To advertise here,

 

 

 

 

വലിയ പ്രതീക്ഷകളോടെയാണ് നിക്ഷേപകര്‍ പുതുവര്‍ഷത്തിലേക്ക് (സംവാത് 2082) പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും തികച്ചും വിഭിന്നമായി വിപണി പുതിയ ഉയരങ്ങളിലേക്ക് എത്തുകയും ഊര്‍ജസ്വലമാവുകയും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പവും വളര്‍ച്ചാ മുരടിപ്പും കഴിഞ്ഞ വര്‍ഷം വിപണിയെ ദുര്‍ബലമാക്കിയിരുന്നു. അതോടൊപ്പം ആഗോള സാമ്പത്തിക തകര്‍ച്ചയും യുദ്ധങ്ങളും അടിച്ചേല്‍പിക്കപ്പെട്ട ഉയര്‍ന്ന താരിഫും സാഹചര്യം വഷളാക്കി. എന്നാല്‍ പുതിയ വര്‍ഷം പ്രതീക്ഷകളുടേതാണ്. താഴ്ന്ന പണപ്പെരുപ്പവും തുടരുന്ന ഉദാരവത്ക്കരണ നടപടികളും മികച്ച പണ ലഭ്യതയും ഒരു പക്ഷെ ഉടനെ തന്നെ സാധ്യമായേക്കാവുന്ന അമേരിക്കയുമായുള്ള വ്യാപാര കരാറും വിപണിക്ക് ഉത്തേജനം പകരുന്നു.

 

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സിന്റെ കണക്കനുസരിച്ച് ഇത്തവണ ദീപാവലി ബിസിനസ് 6.05 ലക്ഷം കോടി രൂപയുടേതായിരുന്നു. സര്‍വ്വകാല റെക്കാര്‍ഡാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവാണുണ്ടായത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ (FY 26) യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനം വരെയാകാമെന്ന് റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നു. മുമ്പ് കണക്കാക്കിയിരുന്നത് 6.5 ശതമാനമായിരുന്നു. വാഹന വില്‍പന അടക്കമുള്ള പ്രാഥമികമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേയും അടുത്ത സാമ്പത്തിക വര്‍ഷത്തേയും (FY 27) വളര്‍ച്ചാ നിരക്കുകള്‍ പിന്നെയും ഉയര്‍ന്നേക്കാമെന്ന് ആര്‍ബിഐ കണക്കാക്കുന്നു. നവരാത്രിക്കും ദീപാവലിക്കുമിടയിലുള്ള 30 ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു എന്നാണ് ടാറ്റാ മോട്ടോഴ്സ് പറയുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് 33 ശതമാനം കൂടുതലാണ്.

ഉപഭോക്താക്കളുടേയും വ്യാപാരികളുടേയും ഉയര്‍ന്ന വിശ്വാസം കോണ്‍ഫെഡറേഷന്റെ സര്‍വേകളില്‍ വെളിപ്പെടുന്നുണ്ട്. വര്‍ധിച്ച ഉപഭോഗം ഉത്സവ കാലത്തിനു ശേഷവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പകുതി മികച്ചതാവുമെന്നു കരുതപ്പെടുന്നു. വിറ്റഴിക്കപ്പെട്ട ഉത്പന്നങ്ങളുടെ 80 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണ് എന്ന വസ്തുത ഏറെ പ്രതീക്ഷ നല്‍കുന്നു. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ പദ്ധതികള്‍ (മെയ്ക്കിന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നിവ ) ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം.

രണ്ടാം പാദത്തിലെ കമ്പനികളുടെ വരുമാന വളര്‍ച്ച ഏറെക്കുറെ ആരോഗ്യകരമായ നിലയിലാണ്. അവ 9 മുതല്‍ 11 ശതമാനം വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക ബിസിനസ് കണക്കുകളും മാനേജ്മെന്റുകളുടെ വിലയിരുത്തലുകളും സൂചിപ്പിക്കുന്നത് വരും പാദങ്ങളില്‍ (Q3,Q4) വരുമാന വളര്‍ച്ച ഉയരുമെന്നാണ്. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളുടെ വായ്പാ വളര്‍ച്ച മികച്ച നിലയിലാണ്. ഒക്ടോബര്‍ മൂന്ന് വരെയുള്ള കണക്കുകളനുസരിച്ച് ബാങ്കുകളുടെ നിക്ഷേപ വളര്‍ച്ചയേക്കാള്‍ ഉയര്‍ന്ന തോതിലാണ് വായ്പാ വളര്‍ച്ച. മുന്നോട്ടു നോക്കുമ്പോള്‍ വിപണിയിലെ പണ ലഭ്യത വര്‍ധിപ്പിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനവും അതിന്റെ ഭാഗമായി അവര്‍ കൈക്കൊള്ളുന്ന പല നടപടികളും ഉദാഹരണമായി എന്‍ബിഎഫ്സി ആസ്തികളുടെ റിസിക് വെയ്റ്റില്‍ കുറവു വരുത്തുക, ബാങ്കുകള്‍ക്കും എന്‍ബിഎഫ്സികള്‍ക്കും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക എന്നിവ കോര്‍പറേറ്റ് വരുമാന വളര്‍ച്ചയ്ക്ക് സഹായകമായിത്തീരാം. ഇവ വിദേശ നിക്ഷേപകരെ ആഭ്യന്തര വിപണിയിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനും കോര്‍പറേറ്റുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും അനുകൂലമാണ്.

12 മാസത്തിനിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റഴിച്ചത് 2.5 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്. പിന്‍വാങ്ങിയ വിദേശ നിക്ഷേപകര്‍ കുറഞ്ഞ മൂല്യ നിര്‍ണ്ണയമുള്ള ഓഹരികളും വിപണികളും എഐ ,സെമി കണ്ടക്ടര്‍ മേഖലകളിലെ ലാഭകരമായ നിക്ഷേപ സാധ്യതകളും അനുകൂല വ്യാപാര സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആ സാഹചര്യം ഇനി മാറിയേക്കാം. മൂന്നാം പാദം മുതല്‍ മിക്ച്ച വരുമാന വളര്‍ച്ച ഇന്ത്യയില്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലും ഇന്ത്യന്‍ ഓഹരികളുടെ മൂല്യ നിര്‍ണ്ണയത്തില്‍ വന്ന താഴ്ചയും അവരെ വീണ്ടും ഇവിടേക്ക് ആകര്‍ഷിച്ചേക്കാം. അടുത്ത ഒരു വര്‍ഷം മുന്നോട്ടുള്ള പ്രൈസ്ടു ഏണിങ്ങസ് അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് ഇപ്പോള്‍ ഓഹരികളുടെ വില നിലവാരത്തില്‍ കാര്യമായ കുറവുവന്നിട്ടുണ്ട്. പ്രാഥമിക കണക്കുകളനുസരിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പകുതിയില്‍ (H1) ആഭ്യന്തര വിപണിലെ വരുമാന വളര്‍ച്ച ഏകദേശം 10 ശതമാനമായിരുന്നത് രണ്ടാം പകുതിയില്‍ ഏകദേശം 14,15 ശതമാനത്തിനടുത്തേക്ക് എത്തിച്ചേര്‍ന്നേക്കാം. ഇതിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കുന്നത് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഒക്ടോബര്‍ മാസത്തെ ഓഹരി വാങ്ങലാണ്. അവര്‍ 12,000 കോടി രൂപയുടെ നിക്ഷേപമാണ് ആഭ്യന്തര വിപണിയില്‍ നടത്തിയത്. എന്നാല്‍ അതിനു മുമ്പുള്ള 3 മാസം കൊണ്ട് അവര്‍ 81,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

രണ്ടാമതായി വിശാല വിപണിയില്‍ നിന്നുള്ള വരുമാന വളര്‍ച്ചാ പ്രതീക്ഷ മികച്ചതാണ്. മിഡ്കാപ് ഓഹരികളില്‍ നിന്നുള്ള വരുമാന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. ഒന്നാം പകുതിയില്‍ നിഫ്റ്റി 50 സൂചികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ലാര്‍ജ് കാപ് ഓഹരികളിലെ വരുമാന വളര്‍ച്ച 7 മുതല്‍ 8 ശതമാനത്തില്‍ താഴെയായിരിക്കും. എന്നാല്‍ വിശാല സൂചികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓഹരികളില്‍ ഇത് 10 മുതല്‍ 12 ശതമാനം വരെ എത്തിയിരുന്നു. ഇത് സൂചിപ്പിക്കുന്നത് മിഡ് കാപ് ഓഹരികള്‍ക്ക് മികച്ച ഫലം നല്‍കാന്‍ സാധിക്കുമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മിഡ്കാപ് ഓഹരികള്‍ക്ക് ഹ്രസ്വ, മധ്യ കാലയളവില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചേക്കും. മിഡ്കാപ് ഓഹരികളുടെ ഉയര്‍ന്ന വില നിലവാരം (പ്രീമിയം വാല്യുവേഷന്‍) കഴിഞ്ഞ വര്‍ഷത്തെ 50 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 35 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. എന്നാല്‍ മൊത്തത്തില്‍ വിലയിരുത്തിയാല്‍ മിഡ്കാപ് ഓഹരികളുടെ മൂല്യം ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യത. പ്രത്യേകിച്ച് ഉയര്‍ന്ന വരുമാന വളര്‍ച്ച അവയില്‍ നിന്നും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍.

പോയവാരം വിപണിയുടെ തുടക്കം മികച്ചതായിരുന്നു. അതിനു കാരണം വിപണിയുടെ ഉപഭോഗ ആവശ്യങ്ങളും അമേരിക്കന്‍ വ്യാപാര കരാര്‍ ഉടന്‍ സാധ്യമാകാനിടയുണ്ട് എന്ന പ്രതീക്ഷയുമായിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയാന്‍ പോകുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനവും ആസിയാന്‍ ഉച്ചകോടിക്കിടയിലുള്ള ട്രംപ്-മോദി കൂടിക്കാഴ്ച സാധ്യമവുകയില്ല എന്ന വാര്‍ത്തകളും അമേരിക്ക റഷ്യയുടെ മേല്‍ അടിച്ചേല്‍പിച്ച പുതിയ ഉപരോധങ്ങളും വിപണിക്കു ക്ഷീണമായി. അമേരിക്കന്‍ ഉപരോധം ആഗോള എണ്ണ വിലയില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞാഴ്ചയില്‍ എണ്ണ വില ബാരലിന് 4 മുതല്‍ 5 ഡോളര്‍ വരെ ഉയര്‍ന്നിട്ടുണ്ട്. ഈ ഉപരോധം ആഗോള വിപണിയിലെ എണ്ണ ലഭ്യതയെ സാരമായി ബാധിച്ചാല്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകും. ഇന്ത്യ ലോകത്തിലെ മുന്‍നിര എണ്ണ ഇറക്കുമതി രാജ്യമായതിനാല്‍ താഴ്ന്ന എണ്ണ വില ഇന്ത്യയെ സാമ്പത്തികമായി ഏറെ സഹായിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നത് വിപണിക്ക് ഒട്ടും ആശാസ്യകരമല്ല. മികച്ച വിലയും വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്ന് എണ്ണ ലഭിക്കാനുള്ള സാധ്യതയും കണ്ടെത്തുന്നതുവരെ ഇന്ത്യന്‍ വിപണിയില്‍ ഇതൊരാശങ്കയായി നിലനില്‍ക്കും.

(ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)