14 മാസത്തിനിടെ പ്രധാന സൂചികകള്‍ കനത്ത ചാഞ്ചാട്ടം നേരിട്ടപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ മികവ് പുലര്‍ത്തിയത് എങ്ങനെ? നേട്ടത്തില്‍ മുന്നിലെത്തിയത് ഏത് വിഭാഗത്തിലെ ഫണ്ടുകള്‍? വിലയിരുത്താം.

2024 സെപ്റ്റംബറിലെ നിലവാരത്തിലേയ്ക്ക് തിരിച്ചെത്താന്‍ നിഫ്റ്റിക്ക് 14 മാസം വേണ്ടിവന്നു. അതായത് നിഫ്റ്റി സൂചികയില്‍ ഈ കാലയളവിലെ നേട്ടം പരിമിതമായിരുന്നുവെന്ന് ചുരുക്കം. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടത്തില്‍നിന്ന് സമ്പത്ത് വര്‍ധിപ്പിച്ചവരും ഏറെ. എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തിയവരില്‍ പലരുടെയും നിക്ഷേപത്തില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തി. ഇക്വിറ്റി നിക്ഷേപത്തില്‍ ദീര്‍ഘകാല നേട്ടമാണ് പരിഗണിക്കേണ്ടതെന്ന കാഴ്ചപ്പാട് നിലനിര്‍ത്തുക്കൊണ്ടുതന്നെ, വിപണിയിലെ ഹ്രസ്വകാല സാധ്യതയാണ് ഇവിടെ പരിശോധിക്കുന്നത്.
വിപണിയിലെ സാഹചര്യം
2024 സെപ്റ്റംബര്‍ 27-ന് നിഫ്റ്റി 50 സൂചിക 26,277 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. എന്നാല്‍ 14 മാസങ്ങള്‍ക്ക് ശേഷം 2025 നവംബര്‍ 27-ന് സൂചിക 26,310.45 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്. കേവലം 0.13% വര്‍ധന. ഈ കാലയളവില്‍ വിപണി കാര്യമായ മുന്നേറ്റം നടത്തിയില്ലെങ്കിലും എസ്‌ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍നിന്ന് തരക്കേടില്ലാത്ത നേട്ടം ലഭിച്ചു.
ഫണ്ടുകളുടെ ഒരു വര്‍ഷത്തെ റിട്ടേണ്‍ +16.64% മുതല്‍ -15.76% വരെയാണെന്നുകാണാം. വ്യത്യസ്ത കാറ്റഗറികളുടെയും നിക്ഷേപ തന്ത്രങ്ങളുടെയും പ്രകടനമാണിത് കാണിക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവെച്ച 10 ഫണ്ടുകൾ
|
| 1 വർഷ റിട്ടേൺ (%) |
| SBI Focused Fund | 16.64 |
| ICICI Prudential Focused Equity Fund | 14.80 |
| ICICI Prudential Retirement Fund - Pure Equity Plan | 14.35 |
| Invesco India Mid Cap Fund | 14.26 |
| Motilal Oswal BSE Enhanced Value ETF | 14.23 |
| Motilal Oswal BSE Enhanced Value Index Fund | 14.05 |
| ICICI Prudential Large & Mid Cap Fund | 13.26 |
| Motilal Oswal Large Cap Fund | 13.02 |
| ICICI Prudential Value Fund | 12.03 |
| Invesco India Large & Mid Cap Fund | 12.26 |
*സെക്ടറല്‍, തീമാറ്റിക് ഫണ്ടുകള്‍ ഒഴികെയുള്ളവയാണ് വിശകലനത്തിന് പരിഗണിച്ചിട്ടുള്ളത്.
മോശം പ്രകടനം കാഴ്ചവെച്ച 10 ഫണ്ടുകൾ
|
| 1 വർഷ റിട്ടേൺ (%) |
| Samco Flexi Cap Fund - Direct Plan | -15.76 |
| Mirae Asset Nifty Smallcap 250 Momentum Quality 100 ETF FoF | -11.50 |
| Mirae Asset Nifty Smallcap 250 Momentum Quality 100 ETF | -11.23 |
| DSP Nifty Smallcap250 Quality 50 Index Fund | -11.01 |
| Tata Small Cap Fund | -10.29 |
| Samco ELSS Tax Saver Fund | -9.61 |
| LIC MF Small Cap Fund | -9.07 |
| HSBC Small Cap Fund | -8.06 |
| Edelweiss Nifty500 Multicap Momentum Quality 50 Index Fund | -7.76 |
| Motilal Oswal Nifty Microcap 250 Index Fund | -7.50 |
കൂടുതല്‍ നേട്ടം
പിന്നിട്ട ഒരു വര്‍ഷത്തെ നേട്ടം പരിശോധിച്ചാല്‍ ഫോക്കസ്ഡ് ഫണ്ടുകളാണ് മുന്നിലെന്ന് കാണാം. ഈ വിഭാഗത്തിലെ ഉയര്‍ന്ന റിട്ടേണ്‍ 16.64 ശതമാനമാണ്. അതേസമയം, ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. മിക്കവാറും ഫണ്ടുകള്‍ 7.5 ശതമാനത്തിനും 9.3 ശതമാനത്തിനും ഇടയില്‍ ആദായം നല്‍കി. വാല്യു ഫണ്ടുകളുടെ പ്രകടനവും മികച്ചതായിരുന്നു. ഈവിഭാഗത്തിലെ ഉയര്‍ന്ന റിട്ടേണ്‍ 12.03 ശതമാനമാണ്. സ്‌മോള്‍ ക്യാപ് ഫണ്ടുകളാകട്ടെ പൊതുവെ മികവ് പുലര്‍ത്തിയില്ല. കനത്ത നഷ്ടം നേരിടുകയും ചെയ്തു.
ഫോക്കസ്ഡ് ഫണ്ടുകള്‍ (Focused Funds)
കൃത്യമായ ലക്ഷ്യത്തിലേക്ക് വെടിയുതിര്‍ക്കുന്ന ഷാര്‍പ്പ്ഷൂട്ടര്‍മാരെ പോലെയാണ് ഫോക്കസ്ഡ് ഫണ്ടുകള്‍. ചുരുക്കം ഓഹരികളില്‍ (Focused) അല്ലെങ്കില്‍ വളര്‍ച്ചാ സാധ്യതയുള്ള ഇടത്തരം കമ്പനികളില്‍ (Mid Cap) ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഉയര്‍ന്ന ആദായ സാധ്യത സംജാതമാകുന്നു. അതുപോലെതന്നെ ഉയര്‍ന്ന റിസ്‌കും ഫോക്കസ്ഡ് ഫണ്ടുകള്‍ക്കുണ്ട്.
മികവിന് എസ്ഐപി
വിപണിയില്‍ പലപ്പോഴായി ഉണ്ടാകുന്ന തിരുത്തലിനിടയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ യൂണിറ്റുകള്‍ നേടാന്‍ എസ്‌ഐപിയിലൂടെ നിക്ഷേപകര്‍ക്ക് കഴിയും. ഒരു വര്‍ഷത്തിനുമപ്പുറം ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ എസ്‌ഐപി ഉകരിക്കും.
വിപണിയിലെ പ്രതികരണം
2025 നവംബര്‍ 28-ന് അവസാനിച്ച ഒരു വര്‍ഷ കാലയളവ് ലാര്‍ജ് ക്യാപ് ഓഹരികള്‍ക്ക് അനുകൂലവും സ്‌മോള്‍, മിഡ് ക്യാപ് ഓഹരികള്‍ക്ക് പ്രതികൂലവുമായിരുന്നു.'മൊമെന്റം' നിക്ഷേപ തന്ത്രം ഈ കാലയളവില്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ഒരു വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നു.
ശ്രദ്ധിക്കാന്‍: വിപണിയിലെ ഹ്രസ്വകാല നീക്കങ്ങള്‍ പരിഗണിച്ചുള്ള വിശകലനമാണിത്. ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് മികച്ച നേട്ടമുണ്ടാക്കാന്‍ അഞ്ച് വര്‍ഷമെങ്കിലും നിക്ഷേപം നിലനിര്‍ത്തേണ്ടതുണ്ട്. ഫണ്ടുകളുടെ കഴിഞ്ഞ കാലത്തെ പ്രകടനം ഭാവിയില്‍ ആവര്‍ത്തിക്കണമെന്നില്ല. വിദഗ്ധ ഉപദേശത്തോടെ മാത്രം നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുക.
Content Highlights: Discover how mutual funds, especially SIPs, delivered strong double-digit returns while Nifty 50 saw limited gains over 14 months. Analyze fund performance and market trends.
Published: 28 Nov 2025, 01:44 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented