
വടകര: ചക്ക അധിഷ്ഠിതവ്യവസായത്തിൽ സംസ്ഥാനത്ത് ചെറുകിടസംരംഭകരുടെ എണ്ണത്തിൽ കുതിപ്പ്. വർഷംതോറും പാഴാകുന്ന ചക്കയുടെ അളവ് കുറച്ചുകൊണ്ടുവരുന്നതും ഈ സംരംഭകരാണ്. ചക്കയ്ക്കുവേണ്ടിയുള്ള സംസ്ഥാന റിസോഴ്സ് സെന്ററായ പത്തനംതിട്ട കൃഷിവിജ്ഞാൻകേന്ദ്രയിൽനിന്ന് പരിശീലനം നേടിയവർ നിലവിൽ നടത്തുന്നത് 44 ചെറുകിടസംരംഭങ്ങളാണ്. ഏഴ് താരതമ്യേന വലിയ സംരംഭങ്ങളുമുണ്ട്.
ചക്ക ഉത്പന്നനിർമാണത്തിനായി ഇവിടത്തെ ഇൻക്യുബേഷൻ സെന്ററിലെ യന്ത്രസാമഗ്രികൾ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും കൂടി. 15-ഓളം സംരംഭകർ കഴിഞ്ഞവർഷം ഈ സൗകര്യം ഉപയോഗപ്പെടുത്തി ചക്കയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ പുറത്തിറക്കി. കേരള കാർഷികസർവകലാശാലയിൽനിന്ന് പരിശീലനം നേടി സംരംഭങ്ങൾ തുടങ്ങിയവരും ഏറെ.
'ചക്കക്കൂട്ടം'പോലുള്ള വാട്സാപ്പ് കൂട്ടായ്മകൾവഴി പരിശീലനം നേടി സംരംഭങ്ങൾ തുടങ്ങുന്നവരുമുണ്ട്. രണ്ടുവർഷത്തിനിടെ 450-ഓളംപേർക്ക് 'ചക്കക്കൂട്ടം' പരിശീലനം നൽകിയിട്ടുണ്ട്. ഇതിൽ ഇരുനൂറോളംപേർ ചെറുകിടസംരംഭം തുടങ്ങിയിട്ടുണ്ടെന്ന് ചക്കക്കൂട്ടം കോഡിനേറ്റർ അനിൽ ജോസ് പറഞ്ഞു.
പത്തനംതിട്ടയിലെ കൃഷിവിജ്ഞാൻകേന്ദ്ര ചക്കയ്ക്കുവേണ്ടിയുള്ള സംസ്ഥാനതല റിസോഴ്സ് സെന്ററായത് 2017-ലാണ്. അന്നുമുതൽ ചക്ക അധിഷ്ഠിത വ്യവസായം തുടങ്ങുന്നവർക്കുവേണ്ട മാർഗനിർദേശവും ശാസ്ത്രീയപരിശീലനവും നൽകുന്നുണ്ട്. സംരംഭകർക്കായി ഇൻക്യുബേഷൻ സെന്ററുമുണ്ട്. ഇവിടെയുള്ള യന്ത്രങ്ങൾ വാടക അടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തി ഉത്പന്നങ്ങൾ നിർമിക്കാം. ഇതിനുപുറമേയാണ് പരിശീലനപരിപാടി.
ആദ്യഘട്ടത്തിലെ ബോധവത്കരണക്ലാസിൽ പങ്കെടുക്കുന്നവരിൽ താത്പര്യമുള്ളവർക്കുമാത്രമാണ് ചക്ക ഉത്പന്നനിർമാണത്തിൽ പരിശീലനം നൽകുക. 16-ഓളം ഉത്പന്നങ്ങളുണ്ടെങ്കിലും ഓരോരുത്തർക്ക് ആവശ്യമുള്ള ഇനത്തിലാണ് പരിശീലനം. സംരംഭം തുടങ്ങാനുള്ള ഡി.പി.ആറും തയ്യാറാക്കിനൽകും. ഈ രീതിയിൽ പരിശീലനം നേടിയവരാണ് നിലവിൽ 44 ചെറുകിടസംരംഭം നടത്തുന്നത്. ഒരുലക്ഷം രൂപമുതൽ അഞ്ചുലക്ഷം രൂപവരെ മുതൽമുടക്കുള്ള സംരംഭങ്ങളാണിത്. പത്തുലക്ഷത്തിനു മുകളിൽ മുതൽമുടക്കുള്ള ഏഴ് സംരംഭങ്ങളുമുണ്ട്.
100 പേർ പരിശീലനം നേടുമ്പോൾ 50 ശതമാനം പേരെങ്കിലും സംരംഭം തുടങ്ങുന്നുണ്ട്. ഇതിൽ 20-25 ശതമാനമെങ്കിലും മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് റിസോഴ്സ് സെന്റർ കോഡിനേറ്ററും സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റുമായ ഡോ. റിൻസി കെ. അബ്രഹാം പറഞ്ഞു. ഒരേ ഗുണനിലവാരമുള്ള ചക്ക ആവശ്യത്തിന് കിട്ടാത്തതാണ് സംരംഭകർ നേരിടുന്ന പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചക്കക്കൂട്ടം വാട്സാപ്പ് കൂട്ടായ്മ വഴി എല്ലാ മാസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 20-ഓളംപേർ ചക്കയുടെ മൂല്യവർധിത ഉത്പന്നനിർമാണത്തിൽ പരിശീലനം നേടുന്നുണ്ട്. മൂന്നുദിവസമാണ് പരിശീലനം. ഇടിച്ചക്ക, മൂത്ത ചക്ക, പഴുത്ത ചക്ക എന്നിവയുടെ വിവിധ ഭാഗങ്ങളായ ചക്കച്ചുള, ചക്കക്കുരു, മടൽ, ചകിണി, കുരുവിന്റെ പാട, കൂഞ്ഞിൽ, ചക്കമുള്ള് എന്നിവ ഉപയോഗിച്ചുള്ള വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതാണ് പഠിപ്പിക്കുന്നത്.
Content Highlights: Growth in small-scale jackfruit processing units across Kerala., Role of Krishi Vigyan Kendra (KVK) Pathanamthitta as a resource center., Incubation facilities available for entrepreneurs to produce value-added goods., Training programs offered by 'Chakkakoottam' and KVK for aspiring business owners., Challenges in sourcing consistent quality jackfruit for large-scale production.
Published: 24 Apr 2026, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented