മുംബൈ: പേരിലെ ആശയക്കുഴപ്പം ഒരു കമ്പനിയുടെ ഓഹരിവിലയില്‍ ഒറ്റദിവസത്തെ കുതിപ്പിനുകാരണമായി. പുതുതായി ഓഹരിവിപണിയില്‍ ലിസ്റ്റ്‌ചെയ്ത എല്‍ജി ഇലക്ട്രോണിക്‌സിന്റെ പേരിനോടുസാമ്യമുള്ള, കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള വാഹനഘടക നിര്‍മാണക്കമ്പനിയായ എല്‍ജി ബാലകൃഷ്ണന്‍ ബ്രദേഴ്‌സ് ഓഹരികളാണ് ഒറ്റദിവസം 15 ശതമാനത്തിലേറെ ഉയര്‍ന്നത്.

To advertise here,

ചൊവ്വാഴ്ച ഇഷ്യു വിലയേക്കാള്‍ 50 ശതമാനം ഉയര്‍ന്ന വിലയിലാണ് ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ലിസ്റ്റ് ചെയ്തത്. പിന്നാലെ എല്‍ജി ബാലകൃഷ്ണന്‍ ആന്‍ഡ് ബ്രദേഴ്‌സിന്റെ ഓഹരിവില കുതിച്ചു. എല്‍ജി ഇലക്ട്രോണിക്‌സിന്റേതെന്ന് തെറ്റിദ്ധരിച്ച് ചില നിക്ഷേപകര്‍ എല്‍ജി ബാലകൃഷ്ണന്‍ ലിമിറ്റഡില്‍ നിക്ഷേപം നടത്തിയതാകാം ഇതിന്റെ ഓഹരി വിലയിലെ കുതിപ്പിനുകാരണമായതെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭ്യമല്ല. ഓഹരിവില ഉയരാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്ന് കമ്പനി ഓഹരി വിപണിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികള്‍ക്ക് പെട്ടെന്ന് ആവശ്യക്കാര്‍ കൂടുകയായിരുന്നു. 20 ദിവസത്തെ ശരാശരി കണക്കനുസരിച്ച് 74,680 ഓഹരികളാണ് ദിവസം കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. ചൊവ്വാഴ്ച 6.56 ലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെ ഓഹരിവില 52 ആഴ്ചത്തെ ഉയര്‍ന്ന നിലവാരമായ 1640 രൂപയിലെത്തുകയും ചെയ്തു. ഇത് അധികം നീണ്ടുനിന്നില്ല. വ്യാപാരം അവസാനിച്ചപ്പോഴേക്കിത് 1367.6 രൂപയായി കുറഞ്ഞു. വ്യാഴാഴ്ച 1354.5 രൂപയാണ് ക്ലോസിങ് വില.

ഇരുചക്രവാഹനങ്ങള്‍ക്കും മറ്റും എന്‍ജിനുമായി ബന്ധിപ്പിക്കുന്ന ചെയിനുകള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. ഇതോടൊപ്പം അതിസൂക്ഷ്മത ആവശ്യമുള്ള വാഹനഘടകങ്ങളും ഉത്പാദിപ്പിക്കുന്നു. അമേരിക്കയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുന്നുണ്ട്. 1937-ല്‍ തുടങ്ങിയ കമ്പനിക്കിപ്പോള്‍ 19 ഉത്പാദനയൂണിറ്റുണ്ട്. 4319 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വിപണിമൂല്യം.