അന്തര്‍ദേശീയവും ആഭ്യന്തരവുമായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്ന് ഉയിര്‍ക്കൊണ്ട വെല്ലുവിളികളുടെ പുതിയ തരംഗമാണ് പോയവാരം ദൃശ്യമായത്. റഷ്യയില്‍ അമേരിക്കന്‍ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ഡെമോക്രാറ്റുകള്‍ അംഗീകാരം നല്‍കിയതോടെ റഷ്യ-യുക്രെയിന്‍ സംഘര്‍ഷം മൂര്‍ഛിക്കുകയായിരുന്നു. ഉത്തര കൊറിയന്‍ സൈനികരെ യുക്രെയിന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാനുള്ള റഷ്യയുടെ തീരുമാനത്തിനുള്ള അമേരിക്കയുടെ പ്രതികരണമായിരുന്നു ഇത്. ജനുവരിയില്‍ വൈറ്റ് ഹൗസില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നതിനു മുമ്പായുള്ള അവസാന വട്ട ശ്രമമായാണ് ഇതിനെ കാണുന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉയര്‍ത്തിയ ആണവായുധ ഭീഷണി ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആഗോള സാഹചര്യം അന്തര്‍ദേശീയ തലത്തിലും ആഭ്യന്തര വിപണിയിലും അസ്ഥിരത ഉണ്ടാക്കിയിരുന്നു. സംഘര്‍ഷത്തിന് അയവു വന്നതോടെ വിപണി ഭദ്രത വീണ്ടെടുത്തിട്ടുണ്ട്.
മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്കിടെ ആഭ്യന്തര രാഷ്ട്രീയരംഗവും അസ്ഥിരത നേരിട്ടു. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷം വിപണിയെ ബാധിച്ചിരുന്നില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ശത്രുത വര്‍ധിച്ചതോടെ യുഎസ് നീതിന്യായ വകുപ്പ് ചുമത്തിയ അദാനി കൈക്കൂലിക്കേസ് രംഗം കൊഴുപ്പിച്ചു. കുറഞ്ഞു വന്ന വിദേശ സ്ഥാപന ഓഹരി വില്‍പന ഇതോടെ വര്‍ധിച്ചു. അദാനി ഗ്രൂപ്പിനു പുറമേ ധനകാര്യ സ്ഥാപനങ്ങളുടേയും വ്യാവസായിക സ്ഥാപനങ്ങളുടേയും ഓഹരികളില്‍ ഇടിവുണ്ടായി.
ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങള്‍ വിപണിയെ ബാധിക്കില്ലെന്നു തെളിയിച്ചുകൊണ്ട് വാരാന്ത്യത്തോടെ വിപണി തിരിച്ചു വന്നു. നീതിന്യായരംഗത്തുനിന്നു ക്ലീന്‍ ചിറ്റ് ലഭിക്കുകയും പദ്ധതിയുടെ സാധ്യതയുടെ കാര്യത്തില്‍ വ്യക്ത കൈവരികയും ചെയ്യുന്നതുവരെ അദാനി ഗ്രൂപ്പില്‍ വന്‍തോതില്‍ സാന്നിധ്യമുള്ള വിദേശ നിക്ഷേപകര്‍ക്കും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ആഘാതം ഏല്‍ക്കേണ്ടിവരും. യുഎസിലെ കേസ് അന്തര്‍ദേശീയ ഫണ്ടുകള്‍ വാങ്ങുന്നതില്‍ നിന്ന് അദാനി ഗ്രൂപ്പിനെ തടയും. 600 മില്യണ്‍ മൂല്യമുള്ള കടപ്പത്രങ്ങള്‍ ഇറക്കാനുള്ള അദാനി ഗ്രീനിന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നത് ഇതു കൊണ്ടാണ്. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദാനി ഗ്രൂപ്പ് ഇത്തരത്തില്‍ പിന്‍വാങ്ങുന്നത്. ബിജെപി പ്രതിപക്ഷ സ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍ വാങ്ങിയ കൈക്കൂലിയിന്‍മേലുള്ള അന്വേഷണം പ്രഹസനമാകാനേ ഇടയുള്ളു. 2023 ജനുവരിയില്‍ ഇറങ്ങിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ നഷ്ടപ്പെട്ട പ്രതിഛായ മിക്കവാറും വീണ്ടെടുക്കാന്‍ അദാനി ഗ്രൂപ്പിനു കഴിഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷം അമേരിക്കന്‍ നീതിന്യായ വകുപ്പ് ആരംഭിച്ച നിയമ നടപടി നേരിടുക വലിയ വെല്ലുവിളിയായിരിക്കും.
ദുര്‍ബലമായ രണ്ടാംപാദ ഫലങ്ങള്‍, വിദേശ ഓഹരി വില്‍പന, ഡിസംബറില്‍ പലിശ നിരക്കു കുറയ്ക്കാനുള്ള ഫെഡ് സാധ്യതയില്‍ വന്നകുറവ്, ഇന്ത്യന്‍ രൂപ നേരിടുന്ന ഇടിവ് എന്നീ ഘടകങ്ങള്‍ ആഴ്ചയില്‍ ഉടനീളം വിപണിയില്‍ ഏകീകരണം തുടരാന്‍ ഇടയാക്കി. ചെറുകിടക്കാര്‍ ഉള്‍പ്പടെ ആഭ്യന്തര നിക്ഷേപകരുടെ സജീവമായ ഇടപെടല്‍ കാരണം വാരാന്ത്യത്തോടെ വിപണിയില്‍ ശക്തമായ തിരിച്ചുവരവ് ദൃശ്യമായി. കഴിഞ്ഞ 2 മാസമായി ആഭ്യന്തര വിപണിയില്‍ അതിരുവിട്ട നിലയില്‍ വിറ്റൊഴിക്കല്‍ തുടുകയായിരുന്നു. വാല്യുവേഷനിലുണ്ടായ തിരുത്ത് ഈ ഒഴുക്കു തടഞ്ഞു. അഞ്ച് വര്‍ഷ ശരാശരിയിലാണ് ഇപ്പോള്‍ ട്രേഡിംഗ് നടക്കുന്നത്. വരുമാനത്തിനനുസരിച്ചേ വീണ്ടെടുപ്പിന്റെ വേഗം നിര്‍ണ്ണയിക്കാന്‍ കഴിയൂ.
വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചെലവഴിക്കല്‍ വര്‍ധിക്കുകയും ഉത്സവ, കല്യാണ സീസണ്‍ വരികയും ചെയ്യുന്നതോടെ വരുമാന വര്‍ധന മെച്ചപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍പാദത്തെ അപേക്ഷിച്ചും കഴിഞ്ഞ മാസത്തേക്കാളും സാമ്പത്തിക കണക്കുകള്‍ മെച്ചപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഡിസംബര്‍ പകുതിയോടെ പുറത്തുവരുന്ന സാമ്പത്തിക കണക്കുകള്‍ ഈയിനത്തില്‍ പുതിയ വെളിച്ചം നല്‍കുമെന്നാണ് പ്രതീക്ഷ. വര്‍ഷത്തിന്റെ ആദ്യപകുതിയിലെ 6 ശതമാനത്തെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ കോര്‍പറേറ്റ് സാമ്പത്തിക വളര്‍ച്ച 10 മുതല്‍ 12 ശതമാനം വരെയായിരിക്കുമെന്നാണ് പ്രാഥമിക അപഗ്രഥനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതു ഗുണപരമാണോ, പ്രവണതയും വാല്യുവേഷനും നില നില്‍ക്കുമോ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ 2026 സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ചയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പുറത്തുവരണം.
Content Highlights: Analysis of recent market fluctuations in India due to global tensions and domestic political events
Published: 26 Nov 2024, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented