
വെല്ലുവിളികളും ചാഞ്ചാട്ടവുമുണ്ടെങ്കിലും ഓഹരി വിപണി ശക്തമായിതന്നെ തുടരുകയാണ്. 22,200 നിലവാരത്തില്‍ നിഫ്റ്റിയുടെ പി.ഇ അനുപാതം ഇരുപതിനോടടുത്താണ്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മൂല്യം ജി.ഡി.പിയുടെ 126 ശതമാനമാണ്. ഈ കണക്കുകള്‍ ഇവയുടെ ദീര്‍ഘകാല ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണെങ്കിലും ഇന്ത്യയുടെ ശക്തമായ വളര്‍ച്ചയും മികച്ച കോര്‍പ്പറേറ്റ്വരുമാനം നേടാനുള്ള ക്ഷമതയും ഉയര്‍ന്ന വാല്യുവേഷനെ ന്യായീകരിക്കുന്നതാണെന്ന് നിക്ഷേപകര്‍ കരുതുന്നു. പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്. 'ആപ്പിളിന് ഗുരുത്വാകര്‍ഷണം എന്ന പോലെയാണ് ആസ്തി വിലകള്‍ക്ക് പലിശ നിരക്ക്'. ജിഡിപി വളര്‍ച്ചയെയും കോര്‍പ്പറേറ്റ് വരുമാനത്തെയും കൂടാതെ ഓഹരി വിപണിയെ സാരമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ് പലിശ നിരക്ക്. കോവിഡ് കാലത്തെ സാമ്പത്തിക ഉത്തേജനത്തെ തുടര്‍ന്നുണ്ടായ ഉയര്‍ന്ന പണപ്പെരുപ്പത്തെ ചെറുക്കാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് പലിശ നിരക്കില്‍ കുറവുണ്ടാകുമെന്നുള്ള പ്രതീക്ഷ ആഗോളതലത്തില്‍ വിപണിയില്‍ ഇപ്പോള്‍ കാണുന്ന ബുള്‍ തരംഗത്തിന് കളമൊരുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍ സങ്കീര്‍ണ്ണമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളും മാതൃ വിപണിയിയായ അമേരിക്കയിലെ പണപ്പെരുപ്പ പ്രവണതകളെ സംബന്ധിച്ച അനിശ്ചിതത്വവും പലിശ നിരക്ക് ഏതു ദിശയിലേക്കാവുമെന്നതിന് വ്യക്തത നല്‍കുന്നില്ല.
നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിച്ചതിലും കുറവായിരിക്കും, അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആയ ഫെഡ് ആറ് തവണയെങ്കിലും പലിശകുറയ്ക്കും എന്നായിരുന്നു 2024ന്റെ തുടക്കത്തില്‍ വിപണി പ്രതീക്ഷിച്ചിരുന്നത്. മൂന്നു തവണ പലിശകുറയ്ക്കാനുള്ള സാധ്യത ഫെഡും ചൂണ്ടിക്കാട്ടിയിരുന്നു. മന്ദഗതിയില്‍ ആകുന്ന സമ്പദ് വ്യവസ്ഥയും ദുര്‍ബലമാകുന്ന തൊഴില്‍ വിപണിയും നിരക്കുകള്‍ കുറയ്ക്കുന്നതിലേക്ക് നയിക്കുമെന്നായിരുന്നു പ്രതീക്ഷ. മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വലിയൊരു തകര്‍ച്ച ഒഴിവാക്കുമെന്ന് വിപണി കരുതിയിരുന്നുവെങ്കിലും പെട്ടെന്നുതന്നെ വളര്‍ച്ച തിരിച്ചുപിടിച്ച് ഗംഭീരമായ തിരിച്ചുവരവ് നടത്തുമെന്ന് ഭൂരിപക്ഷം വിദഗ്ധരും കരുതിയിരുന്നില്ല. സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വിപണിയും ശക്തമായി തിരിച്ചുകയറി. പണപ്പെരുപ്പം താഴ്ന്നെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കലിനെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷ വര്‍ഷാരംഭത്തിലെ ആറില്‍ നിന്ന് ഇപ്പോള്‍ രണ്ടായി ചുരുങ്ങിയിട്ടുണ്ട് (ആദ്യ പലിശ നിരക്ക് കുറയ്ക്കല്‍ സെപ്റ്റംബറിലേ ഉണ്ടാകാനിടയുള്ളൂ). തത്ഫലമായി യുഎസ്ബോണ്ട് വരുമാനം ഉയര്‍ന്നു. 10-ഇയര്‍ ബോണ്ട് വരുമാനം ഫെബ്രുവരിയില്‍ 3.82 ശതമാനം ആയിരുന്നത് ഏപ്രില്‍ മധ്യത്തോടുകൂടി 4.6 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു.
തദ്ദേശീയ നിക്ഷേപകരുടെ മുന്നേറ്റം
അമേരിക്കന്‍ ബോണ്ട് വരുമാനം വര്‍ദ്ധിക്കുമ്പോള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യ പോലുള്ള വികസ്വര വിപണികളില്‍ വില്‍പ്പന നടത്തും. ലോകത്തിലെ സുരക്ഷിതമായ ആസ്തിയായ അമേരിക്കന്‍ ബോണ്ടില്‍ നിന്നും 4.5% നേട്ടം ലഭിക്കുക എന്നത് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അത്യാകര്‍ഷകമായ കാര്യമാണ്. ഇന്ത്യന്‍ വിപണിയില്‍ നിന്നും ഓഹരികള്‍ വിറ്റ് ഇവര്‍ പിന്‍വാങ്ങുമ്പോള്‍ വിപണിയില്‍ ഇടിവ് സംഭവിക്കുന്നു. വിദേശപോര്‍ട്ട്ഫോളിയോ നിക്ഷേപകരും ഇന്ത്യന്‍ വിപണിയും തമ്മിലുള്ള ഈ പരസ്പരബന്ധം മുന്‍പുണ്ടായിരുന്നതു പോലെ ഇപ്പോള്‍ അത്ര പ്രകടമല്ല. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് മുമ്പത്തെപ്പോലെ ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വാധീനം ഇല്ല എന്നുതന്നെ പറയാം. ഇപ്പോള്‍ വിപണി തദ്ദേശീയരായ നിക്ഷേപകരുടെ നിയന്ത്രണത്തിലാണ്. അതായത് ഇന്ത്യയിലെ വലിയ നിക്ഷേപകരുടേയും ചെറുകിട നിക്ഷേപകരുടേയും. വിദേശീയരും തദ്ദേശീയരുമായ നിക്ഷേപകരുടെ ശക്തി പ്രകടനത്തില്‍ തുടര്‍ച്ചയായി തദ്ദേശീയരായ നിക്ഷേപകര്‍ വിജയിക്കുന്ന കാഴ്ചയാണ് കുറച്ചുനാളായി കാണുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ആരോഗ്യകരമായ മാറ്റമാണ്. വിദേശ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കപ്പെടാവുന്നതാണ് എന്നുള്ളതും തദ്ദേശീയമായ നിക്ഷേപത്തിന് സ്ഥിരതയുണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്.
വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായുള്ള പിന്‍വാങ്ങല്‍ തദ്ദേശീയര്‍ക്ക് നിക്ഷേപത്തിനുള്ള മികച്ച അവസരങ്ങള്‍ ഒരുക്കുന്നു. വിദേശ നിക്ഷേപങ്ങളെ ബാഹ്യമായ ഘടകങ്ങള്‍ സ്വാധീനിക്കും. അമേരിക്കന്‍ ബോണ്ട് വരുമാനം ഉയരുമ്പോള്‍ വിദേശ നിക്ഷേപകര്‍ വികസ്വര രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. വിദേശീയര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ കൂടുതലും ഇന്ത്യയിലെ ലാര്‍ജ് ക്യാപ് ഓഹരികളില്‍ ആണ് നിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ട് ഉയര്‍ന്ന തോതില്‍ വിദേശനി ക്ഷേപം പിന്‍വലിക്കുമ്പോള്‍ ഇന്ത്യന്‍ ലാര്‍ജ് ക്യാപുകളില്‍ സമ്മര്‍ദമേറി അവയുടെ വില ഇടിയുകയും തദ്ദേശീയരായ നിക്ഷേപകര്‍ക്ക് മികച്ച നിക്ഷേപ അവസരവും ലഭിക്കുന്നു.
സാമ്പത്തിക ഉത്തേജനത്തിന്റെ ആവശ്യമില്ല
ഇന്ത്യയില്‍ പണപ്പെരുപ്പം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാര്‍ച്ചില്‍ ഉപഭോക്തൃ വില സൂചിക 4.85% ആയി കുറഞ്ഞിട്ടുണ്ട്. മാത്രവുമല്ല, കോര്‍ ഇന്‍ഫ്ളേഷന്‍ 3.3% മാത്രമാണ്. 2025 സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 4.5% ആയിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമായതിനാല്‍ റിസര്‍വ് ബാങ്കിന് വേണമെങ്കില്‍ പലിശ നിരക്ക് കുറയ്ക്കാവന്നതാണ്. എന്നാല്‍, സാമ്പത്തികരംഗം ശക്തമായ വളര്‍ച്ചയുടെ പാതയിലാണ്. ആര്‍ബിഐ ഏഴ് ശതമാനം ജിഡിപി വളര്‍ച്ച 2025 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക വ്യവസ്ഥയുടെ പ്രധാനപ്പെട്ട സൂചകങ്ങള്‍ എല്ലാംതന്നെ ശക്തമായ വളര്‍ച്ചയുടെ തുടര്‍ച്ചയെ സൂചിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ല. എന്തെന്നാല്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇപ്പോള്‍ പലിശ നിരക്ക് കുറച്ചുള്ള ഉത്തേജനത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം അവസാനത്തോടെ മാത്രമേ സംഭവിക്കാനിടയുള്ളൂ.
Content Highlights: Assessing Market Situation: Will RBI Cut Rates?
Published: 15 May 2024, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented