ഗോള സ്ഥിതിഗതികള്‍, ഉയര്‍ന്ന വാല്യുവേഷനെ തുടര്‍ന്നുള്ള ലാഭമെടുപ്പ്, വിദേശ സ്ഥാപന നിക്ഷേപങ്ങളുടെ വില്‍പന എന്നിവമൂലം ആഭ്യന്തര വിപണി താഴോട്ടു പോവുകയാണ്. ചൈനയിലെ വിലയിടിവ്, ആഗോള സംഘര്‍ഷങ്ങള്‍, കൂടിയ തോതിലുള്ള വിലക്കയറ്റ കണക്കുകള്‍ എന്നിവ കാരണം ആഗോള തലത്തില്‍ ഓഹരി വിപണികള്‍ സമ്മിശ്ര വികാരമാണ് പ്രകടിപ്പിക്കുന്നത്. പലിശ നിരക്കില്‍ 25 ബിപിഎസ് ഇളവു വരുത്താനുള്ള ഫെഡ് തീരരുമാനം നവംബറില്‍ നിന്നു ഡിസമ്പറിലേക്കു മാറ്റുമെന്നാണ് കരുതുന്നത്. 

To advertise here,

ചൈനയിലെ ഉത്തേജനം
ഘടനാപരമായ പ്രശ്നങ്ങള്‍ കാരണം ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയ ഉത്തേജക പദ്ധതികള്‍ ഏശാതെ പോകുന്ന സ്ഥിതിയുമുണ്ട്. ദീര്‍ഘകാല നിക്ഷേപകര്‍ ചൈനീസ് വിപണിയെ സമീപിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും ഹ്രസ്വകാല ട്രേഡര്‍മാര്‍ ആവേശത്തിലാണ്. എന്നാല്‍, അവരുടെ ഉത്തേജക പദ്ധതികള്‍ ഫലം കണ്ടാല്‍ നിക്ഷേപ കാലാവസ്ഥയില്‍ പുരോഗതിയുണ്ടാവും. ചൈനയില്‍ നിക്ഷേപിക്കുകയും ഇന്ത്യയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്ത തന്ത്രം.

പൊതുമേഖല ഓഹരികള്‍
രണ്ടു വര്‍ഷമായി മികച്ച പ്രകടനം നടത്തുന്ന പൊതുമേഖലാ സ്ഥാപന ഓഹരികള്‍ക്കാണ് മൂന്നു മാസത്തിനിടെ വലിയ ആഘാതമേറ്റത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രതീക്ഷ നിറഞ്ഞ കാഴ്ചപ്പാടുകള്‍ മൂലം ഈ ഓഹരികളുടെ നിലവാരത്തില്‍ കാര്യമായ മാറ്റമുണ്ടായെങ്കിലും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. വരുംദിനങ്ങളില്‍ പുരോഗതി നേരിയ തോതിലായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

ഈയിടെ ഉണ്ടായ തിരുത്തലിനെ തുടര്‍ന്ന് ദീര്‍ഘ കാല ശരാശരിക്കു മുകളിലായാണ് പൊതുമേഖലകളിലെ ഓഹരികളില്‍ ട്രേഡിങ് നടക്കുന്നത്. പ്രീമിയത്തില്‍ വരുത്തിയ കുറവ് ചെറിയ ആശ്വാസം പകരുന്നുണ്ടെങ്കിലും അസ്ഥിരത തുടരുക തന്നെയാണ്. ലാഭം, സര്‍ക്കാര്‍ ചിലവഴിക്കല്‍ എന്നിവ കുറഞ്ഞതാണ് പ്രധാന കാരണം. എന്നാല്‍, അമൃത്കാല്‍ പദ്ധതിയിലൂടെയുള്ള സര്‍ക്കാരിന്റെ ദീര്‍ഘകാല കാഴ്ചപ്പാട്, അടിസ്ഥാന സൗകര്യ വികസനം, റെയില്‍വേ, ഊര്‍ജ, പ്രതിരോധ മേഖലകള്‍ വഴി ആഭ്യന്തര നിര്‍മാണ മേഖലയിലെ  കുതിപ്പ് എന്നിവ കാരണം ഇത്തരം ഓഹരികളുടെ ദീര്‍ഘകാല അവസ്ഥ ശോഭനമാണ്. വരുംകാല വളര്‍ച്ച കണക്കിലെടുത്ത്, വില കുറയുമ്പോള്‍ പൊതുമേഖലാ ഓഹരികള്‍ വാങ്ങുന്നത് ഗുണം ചെയ്യും.

