യുഎസ്-ഇറാൻ സംഘർഷം വിപണിയെ കലുഷിതമാക്കി. ഇറാനുമായുള്ള ഇടക്കാല കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചതോടെ വിപണി കനത്ത തിരിച്ചടി നേരിട്ടു. ഉച്ചയ്ക്കുശേഷം സെൻസെക്‌സിന് 1,784 പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 541 പോയന്റ് ഇടിഞ്ഞ് 23,900 നിലവാരത്തിലെത്തുകയും ചെയ്തു. നിഫ്റ്റി മിഡ്, സ്‌മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനംവരെ തകർച്ച നേരിട്ടു. ഇതോടെ നിക്ഷേപകരുടെ സമ്പത്തിൽ 10 ലക്ഷം കോടിയിലധികം നഷ്ടമായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 472 കോടിയായി കുറയുകയും ചെയ്തു.

To advertise here,

സൂചിക 

ഇടിവ് 

ശതമാനം

ക്ലോസിങ്‌

Sensex

1,677

2.15%

76,503

Nifty 50

516

2.12%

23,882

Bank Nifty

1,458

2.51%

56,742

പ്രധാന കാരണങ്ങൾ

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം

യുഎസ്-ഇറാൻ യുദ്ധം വീണ്ടും തുടങ്ങിയത് വിപണിക്ക് ആഘാതമായി. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയാണ് വിപണിയിൽ പെട്ടെന്നുള്ള തകർച്ചയ്ക്ക് വഴിവെച്ചത്.

ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചുവെന്നും ടെഹ്റാനുമായി ഇനി ചർച്ചകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത് നിക്ഷേപകർക്കിടയിൽ കനത്ത ആശങ്ക പടർത്തി. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിന് മറുപടിയായി ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചതും സ്ഥിതിഗതികൾ ഗുരുതരമാക്കി. വെടിനിർത്തൽ കരാറിന്റെ തകർച്ച അന്താരാഷ്ട്ര വ്യാപാര മേഖലയെ അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിട്ടു.

എണ്ണ വില കുതിച്ചു, രൂപയിൽ ഇടിവ്

  • ബ്രെന്റ് ക്രൂഡ്: രാജ്യാന്തര വിപണിയിൽ എണ്ണവില 5.66 ശതമാനം വർധിച്ച് ബാരലിന് 78.35 ഡോളറിലെത്തി.
  • രൂപയുടെ മൂല്യത്തകർച്ച: ക്രൂഡ് ഓയിൽ വില വർധനവും ഡോളർ കരുത്താർജിച്ചതും കാരണം രൂപയുടെ മൂല്യം 95.50 എന്ന നിർണായക നിലവാരത്തിന് താഴെയെത്തി.
  • ഇന്ത്യ VIX: വിപണിയിലെ അസ്ഥിരത അളക്കുന്ന ചാഞ്ചാട്ട സൂചിക 30 ശതമാനം ഉയർന്ന് 15.08 നിലവാരത്തിലെത്തി.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രെന്റ് ക്രൂഡിന്റെ വിലയിലുണ്ടായ വർധനവും രൂപയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പം കൂടാനിടയാക്കും. ഇറക്കുമതി ചെലവ് വർധിക്കും. പലിശ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് നിർബന്ധിതമാകുകയും ചെയ്യും.

വ്യവസായങ്ങൾക്ക് തിരിച്ചടി

മേഖല 

ആഘാതം/നഷ്ടം 

പ്രധാന കമ്പനികൾ 

പെയിന്റ്

ലാഭവിഹിതത്തിലെ ഇടിവ് 

ഏഷ്യൻ പെയിന്റ്‌സ്‌

വ്യോമയാനം 

വിപണി സമ്മർദം

ഇൻഡിഗോ

ഓട്ടോ 

1% ഇടിവ്

മാരുതി സുസുകി

എഫ്.എം.സി.ജി

1.5% ഇടിവ്

എച്ച്.യു.എൽ, ഐ.ടി.സി

ടയർ

ലാഭവിഹിത സമ്മർദം

വിവിധ കമ്പനികൾ

ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി എന്നീ ഓഹരികൾ കനത്ത വില്പന സമ്മർദം നേരിട്ടു. ക്രൂഡ് ഓയിൽ വില കുതിച്ചുയരുമ്പോൾ ആ വർധന ഉപഭോക്താക്കളിലേക്ക് കൈമാറാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ലാഭക്ഷമതയെ ബാധിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.

ആഗോള വിപണികളുമായുള്ള ബന്ധം

ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങൾ രാജ്യത്തെ സൂചികകളെയും ബാധിച്ചു. ജപ്പാനിലെ നിക്കി 1.5 ശതമാനം ഇടിഞ്ഞപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി ആറ് ശതമാനം താഴ്ന്നു. യുഎസ് 10 വർഷ ട്രഷറി ആദായം 4.565 ശതമാനമായി. വിദേശ നിക്ഷേപകർ ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളിൽ നിന്ന് പണം പിൻവലിക്കാനും സുരക്ഷിതമായ യുഎസ് ഫിക്‌സഡ് ഇൻകം അസറ്റുകളിലേക്ക് തിരിയാനും ഇത് ഇടയാക്കും.

നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദത്തിലെ കോർപ്പറേറ്റ് വരുമാനത്തെക്കുറിച്ചുള്ള ആശങ്ക തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യൻ സംഘർഷം കനത്ത ആഘാതമാകും വിപണിയിലുണ്ടാക്കുക. തികച്ചും അനിശ്ചിതമായ സാഹചര്യത്തിലൂടെയാണ് വിപണി ഇപ്പോൾ കടന്നുപോകുന്നത്.