മലയാളിക്ക് അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കുള്ള 'എ.ടി.എം.' ആണ് സ്വർണപ്പണയ വായ്പകൾ. ബാങ്കുകളിലെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും സ്വർണപ്പണയ നടപടികൾ ലളിതമായതിനാൽ പലപ്പോഴും പലിശ നിരക്കിലെ ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് നമ്മൾ ശ്രദ്ധിക്കാറുള്ളത്. എന്നാൽ, ഈ ചെറിയ വ്യത്യാസങ്ങൾ മാത്രം നോക്കി പണയം വയ്ക്കുന്നവർ, അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.

To advertise here,

1. പലിശയ്ക്ക് പുറമേയുള്ള ചെലവുകൾ

പലിശ കുറവാണെന്ന് കേട്ട് വായ്പ എടുക്കാൻ ബാങ്കിലേക്ക് ഓടിച്ചെന്ന് പലിശ നിരക്ക് മാത്രം ചോദിച്ചാൽ പോരാ, എ.പി.ആർ. (Annualized Percentage Rate) അഥവാ ഒരു വർഷം ആകെ വരുന്ന ചെലവ് കൂടി ചോദിക്കണം, അതോടൊപ്പം പ്രോസസിങ് ഫീസും വാല്യുവേഷൻ ചാർജുകളും ശ്രദ്ധിക്കണം.

  • പ്രോസസിങ് ഫീ: വായ്പത്തുകയുടെ 0.5 ശതമാനം മുതൽ അഞ്ചുശതമാനം വരെ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. അഞ്ചുലക്ഷം രൂപ വായ്പ എടുക്കുമ്പോൾ ഒരു ശതമാനം ഫീസുണ്ടെങ്കിൽ 5,000 രൂപ അവിടെത്തന്നെ നഷ്ടമായി.
  • വാല്യുവേഷൻ ആൻഡ് ഡോക്യുമെന്റേഷൻ: സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന ഫീസും രേഖകൾ തയ്യാറാക്കുന്നതിനുള്ള ചെലവും വായ്പ എടുക്കുന്നയാൾ തന്നെയാണ് പലപ്പോഴും വഹിക്കുന്നത്.
  • സേവന നികുതി: ഈ ഫീസുകൾക്കെല്ലാം പുറമേ 18 ശതമാനം ജി.എസ്.ടി. കൂടി നൽകുമ്പോൾ കൈയിൽ കിട്ടുന്ന തുകയിൽ കുറവുണ്ടാകും.
  • സ്റ്റോറേജ് ആൻഡ് ഇൻഷുറൻസ്: പണയം വെച്ച സ്വർണത്തിന്റെ സുരക്ഷയ്ക്കായി ചില എൻ.ബി.എഫ്.സി.കൾ മാസത്തിലോ വർഷത്തിലോ ചെറിയൊരു തുക അധികമായി ഈടാക്കാറുണ്ട്.

2. പലിശയിലെ മാറ്റങ്ങൾ

തിരിച്ചടവ് വൈകിയാൽ പല സ്ഥാപനങ്ങളും നിങ്ങളെ ഉയർന്ന സ്ലാബിലേക്ക് മാറ്റുവാൻ സാധ്യതയുണ്ട് (ഉദാ: ഒൻപത് ശതമാനം പലിശ നിരക്കിൽ നിന്നും 18 ശതമാനം അല്ലെങ്കിൽ 24 ശതമാനം). മാസംതോറും പലിശ അടച്ചില്ലെങ്കിൽ അത് മുതലിനോട് ചേർത്ത് കൂട്ടുപലിശ ഈടാക്കുന്ന രീതി ശ്രദ്ധിച്ചിരിക്കേണ്ടതാണ്.

