ചെറുകിട-ഇടത്തരം ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് വിപണിയിലെ കുത്തനെയുള്ള ഇടിവ് നേരിടാനുള്ള കരുത്തുണ്ടോ? ഇതേക്കുറിച്ച് വീണ്ടും ആഘാത പഠനം നടത്താന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഒറ്റയടിക്ക് വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷിയുണ്ടോയെന്നും സെബി വിലയിരുത്തും. അടുത്തയിടെ സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളിലേയ്ക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകിയെത്തിയതിനെ തുടര്‍ന്നാണ് ഈ അഗ്നിപരീക്ഷ.

To advertise here,

നിക്ഷേപത്തിലെ വര്‍ധന
സ്‌മോള്‍-മിഡ് ക്യാപ് ഫണ്ടുകള്‍ നല്‍കിവരുന്ന ആദായത്തില്‍ വന്‍വര്‍ധന ഉണ്ടായതോടെയാണ് റിസ്‌ക് പരിഗണിക്കാതെ നേട്ടത്തിന്റെ പുറകെ നിക്ഷേപകര്‍ കൂട്ടത്തോടെ പോകുന്നത്.  52 ആഴ്ചക്കിടെ സെന്‍സെക്‌സിലെ നേട്ടം 20 ശതമാനമാണെങ്കില്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 65 ശതമാനമാണ് ഉയര്‍ന്നത്. മിഡ് ക്യാപ് ആകട്ടെ 59 ശതമാനവും. ഇതോടെ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ 2023ല്‍ മാത്രം 43,150 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം. 

നേട്ടക്കണക്ക് ഇങ്ങനെ
സ്‌മോള്‍ ക്യാപ് വിഭാഗത്തിലെ മുന്‍നിരയിലുള്ള ഫണ്ടുകളിലൊന്ന് ഒരു വര്‍ഷക്കാലയളവില്‍ നല്‍കിയ ആദായം 73 ശതമാനമാണ്. മൂന്ന് വര്‍ഷക്കാലയളവില്‍ 49 ശതമാനവും അഞ്ച് വര്‍ഷക്കാലയളവില്‍ 39 ശതമാനവും ആദായം മികച്ച ഫണ്ടുകള്‍ നല്‍കിയിട്ടുണ്ട്. ഈ ഫണ്ടുകളിലൊന്നില്‍ അഞ്ച് വര്‍ഷം മാസംതോറും എസ്‌ഐപിയായി 10,000 രൂപ വീതം നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അതിന്റെ മൂല്യം 14.82 ലക്ഷമായിട്ടുണ്ടാകുമായിരുന്നു. ആറ് ലക്ഷം രൂപമാത്രമാണ് ഈകാലയളവില്‍ നിക്ഷേപിച്ചത്. ആദായം 38.27 ശതമാനവും. 

നിക്ഷേപ വിഹിതം
സെബിയുടെ മാനദണ്ഡപ്രകാരം സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ മൊത്തം ആസ്തിയുടെ 65 ശതമാനം തുകയും സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ബാക്കിയുള്ള 35 ശതമാനം വന്‍കിട ഓഹരികളില്‍ നിക്ഷേപിക്കുകയോ പണമായി സൂക്ഷിക്കുകയോ ചെയ്യാം. മിഡ് ക്യാപ് ഫണ്ടുകള്‍ക്കും സമാനമായ വ്യവസ്ഥയാണ്. 65 ശതമാനം തുകയും മിഡ് ക്യാപില്‍ വകയിരുത്തണം. 

തകര്‍ച്ച അപ്രതീക്ഷിതമാകാം
ആദ്യ റൗണ്ട് പരിശോധന സെബി പൂര്‍ത്തിയാക്കിയെങ്കിലും പ്രതികൂല സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനുള്ള കരുത്ത് കൂടുതല്‍ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി പരിശോധിക്കേണ്ടതുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ഇതുമായി മുന്നോട്ടുപോകുന്നത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി)യുമായി ഈയിടെ നടത്തിയ ചര്‍ച്ചയില്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ സ്‌മോള്‍-മിഡ് ക്യാപ് ഫണ്ടുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദ പരിശോധനകള്‍ ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. 

പ്രതിസന്ധി നേരിടുന്ന രീതി
പ്രതിസന്ധികള്‍ നേരിടാന്‍ പൊതുവെ മ്യൂച്വല്‍ ഫണ്ടുകള്‍ ആസ്തിയുടെ ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനംവരെ പണമായി സൂക്ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ സെബിയുടെ നിര്‍ദേശങ്ങള്‍ ഇല്ലെങ്കില്‍ പോലും ഈ രീതിയാണ് തുടര്‍ന്നു പോരുന്നത്. 

പോര്‍ട്‌ഫോളിയോയില്‍ വന്‍കിട ഓഹരികള്‍ ഉള്ളതിനാലും നിശ്ചിത ശതമാനം പണം കരുതുന്നതിനാലും പ്രതിരോധ നടപടിയിലെന്ന നിലയില്‍ സമ്മര്‍ദങ്ങളെ നേരിടാന്‍ കഴിയുമെന്നാണ് എഎംസികളുടെ വിശ്വാസം. ഇക്കാര്യം പ്രായോഗികമാണോയെന്ന പരിശോധന ഇതോടൊപ്പം ഉണ്ടായേക്കും. 

സ്‌മോള്‍ ക്യാപ് വിഭജനം
5000 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള കമ്പനികളാണ് സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 5,000 കോടി രൂപ മുതല്‍ 20,000 കോടി രൂപവരെ വിപണിമൂല്യമുള്ളവയാണ് മിഡ് ക്യാപ് ഓഹരികള്‍. ഇവിയില്‍ പലതും വിപണിയുടെ തകര്‍ച്ചകളില്‍ പിടിച്ചുനില്‍ക്കാന്‍ കരുത്തില്ലാത്തവയാണ്. സൂചികകള്‍ റെക്കോഡ് ഉയരത്തിലായതിനാല്‍ കനത്ത നഷ്ടത്തിലോടുന്ന പല കമ്പനികളുടെയും ഓഹരി വിലകളില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. വിപണി ഇടപെടലുകള്‍ കൂടുന്ന സാഹചര്യത്തിലാണ് അടിസ്ഥാനം മോശമായിട്ടുകൂടി ഓഹരികളുടെ വില ഉയരുന്നത്. 

antony@mpp.co.in