രാജ്യത്തെ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായ പങ്കാളിത്തം ചെറുകിട നിക്ഷേപകരുടേതായിരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇത് സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി ആഭ്യന്തര നിക്ഷേപങ്ങള്‍ ശക്തമായ സാമ്പത്തിക സംസ്‌കാരത്തിന്റെ പിന്തുണയോടെ വിദേശ സ്ഥാപന നിക്ഷേപങ്ങളേക്കാള്‍ വേഗത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. പോര്‍ട്ഫോളിയോ വൈവിധ്യവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഭ്യന്തര നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇപ്പോള്‍ ഓഹരികളാണ്. ബാങ്ക് ഡിപ്പോസിറ്റ്, സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ് എന്നിവയെ അപേക്ഷിച്ച് ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സമ്പത്ത് സ്വരൂപിക്കുന്നതിന് ഏറ്റവും അനുയോജ്യം ഓഹരി വിപണിയാണെന്ന് അവര്‍ മനസിലാക്കിക്കഴിഞ്ഞു.
മ്യൂച്വല്‍ ഫണ്ടിലൂടെ 2024ല്‍ 4.3 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചത്. ചെറുകിട നിക്ഷേപകരുടെ സംഭാവനയായ 1.2 ലക്ഷം കോടി രൂപ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ നിക്ഷേപ തുകയാണ്. ഇതേ കാലയളവില്‍ വിദേശ സ്ഥാപന നിക്ഷേപങ്ങളിലൂടെ 9,600 കോടി രൂപ പുറത്തേക്കൊഴുകി. കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി ആഭ്യന്തര ഓഹരി വിപണിയിലേക്കുണ്ടായ പണമൊഴുക്കു കാരണം ചെറുകിട നിക്ഷേപകരുടെ ഇഷ്ട വിഭാഗമായ ഇടത്തരം, ചെറുകിട ഓഹരികളില്‍ വലിയ കുതിപ്പുണ്ടായി.
2020നു ശേഷം ഇടത്തരം, ചെറുകിട ഓഹരികളുടെ മൂല്യം വര്‍ധിയ്ക്കാന്‍ ഇത് കാരണമായി. ഉദാഹരണത്തിന്, 2024ല്‍ ഇടത്തരം ഓഹരികളുടെ വന്‍കിട ഓഹരികളുമായുള്ള വാല്യുവേഷന്‍ അനുപാതം 60 ശതമാനമായി ഉയര്‍ന്നു. ദീര്‍ഘകാല ശരാശരിയായ 20 ശതമാനത്തേക്കാള്‍ മൂന്നു മടങ്ങു കൂടുതലാണിത്. ഇടത്തരം, ചെറുകിട ഓഹരികളെ ലക്ഷ്യംവെച്ചുള്ള മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലൂടെയും ചെറുകിട നിക്ഷേപകരുടെ നേരിട്ടുള്ള പങ്കാളിത്തത്തിലൂടെയുമാണ് പ്രധാനമായും ഈ വളര്‍ച്ച സാധ്യമായത്.
ശക്തമായ നിക്ഷേപമുണ്ടായിട്ടും കഴിഞ്ഞ അഞ്ചു മാസമായി ഇടത്തരം, ചെറുകിട ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി. ആഗോള വിപണിയില്‍ അനുഭവപ്പെടുന്ന സമ്മര്‍ദത്തിന്റെ ഇരകള്‍ ചെറുകിട നിക്ഷേപകരായിരിക്കും. ഈ വര്‍ഷം ഇതുവരെ, കഴിഞ്ഞ രണ്ടു മാസം കൊണ്ട് ഇന്ത്യയുടെ വന്‍കിട ഓഹരികള്‍ ശരാശരി 7.5 ശതമാനവും ചെറുകിട സൂക്ഷ്മ ഓഹരികള്‍ 23 മുതല്‍ 25 ശതമാനം വരെയും ഇടിവു നേരിട്ടു.
ആഭ്യന്തര വിപണിയിലെ ശക്തമായ നിക്ഷേപം ഇന്ത്യന്‍ വിപണിയില്‍ വിദേശ സ്ഥാപന ഓഹരികളുടെ വില്‍പനയില്‍ നിന്നുണ്ടാകുന്ന ആഘാതം ലഘൂകരിക്കാന്‍ പര്യാപ്തമാണെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. വന്‍കിട ഓഹരികളുടെ കാര്യത്തില്‍ ഒരു പരിധിവരെ ഇതു ശരിയാണെന്നു തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലെ തിരുത്തല്‍ താരതമ്യേന ചെറുതായിരുന്നു. എന്നാല്‍ ഇടത്തരം, ചെറുകിട വിഭാഗത്തിലെ വിദേശ സ്ഥാപന ഓഹരികളുടെ സാന്നിധ്യം കുറവായതിനാല്‍ ഈ വിഭാഗത്തില്‍ അവയുടെ നേരിട്ടുള്ള വില്‍പന സമ്മര്‍ദ്ദം നിയന്ത്രിതമായിരിക്കും. കഴിഞ്ഞ അഞ്ച് മാസങ്ങളിലായി വിദേശ സ്ഥാപന നിക്ഷേപകര്‍ നടത്തിയ 2.2 ലക്ഷം കോടി രൂപയുടെ എക്കാലത്തേയും വലിയ വില്‍പന വിപണിയില്‍ 20 ശതമാനം തിരുത്തലിനിടയാക്കി.
ആഭ്യന്തര വിപണിയിലെ മൊത്തം പണം വരവ് കുറഞ്ഞതിനാല്‍ 2025ല്‍ ഇടത്തരം, ചെറുകിട ഓഹരികള്‍ വലിയ ആഘാതം നേരിട്ടു (പട്ടിക കാണുക). വിദേശ സ്ഥാപന ഓഹരികള്‍ വീറോടെ വിറ്റഴിക്കല്‍ തുടരുകയും ആഭ്യന്തര വാങ്ങല്‍ കുറയുകയും ചെയ്തിരിക്കുന്നു. രണ്ടു മാസമായി മ്യൂച്വല്‍ ഫണ്ടിലൂടെയും ചെറുകിട നിക്ഷേപങ്ങളിലൂടെയുമുള്ള വരവ് കുറഞ്ഞിരിക്കയാണ്. ഇതിന്റെ ഫലമായി ഡിമാന്റ് കുറഞ്ഞതിനാല്‍ ഓഹരി വിലകള്‍ കുറയുകയും വിദേശ ഓഹരി വില്‍പന സൃഷ്ടിക്കുന്ന ആഘാതം വര്‍ധിക്കുകയും ചെയ്യുന്നു.
ആഗോള വിപണിയിലെ ഏകീകരണത്തെ തുടര്‍ന്ന് വിദേശ സ്ഥാപന നിക്ഷേപകരുടെ വിറ്റഴിക്കല്‍ മൂലം ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസം ഇടിയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അന്തര്‍ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളുടേയും വ്യാപാര ഭിന്നതകളുടേയും തുടര്‍ച്ചയായി യുഎസും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ രൂപപ്പെട്ട അനൈക്യം ആഗോള വിപണിയിലെ അസ്ഥിരത വര്‍ധിപ്പിച്ചിരിക്കുകയാണ്. യുഎസ് മെക്സിക്കോയ്ക്കും കാനഡയ്ക്കും ചുമത്തിയ 25 ശതമാനം തീരുവയും ചൈനയ്ക്ക് ഏര്‍പ്പെടുത്തിയ അധിക പത്തു ശതമാനവും മാര്‍ച്ച് നാല് മുതല്‍ നിലവില്‍വരും. ഹ്രസ്വ കാലയളവില്‍ വിപണിയില്‍ ഇത് അവ്യക്തത സൃഷ്ടിക്കും.
വിദേശ സ്ഥാപന ഓഹരികളുടെ കനത്ത വില്‍പന ഉണ്ടായിട്ടും 2024 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യന്‍ വിപണി പിടിച്ചുനിന്നത് മ്യൂച്വല്‍ ഫണ്ടുകളിലൂടെയും ചെറുകിട നിക്ഷേപകരിലൂടെയും പണം ഒഴുകിയെത്തിയതുകൊണ്ടാണ്. എന്നാല്‍, ഇപ്പോഴത്തെ ആഗോള ചാലകങ്ങള്‍ ആഭ്യന്തര വിപണിയില്‍ സമ്മര്‍ദ്ദം തുടരുമെന്നതിനാല്‍ ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ അത് അനിശ്ചിതത്വം സൃഷ്ടിക്കും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍, MSCI ഇന്ത്യ 17 ശതമാനം അറ്റാദായത്തോടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വികസ്വര വിപണിയായിരുന്നു. എന്നാല്‍ ഹ്രസ്വകാലത്ത് വിദേശ സ്ഥാപന ഓഹരികളുടെ വിറ്റഴിക്കല്‍ കാരണം അത് ഏറ്റവും ദുര്‍ബ്ബലമായ വിപണികളിലൊന്നായിരിക്കുന്നു. ഹ്രസ്വകാല അസ്ഥിരതകളെ തുടര്‍ന്ന് വരുമാന വളര്‍ച്ച ദീര്‍ഘകാല ശരാശരിയേക്കാള്‍ കുറഞ്ഞ മേഖലകളും ഓഹരികളുമായിരിക്കും ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരിക. ഈ ഘടകങ്ങള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. മുന്നോട്ടു പോകുന്തോറും സര്‍ക്കാരിന്റെ ചെലവഴിക്കല്‍ വര്‍ധിക്കുകയും പലിശ നിരക്കു കുറയുകയും ചെയ്യുമെന്നതിനാല്‍ വരുമാന വളര്‍ച്ചയിലെ സമ്മര്‍ദം കുറയും. ഇതോടെ എഫ്എംസിജി, ഉപഭോക്തൃ രംഗം, ബാങ്കിംഗ്, കെമിക്കല്‍ വിഭാഗങ്ങളില്‍ കുതിപ്പിനു വഴി തെളിക്കും. ഈ മേഖലകളില്‍ ഇപ്പോള്‍ ന്യായമായ വാല്യുവേഷന്‍ നിലനില്‍ക്കുന്നുണ്ട്.
Content Highlights: Stock Market: Retail Investor Dominance & Future Outlook
Published: 05 Mar 2025, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented