ഗുഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോ സോഫ്റ്റിന്റെ സത്യ നാദല്ല എന്നിവരെ മറികടന്ന് മറ്റൊരു ഇന്ത്യൻ വംശജ കോടീശ്വര പട്ടികയിൽ. അരിസ്റ്റ നെറ്റ്‌വർക്‌സിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉള്ളാൾ ആണ് 5.7 ബില്യൺ ഡോളർ(51,265 കോടി രൂപ) ആസ്തിയുമായി ഹുറൂൺ ഇന്ത്യയുടെ 2025ലെ സമ്പന്ന പട്ടികയിൽ ഇടംപിടിച്ചത്.

To advertise here,

ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യയുടെ വളർച്ചയാണ് ഉള്ളാളിന്റെ സമ്പത്ത് വർധിക്കാനിടയാക്കിയത്. അരിസ്റ്റ നെറ്റ്‌വർക്‌സിലെ മൂന്ന് ശതമാനത്തോളം ഓഹരി പങ്കാളിത്തവും വിപണിയിലെ കമ്പനിയുടെ മികച്ച പ്രകടനവും ഈ നേട്ടത്തിന് പിന്നിലുണ്ട്.

ഹുറൂൺ ഇന്ത്യയുടെ പുതിയ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ ഇന്ത്യൻ വംശജരായ എക്‌സിക്യുട്ടീവുകളിൽ ഒന്നാം സ്ഥാനത്ത് ജയശ്രീ ഉള്ളാളാണ്. അവരുടെ ദീർഘകാല ആസ്തി വർധനവ് കണക്കിലെടുത്താണ് ഈ റാങ്കിംഗ്. സമീപ വർഷങ്ങളിലെല്ലാം ഉപഭോക്തൃ-കേന്ദ്രീകൃത ടെക് ഭീമന്മാരുടെ സിഇഒമാരായിരുന്നു പട്ടികയിൽ ഒന്നാമതെത്തിയിരുന്നത്.

ബ്രിട്ടനിൽ ജനിച്ച ഇന്ത്യൻ വശംജയാണ് ജയശ്രീ ഉള്ളാൾ. 63 വയസ്സുള്ള അവർ ഇപ്പോൾ കാലിഫോർണിയയിലെ സാന്താ ക്ലാരയിലാണ് താമസിക്കുന്നത്. അരിസ്റ്റ നെറ്റ്‌വർക്‌സിന്റെ ആസ്ഥാനം അവിടെയാണ്. ഡൽഹിയിലെ കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. സാൻഫ്രാൻസിസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങിൽ ബിരുദം നേടി. സാന്താ ക്ലാര യൂണിവേഴ്‌സറ്റിയിൽനിന്നായിരുന്നു എൻജിനിയറിങ് ആൻഡ് മാനേജുമെന്റിൽ മാസ്റ്റർ ഓഫ് സയൻസ് നേടിയത്. 2025ൽ ഓണററി ഡോക്ടറേറ്റ് ലഭിച്ചു.

അരിസ്റ്റ നെറ്റ്വർക്ക്‌സിന് മുമ്പ് സിസ്‌കോ സിസ്റ്റംസിൽ സീനിയർ ഉദ്യോഗസ്ഥയായിരുന്നു. അവിടെ സ്വിച്ചിംഗ് ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കരിയറിന്റെ തുടക്കത്തിൽ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (AMD), ഫെയർചൈൽഡ് സെമികണ്ടക്ടർ തുടങ്ങിയ കമ്പനികളിലും പ്രവർത്തിച്ചു. പിന്നീടാണ് അരിസ്റ്റ നെറ്റ്വർക്‌സിലെത്തിയത്. 2008 സെപ്റ്റംബറിൽ സിഇഒ ആയി ചുമതലയേറ്റു. 17 വർഷമായി ഈ പദവിയിൽ തുടരുന്നു. ക്ലൗഡ് കമ്പ്യൂട്ടിംഗ് വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ സോഫ്റ്റ്വെയർ-ഡ്രിവൺ നെറ്റ്വർക്കിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ളാളിന്റെ നേതൃത്വം കമ്പനിയെ സഹായിച്ചു.