കോഴിക്കോട്: മൂന്നുമാസത്തെ പണമടയ്ക്കാത്തതിനെത്തുടർന്ന് പോളിസി ലാപ്സായെന്ന എൽഐസിയുടെ സന്ദേശത്തിൽ ആശങ്കപ്പെട്ട് സർക്കാർ ജീവനക്കാർ. ശമ്പളത്തിൽനിന്ന് തുക ഈടാക്കിയിട്ടും ഇത്തരമൊരു സന്ദേശമെത്തിയതോടെ കൂട്ടത്തോടെ എൽഐസി ഓഫീസുകളിലേക്ക് അന്വേഷണമെത്തി.

To advertise here,

പോളിസി ലാപ്സായതിനാൽ ഈ കാലയളവിൽ എന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാതെപോവുമോ എന്നായിരുന്നു സർക്കാർ ജീവനക്കാരുടെ ആശങ്ക. മാത്രമല്ല, തങ്ങളിൽനിന്ന് പണമീടാക്കിയിട്ട് സർക്കാർ അടച്ചില്ലെന്ന സംശയവുമുണ്ടായി. സന്ദേശം കണ്ട് പലരും ഓൺലൈനായി പണമടയ്ക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതോടെ ആളുകൾ നേരിട്ട് എൽഐസി ഓഫീസുകളിൽ എത്തി.

'2025 നവംബർ മുതൽ പണമടച്ചിട്ടില്ല, അത് താങ്കളുടെ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടാൻ ഇടയാക്കു'മെന്നാണ് സന്ദേശത്തിലുള്ളത്.

പരിരക്ഷ തുടരാൻ വൈകിയതിനുള്ള തുകയടക്കം അടയ്ക്കണമെന്നും പറയുന്നുണ്ട്. എന്നാൽ, ഇതിൽ ഒട്ടും ആശങ്കപ്പെടാനില്ലെന്നാണ് എൽഐസി അധികൃതർ പറയുന്നത്. സ്പാർക്കിലൂടെയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത്. ജീവനക്കാരിൽനിന്ന് തുക ഈടാക്കിയാലും രണ്ടുമാസത്തിനുശേഷം പണമടച്ചാൽ മതി എന്ന് സർക്കാർ എൽഐസിയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് പരിരക്ഷ നഷ്ടപ്പെടില്ല. കരാർപ്രകാരം ശമ്പളത്തിൽനിന്ന് തുക ഈടാക്കിയാൽ, പ്രീമിയം അടച്ചതായി കണക്കാക്കും. എൽഐസി സന്പൂർണമായി ഡിജിറ്റൈസ് ചെയ്യുന്നതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു സന്ദേശം വന്നതെന്നും അധികൃതർ വ്യക്തമാക്കി.