മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി എക്കാലത്തെയും ഉയർന്ന തുകയിലെത്തി. ഓഗസ്റ്റിലെ കണക്കു പ്രകാരം 66.70 ലക്ഷം കോടി രൂപയാണ് എ.യു.എം. ജൂലായിലെ 64.97 ലക്ഷം കോടി രൂപയിൽനിന്ന് 2.7 ശതമാനമാണ് വർധന. തുക കണക്കാക്കിയാൽ 1.74 ലക്ഷം കോടി രൂപ. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ(ആംഫി)യുടെ പ്രതിമാസ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

To advertise here,

ഇക്വിറ്റി സ്‌കീമുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 30.09 ലക്ഷം കോടി രൂപയാണ്. മൊത്തം ആസ്തിയുടെ 45 ശതമാനത്തോളം വരുമിത്. വിപണിയിലെ നേട്ടത്തിൽനിന്നുള്ള വിഹിതം, നിക്ഷേപ വരവ് എന്നിവയിലൂടെ 75,055 കോടി രൂപയുടെ വർധനവാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഓഗസ്റ്റിൽ ഉണ്ടായത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് നിരക്ക് കുറച്ചേക്കുമെന്ന സൂചന വിപണിയിൽ പ്രതിഫലിച്ചതാണ് ഓഹരികൾ നേട്ടമാക്കിയത്. ന്യൂ ഫണ്ട് ഓഫർ(എൻ.എഫ്.ഒ) വഴി സെക്ടറൽ, തീമാറ്റിക് ഫണ്ടുകളിൽ കൂടുതൽ തുക നിക്ഷേപമായെത്തുകയും ചെയ്തു. 

കടപ്പത്ര അധിഷ്ഠിത പദ്ധതികളിൽ മൊത്തം 16 ലക്ഷം കോടി രൂപയാണുള്ളത്. എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് ഡെറ്റ് സ്‌കീമുകലിലെ ആസ്തിയുമുള്ളത്. സർക്കാർ ചെലവഴിക്കൽ കൂടിയതും ഗവൺമെന്റ് ബോണ്ടുകളിലെ ആദായം രണ്ട് വർഷത്തെ താഴ്ന്ന നിരക്കിലെത്തിയതുമാണ് ഈ വിഭാഗത്തിലെ ആസ്തിയിൽ വർധനവുണ്ടാക്കിയത്. 

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലേക്ക് ഓഗസ്റ്റിൽ നിക്ഷേപമായെത്തിയത് 45,169 കോടി രൂപയാണ്. വളർച്ചാ ആശങ്കകൾക്കിടെ സ്ഥിരതയാർന്ന നേട്ടം ലക്ഷ്യമിട്ട് ആഗോള നിക്ഷേപകർ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ കാര്യമായ നിക്ഷേപം നടത്തിയതാണ് നേട്ടമായത്. 

ഹൈബ്രിഡ് വിഭാഗം ഫണ്ടുകളിലെ ആസ്തിയും റെക്കോഡ് നിലവാരത്തിലെത്തി. 10,005 കോടി രൂപയാണ് ഓഗസ്റ്റിൽ നിക്ഷേപമായെത്തിയത്. ഡൈനാമിക് അസറ്റ് അലോക്കേഷൻ, മൾട്ടി അസറ്റ് അലോക്കേഷൻ എന്നീ വിഭാഗം ഫണ്ടുകളിലേക്കാണ് ഈ ഹൈബ്രിഡ് വിഭാഗത്തിലെ 60 ശതമാനം നിക്ഷേപവുമെത്തിയത്. ഈ വിഭാഗത്തിൽ ഓഗസ്റ്റിൽ അവതരിപ്പിച്ച ഒരു എൻഎഫ്ഒ വഴി ഫണ്ട് ഹൗസ് 1,297 കോടി രൂപ സമാഹരിച്ചിരുന്നു.