കഴിഞ്ഞ ദിവസമാണ് ഓഹരി വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സ്റ്റോക്ക് മാര്‍ക്കറ്റ് പരിശീലകനായ അവധൂത് സഠേയുടെയും അദ്ദേഹത്തിന്റെ സ്ഥാപനമായ അവധൂത് സഠേ ട്രേഡിംഗ് അക്കാദമിയുടെയും അക്കൗണ്ടുകളില്‍ നിന്ന് 546.16 കോടി രൂപ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.
സ്റ്റോക്ക് മാര്‍ക്കറ്റ് പരിശീലന പരിപാടികളുടെ മറവില്‍ രജിസ്റ്റര്‍ ചെയ്യാതെ നിക്ഷേപ ഉപദേശക, ഗവേഷണ, അനലിസ്റ്റ് സേവനങ്ങള്‍ നല്‍കി നിയമവിരുദ്ധമായി പണം സമ്പാദിച്ചു എന്നതാണ് പ്രധാന ആരോപണം. അറിവ് പകരുക എന്നതിലുപരി തത്സമയ വിപണിയില്‍ ഓഹരികളില്‍ എപ്പോള്‍ നിക്ഷേപിക്കണം, എപ്പോള്‍ പുറത്തുകടക്കണം എന്നതിനെക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഈ ശുപാര്‍ശകള്‍ക്കനുസരിച്ച് ഓര്‍ഡറുകള്‍ നല്‍കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് സെബി കണ്ടെത്തി.
സഠേയുടെയും സ്ഥാപനത്തിന്റെയും സ്വത്തുക്കള്‍ മരവിപ്പിക്കുകയും ഓഹരി വിപണിയില്‍ നിന്ന് വിലക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. 'ഫിന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക്' എതിരെ സെബി സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായി ഇതിനെ കാണാം.
കണ്ടെത്തലുകളും സെബിയുടെ നടപടിയും
അവധൂത് സഠേയും അദ്ദേഹത്തിന്റെ സ്ഥാപനവും സെബിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ആയോ റിസര്‍ച്ച് അനലിസ്റ്റ് ആയോ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രജിസ്‌ട്രേഷന്‍ ഇല്ലാതിരുന്നിട്ടും അവര്‍ സ്റ്റോക്ക് മാര്‍ക്കറ്റ് പരിശീലന പരിപാടികളുടെ മറവില്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക് ഈ സേവനങ്ങള്‍ നല്‍കി വരികയായിരുന്നു.
സമാഹരിച്ച തുക: വിവിധ കോഴ്സുകളിലൂടെ സഠേയും സ്ഥാപനവും 601 കോടി രൂപയിലധികം സമാഹരിച്ചു.
നിയമവിരുദ്ധമായ നേട്ടം: 2020 ജനുവരി 1 മുതല്‍ 2025 ഒക്ടോബര്‍ 9 വരെയുള്ള കാലയളവില്‍ വാഗ്ദാനം ചെയ്ത എട്ട് കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിക്ഷേപ ഉപദേശക പ്രവര്‍ത്തനങ്ങള്‍ നടന്നതായി സെബി കണ്ടെത്തി. ഈ കോഴ്സുകളില്‍ നിന്ന് മാത്രം സമാഹരിച്ച 546.16 കോടി രൂപയാണ് നിയമവിരുദ്ധമായ നേട്ടമായി കണക്കാക്കി കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.
പ്രധാന ആരോപണങ്ങള്‍
- വിദ്യാഭ്യാസ പരിപാടികളുടെ മറവില്‍ നിക്ഷേപകര്‍ക്ക് വിപണിയില്‍ നിക്ഷേപ നിര്‍ദേശങ്ങള്‍ നല്‍കി.
- തത്സമയ ട്രേഡിംഗ് സെഷനുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏതൊക്കെ ഓഹരികളില്‍ എപ്പോള്‍ പ്രവേശിക്കണം എപ്പോള്‍ പുറത്തുകടക്കണം എന്നതിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
- പങ്കെടുക്കുന്നവരെ ഈ ശുപാര്‍ശകള്‍ക്കനുസരിച്ച് ഓര്‍ഡറുകള്‍ നല്‍കാന്‍ പ്രേരിപ്പിച്ചു.
- സ്റ്റോപ്പ് ലോസ് എപ്പോള്‍ ട്രിഗ്ഗര്‍ ചെയ്യുമെന്ന് അറിയിച്ചു.
- സ്ഥിര നിക്ഷേപങ്ങളേക്കാള്‍ മികച്ച വരുമാനം ലഭിക്കുന്നതിന് അവരുടെ മൂലധനത്തിന്റെ ഒരു ഭാഗം പ്രത്യേക സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു.
രജിസ്റ്റേര്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍
സെബി സര്‍ട്ടിഫൈ ചെയ്ത ഉപദേശകരാണ് രജിസ്റ്റേര്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍മാര്‍. ഒരു നിശ്ചിത ഫീസ് ഈടാക്കി ഓഹരി വിപണിയില്‍ ഉപദേശങ്ങള്‍ നല്‍കാന്‍ ഇവരെ അനുവദിച്ചിരിക്കുന്നു. 2013-ലെ സെബി (ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്) റെഗുലേഷന്‍സ് പ്രകാരമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
വ്യക്തിഗത ഉപദേശം: ഒരു വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും നഷ്ടം സഹിക്കാനുള്ള ശേഷിക്കും (risk appetite) അനുസരിച്ചുള്ള ഉപദേശമാണ് ഇവര്‍ നല്‍കുക.
വ്യക്തിയുടെ വരുമാനവും റിസ്‌ക് എടുക്കാനുള്ള കഴിവും അടിസ്ഥാനമാക്കി സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന നിക്ഷേപങ്ങള്‍ ശുപാര്‍ശ ചെയ്യുകയെന്നതാണ് ഇവരുടെ ദൗത്യം.
അവധൂത് സഠേയ്‌ക്കെതിരായ നടപടി ഒറ്റപ്പെട്ട സംഭവമല്ല. മുന്‍പ് 'ബാപ് ഓഫ് ചാര്‍ട്ട്', അസ്മിത പട്ടേല്‍ തുടങ്ങിയ 'ഫിന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെയും' സെബി സമാനമായ രീതിയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Content Highlights: SEBI orders seizure of Rs 546.16 crore from Finfluencer Avadhoot Sathe and his academy for unregistered investment advice. Learn more about SEBI`s crackdown.
Published: 06 Dec 2025, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented