ഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കുത്തനെ ഇടിവ്. 2.39 ലക്ഷം കോടി രൂപയായിരുന്നു ഒക്ടോബറിൽ നിക്ഷേപമായെത്തിയതെങ്കിൽ നവംബറിൽ 60,363 കോടിയിലൊതുങ്ങി. 75 ശതമാനമാണ് ഇടിവ്. 

To advertise here,

ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപത്തിൽ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറിൽ 41,886 കോടി രൂപയായിരുന്നു നിക്ഷേപമെങ്കിൽ നവംബറിൽ 35,943 കോടിയായി. 

ഇക്വിറ്റി വിഭാഗത്തിലെ നിക്ഷേപ വരവിൽ സെക്ടറൽ-തീമാറ്റിക് ഫണ്ടുകളിലാണ് കൂടുതൽ. നവംബറിൽ 7,657 കോടിയുടെ നിക്ഷേപം ഈ വിഭാഗങ്ങളിലെ ഫണ്ടുകളിലെത്തി. ഒക്ടോബറിലാകട്ടെ 12,278 കോടി രൂപയായിരുന്നു നിക്ഷേപമായെത്തിയത്. 

ഫ്‌ളക്‌സി ക്യാപ് ഫണ്ടുകളിൽ നവംബറിൽ 5,084 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. മിഡ് ക്യാപിൽ 4,883 കോടിയും സ്‌മോൾ ക്യാപിൽ 4,111 കോടിയും ടാക്‌സ് സേവിങ്(ഇഎൽഎസ്എസ്), ഫോക്കസ്ഡ് ഫണ്ടുകളിൽ 618 കോടിയും 
നിക്ഷേപമെത്തി. 

പ്രതിമാസ കണക്ക് താരതമ്യം ചെയ്യുകയാണെങ്കിൽ ടാക്‌സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിൽ 61 ശതമാനമാണ് വർധന. സ്‌മോൾ ക്യാപിലാകട്ടെ 9 ശതമാനവും. ഡിവിഡന്റ് യീൽഡ് ഫണ്ടുകളിലെ നിക്ഷേപത്തിലാണ് കൂടുതൽ ഇടിവുണ്ടായത്. 60 ശതമാനം. സെക്ടറൽ-തീമാറ്റിക് വിഭാഗത്തിലും 38 ശതമാനവും കുറവ് രേഖപ്പെടുത്തി. 

കനത്ത ഇടിവ് ഡെറ്റ് ഫണ്ടുകളിൽ
ഡെറ്റ് വിഭാഗത്തിലെ നിക്ഷേപത്തിൽ 92 ശതമാനം ഇടിവാണുണ്ടായത്. ഒക്ടോബറിൽ 1.57 ലക്ഷം കോടി രൂപ നിക്ഷേപമായെത്തിയപ്പോൾ നവംബറിൽ 12,915 കോടിയായി താഴ്ന്നു. ബാങ്കിലെ സേവിങ്‌സ് അക്കൗണ്ടിന് സമാനമായി കരുതുന്ന ലിക്വിഡ് ഫണ്ടുകളിൽ വൻതോതിൽ പിൻവലിക്കൽ പ്രകടമായി. ഒക്ടോബറിലെ അറ്റ നിക്ഷേപം 83,863 കോടി രൂപയായിരുന്നു. അതേസമയം, നവംബറിൽ 1,778 കോടിയുടെ നിക്ഷേപം പുറത്തേക്കൊഴുകുകയാണുണ്ടയത്.

ഹൈബ്രിഡ് വിഭാഗത്തിലാണെങ്കിൽ ഒക്ടോബറിലെ 16,863 കോടിയെ അപേക്ഷിച്ച് നവംബറിൽ നിക്ഷേപം 4,123 കോടിയിലൊതുങ്ങി. 76 ശതമാനമാണ് ഇടിവ്. മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ടുകളിൽ നവംബറിൽ 2,443 കോടി രൂപ നിക്ഷേപമായെത്തി. ഒക്ടോബറിൽ 3,796 കോടി രൂപയായിരുന്നു. 

മൊത്തം ആസ്തി
മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എ.യു.എം)യിൽ ഒരു ശതമാനം വർധന മാത്രമാണ് നവംബറിലുണ്ടായത്. നവംബർ 30 വരെയുള്ള കണക്ക് പ്രകാരം മൊത്തം ആസ്തി 68.05 ലക്ഷം കോടിയായി. ഒക്ടോബറിലാകട്ടെ 66.98 ലക്ഷം കോടിയായിരുന്നു മൊത്തം ആസ്തി. 

18 എൻഎഫ്ഒകളിലൂടെ നവംബറിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾ 4,052 കോടി രൂപയാണ് സമാഹരിച്ചത്. സെക്ടറൽ-തീമാറ്റിക് ഫണ്ടുകളിലെ എൻഎഫ്ഒയിലെത്തിയത് 2,751 കോടി രൂപയും. ഈ വിഭാഗത്തിൽ മൂന്ന് എൻഎഫ്ഒയാണ് ഉണ്ടായിരുന്നത്.