നേട്ടക്കണക്കുകള്‍ക്ക് ഒരു വര്‍ഷമായി താത്കാലിക വിരാമം. വിപണിയില്‍നിന്ന് അപ്രതീക്ഷിത തിരിച്ചടി കിട്ടിയതില്‍ അസംതൃപ്തരാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും. 2020ന് ശേഷം വിപണിയെക്കുറിച്ച് രൂപപ്പെട്ട ധാരണകള്‍ മാറിമറിയുന്നു. വിപണിയിലെ തിരിച്ചുവരവിന് വന്‍കിട ഓഹരികള്‍ നേതൃത്വം നല്‍കുമെന്ന പരമ്പരാഗത വിശ്വാസവും അപ്രസക്തമാകുകയാണോ? മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്ക് വന്‍തോതില്‍ നിക്ഷേപമൊഴുകുന്നതിനാല്‍ തിരിച്ചുവരവിന് മിഡ്ക്യാപ് ഓഹരികള്‍ മുന്‍കയ്യെടുക്കുന്ന പ്രവണത കാണുന്നു.

To advertise here,

കമ്പനികളുടെ ഭാവി കാഴ്ചപ്പാടുകള്‍, മാനേജുമെന്റുകളുടെ സമര്‍ഥമായ നീക്കങ്ങള്‍, പ്രവര്‍ത്തനഫലം എന്നിവ കണക്കിലെടുത്തുള്ള നിക്ഷേപ സമീപനമാകും ഈ സാഹചര്യത്തില്‍ അനുയോജ്യം. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് വന്‍കിട-ഇടത്തരം ഓഹരികളില്‍ നിക്ഷേപം വൈവിധ്യവത്കരിക്കുന്നത് കൂടുതല്‍ നേട്ടത്തിന് സാധ്യത തുറന്നേക്കാം. അതോടൊപ്പം മികച്ച വന്‍കിട ഓഹരികളും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താം. കമ്പനികളുടെ രണ്ടാം പാദഫലങ്ങളില്‍ വളര്‍ച്ചയെക്കുറച്ചുള്ള സൂചനയുണ്ടെങ്കില്‍ മാത്രം നിക്ഷേപത്തിന് പരിഗണിക്കാം.

വിപണിയിലെ അസ്ഥിരത കണക്കിലെടുത്ത് നിക്ഷേപ തന്ത്രങ്ങളില്‍ മാറ്റംവരുത്തുന്നത് ഉചിതമായിരിക്കും. ഇടക്കിടെ ലാഭമെടുപ്പിന് സാധ്യത കൂടുതലായതിനാല്‍ ജാഗ്രതയോടെയുള്ള സമീപനമാകും ഉചിതം. പ്രവര്‍ത്തനഫലങ്ങളും ഉയര്‍ന്ന മൂല്യവും ഇടക്കിടെയുള്ള ലാഭമെടുപ്പുമായിരിക്കും വിപണിയുടെ ഗതി നിര്‍ണയിക്കുക.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍:

  • കമ്പനിയുടെ ബിസിനസിനെക്കുറിച്ച് മാനേജുമെന്റുകള്‍ നല്‍കുന്ന വിശദീകരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.
  • വരുമാനം, പാദവാര്‍ഷിക റിപ്പോര്‍ട്ടുകള്‍ എന്നിവ ശ്രദ്ധിക്കുക.
  • രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ക്കൊപ്പമുള്ള നിരീക്ഷണങ്ങള്‍ വിലയിരുത്തുക. മൂന്നാം പാദത്തിന്റെ തുടക്കത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടുവെന്ന് വ്യക്തമായ സൂചനയുണ്ടെങ്കില്‍ മാത്രം നിക്ഷേപം നടത്തുക.
  • കമ്പനികളുടെ വരുമാനമാകും വരും മാസങ്ങളില്‍ നിര്‍ണായകം. ഉയര്‍ന്ന മൂല്യത്തെ പിന്തുണയ്ക്കാന്‍ വരുമാന വളര്‍ച്ച കൂടിയേ തീരൂ.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ഒമ്പത് കമ്പനികളിലെ നിക്ഷേപ സാധ്യത വിലയിരുത്തുന്നു.

ദീപക് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് (Deepak Fertilisers & Petrochemicals)

  • നിലവിലെ വില: 1,432 രൂപ
  • ലക്ഷ്യവില: 1,805 രൂപ
  • നേട്ടസാധ്യത: 24.3 %
  • കാലയളവ്: ഒരു വര്‍ഷം.

വളം, കാര്‍ഷിക സേവനങ്ങള്‍, കെമിക്കലുകള്‍, മൈനിംഗ് കെമിക്കലുകള്‍ എന്നീ മേഖലകളാണ് കമ്പനിയുടേത്. അതോടൊപ്പം റിയല്‍ എസ്റ്റേറ്റ്, വിന്‍ഡ്മില്‍ ബിസിനസുമുണ്ട്. മഹാധന്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ കര്‍ഷകര്‍ക്ക് നൈട്രോ ഫോസ്‌ഫേറ്റ് (NP), നൈട്രജന്‍ ഫോസ്ഫറസ് പൊട്ടാസ്യം വേരിയന്റുകള്‍, വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍, ബെന്റോണൈറ്റ് സള്‍ഫര്‍ എന്നിവയുടെ ഒരു ശ്രേണി  വാഗ്ദാനം ചെയ്യുന്നു.

സിഇഎസ്സി ലിമിറ്റഡ് (CESC Limited)

  • നിലവിലെ വില: 170 രൂപ
  • ലക്ഷ്യവില: 210 രൂപ
  • നേട്ടസാധ്യത: 22 %
  • കാലയളവ്: ഒരു വര്‍ഷം.

വൈദ്യുതി ഉത്പാദനത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണിത്. കല്‍ക്കരി ഖനന മേഖലയിലും സാന്നിധ്യമുണ്ട്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ഹൗറ, ഹൂഗ്ലി, നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ സ്വന്തം ഉത്പാദന സൗകര്യങ്ങളോടെ വൈദ്യുതി വിതരണം നടത്തുന്നു. ഏകദേശം 800 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള താപ, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ അനുബന്ധ കമ്പനികള്‍ വഴി പ്രവര്‍ത്തിപ്പിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ, രാജസ്ഥാനിലെ കോട്ട, ഭരത്പൂര്‍, ബിക്കാനീര്‍, മഹാരാഷ്ട്രയിലെ മാലേഗാവ് എന്നിവിടങ്ങളിലും കമ്പനിക്ക് വിതരണ ലൈസന്‍സുണ്ട്. ഹാള്‍ഡിയ എനര്‍ജി ലിമിറ്റഡ് ഒരു പ്രധാന അനുബന്ധ സ്ഥാപനമാണ്.

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (V-Guard Industries)

  • നിലവിലെ വില: 360 രൂപ
  • ലക്ഷ്യവില: 430 രൂപ
  • നേട്ടസാധ്യത: 18 %
  • കാലയളവ്: ഒരു വര്‍ഷം.

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മാണം, വ്യാപാരം, വില്പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണിത്. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പ്രവര്‍ത്തനം. വോള്‍ട്ടേജ് സ്റ്റെബിലൈസറുകള്‍, ഡിജിറ്റല്‍ യുപിഎസ് സിസ്റ്റങ്ങള്‍, സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍, ഹൗസ് വയറിംഗ് കേബിളുകള്‍, പമ്പുകള്‍, സ്വിച്ച് ഗിയറുകള്‍, ഫാനുകള്‍, വാട്ടര്‍ ഹീറ്ററുകള്‍, കിച്ചന്‍ ഉപകരണങ്ങള്‍, എയര്‍ കൂളറുകള്‍ എന്നിവ പ്രധാന ഉത്പന്നങ്ങളാണ്.

ലുപിന്‍ ലിമിറ്റഡ് (Lupin Limited)

  • നിലവിലെ വില: 1941 രൂപ
  • ലക്ഷ്യവില: 2237 രൂപ
  • നേട്ടസാധ്യത: 15.5 %
  • കാലയളവ്: ഒരു വര്‍ഷം

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ലുപിന്‍. അമേരിക്ക, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ 100-ല്‍ അധികം രാജ്യങ്ങളില്‍ ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍, ബയോടെക്‌നോളജി ഉത്പന്നങ്ങള്‍, ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സ് (API) എന്നിവ വികസിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. ഹൃദ്രോഗം, പ്രമേഹം, ആസ്ത്മ, പീഡിയാട്രിക്‌സ്, ഗ്യാസ്‌ട്രോ-ഇന്റസ്‌റ്റൈനല്‍ തുടങ്ങിയ ചികിത്സാ വിഭാഗങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. സോഫ്‌റ്റോവാക്, ലുപിസൈം തുടങ്ങിയ ഓവര്‍-ദി-കൗണ്ടര്‍ (OTC) ഉത്പന്നങ്ങളും കമ്പനിക്കുണ്ട്.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് (Hindustan Aeronautics)

  • നിലവിലെ വില: 4881 രൂപ
  • ലക്ഷ്യവില: 5612 രൂപ
  • നേട്ടസാധ്യത: 15 %
  • കാലയളവ്: ഒരു വര്‍ഷം.

വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, എയറോ-എഞ്ചിനുകള്‍, ഏവിയോണിക്‌സ്, എന്നിവയുടെ രൂപകല്പന, വികസനം, നിര്‍മാണം, അറ്റകുറ്റപ്പണി, നവീകരണം, സേവനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണിത്. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (LCA), സു-30 എംകെഐ, ഡോര്‍ണിയര്‍ ഡോ-228 തുടങ്ങിയ വിമാനങ്ങളും, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (ധ്രുവ്), ചീറ്റ, ചേതക് തുടങ്ങിയ ഹെലികോപ്റ്ററുകളും നിര്‍മ്മിക്കുന്നു.

ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (Garden Reach Shipbuilders & Engineers)

  • നിലവിലെ വില: 2598 രൂപ
  • ലക്ഷ്യവില: 2900 രൂപ
  • നേട്ടസാധ്യത: 12 %
  • കാലയളവ്: ഒരു വര്‍ഷം

പ്രധാനമായും ഇന്ത്യന്‍ നേവിക്കും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനും വേണ്ടി കപ്പലുകള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനം. വാണിജ്യ കപ്പലുകളുടെ നിര്‍മ്മാണത്തിലും എഞ്ചിനീയറിംഗ്, എഞ്ചിന്‍ ഉത്പാദന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. ഷിപ്പ് ബില്‍ഡിംഗ്, എഞ്ചിനീയറിംഗ്, എഞ്ചിന്‍ എന്നിങ്ങനെ മൂന്ന് ഡിവിഷനുകളുണ്ട്. ഡെക്ക്-മെഷിനറി ഇനങ്ങള്‍, പോര്‍ട്ടബിള്‍ സ്റ്റീല്‍ പാലങ്ങള്‍ തുടങ്ങിയവയും നിര്‍മ്മിക്കുന്നു.

ഭാരതി എയര്‍ടെല്‍ (Bharti Airtel)

  • നിലവിലെ വില: 2019 രൂപ
  • ലക്ഷ്യവില: 2,244 രൂപ
  • നേട്ടസാധ്യത: 11 %
  • കാലയളവ്: ഒരു വര്‍ഷം

ഏഷ്യയിലെയും ആഫ്രിക്കയിലെയും 18 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി. മൊബൈല്‍ സേവനങ്ങള്‍ (ഇന്ത്യ, ആഫ്രിക്ക, ദക്ഷിണേഷ്യ), ടവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ ടിവി സേവനങ്ങള്‍, ഹോംസ് സര്‍വീസസ്, എയര്‍ടെല്‍ ബിസിനസ് എന്നിവയാണ് പ്രധാന പ്രവര്‍ത്തന വിഭാഗങ്ങള്‍. വയര്‍ലെസ് സാങ്കേതികവിദ്യയിലൂടെ (2G/3G/4G) വോയ്‌സ്‌, ഡാറ്റാ ടെലികോം സേവനങ്ങള്‍ നല്‍കുന്നു.

അള്‍ട്രാടെക് സിമന്റ് (UltraTech Cement)

  • നിലവിലെ വില: 12,175 രൂപ
  • ലക്ഷ്യവില: 13,722 രൂപ
  • നേട്ടസാധ്യത: 11 %
  • കാലയളവ്: ഒരു വര്‍ഷം

അടിത്തറ മുതല്‍ പൂര്‍ത്തീകരണം വരെയുള്ള നിര്‍മ്മാണ ആവശ്യങ്ങള്‍ നിറവേറ്റുന്ന സിമന്റ്, സിമന്റുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് അള്‍ട്രാടെക് സിമന്റ്. അള്‍ട്രടെക് സിമന്റ്, അള്‍ട്രാടെക് കോണ്‍ക്രീറ്റ്, അള്‍ട്രാടെക് ബില്‍ഡിംഗ് പ്രൊഡക്ട്‌സ്, ബിര്‍ള വൈറ്റ് സിമന്റ്, വൈറ്റ് ടോപ്പിംഗ് കോണ്‍ക്രീറ്റ് എന്നിവ കമ്പനിയുടെ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.അള്‍ട്രാടെക് ബില്‍ഡിംഗ് ഉത്പന്നങ്ങളുടെ ശ്രേണിയില്‍ ടൈല്‍സ് പശകള്‍, റിപ്പയര്‍ ഉത്പന്നങ്ങള്‍ (മൈക്രോക്രീറ്റ്, ബേസ്‌ക്രീറ്റ്), വാട്ടര്‍പ്രൂഫിംഗ് ഉത്പന്നങ്ങള്‍, ഇന്‍ഡസ്ട്രിയല്‍, പ്രിസിഷന്‍ ഗ്രൗട്ട്, പ്ലാസ്റ്ററുകള്‍ (റെഡിപ്ലാസ്റ്റ്, സൂപ്പര്‍ സ്റ്റുക്കോ), മേസനറി ഉല്‍പ്പന്നങ്ങള്‍ (ഫിക്‌സോബ്ലോക്ക്), ഭാരം കുറഞ്ഞ ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോണ്‍ക്രീറ്റ് ബ്ലോക്ക് എന്നിവയുമുണ്ട്.

മഹീന്ദ്ര & മഹീന്ദ്ര (Mahindra & Mahindra)

  • നിലവിലെ വില: 3,627 രൂപ
  • ലക്ഷ്യവില: 3,792 രൂപ
  • നേട്ടസാധ്യത: 4 %
  • കാലയളവ്: ഒരു വര്‍ഷം

ഓട്ടോമോട്ടീവ്, ഫാം എക്യുപ്മെന്റ് എന്നീ വിഭാഗങ്ങളിലെ ഉത്പന്നങ്ങളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വാഹനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, മൊബിലിറ്റി സൊലൂഷനുകള്‍, നിര്‍മാണ ഉപകരണങ്ങള്‍ എന്നിവയും അനുബന്ധ സേവനങ്ങളും ഉള്‍പ്പെടുന്നു. വാണിജ്യ വാഹനങ്ങള്‍, ട്രാക്ടറുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, നിര്‍മ്മാണ ഉപകരണങ്ങള്‍ വരെ നീളുന്ന നിരവധി ഉല്‍പ്പന്നങ്ങളും സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹോസ്പിറ്റാലിറ്റി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്, ലോജിസ്റ്റിക്‌സ്, പവര്‍ ബാക്കപ്പ്, റീട്ടെയില്‍, സ്റ്റീല്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ധനകാര്യം എന്നിവയും കമ്പിനിയുടെ പ്രവര്‍ത്തന മേഖലകളാണ്.

(പ്രവര്‍ത്തന ചരിത്രം, സെക്ടര്‍, സമീപകാല പ്രവര്‍ത്തന ഫലങ്ങള്‍, അറ്റാദായം എന്നിവ പരിഗണിച്ചാണ് വിവിധ അനലിസ്റ്റുകള്‍ ശുപാര്‍ശ ചെയ്ത ഈ ഓഹരികള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ലക്ഷ്യ വിലയുടെ കാലയളവും അവര്‍ നിശ്ചയിച്ചിട്ടുള്ളതാണ്. ദീര്‍ഘകാല ലക്ഷ്യത്തോടെ മാത്രം നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുക. ഓഹരിയിലെ നേരിട്ടുള്ള നിക്ഷേപം ഉയര്‍ന്ന നഷ്ടസാധ്യതയുള്ളതാണ്. സ്വന്തമായി വിശകലനം ചെയ്തശേഷം മാത്രം നിക്ഷേപം നടത്തുക.)