
വെനിസ്വേലയിലേയും ഗ്രീൻലാന്റിലേയും പിടിച്ചടക്കൽ ഭീഷണികൾക്കു ശേഷം അമേരിക്കയുടെ ശ്രദ്ധ ഇപ്പോൾ ഇറാനിലേക്കു തിരിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ വിപണിയേയും സമ്പദ്ഘടനയേയും സംബന്ധിച്ച് ഈ ഭീഷണി അത്ര ഗൗരവമുള്ളതല്ല. കാരണം ഇന്ത്യ, ഇറാൻ വ്യാപാരവും ആഗോള എണ്ണ വിപണിയിലെ ഇറാന്റെ സാന്നിധ്യവും അത്ര വലുതല്ല. സാഹചര്യം അങ്ങനെയാണെങ്കിലും ഹ്രസ്വകാലയളവിൽ ആഗോള എണ്ണ വിപണിയിലും ഊർജ അനുബന്ധ വിപണികളിലും യുദ്ധ ഭീതി അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ആഗോള എണ്ണ വിപണിയിലെ ഇന്ത്യയുടെ ഉയർന്ന ആശ്രിതത്വം കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ വിപണിക്ക് ഈ സംഘർഷ സാധ്യതകൾ പരിഗണിക്കാതിരിക്കാനാവില്ല.
മധ്യ, ദീർഘ കാലയളവിൽ എണ്ണ വിതരണത്തിൽ എന്തെങ്കിലും തടസങ്ങളുണ്ടാകാനുള്ള സാധ്യത വിദൂരമാണ്. ആവശ്യത്തിനുള്ള ലഭ്യത മൂലം ആഗോള വിപണിയിൽ എണ്ണ വില ഏറെക്കുറെ സ്ഥിരമായി നിൽക്കുകയും ചെയ്യുന്നു. ആഗോള ഡിമാന്റ് അൽപം താഴ്ന്ന നിലയിലാണ്. ഒപെക് രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഉൽപാദനം നിയന്ത്രിതമായ തോതിലാണ്. വെനിസ്വേലയിലെ എണ്ണ വിപണി തുറന്നു വരികയുമാണ്. ഇക്കാരണത്താൽ ആഗോള വിപണി ഏറെക്കുറെ സന്തുലിതാവസ്ഥയിലാണ്. എന്നാൽ സംഘർഷ സാധ്യതകൾ ഇപ്പോഴും പ്രബലമാണ്. അതിനാൽ സ്വർണ്ണം, വെള്ളി എന്നീ സുരക്ഷിത നിക്ഷേപങ്ങൾക്ക് പ്രിയമേറുകയാണ്. ഇന്ത്യൻ വിപണിയിൽ വെള്ളിയുടെ വില കിലോയ്ക്ക് നാലു ലക്ഷം രൂപ കടന്നിരിക്കുന്നു, ഒരു മാസത്തിനിടയിൽ 60 ശതമാനം വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ 150 ശതമാനം വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. ഒരു വർഷത്തിനിടയിൽ 300 ശതമാനവും. അതു പോലെ സ്വർണ്ണത്തിന്റെ വിലയിൽ യഥാക്രമം 28 ശതമാനം. 46 ശതമാനം, 120 ശതമാനം എന്ന തോതിൽ വർധനയുണ്ടായി. കഴിഞ്ഞ ആഴ്ച അസംസ്‌കൃത എണ്ണ വില ബാരലിന് 70 ഡോളർ കടന്നിരുന്നു. ഇറാനിൽ യുദ്ധമുണ്ടാകുമെന്നുള്ള കണക്കു കൂട്ടലിലാണ് എണ്ണ വില ഉയരാൻ തുടങ്ങിയത്.
ഓഹരി വിപണിക്ക് ഇതൊരു തിരിച്ചടിയാണെങ്കിലും കമ്മോഡിറ്റി വിപണി ഈ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ചൂടു പിടിച്ചു വരുന്നുണ്ട്. വിപണിയെ ദോഷകരമായി ബാധിക്കുന്ന മറ്റു ഘടകങ്ങളിൽ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ അനിശ്ചിതമായി നീളുന്നതും അമേരിക്കയുമായി കാര്യമായ നയതന്ത്ര ഇടപെടലുകൾ നടക്കാത്തതും രൂപയുടെ കനത്ത മൂല്യ ശോഷണവും ഉൾപ്പെടുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആഗോള തലത്തിൽ ഡോളറിന്റെ മൂല്യത്തിലും കാര്യമായ ശോഷണം സംഭവിക്കുന്നുണ്ട് എന്നതാണ്. കോമ്പസിറ്റ് ഡോളർ ഇൻഡെക്‌സ് (ഉതഥ) ഒരാഴ്ചക്കുള്ളിൽ 99.5ൽ നിന്നും 96ലേക്ക് താഴ്ന്നിരിക്കുന്നു. ഇത് മറ്റു രാജ്യങ്ങൾ ഡോളറിനെ ഒഴിവാക്കുന്നതിന്റെ ഭാഗമായി സംഭവിച്ചതാണോ ഫെഡറൽ റിസർവ് നിരക്കു കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാലാണോ ആഗോള ബോണ്ട് യീൽഡ് ഉയരുന്നതിനാലാണോ അതോ ആഗോള സംഘർഷങ്ങൾ വർധിക്കുന്നതിനാലാണോ സംഭവിക്കുന്നതെന്നു വിലയിരുത്തേണ്ടിയിരിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ആഭ്യന്തര വിപണി മുന്നേറാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് . ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും ട്രംപിന്റെ താരിഫ് സംബ്ന്ധിച്ച ഭീഷണിക്ക് അയവു വന്നതും ആഗോള സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്നതും ഈ മുന്നേറ്റ ശ്രമങ്ങൾക്കു കരുത്തു പകർന്നിരുന്നു. എന്നാൽ നിരന്തരമായ ലാഭമെടുപ്പ് ഈ നീക്കത്തിനു തടയിട്ടു. അമേരിക്കയ്ക്കും ഇറാനുമിടയിൽ ഉരുണ്ടു കൂടുന്ന സംഘർഷങ്ങൾ അയവില്ലാതെ തുടുകയാണ്. വിദേശ നിക്ഷേപകരുടെ (FII) നിരന്തരമായ ഓഹരി വിൽപന ഈ ഇടിവിന് ആക്കം കൂട്ടി. അവർ ഇന്ത്യൻ വിപണിയിൽ ഓഹരി വിൽക്കുകയും മറ്റ് ഏഷ്യൻ വിപണികളിൽ (ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ) ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്തു. അമേരിക്കൻ സൈനിക സാന്നിധ്യം ഗൾഫ് മേഖലയിൽ വർധിച്ചിട്ടുണ്ട്. അമേരിക്കയും യുറോപ്യൻ സഖ്യ കക്ഷികളും മൂന്നു പ്രധാന ആവശ്യങ്ങളാണ് ഇറാനു മുന്നിൽ വെച്ചിട്ടുള്ളത്. ഒന്ന്, യുറേനിയം സംപുഷ്ടീകരണം പൂർണ്ണമായി ഉപേക്ഷിക്കുക, രണ്ട്, ബാലിസ്റ്റിക് മിസൈൽ ശേഖരം നശിപ്പിക്കുക. മൂന്ന്, മധ്യേഷ്യയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള സഹായം നിർത്തലാക്കുക. എന്നാൽ ഇക്കാര്യങ്ങളിൽ ഇറാന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
കഴിഞ്ഞയാഴ്ച ആഭ്യന്തര വിപണിയിൽ ചാഞ്ചാട്ടങ്ങൾക്കു കാരണമായത് പ്രധാനമായും പല കരാറുകളുടേയും കാലാവധി കഴിയുന്നതും , ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ആഗോള തലത്തിൽ നടന്ന കനത്ത ഓഹരി വിൽപനയും , യുഎസ് ഫെഡിന്റെ നിർണ്ണായകമായ യോഗം ആരംഭിക്കാനിരിക്കുന്നതും ആയിരുന്നു. പല പ്രധാന ഐടി കമ്പനികളുടേയും ത്രൈമാസ ഫലങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ മോശമായതാണ് കനത്ത ഓഹരി വിൽപനയിലേക്കു നയിച്ചത്. എന്നാൽ ഇന്ത്യ, യൂറോപ്യൻ യൂണിയൻ വാണിജ്യ കരാർ സാധ്യമായതിൽ അനുകൂല പ്രതികരണമല്ല ആദ്യമായി വിപണിയിൽ നിന്നുണ്ടായത്. വാഹന, പാനീയ ഓഹരികളിൽ ഇടിവുണ്ടായി. ഭാവിയിൽ കനത്ത മത്സരം നേരിട്ടേക്കാമെന്ന ഭീതിയിലായിരുന്നു ഇതുണ്ടായത്. എന്നാൽ ലോഹങ്ങൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, എണ്ണ, വാതക ഓഹരികൾക്കു പ്രിയമേറി. റിയൽ എസ്റ്റേറ്റ്, ഉപഭോക്തൃ ഉൽപന്നങ്ങൾ, എഫ്എംസിജി ഓഹരികളിൽ ഉയർച്ചയുണ്ടായതോടെ ലാഭമേടുപ്പും നടന്നു. ഇതിനു കാരണം കൂടുതൽ മുന്നേറ്റ സാധ്യതയുള്ള മേഖലകളിലേക്കു നിക്ഷേപകരുടെ ശ്രദ്ധ തിരിഞ്ഞതാണ്. ഇന്ത്യ, യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പൂർണ്ണമായ ഫലങ്ങൾ അടുത്ത വർഷം (2027) മുതലേ ലഭ്യമായിത്തുടങ്ങുകയുള്ളു എന്നു കണക്കാക്കുന്നു.
എന്നാൽ നിക്ഷേപകർ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന മൂന്നാം പാദഫലങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഇവയിൽ പലതും പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ല. തൊഴിൽ, അസംസ്‌കൃത വസ്തുക്കൾ എന്നിവയുടെ ചിലവിനത്തിൽ കാര്യമായ വർധനവുണ്ടായിട്ടുള്ളതിനാൽ പാദഫലങ്ങളിൽ ഹ്രസ്വ കാലത്തേക്ക് ഒരു മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല. അതിനാൽ ഹ്രസ്വ കാലയളവിൽ നിക്ഷേപകരുടെ ശ്രദ്ധ അമേരിക്ക-ഇറാൻ സംഘർഷ സാധ്യതകളിലേക്കും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചേക്കാവുന്ന ഉദാര വൽക്കരണ നടപടികളിലേക്കും നിക്ഷേപ, മൂലധന ചെലവിലേക്കും മാറിയേക്കാം. ട്രംപ് തീവ്രമായ ആക്രമണ സ്വഭാവം പ്രകടിപ്പിച്ചേക്കാമെങ്കിലും ഇറാന്റെ ഭാഗത്തു നിന്ന് വിട്ടു വീഴ്ചയ്ക്കുള്ള ശ്രമങ്ങൾ ഉണ്ടാകാനിടയുണ്ട്.
Content Highlights: Explore the impact of Q3 earnings results and escalating Middle East geopolitical tensions on global markets and your investment strategy.
Published: 01 Feb 2026, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented