപ്പത്തിൽ എട്ടുവർഷം ശാസ്ത്രീയസം​ഗീതം അഭ്യസിച്ചിട്ടുണ്ട്. ഭരതനാട്യം പഠിച്ചിട്ടുണ്ട്. അമേരിക്കയിൽ ചെന്നതിന് ശേഷം അവിചാരിതമായാണ് സൽസ ഡാൻസിലേക്ക് ആകൃഷ്ടനായത്. ഒരു കൗതുകത്തിന് തുടങ്ങിയ കാര്യം ക്രമേണ എന്നെ ഒരു പ്രൊഫഷണൽ നർത്തകനാക്കി മാറ്റി. പത്തുവർഷത്തോളം അതുതുടർന്നു. പിന്നെ കോറിയോ​ഗ്രാഫറായി, സൽസ പഠിപ്പിക്കുന്നുമുണ്ടായിരുന്നു. സൽസയുടെ പശ്ചാത്തലംവെച്ച് ലാറ്റിൻ-ഇന്ത്യൻ ഫ്യൂഷൻ എന്ന വിഭാ​ഗത്തിൽ പാട്ടുകൾ ചെയ്യാൻ തുടങ്ങി. എന്നാൽ സമയത്തൊന്നും സിനിമയിലേക്ക് വരണം, നടനാകണം എന്നൊന്നും ആ​ഗ്രഹിച്ചിരുന്നില്ല. ആൽബം ചെയ്യുമ്പോഴാണ് ആദ്യം ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. ആ ചിത്രീകരണസമയത്ത് തന്നെയാണ് അഭിനയിക്കാൻ പറ്റും എന്ന ആത്മവിശ്വാസം വരുന്നത്. പിന്നെ യു.എസിൽത്തന്നെ മെത്തേഡ് ആക്ടിം​ഗ് പഠിച്ചു. അതിനുശേഷമാണ് അഭിനയത്തിലേക്ക് സീരിയസായി കടന്നത്. അതിന്റെ കൂടെ ചെറിയ പ്രൊഡക്ഷൻ പരിപാടികളും ഉണ്ടായിരുന്നു. ഹിന്ദി സിനിമകൾ നിർമിച്ചു. മലയാളത്തിലേക്ക് എങ്ങനെ വരും എന്ന് അപ്പോഴും ധാരണയുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് രണത്തിന്റെ ഓഡിഷന് വിളിക്കുന്നതും പങ്കെടുക്കുന്നതും തിരഞ്ഞെടുക്കപ്പെടുന്നതും.

സം​ഗീത സംവിധാനം ചെയ്യുമെന്ന് അധികമാർക്കും അറിയില്ല

ഞാനൊരു സ്വതന്ത്ര കലാകാരനാണ്. 2007-ലായിരുന്നു ആദ്യത്തെ ആൽബം റിലീസ് ചെയ്തത്. രം​ഗ് രം​ഗേലി യേ ദുനിയാ എന്ന ഹിന്ദി സൽസയായിരുന്നു അത്. അന്ന് റിലയൻസ് ബി​ഗ് എന്ന ലേബൽ എന്നെയും എടുത്തിരുന്നു. നടൻ ദേവാനന്ദിന് ആദരം നൽകുന്ന ഒരു ചടങ്ങിൽ ഞങ്ങളെല്ലാവരും ചേർന്ന് ലൈവായി പാടിയിരുന്നു. ഞാൻ യു.എസ് ബേസ്ഡ് ആണെന്ന് അവർക്കറിയില്ലായിരുന്നു. കേരളത്തിലാണെന്നാണ് കരുതിയിരുന്നത്. ഒരിക്കൽ എന്നോടവർ ചോദിച്ചു എന്നാണ് മുംബൈയിലേക്ക് സ്ഥിരമായി വരുന്നതെന്ന്. ഞാൻ പറഞ്ഞു എനിക്ക് അമേരിക്കയിൽ ജോലിയുണ്ട്, അറിയിച്ചാൽ ഏതുനിമിഷവും ഇന്ത്യയിൽ എത്താമെന്ന്. പക്ഷേ അവരത് സമ്മതിച്ചില്ല. എനിക്കാണെങ്കിൽ ജോലി ഉപേക്ഷിച്ച് വരാനും തോന്നിയില്ല. അങ്ങനെ ആ ഒരവസരം നഷ്ടമായി. അതിന് ശേഷം എന്റെ തന്നെ ലേബലിൽ പാട്ടുകൾ ചെയ്ത് ഇറക്കാൻ തുടങ്ങി.

സൽസ പോലെ എന്തിനെങ്കിലും മലയാളത്തിൽ സാധ്യതയുണ്ടോ?

തീർച്ചയായും ഉണ്ട്. എന്റെയൊരു വലിയ ആ​ഗ്രഹമാണ് ഡപ്പാംകൂത്തും സൽസയും ചേർന്ന ഒരു കോമ്പിനേഷൻ അവതരിപ്പിക്കണമെന്നത്. എന്നെങ്കിലുമൊരിക്കൽ ചെയ്താൽ കൊള്ളാമെന്നുണ്ട്. ഇപ്പോൾ സമയംകിട്ടാത്തതുകൊണ്ടാണ്. ഞാൻ സൽസ ചെയ്ത് തുടങ്ങുന്ന സമയത്ത് ഇന്ത്യയിൽ വളരെ കുറച്ച് ന​ഗരങ്ങളിലേ സൽസ പ്രചാരത്തിലായിട്ടുള്ളൂ. ഇപ്പോൾ കേരളത്തിലൊക്കെ വളരെയധികമുണ്ട്. പരിശീലനം നേടിയ നല്ല കലാകാരന്മാർ ഉള്ളതുകൊണ്ട് മലയാളത്തിലും ഇതെല്ലാം ചെയ്യാവുന്നതേയുള്ളൂ.

Content Highlights: actor giju john interview, kumari movie releasing, kumari movie producer giju john

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented