രണ്ടാമതൊരു ദക്ഷിണ കൊറിയന്‍ കമ്പനികൂടി ഇന്ത്യയില്‍ ഐ.പി.ഒയുമായെത്തി. എല്‍ജി ഇലക്ട്രോണിക്‌സിന്റെ ഇന്ത്യന്‍ വിഭാഗമാണ് പ്രാരംഭ ഓഹരി വില്പനയിലൂടെ 11,607 കോടി രൂപ സമാഹരിക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലാണ് കമ്പനിയുടേത്. അതായത് പ്രൊമോട്ടര്‍മാരായ കൊറിയന്‍ കമ്പനി ഓഹരികള്‍ വിറ്റ് പണമാക്കിമാറ്റുന്ന പ്രക്രിയ. സമാഹരിക്കുന്ന പണം കമ്പനിയുടെ വളര്‍ച്ചയ്ക്കല്ല ഉപയോഗിക്കുക എന്ന് ചുരുക്കം.

To advertise here,

ഇന്ത്യയിലെ ഉത്പാദന രംഗത്ത് മാതൃ കമ്പനി വീണ്ടും നിക്ഷേപം നടത്തുമെന്ന വാഗ്ദാനം മാത്രമാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് മുന്നിലുള്ളത്. ന്യായമായ മൂല്യത്തില്‍ ഓഹരികള്‍ വാഗ്ദാനം ചെയ്യുന്നതും ഈ ആശങ്കയെ മറികടക്കാനുള്ള നീക്കമായി കാണാം. മികച്ച പ്രതികരണം ലഭിച്ചിട്ടും അടുത്തയിടെ നടന്ന ഹ്യൂണ്ടായ് ഇന്ത്യയുടെ ലിസ്റ്റിങ് നിക്ഷേപകരെ നിരാശപ്പെടുത്തിയത് ഈ സാഹചര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്.

ന്യായമായ മൂല്യനിര്‍ണ്ണയം: വിപണിയിലെ കമ്പനിയുടെ സാന്നിധ്യം, ശക്തമായ വളര്‍ച്ച, കാര്യക്ഷമമായ ബിസിനസ്സ് മാതൃക എന്നിവ കണക്കിലെടുക്കുമ്പോള്‍ ഐപിഒയ്ക്ക് ന്യായമായ വിലയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. നേരത്തെ കണക്കാക്കിയിരുന്ന 1.3 ലക്ഷം കോടിയില്‍ നിന്ന് മൂല്യം ഗണ്യമായി കുറച്ചത് ഐപിഒയിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനാണ്.

ഇന്ത്യയോടുള്ള പ്രതിബദ്ധത: കൊറിയന്‍ മാതൃ കമ്പനി ഇന്ത്യയിലെ ഫാക്ടറി വിപുലീകരണത്തിനും ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി 600 മില്യണ്‍ ഡോളറിന്റെ പുനര്‍നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നുണ്ട്. ഓഹരി വിറ്റ് പണമാക്കുകയാണെങ്കിലും ഇന്ത്യയുടെ വളര്‍ച്ചയോടൊപ്പം നീങ്ങാനുള്ള കമ്പനിയുടെ താത്പര്യം വ്യക്തമാക്കുന്നു.

 

 

ഇഷ്യൂ വലുപ്പം

₹11,607 കോടി

ഇഷ്യൂ തരം

പൂർണ്ണമായും ഓഫർ ഫോർ സെയിൽ (OFS) - കൊറിയൻ മാതൃ കമ്പനിയായ എൽജി ഇലക്ട്രോണിക്സ്  ഓഹരികൾ വിൽക്കുന്നു.

വില നിലവാരം

ഒരു ഓഹരിക്ക് ₹1,080 മുതൽ ₹1,140 വരെ.

ഇഷ്യൂ തീയതി

ഒക്ടോബർ 7 മുതൽ ഒക്ടോബർ 9 വരെ.

മൂല്യനിർണ്ണയം (Valuation)

₹73,000 കോടി മുതൽ ₹77,000 കോടി വരെ. (മുമ്പ് പദ്ധതിയിട്ടിരുന്ന ₹1.3 ലക്ഷം കോടിയിൽ നിന്ന് വളരെ കുറവാണിത്).

പി/ഇ അനുപാതം

ഉയർന്ന വില നിലവാരത്തിൽ 35.1x (പോസ്റ്റ്-ഇഷ്യൂ അടിസ്ഥാനത്തിൽ).

വിപണിയിലെ ആധിപത്യം

28 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എല്‍ജി. വിവിധ ഉത്പന്ന വിഭാഗങ്ങളില്‍ നേതൃസ്ഥാനമുണ്ട്. 2025-ന്റെ ആദ്യ പകുതിയിലെ കണക്കനുസരിച്ച് കമ്പനിയുടെ വിപണി വിഹിതം താഴെ പറയുന്നവയാണ്:

  • വാഷിംഗ് മെഷീന്‍: 33.5%
  • റഫ്രിജറേറ്റര്‍: 29.9%
  • പാനല്‍ ടിവി: 27.5%
  • എയര്‍ കണ്ടീഷണര്‍: 20.6%
  • മൈക്രോവേവ്: 51.4%

പ്രവര്‍ത്തന മികവ്

ബിസിനസ്സ് വിഭാഗങ്ങള്‍: കമ്പനിയുടെ വരുമാനത്തിന്റെ 75% ഹോം അപ്ലയന്‍സസ് & എയര്‍ സൊല്യൂഷന്‍സ് വിഭാഗത്തില്‍ നിന്നും 25% ഹോം എന്റര്‍ടൈന്‍മെന്റ് വിഭാഗത്തില്‍ നിന്നുമാണ്.

റീട്ടെയില്‍ ശൃംഖല: ഓഫ്ലൈന്‍ റീട്ടെയില്‍ കമ്പനിയുടെ ശക്തികേന്ദ്രമാണ്. ആഭ്യന്തര വില്‍പ്പനയുടെ 77 ശതമാനവും ഇതുവഴിയാണ് നടക്കുന്നത്.

ഉത്പാദന സൗകര്യങ്ങള്‍: നോയിഡയിലും പൂനെയിലുമായി വ്യാപിച്ചുകിടക്കുന്ന നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രതിവര്‍ഷം 1.45 കോടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ട്.

സേവന ശൃംഖല: 13,368 എഞ്ചിനീയര്‍മാരും 1,000-ല്‍ അധികം സര്‍വീസ് സെന്ററുകളും അടങ്ങുന്ന രാജ്യത്തെ ഏറ്റവും വിപുലമായ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് നെറ്റ്വര്‍ക്കുകളില്‍ ഒന്ന് എല്‍ജിയുടേത്.

വളര്‍ച്ചാ അനുമാനം

എസ്ബിഐ സെക്യൂരിറ്റീസിന്റെ അഭിപ്രായത്തില്‍ എതിരാളികളെ അപേക്ഷിച്ച് എല്‍ജി മികച്ച മൂല്യനിര്‍ണ്ണയവും ഉയര്‍ന്ന വരുമാനവും വാഗ്ദാനം ചെയ്യുന്നു. FY23-FY25 കാലയളവിലെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR) പ്രവചനങ്ങള്‍ താഴെ പറയുന്നവയാണ്:

  • വരുമാനം: 10.8%
  • EBITDA: 28.0%
  • അറ്റാദായം (PAT): 27.8%

വിപണിയിലെ അവസരങ്ങള്‍

ഉപഭോക്തൃ വിപണി: വര്‍ധിച്ചുവരുന്ന മധ്യവര്‍ഗ്ഗവും നഗരങ്ങളിലെ ആവശ്യകതയും കാരണം ഇന്ത്യയിലെ വീട്ടുപകരണ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് വിപണി 2029 ഓടെ 10.9 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ബി2ബി (B2B) വിപുലീകരണം: എച്ച്വിഎസി (HVAC) സിസ്റ്റങ്ങള്‍, എല്‍ഇഡി സൊല്യൂഷനുകള്‍, ഇലക്ട്രോണിക് ബ്ലാക്ക്ബോര്‍ഡുകള്‍ തുടങ്ങിയ ബി2ബി വിഭാഗങ്ങളിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബി2ബി വിപണി അഞ്ച് വര്‍ഷത്തിനുള്ളില്‍ 14% വാര്‍ഷിക വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു.

എല്‍ജിയുടെ ന്യായമായ വിലനിര്‍ണ്ണയം, മാതൃ കമ്പനിയുടെ പുനര്‍നിക്ഷേപ പദ്ധതികള്‍, പ്രവര്‍ത്തന വ്യാപ്തി, വിപണിയിലെ ആധിപത്യം, ഉയര്‍ന്ന മാര്‍ജിനുള്ള ബി2ബി വിഭാഗങ്ങളിലേക്കുള്ള വൈവിധ്യവല്‍ക്കരണം എന്നിവയെല്ലാം ഓഫര്‍ ഫോര്‍ സെയിലിനെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ മറികടക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണം പിന്‍വലിക്കല്‍ നീക്കമായി കാണാതെ ഇന്ത്യയിലെ വളര്‍ച്ചാ അവസരങ്ങളില്‍ പങ്കാളിയാകാനുള്ള മാര്‍ഗമായി നിക്ഷേപകര്‍ ഇതിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.