വെള്ളിത്തിരയില്‍ കത്തി നില്‍ക്കുന്ന ഒരു യുവതാരം. ചാര്‍ളി ചാപ്ലിന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട നായകന്‍. സ്വപ്‌ന സാക്ഷാത്ക്കാരമെന്നപോലെ 1954-ല്‍ ആ യുവാവ് തന്റെ ആരാധനാമൂര്‍ത്തിയെ കണ്ടുമുട്ടുന്നു. ആവേശഭരിതനായ ആ ചെറുപ്പക്കാരന്‍ ഇങ്ങനെ ആര്‍ത്തുവിളിച്ചു, 'ചാപ്ലിന്‍ നീണാള്‍ വാഴട്ടെ'. ലോകത്തെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ചാപ്ലിന് ആ വാഴ്ത്തല്‍ കേട്ട് ചിരിയടക്കാനായില്ല. ഒരുവിധം ചിരിനിര്‍ത്തിയ ചാപ്ലിന്‍ തിരിച്ചു പറഞ്ഞു, 'എന്റെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം' . അന്ന് ചാപ്ലിനെക്കണ്ട് ആര്‍ത്തുവിളിച്ച ആ യുവതാരമായിരുന്നു ബോളിവുഡിന്റെ എക്കാലത്തേയും മികച്ച നടന്മാരിലൊരാളായ ദേവാനന്ദ്. അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികദിനമാണ് സെപ്റ്റംബര്‍ 26.

To advertise here,

നടന്‍ എന്നതിലുപരിയായിരുന്നു ഇന്ത്യന്‍ സിനിമാലോകത്തിന് ദേവാനന്ദ് നല്‍കിയ സംഭാവന. എഴുത്തുകാരന്‍, നിര്‍മാതാവ്, സംവിധായകന്‍ അങ്ങനെ നീളുന്നു ആ പട്ടിക. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിജയിച്ച നടന്മാരില്‍ ഒരാളായിട്ടാണ് ദേവാനന്ദിനെ വിശേഷിപ്പിക്കുന്നത്. ആറ് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തില്‍ സാന്നിധ്യമായത് 100-ലേറെ ചിത്രങ്ങളില്‍. നിരവധി ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍. 2001-ല്‍ പദ്മഭൂഷണും 2002-ല്‍ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ദേവാനന്ദിനെ തേടിയെത്തി.

ചര്‍ച്ച്‌ഗേറ്റിലെ മിലിട്ടറി സെന്‍സര്‍ ഓഫീസില്‍ 65 രൂപ ശമ്പളത്തോടെയുള്ള ജോലി. അവിടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം. പിന്നീട് ഒരു അക്കൗണ്ടന്‍സി സ്ഥാപനത്തില്‍ ക്ലര്‍ക്കായി. 85 രൂപയായിരുന്നു പ്രതിഫലം. അങ്ങനെയിരിക്കേയാണ് 1946-ല്‍ പ്രഭാത് ഫിലിംസിന്റെ ഹം ഏക് ഹേ എന്ന ചിത്രത്തിലേക്കുള്ള അവസരം ലഭിക്കുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ സിദ്ദി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെ ആദ്യ ഹിറ്റ് ദജേവാനന്ദിനെ തേടിയെത്തി. ദേവാനന്ദ് എന്ന താരത്തിന്റെ വളര്‍ച്ച അവിടെ നിന്ന് ആരംഭിക്കുകയായിരുന്നു. 1950-കളില്‍ ബോളിവുഡ് പിന്തുടര്‍ന്ന ബോംബെ നോയര്‍ ചിത്രങ്ങള്‍ക്ക് തുടക്കമിട്ടത് ദേവാനന്ദ് ആയിരുന്നു. ബാസി എന്ന ചിത്രത്തിലൂടെ. ജാല്‍, ടാക്‌സി ഡ്രൈവര്‍, മുനിംജി, സി.ഐ.ഡി, പോക്കറ്റ് മാര്‍, ഫന്തൂഷ്, പേയിങ് ഗസ്റ്റ്, കാലാ പാനി തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പിന്നീട് വന്നു. ഇതില്‍ കാലാ പാനി ചില വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ഈ ചിത്രം പുറത്തുവന്നതിന് ശേഷം കറുത്ത വസ്ത്രം ധരിക്കുന്നതിന് സിനിമാലോകത്തുനിന്ന് അദ്ദേഹത്തിന് 'വിലക്ക്' നേരിട്ടിരുന്നു. 1958-ല്‍ കാലാ പാനിയുടെ റിലീസ് ദിവസം ഒരു ആരാധിക ജീവനൊടുക്കിയതായിരുന്നു ഇതിന് കാരണം.

മന്‍സില്‍, ജബ് പ്യാര്‍ കിസി സേ ഹോത്താ ഹേ, ഹം ദോനോ, അസ്ലി-നഖ്‌ലി, തേരേ ഘര്‍ കേ സാമ്‌നേ തുടങ്ങിയ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോ പരിവേഷവും ദേവാനന്ദിന് ലഭിച്ചു. പ്രശസ്ത ഹോളിവുഡ് താരം ഗ്രിഗറി പെക്കുമായും ദേവ് താരതമ്യം ചെയ്യപ്പെട്ടിരുന്നു. 1965-ല്‍ പുറത്തിറങ്ങിയ '​ഗൈഡ്' ദേവാനന്ദിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി മാറി. ആര്‍.കെ.നാരായണന്റെ നോവല്‍ ആസ്പദമാക്കിയെടുത്ത ചിത്രം 38-ാമത് അക്കാദമി പുരസ്‌കാര പട്ടികയിലും ഇടംപിടിച്ചു. 1967-ല്‍ ജ്യുവല്‍ തീഫ് എന്ന ചിത്രത്തിലൂടെ ത്രില്ലറിലും അദ്ദേഹം കൈവെച്ചു. ഈ ചിത്രത്തിലെ ചെക്ക് ഡിസൈനുള്ള തൊപ്പിവെച്ചുള്ള സ്റ്റൈല്‍ പിന്നീട് അദ്ദേഹത്തിന്റെ അടയാളംതന്നെയായി മാറി.

70കളിലാണ് ദേവാനന്ദിലെ സംവിധായകനെ ചലച്ചിത്രലോകം കാണുന്നത്. പ്രേം പൂജാരിയായിരുന്നു സംവിധാനം ചെയ്ത ആദ്യചിത്രം. തിരക്കഥയും അദ്ദേഹത്തിന്റേതുതന്നെ. ഹരേ രാമ ഹരേ കൃഷ്ണ, ഹീരാ പന്നാ, ദേശ് പര്‍ദേശ്, ലൂട്ട്മാര്‍, സ്വാമി ദാദാ, ഹം നൗജവാന്‍ തുടങ്ങിയ ചിത്രങ്ങളും ദേവാനന്ദിന്റെ സംവിധാനത്തിലെത്തി. 2011-ല്‍ പുറത്തിറങ്ങിയ ചാര്‍ജ്ഷീറ്റ് ആയിരുന്നു ദേവാനന്ദിന്റെ അവസാനചിത്രം. സംവിധാനം ചെയ്തതും നായകനായതും അദ്ദേഹംതന്നെ. പ്രശസ്ത നടി ദിവ്യ ഭാരതിയുടെ മരണവും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ദുരൂഹതകളുമായിരുന്നു 2011 സെപ്റ്റംബര്‍ 30-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രമേയം. ഇതേ വര്‍ഷം ഡിസംബര്‍ മൂന്നിന് ലണ്ടനില്‍ വെച്ചായിരുന്നു ദേവാനന്ദിന്റെ മരണവും.

രാഷ്ട്രീയത്തിലും സജീവമായി ഇടപെട്ടിരുന്നു ദേവാനന്ദ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥയ്‌ക്കെതിരെ ചലച്ചിത്രരംഗത്തുനിന്നുള്ള ഒരുപറ്റമാളുകളെ കൂട്ടി ശബ്ദമുയര്‍ത്തിയിരുന്നു അദ്ദേഹം. നാഷണല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും അദ്ദേഹം രൂപീകരിച്ചു. ഈ പാര്‍ട്ടി പക്ഷേ പിരിച്ചുവിടുകയായിരുന്നു.

ചടുലമായ സംസാരശൈലി പിന്നീടുവന്ന തലമുറയിലെ അഭിനേതാക്കള്‍ അനുകരിച്ചു എന്നത് ദേവാനന്ദിനുമാത്രം അവകാശപ്പെടാവുന്ന നേട്ടമായിരുന്നു. 195- മുതല്‍ 70കളുടെ തുടക്കം വരെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടനായിരുന്നു ദേവാനന്ദ്. ബോളിവുഡിന്റെ ആദ്യ ഫാഷന്‍ ഐക്കണ്‍, ബോളിവുഡിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ നടന്‍, റൊമാന്റിക് ഹീറോ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ദേവാനന്ദിന് മാത്രം സ്വന്തം. 2007-ല്‍ റൊമാന്‍സിങ് വിത്ത് ലൈഫ് എന്ന ആത്മകഥയും അദ്ദേഹം പുറത്തിറക്കി. പിറന്നാള്‍ പാര്‍ട്ടിക്കിടെ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആയിരുന്നു പുസ്തകപ്രകാശനം നിര്‍വഹിച്ചത്. 2011-ല്‍ പഴയ ചിത്രമായ ഹം ദോനോ ഡിജിറ്റൈസ് ചെയ്ത് കളര്‍ ചിത്രമായി റീ റിലീസ് ചെയ്യുകയും ചെയ്തു.

സിനിമയിലെ നായകന് സിനിമയെ അനുസ്മരിപ്പിക്കുംവിധമായിരുന്നു ജീവിതാനുഭവങ്ങളും. 1940-കളില്‍ ഗായിക കൂടിയായ സുരയ്യയുമായുള്ള ദേവാനന്ദിന്റെ പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് ദേവാനന്ദിനേക്കാള്‍ വിലകൂടിയ താരമായിരുന്നു സുരയ്യ. വിദ്യ എന്ന ചിത്രത്തിലെ കിനാരേ കിനാരേ ചലേ ജായേ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. അക്കാലത്ത് സുരയ്യക്ക് 3,000 രൂപയോളം വിലയുള്ള ഡയമണ്ട് മോതിരം ദേവാനന്ദ് സമ്മാനിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. വിവാഹംവരെയെത്തിയ ബന്ധം പിന്നീട് ഇരുവരും ഒരുമിച്ച് അവസാനിപ്പിക്കുകയായിരുന്നു. ദേവാനന്ദ് പിന്നീട് നടിയായ കല്‍പനാ കാര്‍ത്തിക്കിനെ വിവാഹം കഴിച്ചു. സുരയ്യ അവിവാഹിതയായി തുടരുകയും ചെയ്തു. ദോ സിതാരേ ആയിരുന്നു ദേവാനന്ദും സുരയ്യയും അവസാനമായി ഒരുമിച്ച ചിത്രം. കല്‍പ്പനയില്‍ ദേവാനന്ദിന് രണ്ട് മക്കളുണ്ട്. നിര്‍മാതാവും നടനുമായ സുനില്‍ ആനന്ദും ദേവിനാ ആനന്ദും. സുരയ്യയുമായി പ്രണയത്തിലായിരുന്നപ്പോള്‍ ദേവാനന്ദ് അവരെ വിളിച്ചിരുന്ന പേരായിരുന്നു ദേവിനാ എന്നതാണ് കൗതുകകരമായ കാര്യം.