Photo: viomamotors.com
മുംബൈ: വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കൊളോസ വെഞ്ച്വേഴ്സ്, ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ വിയോമ മോട്ടോഴ്സില്‍ നിക്ഷേപം നടത്തുന്നു. പ്രീ സീരീസ് എ റൗണ്ടില്‍ വിയോമയുടെ 10ശതമാനം ഓഹരികള്‍ കൊളോസ സ്വന്തമാക്കി.
ഒറ്റ ചാര്‍ജില്‍ 400 കിലോ മീറ്റര്‍ ദൂരം വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് ഇലക്ട്രിക് ഇരുചക്ര വാഹനം വിയോമ തദ്ദേശീയമായി വികസിപ്പിച്ചിട്ടുണ്ട്. ഓട്ടത്തില്‍ തനിയേ ചാര്‍ജ് ചെയ്യുന്ന സാങ്കേതിക വിദ്യയ്ക്ക് തുടക്കമിട്ടാണ് പുതിയ വാഹനം നിരത്തിലെത്തുന്നത്. സാധാരണ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററിയെ അപേക്ഷിച്ച് മികച്ച സവിശേഷ സാങ്കേതിക സംവിധാനം വാഗ്ദാനം ചെയ്യുന്നതാണ് വാഹനം. ഊര്‍ജന പുനരുത്പാദന സംവിധാനമുള്ള വിയോമയുടെ വാഹനം തദ്ദേശീയമായി രൂപകല്പന ചെയ്ത് നിര്‍മിച്ചതുമാണ്.
എയ്റോസ്പേസ് എന്‍ജിനയര്‍മാരായ വര്‍ഷ അനൂപ്, ഷോമിക് മൊഹന്തി, ഉമ്മസാല്‍മ ബാബുജി, ചാര്‍ട്ടേഡ് അക്കൗണ്ടന്റും സാങ്കേതിക വിദഗ്ധനുമായ ഹോസെഫ ഇറാനി എന്നിവരുടെ നേതൃത്വത്തില്‍ 2020ലാണ് വിയോമ മോട്ടോഴ്സ് സ്ഥാപിച്ചത്. വര്‍ധിച്ചുവരുന്ന ഇന്ധന ചെലവിന് പരിഹാരമാണെന്നതിനു പുറമെ പരിസ്ഥിത സൗഹൃമായതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സഹായിക്കുന്നു. ചാര്‍ജിങ് ഇന്‍ഫ്രസ്ട്രെക്ചര്‍ പ്രശ്നത്തിന് പരിഹാരവുമാണ് സംരംഭം.
ബാറ്ററിയുടെ തനത് സാങ്കേതിക വിദ്യ, ഷാസിയുടെ ഭാവി രൂപകല്പന എന്നിവ മാത്രമല്ല, സ്വന്തമായി വികസിപ്പിച്ച മോട്ടോര്‍ സാങ്കേതിക വിദ്യ, സസ്പെന്‍ഷന്‍ ഊര്‍ജ പുനരുത്പാദന സംവിധാനം എന്നിവയിലൂടെയും ഇവിയുടെ പരിമിതികള്‍ മറികടക്കാന്‍ വാഹനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് വിയോമ മോട്ടോഴ്സിന്റെ സഹസ്ഥാപകനും സി.ടി.ഒയുമായ ഷോമിക് മൊഹന്തി പറഞ്ഞു. സെല്ലുകള്‍ക്കുളള അസംസ്‌കൃത വസ്തു ഉള്‍പ്പടെയുള്ളവ ഇന്ത്യയില്‍നിന്നായതിനാല്‍ ഇരുചക്ര വാഹനം താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിലവില്‍ ഇന്ത്യയിലെ വൈദ്യുതി വാഹന വിപണി ഏറെ പരിമിതികള്‍ നേരിടുന്നുണ്ട്. രാജ്യത്തുടനീളം ചാര്‍ജിങ് സംവിധാനമില്ലായ്മാണ് പ്രധാനം. ഈയിടെയുണ്ടായ ബാറ്ററിയുമായി ബന്ധപ്പെട്ടുള്ള തീപ്പിടുത്തങ്ങളും കൂടുതല്‍ ആശങ്കയുയര്‍ത്തുന്നു. ലിഥിയം അയോണിനെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതവും അഞ്ചിരട്ടി ഊര്‍ജം പ്രദാനം ചെയ്യുന്നതുമായ മെറ്റല്‍ എയര്‍ ബാറ്ററി പായ്ക്കാണ് ഇതിന് പരിഹാരമായി വിയോമ മുന്നോട്ടുവെയ്ക്കുന്നത്. ഫണ്ട് സമാഹരണം വേഗം പൂര്‍ത്തിയാക്കി ഇലട്രിക് ഇരുചക്ര വാഹനം ഉടനെ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Content Highlights: Colossa Ventures leads Pre-Series A round in Vioma Motors with a 10% stake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..