3. വാല്യുവേഷൻ പ്രധാനമാണ്

നിങ്ങളുടെ ആഭരണത്തിലെ കല്ലുകൾക്കും മെഴുകിനും സ്വർണത്തിന്റെ വില ലഭിക്കില്ല. വാല്യുവേഷൻ നടത്തുമ്പോൾ ഇവയുടെ തൂക്കം കുറയ്ക്കുന്നതുമൂലം നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കുറഞ്ഞ തുകയേ വായ്പയായി ലഭിക്കൂ (എന്നാൽ സ്വർണം വാങ്ങുമ്പോൾ നമ്മൾ പണിക്കൂലിയും കല്ലുകളുടെ വിലയും നൽകിയിട്ടുണ്ടാകും).

വിപണിയിൽ സ്വർണവില ഇടിഞ്ഞാൽ, ലോൺ-ടു-വാല്യു (എൽ.ടി.വി.) അനുപാതം നിലനിർത്താൻ അധിക സ്വർണമോ പണമോ നൽകേണ്ടിയുംവരും.

  • എൽ.ടി.വി. മാറ്റങ്ങൾ: സ്വർണവിലയുടെ പരമാവധി 75 ശതമാനം മാത്രമേ വായ്പ ലഭിക്കൂ. വിപണിയിൽ പെട്ടെന്ന് സ്വർണവില ഇടിഞ്ഞാൽ, ബാങ്ക് അധിക സ്വർണമോ അല്ലെങ്കിൽ കുറച്ച് പണമോ തിരിച്ചടയ്ക്കാൻ ആവശ്യപ്പെടാം. ഇതിന് സാധിച്ചില്ലെങ്കിൽ സ്വർണം ലേലത്തിലേക്ക് പോയേക്കാം.

4. ലേലത്തിലെ ആസ്തിമൂല്യം

തിരിച്ചടവ് മുടങ്ങിയാൽ ബാങ്ക് നിങ്ങളുടെ സ്വർണം ലേലം ചെയ്യും. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണം വിറ്റുപോകാനേ സാധ്യതയുണ്ടെന്ന് അറിഞ്ഞിരിക്കണം. ലേലത്തിന്റെ പരസ്യ ചെലവുകളും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ചാർജുകളും വായ്പ എടുക്കുന്ന ആളായിരിക്കും വഹിക്കുന്നത്.

5. വായ്പതുക ആവശ്യത്തിന് മാത്രം

പരമാവധി ലഭിക്കുന്ന തുക വായ്പയായി എടുക്കുന്നത് ഒരു നല്ല സാമ്പത്തിക ശീലമല്ല. നിങ്ങളുടെ ആവശ്യത്തിന് വേണ്ട തുക മാത്രം എടുക്കുക. ദീർഘകാലാവധി തിരഞ്ഞെടുക്കുന്നത് മാസ ഗഡു കുറയ്ക്കുമെങ്കിലും, ആകെ അടച്ചുതീർക്കുന്ന പലിശ ഉയർത്തും (പട്ടിക കാണുക).

ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • എ.പി.ആർ. ചോദിക്കുക: പലിശയും ഫീസുകളും ഉൾപ്പെടെ വർഷം ആകെ വരുന്ന ചെലവ് മനസ്സിലാക്കുക.
  • പലിശ കൃത്യമായി അടയ്ക്കുക: കൂട്ടുപലിശയും പിഴപ്പലിശയും ഒഴിവാക്കാൻ മാസാവസാനം പലിശ അടച്ചുതീർക്കുന്നത് ശീലമാക്കുക.
  • കരാറിലെ 'ചെറിയ അക്ഷരങ്ങൾ' വായിക്കുക: പിഴകളെക്കുറിച്ചും ഫോർക്ലോഷർ ചാർജുകളെക്കുറിച്ചും മുൻകൂട്ടി അറിയുക, വായിച്ചു മനസ്സിലാക്കുക.
  • അംഗീകൃത സ്ഥാപനങ്ങൾ മാത്രം: ആർ.ബി.ഐ. അംഗീകാരമുള്ള ബാങ്കുകളെയോ എൻ.ബി.എഫ്.സി.കളെയോ മാത്രം ആശ്രയിക്കാൻ ശ്രദ്ധിക്കുക.

പ്രത്യേക ശ്രദ്ധയ്ക്ക്: ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളല്ല, അറിവിന് മാത്രമായുള്ളതാണ്.

(ഗവ. സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകൻ)