കോവിഡ് കാലത്തെ ഇക്വിറ്റി ഡെറിവേറ്റീവ് ഇടപാടുകളുടെ വിവരങ്ങള്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പരിശോധിക്കുന്നു. 2020 ജനുവരിക്കും 2022 മാര്‍ച്ചിനും ഇടയില്‍ നടന്ന ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് ഇടപാടുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ കാലയളവില്‍ ഡെറിവേറ്റീവ് വ്യാപാരത്തിന്റെ തോത് ആസാധാണമായി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. 

To advertise here,

15 ലേറെ ഓഹരി ബ്രോക്കര്‍മാരോട് വിവരങ്ങള്‍ കൈമാറാന്‍ എന്‍.എസ്.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഹരി ഇടപാടുകാരുടെ കെ.വൈ.സി വിശദാംശങ്ങളും നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ട്രേഡ് ഓര്‍ഡറുകള്‍ നല്‍കിയ ഉപകരണങ്ങളുടെ ഐഡി, ഐപി വിലാസങ്ങളും ഉള്‍പ്പടെയുള്ളവയാണ് നല്‍കേണ്ടത്. ഇടപാട് നടത്തിയ ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ ഉള്‍പ്പടെയുള്ള സൂക്ഷമമായ വിവരങ്ങളാണ് ശേഖരിക്കുന്നത്. 

വിദൂര സ്ഥലങ്ങളിലെ ഫ്രാഞ്ചൈസികളായ സബ് ബ്രോക്കര്‍മാര്‍ ഡെറിവേറ്റീവ് ഇടപാടുകള്‍ക്കായി നിക്ഷേപകരുടെ യൂസര്‍ ഐ.ഡികളും പാസ്‌വേഡുകളും ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന് പുറത്തുനിന്ന് ഇടപാട് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ഓര്‍ഡര്‍ നല്‍കുന്ന സ്ഥലത്തേക്കുറിച്ചുള്ള സൂചന ഐ.പികളില്‍നിന്ന് ലഭിക്കും. ഒന്നിലധികം സ്ഥലങ്ങളില്‍നിന്ന് ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ടോയെന്നും ഇതിലൂടെ കണ്ടെത്താനാകും. ബ്രോക്കര്‍ക്ക് അനുമതിനല്‍കാതെയുള്ള ഇടപാടുകളും പരിശോധിക്കാന്‍ എന്‍.എസ്.ഇ ഉദ്ദേശിക്കുന്നുണ്ട്. 

എഫ് ആന്‍ഡ് ഒ ഇടപാടുകളുടെ പ്രതിദിന ശരാശരി 2020 ജനുവരിയിലെ 16.75 ലക്ഷം കോടിയില്‍നിന്ന് 2022 മാര്‍ച്ചിലെത്തിയപ്പോള്‍ 140.25 ലക്ഷം കോടിയായി ഉയര്‍ന്നിരുന്നു. 737 ശതമാനമാണ് വര്‍ധന. ഉയര്‍ന്ന ആസ്തിയുള്ള ഇടപാടുകാര്‍ ഡെറിവേറ്റീവ് വ്യാപാരത്തില്‍ കൂടുതല്‍ ഇടപെടുന്നതായാണ് വിലയിരുത്തല്‍. ആല്‍ഗോ ട്രേഡിങ് സംവിധാനം ഉപയോഗിക്കുന്നുണ്ടോയെന്നും എക്‌സ്‌ചേഞ്ച് പരിശോധിക്കും. മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ്, ഫോണ്‍ വിളി എന്നിവയിലൂടെയാണ് പ്രധാനമായും ഇടപാടുകള്‍ നടക്കുന്നത്. ഇതേക്കുറിച്ചും വിശദമായ വിവരങ്ങള്‍ കൈമാറാന്‍ എന്‍.എസ്.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്താണ് ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ്
മുന്‍ നിശ്ചയിച്ച തിയതിക്ക് ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനോ ഉള്ള കരാറുകളില്‍ ഏര്‍പ്പെടുന്നതാണ് ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ്. ഉദാരണത്തിലൂടെ വ്യക്തമാക്കാം: ഒരു കമ്പനിയുടെ 50 ഓഹരികള്‍ 100 രൂപക്ക് വാങ്ങാം എന്ന കരാറില്‍ ഒരു ട്രേഡര്‍ ഓര്‍ഡര്‍ നല്‍കിയതായി സങ്കല്‍പ്പിക്കാം. കരാര്‍ കാലാവധി തീരുന്ന ദിവസം ഓഹരിയുടെ വില 120 രൂപയായാലും 100 രൂപക്ക് ട്രേഡര്‍ക്ക് ലഭിക്കും. അങ്ങനെ ഒരു ഓഹരിയില്‍ നിന്ന് 20 രൂപയുടെ നേട്ടം ഉണ്ടാക്കാം. അതേസമയം, ആ ദിവസം ഓഹരി വില 80 രൂപയായി കുറഞ്ഞാല്‍ നഷ്ടമുണ്ടാകുകയും ചെയ്യും. മുഴുവന്‍ തുകയും നല്‍കാതെ മാര്‍ജിന്‍ നല്‍കിയാകും അവധി കരാറുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും. കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് ഓഹരിയുടെ വില കുറയുന്ന സാഹചര്യം ഉണ്ടായാല്‍ അധിക മാര്‍ജിന്‍ ട്രേഡര്‍ നല്‍കേണ്ടിവരും. 

നിശ്ചിത തിയതിയില്‍ വാങ്ങാനോ വില്‍ക്കാനോ അവകാശമുള്ളതും അതേസമയം ബാധ്യതയില്ലാത്തതുമാണ് ഓപ്ഷന്‍സ് കരാറുകള്‍. കാള്‍ ഓപ്ഷന്‍, പുട്ട് ഓപ്ഷന്‍ എന്നിങ്ങനെ ഓപ്ഷന്‍സ് രണ്ടുതരത്തിലുണ്ട്. നിശ്ചിത തിയതിയില്‍ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനുള്ള കരാറാണ് കോള്‍ ഓപ്ഷനിലുള്ളതെങ്കിലും ആ വില എത്തിയാല്‍ വാങ്ങാനുള്ള അവകാശം ട്രേഡര്‍ക്ക് ഉണ്ട്. അതേസമയം ബാധ്യതയുമില്ല. വാങ്ങാതിരുന്നാല്‍ എക്‌സ്‌ചേഞ്ചിന് നല്‍കേണ്ട പ്രീമയം മാത്രം നല്‍കിയാല്‍ മതിയാകും. പുട്ട് ഓപ്ഷനില്‍ ഭാവി തിയതിയില്‍ ഓഹരി നിശ്ചിത വിലയിലെത്തിയാല്‍ വില്‍ക്കാനുള്ള അവകാശമാണ് ട്രേഡര്‍ക്ക് നല്‍കുന്നത്. ഇതിനും ബാധ്യയില്ല. 

പെട്ടെന്ന് പണമുണ്ടാക്കാനുള്ള മോഹം
ആയിരങ്ങള്‍ ലക്ഷങ്ങളാക്കിയ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതാണ് ഡെറിവേറ്റീവ് ട്രേഡിങിന് വന്‍തോതില്‍ പ്രചാരം ലഭിക്കാന്‍ കാരണം. സാധാരണ ട്രേഡ് ചെയ്യുന്നവരേക്കാള്‍ ചെറിയ കാലയളവില്‍ ഇത്തരക്കാര്‍ വന്‍ ലാഭമുണ്ടാക്കുന്നുവെന്ന കഥകളാണ് അതിന് കാരണം. ഇതുകണ്ടുകൊണ്ടാണ് ട്രേഡര്‍മാര്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. 

10ല്‍ 9പേര്‍ക്കും നഷ്ടം
ഡെറിവേറ്റീവ് ട്രേഡിങ്ങില്‍ പത്തില്‍ ഒമ്പത് പേര്‍ക്കും നഷ്ടം നേരിടുന്നതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷം ഇടപാടുകാരുടെ ശരാശരി നഷ്ടം 1.1 ലക്ഷം രൂപയായിരുന്നു. 10 മുന്‍നിര ബ്രോക്കിങ് സ്ഥാപനങ്ങള്‍ വഴി വ്യാപാരം നടത്തിയവരില്‍ നടത്തിയ പഠനത്തില്‍നിന്നാണ് സെബിയുടെ ഈ കണ്ടെത്തല്‍. ഓഹരി നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന റിസ്‌കാണ് ഡെറിേേവറ്റീവ് ഇടപാടുകള്‍ക്കുള്ളത്. വിപണിയിലെ ചാഞ്ചാട്ടം കുറയുമോ കൂടുമോ എന്ന നിഗമനം ശരിയാകുന്നത് അനുസരിച്ചാണ് ലാഭവും നഷ്ടവും ഉണ്ടാകുന്നത്. 

antony@mpp.co.in