ഏറെ കാലമായി മാറ്റമില്ലാതിരുന്ന ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ ഇത്തവണ കുറവ് വരുത്തുമോ? സർക്കാർ സെക്യൂരിറ്റികളിലെ ആദായം അടിസ്ഥാനമാക്കിയാണ് കാലാകാലങ്ങളിൽ പലിശ നിരക്ക് പരിഷ്‌കരിക്കാറുള്ളത്. അതുപ്രകാരം പലിശ കുറയാനാണ് സാധ്യതയെങ്കിലും നിലവിലെ നിരക്കുകൾ നിലനിർത്താനാണ് സാധ്യത. മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള സാധാരണക്കാരായ നിക്ഷേപകരുടെ സാമ്പത്തിക സ്ഥിരത പരിഗണിച്ചുകൊണ്ടാകും തീരുമാനം.

To advertise here,

സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഡിസംബർ 31ന് ആണ് പ്രഖ്യാപിക്കുക. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്), നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി), സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം (എസ്.സി.എസ്.എസ്), സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ) തുടങ്ങിയവയാണ് ജനപ്രിയ നിക്ഷേപ പദ്ധതികൾ.

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം (8.2%), സുകന്യ സമൃദ്ധി അക്കൗണ്ട് (8.2%)എന്നിവയ്ക്കാണ് ഉയർന്ന പലിശ നൽകുന്നത്. പി.പി.എഫിന് 7.1% ആണ് പലിശ. ഈ വർഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് 1.25% കുറച്ചതിനെത്തുടർന്ന് ബാങ്കുകളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കുകളിൽ കുറവുണ്ടായിട്ടുണ്ട്.

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ വിപണി സാഹചര്യങ്ങളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിനായി ശ്യാമള ഗോപിനാഥ് കമ്മിറ്റിയുടെ ശുപാർശകളാണ് സർക്കാർ മാനദണ്ഡമാക്കുന്നത്. സമാന കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ (ജി-സെക്) മുൻ പാദത്തിലെ ശരാശരി ആദായമാണ് പലിശ നിരക്ക് നിർണ്ണയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം.

സെക്യൂരിറ്റികളുടെ ആദായത്തോടൊപ്പം 25 മുതൽ 100 ബേസിസ് പോയിന്റ് (0.25%- 1.00%) വരെ അധികമായി നൽകിയാണ് പരിഷ്‌കരിക്കുക. ഉദാഹരണത്തിന് അഞ്ച് വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ അഞ്ച് വർഷത്തെ ജി-സെക് ആദായത്തോടൊപ്പം 25 ബേസിസ് പോയിന്റുകൾ ചേർത്തായിരിക്കും നിശ്ചയിക്കുക. 10 വർഷത്തെ സർക്കാർ സെക്യൂരിറ്റികളുടെ ആദായത്തിന്റെ ശരാശരി 2025 സെപ്റ്റംബർ 29 മുതൽ ഡിസംബർ 29 വരെയുള്ള കാലയളവിൽ 6.540% ആയിരുന്നു. അതുപ്രകാരം കാൽ ശതമാനം കൂടി ചേർത്താൽ പിപിഎഫിന്റെ പലിശ 6.790 ശതമാനമാകും. എന്നാൽ നിലവിൽ പിപിഎപിന് നൽകുന്ന പലിശ 7.1 ശതമാനമാണ്.

മാനദണ്ഡം പാലിക്കുകയാണെങ്കിൽ പലിശ കുറയ്‌ക്കേണ്ടിവരും. ഈ മാനദണ്ഡം പാലിക്കാൻ സർക്കാരിന് നിയപരമായി ബാധ്യതയില്ലാത്തതിനാൽ സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ കൂടി പരിഗണിച്ചാണ് പലപ്പോഴും പലിശ നിരക്ക് പരിഷ്‌കരിക്കാറുള്ളത്.