രണ്ടാംപാദ ഫലങ്ങള്‍
ദുര്‍ബലമായ രണ്ടാം പാദ ഫലങ്ങളെ തുടര്‍ന്ന് പരിധികളുടെ അടിസ്ഥാനത്തിലായിരുന്നു വിപണിയിലെ തുടക്കം. വെള്ളിയാഴ്ച കാലത്ത് നിഫ്റ്റി 24,598 എന്ന നിലയിലേക്ക് താഴ്ന്നു. മുമ്പത്തെ ആഴ്ച  ക്ലോസ് ചയ്ത 24,964 നേക്കാള്‍ 1.5 ശതമാനം താഴെയായിരുന്നു ഇത്. ആ ആഴ്ച നിര്‍ണായക പിന്തുണ പരിധിയായ 25,000 ത്തിനു മുകളിലെത്താന്‍ വിപണിക്കു കഴിഞ്ഞില്ല. കഴിഞ്ഞാഴ്ച ഇത് 24,800 നു താഴേക്കും പോയി. ധനകാര്യ സ്ഥാപനങ്ങള്‍, വാഹനം, ലോഹങ്ങള്‍ എന്നീ മേഖലകളില്‍ തെരഞ്ഞെടുത്ത വാങ്ങല്‍ നടന്നതു കാരണം 24,600 നിരക്കില്‍നിന്ന്, വെള്ളിയാഴ്ച ആദ്യ ഘട്ട വില്‍പനകള്‍ക്കു ശേഷം വിപണി കുതിച്ചു. സ്വകാര്യ ബാങ്കുകളുടെ ആദ്യ ഫലങ്ങള്‍ മെച്ചമായിരുന്നതിനാലാണ് ഇതു സംഭവിച്ചത്. ചൈനയുടെ മൂന്നാം പാദ ജിഡിപി പ്രതീക്ഷതിലും ഭേദപ്പെട്ടതിനാല്‍ ലോഹ മേഖലയും മികച്ച പ്രകടനം നടത്തി. ഇസിബി തുടര്‍ച്ചയായി പ്രഖ്യാപിച്ച നിരക്കിളവുകള്‍ ചില ഓഹരികള്‍ക്കു ഗുണം ചെയ്തു. നിഫ്റ്റി 50 പോയവാരം  24,854 ലാണ് ക്ലോസ് ചെയ്തത്. അടുത്ത പ്രധാന പിന്തുണ ഘട്ടങ്ങള്‍ 24,600, 24,300, 23,900-24,000 എന്നിങ്ങനെയായിരുന്നു.

പ്രതികൂലത്തെ അതിജീവിക്കാം
2021 മുതല്‍ ഇന്ത്യ നിലനിര്‍ത്തുന്ന കൂടിയ വാല്യുവേഷന്‍ തുടരാന്‍ കഴിയുമോ എന്ന കാര്യത്തിലാണ് ആശങ്കയുള്ളത്. വളര്‍ച്ച ചുരുങ്ങുന്നതാണ് പ്രധാന കാരണം. രണ്ടാം പാദ നിരീക്ഷണം, ആഗോളതലത്തിലും ആഭ്യന്തര തലത്തിലും ഡിമാന്റിലുണ്ടായ ഉലച്ചില്‍, സര്‍ക്കാര്‍ ചിലവഴിക്കലിലെ കുറവ് , വിലകളിലെ അസ്ഥിരത എന്നിവ കാരണം വരുമാന വളര്‍ച്ചയില്‍ വേഗക്കുറവ് അനുഭവപ്പെടും. ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ കോര്‍പറേറ്റ് ലാഭത്തിലെ വീണ്ടെടുപ്പ് നിരക്ക് പ്രതീക്ഷിച്ചതിലും താഴെയാണ്. നിഫ്റ്റി 50 ഓഹരികളുടെ നികുതി കഴിച്ചുള്ള ലാഭത്തില്‍ മുന്‍ പാദത്തെയപേക്ഷിച്ച് 4 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു.

വരുമാനത്തിലെ ഇടിവിനെച്ചൊല്ലിയുള്ള ഭയം യാഥാര്‍ത്ഥ്യമാവുകയാണ്. കോര്‍പറേറ്റ് ലാഭത്തിലുണ്ടാകാവുന്ന കുറവു കാരണം ഹ്രസ്വകാലയളവില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. കൂടിയ തോതിലുള്ള ആഗോള വിലക്കയറ്റം പ്രവര്‍ത്തന ലാഭത്തെ ബാധിക്കുകയാണ്. ആഗോള വിപണിയെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണിയുടെ പ്രകടനം മോശമാകാന്‍ ഇടയുണ്ട്. പണം ഒഴുക്കിലെ ഗതിമാറ്റവും ഇതിനൊരു കാരണമാണ്. എന്നാല്‍, ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാവി ശോഭനം തന്നെ. വന്‍കിട ഓഹരികള്‍, വളര്‍ച്ചോന്മുഖമായ വളം, കൃഷി, എഫ്എംസിജി, ഉപഭോഗം, ഊര്‍ജം, ഡിജിറ്റല്‍, അടിസ്ഥാന സികസന മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. വില കുറയുമ്പോള്‍ വാങ്ങുക എന്ന തന്ത്രമാണ് ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ അനുയോജ്യം.