പണം നഷ്ടപ്പെടുമോയെന്ന ഭയവും പദ്ധതികളെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് വിപണി അധിഷ്ഠിത സ്‌കീമുകളില്‍ പ്രത്യേകിച്ച് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിനുള്ള പ്രധാന തടസ്സമെന്ന് സര്‍വെ. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ബിഎസ്ഇ, എന്‍എസ്ഇ, സിഡിഎസ്എല്‍, അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) തുടങ്ങിവ സംയുക്തമായി നടത്തിയ സര്‍വെയിലാണ് കണ്ടെത്തല്‍.

To advertise here,

സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മോശം അനുഭവമാണ് നിലവിലുള്ളവര്‍ നിക്ഷേപം നിര്‍ത്തുന്നതിനുള്ള പ്രധാന കാരണമായി കണ്ടെത്തിയത്. അതേസമയം, ഉയര്‍ന്ന വരുമാന സാധ്യതയാണ് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനം ലഭിക്കുന്നതാണ് നിക്ഷേപകര്‍ നേരിടുന്ന വെല്ലുവിളിയെന്ന് ചൂണ്ടിക്കാണിക്കുന്നു. നിക്ഷേപകരുടെ ഭയം അകറ്റുന്നതിനും യാഥാര്‍ത്ഥ്യബോധമുള്ള പ്രതീക്ഷകള്‍ നല്‍കുന്നതിനും നിക്ഷേപ ഉപദേശകര്‍ക്ക് പ്രധാന പങ്കുണ്ടെന്നും സര്‍വെ വിലയിരുത്തുന്നു.

മറ്റ് കാരണങ്ങള്‍:

അറിവില്ലായ്മ: വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ച് ധാരണയില്ലാത്തത് പ്രധാന തടസ്സമാണ്.

എങ്ങനെ തുടങ്ങണം: നിക്ഷേപം എങ്ങനെ ആരംഭിക്കണം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയും ആശയക്കുഴപ്പവും പലരെയും പിന്തിരിപ്പിക്കുന്നു.

അനിശ്ചിതത്വം: നിക്ഷേപ പദ്ധതിയുടെ പ്രകടനത്തെയും റിസ്‌കിനെയും കുറിച്ചുള്ള വ്യക്തതയില്ലായ്മ തടസ്സമാകുന്നു.

അമിതമായ വിവരങ്ങള്‍: ഇന്റര്‍നെറ്റ്, യൂട്യൂബ്, ഫിന്‍ഫ്‌ളുവന്‍സര്‍മാരുടെ വീഡിയോകള്‍ എന്നിവയില്‍നിന്ന് ഉള്‍പ്പടെ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിക്ഷേപകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

നിക്ഷേപം നിര്‍ത്തുന്നതിനുള്ള കാരണങ്ങള്‍:

മോശം അനുഭവം: മറ്റുള്ളവരുടെ പ്രതികൂല അനുഭവങ്ങള്‍ നിക്ഷേപം നിര്‍ത്തുന്നതിനുള്ള പ്രധാന കാരണമായി സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനം: നിക്ഷേപത്തില്‍ നിന്ന് പ്രതീക്ഷിച്ച നേട്ടം ലഭിക്കാത്തത് പലരെയും പിന്തിരിപ്പിക്കുന്നു.

അടിയന്തിര ആവശ്യം: പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കായി നിക്ഷേപം പിന്‍വലിക്കുന്നത് പതിവായി കാണുന്നു.

അസ്ഥിരത: വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുകയും നിക്ഷേപം നിര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സാമ്പത്തിക ലക്ഷ്യങ്ങളിലെ മാറ്റങ്ങള്‍: വ്യക്തിപരമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ മാറുമ്പോള്‍ നിലവിലുള്ള നിക്ഷേപ രീതികളില്‍ മാറ്റം വരുത്തുന്നു.

നിക്ഷേപത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍

  • ഉയര്‍ന്ന വരുമാനത്തിനുള്ള സാധ്യത.
  • ചെറിയ നിക്ഷേപങ്ങളിലൂടെ പെട്ടെന്ന് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷ.
  • ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത.
  • പണം നഷ്ടപ്പെടാനുള്ള സാധ്യത കുറവാണെന്ന ധാരണ.

നിലവിലെ നിക്ഷേപകര്‍ നേരിടുന്ന വെല്ലുവിളികള്‍:

 

 

പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനം

42%

നിക്ഷേപം തുടരണോ പിൻവലിക്കണോ എന്ന അനിശ്ചിതത്വം

39%

സമയബന്ധിതവും കൃത്യവുമായ വിപണി വിവരങ്ങളുടെ അഭാവം

32%

ഒന്നിലധികം നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങൾ

28%