പോയവാരം വിപണിയുടെ തുടക്കം തീര്‍ത്തും ആവേശ രഹിതമായിരുന്നു. പ്രധാന കാരണം രണ്ടാം പാദ ഫലങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയില്ലാത്ത സാഹചര്യമായിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കുന്നതിന്റെ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ പ്രകടമായിരുന്നതിനാല്‍ അത് ആഭ്യന്തര, ആഗോള വിപണികളെ ദോഷകരമായി ബാധിച്ചു. ട്രംപ് നൂറു ശതമാനം താരിഫ് പുതുതായി ഏര്‍പ്പെടുത്തുമെന്നുള്ള ഭീഷണി മുഴക്കിയതാണ് സാഹചര്യം വഷളാക്കിയത്. ഇലക്ട്രോണിക് ഉത്പാദനത്തിന് ഏറെ നിര്‍ണ്ണായകമായ അപൂര്‍വ മൂലകങ്ങളുടേയും മറ്റ് അസംസ്‌കൃത വസ്തുക്കളുടേയും കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. എന്തായാലും ആ സംഘര്‍ഷ സാഹചര്യത്തിന് അല്‍പം അയവു വന്നിട്ടുണ്ട്. എങ്കിലും വ്യാപാര യുദ്ധം തുടരുന്ന സാഹചര്യമാണിപ്പോഴുമുള്ളത്. പ്രത്യേകിച്ച് ഇരു രാജ്യങ്ങളുടേയും തുറമുഖങ്ങളില്‍ കപ്പലുകള്‍ അടുപ്പിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ഫീസില്‍ 50-60 ഡോളര്‍ ഓരോ ടണ്ണിനും അധികമായി നല്‍കേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.

To advertise here,

ആഗോള വിപണികള്‍ ഏറെക്കുറെ സ്ഥിരത കൈവരിച്ചതിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയിലും കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബാങ്കിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ ഓഹരികളിലുണ്ടായ മുന്നേറ്റം ഏറെ നിര്‍ണ്ണായകമാണ്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്തേക്ക് സ്വകാര്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം നിക്ഷേപകര്‍ക്കിടയില്‍ ആത്മ വിശ്വസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഉദാരവത്ക്കരണം തുടരുന്നതിന്റെ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് സ്വകാര്യ ബാങ്കുകളില്‍ നിന്ന് പ്രമുഖര്‍ വരുന്നതോടെ ലാഭക്ഷമതയിലും പ്രകടനത്തിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് നിക്ഷേപകര്‍ കണക്കുകൂട്ടുന്നു. അമേരിക്ക ബയോസെക്വര്‍ ആക്ട് പുനരുജീവിപ്പിച്ചതിന്റെ ഭാഗമായി ഇന്ത്യയില്‍ അതിന്റെ കരാറടുത്ത ഉത്പാദകര്‍ക്ക് ആവേശം ഉണ്ടായിട്ടുണ്ട്. ഈ നിയമം ചൈനയില്‍ നിന്നുള്ള പല വിദേശ ബയോ ടെക് സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാകും. അത് ഫലത്തില്‍ ഇന്ത്യന്‍ ഉത്പാദകര്‍ക്ക് ഗുണകരമായി വന്നേക്കാമെന്ന് നിക്ഷേപകര്‍ കണക്കുകൂട്ടുന്നു.

കഴിഞ്ഞ ആഴ്ചയുടെ പകുതിയോടെ ഓഹരി വിപണിയില്‍ മുന്നേറ്റം പ്രകടമായിരുന്നു. അതിന്റെ പ്രധാന കാരണം അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ അടുത്ത യോഗത്തില്‍ നിരക്കു കുറയ്ക്കുന്നതിന് അനുകൂലമായ പ്രതികരണം നടത്തിയതാണ്. ഫെഡിനെ അതിനു പ്രേരിപ്പിച്ചത് അവിടെ ഉയരുന്ന തൊഴിലില്ലായ്മാ നിരക്കാണ്. മാത്രമല്ല, ഫെഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന നടപടികള്‍ ഉപേക്ഷിച്ച് ഉദാരമായ പണനയത്തിലേക്കു മാറുമെന്നും അദ്ദേഹം വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഇത് ആഗോള വിപണിയിലും മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അമേരിക്കയുടെ 10 വര്‍ഷ കാലാവധിയുള്ള ബോണ്ടുകളുടെ ആദായത്തില്‍ കുറവു വരികയും ഇന്ത്യന്‍ രൂപ നേരിയ തോതില്‍ ശക്തിയാര്‍ജിക്കുകയും ചെയ്തു. രൂപയുടെ ഈ നേട്ടത്തിനു പിന്നില്‍ ആര്‍ബിഐയുടെ ഇടപെടല്‍ നിര്‍ണ്ണായകമാണ്. ഇതിനെത്തുടര്‍ന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇന്ത്യയിലെക്കുള്ള തിരിച്ചുവരവിന് സാധ്യത കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷം കോടി രൂപയുടെ ഓഹരികളാണ് അവര്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാവുകയും ഓഹരി വാങ്ങലിലേക്കു മാറാനുള്ള സാധ്യതയുമാണ് ഇതിലൂടെ തെളിയുന്നത്. എന്നാല്‍ ഈ മുന്നേറ്റം നില നില്‍ക്കണമെങ്കില്‍ ഇന്ത്യന്‍ ഓഹരികളുടെ വരുമാന വളര്‍ച്ച മെച്ചപ്പെടേണ്ടതുണ്ട്. അത് നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തോടെ ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയത്ത് ഇന്ത്യയിലെ കുടുംബങ്ങളുടെ ചിലവഴിക്കല്‍ ശേഷിയിലും വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഓഹരികളുടെ വരുമാനത്തില്‍ വളര്‍ച്ചയുണ്ടാവുകയും അതോടൊപ്പംതന്നെ ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തില്‍ കുറവു വരികയും ചെയ്യുന്ന സാഹചര്യം സംജാതമായാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇന്ത്യയിലേക്കുള്ള വരവിന് ആക്കും കൂട്ടും.

ആഴ്ചയുടെ അവസാനമെത്തുമ്പോഴേക്കും ഓഹരി വിപണി തിരിച്ചുവരവിന് ആക്കം കൂട്ടുന്നതായാണ് കാണുന്നത്. അതിന് പ്രധാന കാരണം ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകളില്‍ വന്നിട്ടുള്ള പ്രകടമായ പ്രതീക്ഷകളാണ്. നവംബര്‍ മധ്യത്തോടെ ഒന്നാം ഘട്ട വ്യാപാര കരാറിലെത്തിച്ചേരാന്‍ കഴിയുമെന്നാണ് അമേരിക്കയിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം നല്‍കുന്ന സൂചന. ഇത് ഓഹരി വിപണിയെ മുന്നോട്ടു നയിക്കുന്നതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകമാണ്. ഓഹരി വിപണിയില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന അനുകൂല സാഹചര്യം ഹ്രസ്വ കാലയളവില്‍ തുടരാനാണിട. എങ്കിലും സ്ഥായിയായ മുന്നേറ്റം സാധ്യമാകണമെങ്കില്‍ ഓഹരികളുടെ വരുമാനവും കോര്‍പറേറ്റ് ഫലങ്ങളില്‍ നിന്ന് അനുകൂല സൂചനകള്‍ ലഭ്യമാവുകയും അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാവുകയും വേണം. വിപണിയില്‍ നില നില്‍ക്കുന്ന അനുകൂല സാഹചര്യത്തെ ശക്തിപ്പെടുത്തുന്ന മറ്റുഘടകങ്ങളില്‍ പ്രധാനമായത് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പണ നയത്തിലുണ്ടാകുന്ന മാറ്റവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തിരിച്ചുവരവും ഡോളര്‍ മൂല്യത്തിലുണ്ടാകുന്ന കുറവും ഓഹരി വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവുമാണ്.

ഒക്ടോബറിന്റെ ആദ്യപകുതിയില്‍ ഏകദേശം എണ്ണായിരം കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇത് കഴിഞ്ഞ മൂന്നു മാസമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ അവര്‍ നടത്തിയ കനത്ത വില്‍പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ മാറ്റമാണ്. മൂന്നു മാസത്തിനിടയില്‍ ഏകദേശം എണ്‍പതിനായിരം കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റഴിച്ചതായി കണക്കാക്കുന്നു. ഇക്കാരണത്താല്‍ തന്നെ ഇന്ത്യന്‍ വിപണി ഏറ്റവും മോശമായ വികസ്വര വിപണികളിലൊന്നായാണ് ഈവര്‍ഷം ഇതുവരെ കാണപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ക്കു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഇടക്കാലയളവില്‍ ഇന്ത്യന്‍ വിപണി മികച്ച നിലയില്‍ മുന്നേറുമെന്നു കണക്കാക്കപ്പെടുന്നു. വിപണിയില്‍ തകര്‍ച്ചയ്ക്കുള്ള സാധ്യത പരിമിതമാണ്. എന്നാല്‍ വിപണി മുന്നേറുവാനായി ഒട്ടനവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനം ഓഹരികളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുമെന്ന കണക്കു കൂട്ടലും അമേരിക്കന്‍ ഫെഡ് വരും മാസങ്ങളില്‍ നിരക്കു കുറയ്ക്കാനുള്ള സാധ്യതയും അതേത്തുടര്‍ന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്കു മടങ്ങിവരാനുള്ള സാധ്യതയും ഇന്ത്യ അമേരിക്ക വ്യാപാരക്കരാര്‍ അധികം വൈകാതെ സാക്ഷാത്കരിക്കപ്പെടുമെന്നുള്ള പ്രതീക്ഷയുമാണ്.

ഓഹരി വിപണി നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണം ഉപഭോക്തൃ കേന്ദ്രീകൃതമായ ഓഹരികള്‍ സൃഷ്ടിക്കുന്ന മുന്നേറ്റമാണ്. നിക്ഷേപകരുടെ പ്രധാന ശ്രദ്ധാ കേന്ദ്രമായി ഇപ്പോള്‍ നിലകൊള്ളുന്നത് ഉപഭോക്തൃ കേന്ദ്രീകൃതമായ കമ്പനികളും അവയുടെ ഓഹരികളുമാണ്. വലിയ ഉത്പാദന വളര്‍ച്ച ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ആഗോള സാമ്പത്തിക രംഗത്തുണ്ടായ പല തിരിച്ചടികളും, പ്രത്യേകിച്ച് സ്വതന്ത്ര വ്യപാരക്കരാറുകള്‍ അവതാളത്തിലായത്, ആഗോള ജിഡിപി വളര്‍ച്ചയിലുണ്ടായ കുറവ്, ഇവയെല്ലാം നിക്ഷേപകരെ പരിഭ്രാന്തരാക്കി. ഇക്കാരണത്താല്‍ അവര്‍ സ്വര്‍ണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളെ ആശ്രയിക്കുകയായിരുന്നു. അതിനാലാണ് സ്വര്‍ണ്ണം എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തിയത്. ആഗോള തലത്തില്‍ ഇത്തരം അനിശ്ചിതാവസ്ഥകള്‍ നില നില്‍ക്കുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണി ഏറെക്കുറെ സുരക്ഷിതമായി നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണം ഇന്ത്യയുടെ ആഭ്യന്തര സമ്പദ് ഘടന മികച്ച വളര്‍ച്ച പ്രദാനം ചെയ്യുന്നു എന്നതാണ്.

(ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍).