ഐടി, ഫാര്‍മ ഓഹരികളിലുണ്ടായ ഇടിവായിരുന്നു വിപണിയുടെ അടുത്തിടെയുണ്ടായ താഴ്ചയുടെ പ്രധാന കാരണം. വിപണിയുടെ 15 ശതമാനത്തോളം ഇത്തരം ഓഹരികള്‍ പ്രതിനിധാനം ചെയ്യുന്നു. ഉയര്‍ന്ന എച്ച് 1 ബി വിസ ചിലവുകളും ഐടി ഭീമനായ ആക്സെഞ്ച്വറിന്റെ വളര്‍ച്ചാ പ്രതീക്ഷയ്ക്കു മങ്ങലേറ്റതും ഐടി സൂചികയില്‍ കനത്ത വില്‍പന സമ്മര്‍ദമുണ്ടാക്കി. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ മേല്‍ അമേരിക്ക 100 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത് ആ മേഖലയ്ക്കും കനത്ത തിരിച്ചടിയായി. ലാര്‍ജ് കാപ് ഓഹരികളേക്കാള്‍ വലിയ ഇടിവ് മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ പ്രകടമായി.

To advertise here,

എച്ച്1 ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയത് ഹ്രസ്വകാലയളവില്‍ ഇന്ത്യന്‍ കമ്പനികളെ ബാധിച്ചേക്കാം. ഇതിനെ നേരിടാന്‍ കമ്പനികള്‍ അമേരിക്കയില്‍ നിന്നുതന്നെ നിയമനങ്ങള്‍ നടത്താനും ഉപകരാറുകള്‍ നല്‍കാനും മാര്‍ഗങ്ങള്‍ തേടിയേക്കാം. വലിയ കമ്പനികളേക്കാള്‍ മധ്യനിര സ്ഥാപനങ്ങളെയാകും ഇത് കാര്യമായി ബാധിക്കുക. ലാഭത്തിലും പ്രോജക്ട് പൂര്‍ത്തീകരണത്തിലും കാര്യമായ പ്രതിസന്ധികള്‍ ഉടലെടുത്തേക്കാം. വ്യത്യസ്ത തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ കമ്പനികളെ ഇത് നിര്‍ബന്ധിതരാക്കും. ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയേക്കാം. മറ്റു പലരും ഏഷ്യാ പെസഫിക്, യൂറോ, മിഡിലീസ്റ്റ് മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ഐടി ബിസിനസിന്റെ ആത്യന്തിക സ്വഭാവം പരിഗണിക്കുമ്പോള്‍ ദീര്‍ഘകാലയളവില്‍ ഇന്ത്യയ്ക്ക് അനുകൂലമായി മാറിയേക്കാം. അതുകൊണ്ടുതന്നെ ഐടി മേഖലയില്‍ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ സമയമാണിത്.

ബ്രാന്‍ഡഡ് മരുന്നുകളില്‍ യുഎസ് ഏര്‍പ്പെടുത്തിയ തീരുവ ദക്ഷിണ കൊറിയയിലും ബ്രിട്ടനിലും അയര്‍ലന്റിലും സ്വിറ്റ്സര്‍ലന്റിലും ഉത്പാദന കേന്ദ്രങ്ങളുള്ള കമ്പനികളേയും ബാധിച്ചേക്കാം. എന്നാല്‍ അമേരിക്കയുമായി നേരിട്ടു വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ക്ക്, ഉദാഹരണമായി യുകെ, യൂറോപ്യന്‍ യൂന്യന്‍, ജപ്പാന്‍ എന്നിവയ്ക്ക് ഇളവു ലഭിക്കും. എങ്കിലും വ്യാപാര ചര്‍ച്ചകള്‍ നീണ്ടുപോകുന്നതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രതിസന്ധി നേരിടേണ്ടിവരും. ഇന്ത്യന്‍ കയറ്റുമതിയുടെ സിംഹ ഭാഗവും ജനറിക് മരുന്നുകളാണ്. ഉയര്‍ന്ന തീരുവയില്‍ നിന്ന് അവ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും സങ്കീര്‍ണ്ണമായ ജനറിക് മരുന്നുകളും ബയോ സിമിലറുകളും അവയുടെ ഉത്പാദന കേന്ദ്രത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ തിരിച്ചടി നേരിട്ടേക്കാം. ഇന്ത്യയില്‍ കോണ്‍ട്രാക്റ്റ് ഉത്പാദകര്‍ക്കും അവര്‍ക്ക് അമേരിക്കന്‍ ഉത്പാദന സൗകര്യങ്ങളില്ലെങ്കില്‍ വിപണിയില്‍ മത്സരക്ഷമത നില നിര്‍ത്താന്‍ സാധിച്ചേക്കില്ല. എന്നാല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസര്‍ അമേരിക്കന്‍ ഗവണ്മെന്റുമായി നേരിട്ട് കരാറിലേര്‍പ്പെട്ടത് ഒരു വഴിത്തിരിവായി കാണണം. അത്തരം നടപടികള്‍ മറ്റു കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ ഈ പ്രതിസന്ധി ഒരു പരിധിവരെ മറി കടക്കാന്‍ സാധിച്ചേക്കാം. ഇപ്രകാരം വിലയിരുത്തുമ്പോള്‍ യുഎസ് നടപടിയുടെ ആഘാതം ആഭ്യന്തരമായി പരിമിതമാണ്. കാരണം അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ 90 ശതമാനത്തോളം ജനറിക് ഉത്പന്നങ്ങളാണ്. ഈ കമ്പനികളിലധികവും അമേരിക്കയില്‍ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുമുണ്ട്.

ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ ആര്‍ബിഐ 6.8 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ആഗോള സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നിക്ഷേപകര്‍ സൂക്ഷ്മതയോടെ വേണം പണമിറക്കാന്‍. നിക്ഷേപത്തിന്റെ 70 ശതമാനം ഓഹരികളില്‍ നിലനിര്‍ത്താം. 25 ശതമാനം ബോണ്ടുകളിലും കടപ്പത്രങ്ങളിലും ആവാം. 5 ശതമാനം സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാം. ആഗോള വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയര്‍ന്നതിനാലാണ് സ്വര്‍ണ്ണ നിക്ഷേപം 5 ശതമാനമാക്കി ചുരുക്കിയത്. ഓഹരികളിലെ നിക്ഷേപം ഇടക്കാലയളവില്‍ പ്രതീക്ഷ നല്‍കുന്നതാണ്. വരും നാളുകളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടായേക്കാം. അമേരിക്കയുമായി വ്യാപാര കരാറിലേര്‍പ്പെടാനുള്ള സാധ്യതയും നില നില്‍ക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തെ മോശമാക്കുന്നത് ആഗോള വെല്ലുവിളികളും വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലും പരിമിതമായ ലാഭ വളര്‍ച്ചയും ഓഹരികളുടെ ഉയര്‍ന്ന മൂല്യവുമാണ്.

വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചേടത്തോളം പ്രതികൂല ഘടകം തന്നെയാണ്. എന്നാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് അവരുടെ പോളിസി നിരക്കുകളില്‍ 25 ബേസിസ് പോയിന്റ് കുറവുവരുത്തിയതും ഈ വര്‍ഷം തന്നെ കൂടുതല്‍ കുറവു വരുത്തിയേക്കാമെന്ന കണക്കുകൂട്ടലും ഡോളറിന്റെ ആകര്‍ഷണീയത കുറച്ചേക്കാം. അതിനാല്‍ ആഗോള നിക്ഷേപകര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര വിപണികളിലേക്കു തിരിച്ചു വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഉടനടി നേട്ടം സാധ്യമാവുകയില്ലെങ്കിലും ഇടക്കാലയളവില്‍ ഈ ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിക്കു ഗുണംചെയ്യും. മറ്റു വികസ്വര വിപണികളെ സംബന്ധിച്ച് ഇന്ത്യന്‍ ഓഹരികളുടെ മൂല്യത്തിലുണ്ടായേക്കാവുന്ന കുറവ് മറ്റൊരു അനുകൂല ഘടകമാണ്. രണ്ടാം പാദഫലങ്ങളില്‍ അധികം പ്രതീക്ഷ വേണ്ടെങ്കിലും മൂന്നാംപാദം മുതല്‍ കമ്പനികളുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനവ് വിപണി പ്രതീക്ഷിക്കുന്നുണ്ട്. അപ്പോഴേക്കും ആര്‍ബിഐയുടെ അനുകൂലമായ പണ നയത്തിന്റേയും ഗവണ്മെന്റിന്റെ സാമ്പത്തിക നടപടികളുടേയും ഫലം കമ്പനികളുടെ ലാഭക്കണക്കുകളില്‍ പ്രതിഫലിച്ചു തുടങ്ങും. വിദേശ നിക്ഷേപകരെ തിരിച്ചു വരാന്‍ ഇത് പ്രേരിപ്പിച്ചേക്കാം.

അടുത്ത രണ്ട് വര്‍ഷത്തേക്ക് വിപണിയിലെ നിക്ഷേപ സാഹചര്യങ്ങളെ സ്വാധീനിക്കാനിടയുള്ളത് ജിഎസ്ടി നിരക്കില്‍ വരുന്ന കുറവും വ്യക്തിഗത ഇന്‍കം ടാക്സിലുണ്ടായ കുറവും പണപ്പെരുപ്പത്തിലുണ്ടാകുന്ന ഇടിവും ആര്‍ബിഐയുടെ നിരക്കുകളില്‍ സംഭവിച്ചേക്കാവുന്ന കുറവുമാണ്. ഇവയെല്ലാം വിപണിക്കനുകൂലമായ ഘടകങ്ങളുമാണ്. അതിനാല്‍ നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നേടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയല്‍ എസ്റ്റേറ്റ്, എഫ്എംസിജി മേഖലകളില്‍ ഇതിന്റ മുന്നേറ്റം പ്രകടമായേക്കാം. ഉയര്‍ന്നുവരുന്ന മേഖലകളായ ഡാറ്റാ സെന്റേഴ്സ്, ഗ്രീന്‍ എനര്‍ജി എന്നിവയും ഭാവിയില്‍ മികച്ച നിക്ഷേപ സാധ്യതയുള്ളവയാണ്. ഇപ്പോഴത്തെ തിരിച്ചടികള്‍ മാറ്റിവെച്ചു നോക്കിയാല്‍ ഐടി മേഖല ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമാണ്.

(ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)